പരസ്യക്കമ്പനികൾക്ക് ഫോട്ടോ ഷൂട്ടിനു പ്രിയപ്പെട്ട ലൊക്കേഷൻ; അറിയണം മേഴ്സി എന്ന വീട്ടമ്മയുടെ കരവിരുത്
Mail This Article
എറണാകുളം കലൂർ ജഡ്ജസ് അവന്യു റോഡിലുള്ള ചൂളക്കൽ വീടിന്റെ മുന്നിലെത്തുന്നവർ കൺമുന്നിലെ പച്ചക്കടൽ കണ്ട് ഒരു നിമിഷമൊന്നു നിൽക്കും. ക്രീപ്പിങ് ഫിഗ് പടർന്നു മനോഹരമായ മതിലിലാണ് ആദ്യം നോട്ടമെത്തുക. മതിലിൽനിന്ന് തൊട്ടടുത്തു നിൽക്കുന്ന മാവിലേക്കും പ്ലാവിലേക്കുമെല്ലാം പടർന്നു കയറിയ ക്രീപ്പിങ് ഫിഗ് അവിടമൊന്നാകെ മനം മയക്കുന്ന പച്ചത്തുരുത്തായി മാറ്റിയിരിക്കുന്നു. പച്ചമതിലിന് കൂടുതൽ ചാരുത പകരുന്നുണ്ട് അതിൽ ക്രമീകരിച്ചിരിക്കുന്ന ടെറാകോട്ട ശില്‍പങ്ങളും ബൊഗൈൻവില്ലകളും. വീട്ടമ്മ മേഴ്സി ജോണിയുടെ കലയും കൈപ്പുണ്യവും ഇവിടെ തുടങ്ങുന്നു.
ഉള്ളിലേക്കു കയറും മുൻപ് മതിൽ ചേരുന്ന വഴിയോരത്തും കാണാം മേഴ്സിയുടെ കരവിരുത്. അലങ്കാര ച്ചെടികളും പുല്‍ത്തകിടിയുമെല്ലാം ചേരുന്ന കൗതുകക്കാഴ്ച. മതിൽ കടന്നെത്തിയാൽ 16 സെന്റ് പുരയിടം മുഴുവൻ ഉദ്യാനം. നഗരത്തിലെ പല പരസ്യക്കമ്പനികൾക്കും ഫോട്ടോ ഷൂട്ടിനു പ്രിയപ്പെട്ട ലൊക്കേഷനാണ് ഈ ഉദ്യാനം.
കലാബോധവും കൈപ്പുണ്യവും ചേരുന്ന പരിപാലന മികവാണ് മേഴ്സിയുടെ ഉദ്യാനത്തെ ആകർഷകമാക്കുന്നത്. ഒരേ തരം ചെടികളുടെ എണ്ണം നിയന്ത്രിച്ചും പുതിയ രൂപകല്‍പനകള്‍ പരീക്ഷിച്ചും ഉദ്യാനത്തിനെന്നും പുതു ശോഭ നൽകുന്നു മേഴ്സി. ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ നല്ല നോട്ടം കിട്ടുന്ന രീതിയില്‍ പൂന്തോട്ടം പുനഃക്രമീകരിച്ചത് ഈയിടെ.
കവാടം കടന്നു ചെല്ലുമ്പോൾ ഒരു ഭാഗത്ത് ചുവന്ന തിരിപോലുള്ള പൂക്കളുമായി കോസ്റ്റ്സ് ജിൻജർ ചെടിയുടെ നീണ്ട നിര. വീടിന്റെ വിസ്തൃതമായ മുൻഭാഗത്തും കാർ ഷെഡിലേക്കുള്ള ഡ്രൈവ് വേയിലും കരിങ്കല്ലാണ് വിരിച്ചിരിക്കുന്നത്. ഒരടി സമചതുരത്തിലുള്ള കല്ലുകൾക്കിടയിൽ അത്രയും തന്നെ വലുപ്പത്തിൽ ക്രമീകരിച്ചിരിക്കുന്ന പുൽത്തകിടി വേറിട്ട കാഴ്ചതന്നെ. ഈ രീതിയിലുള്ള പുൽത്തകിടിയുടെ പരിപാലനം എളുപ്പമെന്നും മേഴ്സി.
ഡ്രൈവ് വേയുടെ നടുവിൽ വാഹനങ്ങളുടെ ചക്രം തൊടാത്ത ഭാഗത്ത് 2 അടി വീതിയിലും 15 അടി നീളത്തിലും ടേബിൾ റോസ് ഉപയോഗിച്ചു പൂത്തടം ഒരുക്കിയിട്ടുണ്ട്. ഒട്ടും ഉയരത്തിൽ വളരാതെ പടരുന്ന പ്ര കൃതമുള്ള ഈയിനം പൂവിട്ടാൽ പിന്നെ പൂക്കാവടി തന്നെ. മതിലിനോടു ചേർന്ന് പ്രത്യേകം തയാറാക്കിയ തടത്തിൽ തിരമാലയുടെ ആകൃതിയിൽ മെക്സിക്കൻ ഗ്രാസ് ലോൺ കാണാം.
മതിലിനോടു ചേർന്ന് മറ്റൊരു ഭാഗത്ത് 12 അടിയോളം നീളമുള്ള, കുറ്റിച്ചെടികൊണ്ടു നിർമിച്ച നാടൻ വള്ളം. ഒറ്റനോട്ടത്തിൽ പച്ച പെയ്ന്റ് അടിച്ച വള്ളമെന്നു തോന്നുമെങ്കിലും സംഗതി അതല്ല. ഫില്ലാന്തസ് എന്ന അതിർവേലി ഇലച്ചെടി കൂട്ടമായി നട്ട്, കലാപരമായി കൊമ്പു കോതി രൂപപ്പെടുത്തിയതാണ് ഈ വള്ളം. ഇതിനോടു ചേർന്ന് വള്ളത്തിന്റെ ആകൃതിയിൽതന്നെ നീളമുള്ള പ്ലാന്റർ ബോക്സ്. അതില്‍ നിറയെ അലങ്കാരച്ചീരകൾ. പൂന്തോട്ടത്തിലെ മരങ്ങളെപ്പോലും അണിയിച്ചൊരുക്കി മനോഹരമാക്കിയിട്ടുണ്ട് . സ്വർണ വർണ ഇലകളുമായി ഫിലോഡെൻഡ്രോണിന്റെ സിലോൺ ഗോൾഡ് ഇനം പടർന്നു കയറി ഒരു മാവിന്റെ ചുവടു ഭാഗമാകെ തിളക്കമാർന്ന മഞ്ഞ നിറം. മുകളിലേക്ക് ക്രീപ്പിങ് ഫിഗ് പടർന്നു വളർന്ന് കടും പച്ച നിറവും.
വീടിന്റെ മുൻഭാഗത്ത് ഒരു വശത്തായി കരിങ്കല്ലുകൊണ്ടു നിർമിച്ച ആമ്പൽക്കുളം. പകൽ വിരിയുന്ന അലങ്കാര ആമ്പലിനങ്ങളാണ് ഇതിൽ. വെള്ളത്തിൽ വളരുന്ന ഇലതീനി ഒച്ചിൽനിന്ന് ആമ്പലിനെ സംരക്ഷിക്കാ ൻ ‘ടാഗ് നോക്ക്’ എന്ന ജൈവ കീടനാശിനിയാണ് പ്രയോഗിക്കുന്നതെന്നു മേഴ്സി.
ഉദ്യാനത്തിന്റെ പല ഭാഗത്തായി വെർട്ടിക്കൽ ഗാർഡനുകള്‍. ലളിതമായ പരിപാലനത്തിൽ നന്നായി വളരുന്ന റിയോ, മണിപ്ലാന്റിനങ്ങൾ, സിങ്കോണിയം, എപ്പീസിയ തുടങ്ങിയവയാണ് വെർട്ടിക്കൽ ഗാർഡനിൽ പ രിപാലിക്കുന്നത്. ചെറിയ തൂക്കുചട്ടിയിൽ വളരുന്ന ഈ ചെടികളെല്ലാം വർഷത്തിലൊരിക്കൽ പുതിയ നടീൽമിശ്രിതത്തിലേക്കു മാറ്റി നടും. എങ്കിൽ മാത്രമേ അവ ആരോഗ്യത്തോടെ വളരൂ എന്ന് മേഴ്‌സി.
വരാന്തയിലുള്ള തടി സ്റ്റാൻഡുകളിലാണ് മേഴ്സിക്ക് ഏറെ പ്രിയപ്പെട്ട അഗ്ളോനിമ ചെടികളുടെ സ്ഥാനം. ആകർഷക നിറങ്ങളിൽ ഇലകളുള്ള അഗ്ലോനിമയുടെ കടും ചുവപ്പു ചെടിക്കാണ് കൂടുതൽ ഭംഗി. അഗ്ലോനിമ സാവധാനമേ വളരൂ. മറ്റിനങ്ങളെ അപേക്ഷിച്ചു നല്ല ശ്രദ്ധ വേണം. അഗ്ലോനിമയുടെ നൂതന ഇനങ്ങളുടെ തൈകൾ ഉൽപാദിപ്പിക്കുക അത്ര എളുപ്പമല്ല. എങ്കിലും മേഴ്‌സി അവയുടെ തലപ്പു മുറിച്ചു നട്ട് തൈകൾ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ചാണകപ്പൊടിയാണ് ചെടികൾക്കു പ്രധാന വളം. പുല്ലിനും ക്രീപ്പിങ് ഫിഗിനും നല്ല പച്ച നിറം കിട്ടാൻ മഗ്നീഷ്യം നൽകും. മത്തിയും ശർക്കരയും ചേർത്തു തയാറാക്കുന്ന ജൈവവളം നൽകിയാൽ ടേബിൾ റോസ് പോലുള്ള പൂച്ചെടികൾ നന്നായി പൂവിടുമെന്നു മേഴ്സി. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജോണി റിട്ടയർ ചെയ്ത ശേഷം ഉദ്യാനപരിപാലനത്തിൽ മേഴ്സിക്ക് ഒപ്പമുണ്ട്.
ഫോൺ: 9895073680
English summary: Garden and landscape design