കോവിഡ് കാലത്ത് ഇൻഡോർ ചെടി സംരംഭക: ജിഫി ബാഗുകളിൽ തൈയ്യുൽപാദനം
Mail This Article
ചെടികൾ ഇഷ്ടമാണെങ്കിലും അതൊരു ബിസിനസ് സംരംഭമായി വളരുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല ബിൻസി. കോവിഡ് കാലം പക്ഷേ ബിൻസിയെയും സംരംഭകയാക്കി. വിപണിയിൽ ഡിമാൻഡുള്ള ഇൻഡോർ ഇനങ്ങൾ വാങ്ങി അവയുടെ മികച്ച തൈകൾ ഉൽപാദിപ്പിച്ച് ഓൺ ലൈൻ വിപണി വഴി വിറ്റ് ചെറുതല്ലാത്ത വരുമാനം നേടുന്നു കോട്ടയം പാലാ വെള്ളിയേപ്പള്ളി മുറികല്ലേൽ വീട്ടിൽ ബിൻസി സുനിൽ. പാലായിൽ ബിസിനസ് ചെയ്യുന്ന ഭർത്താവ് സുനിലും സംരംഭത്തില്‍ സജീവം.
കോവിഡ് കാലത്ത് ബിസിനസിന് അവധി കൊടുത്ത് ഇരുവരും വീട്ടിലിരുന്നപ്പോൾ ചെടികളുടെ എണ്ണം കൂട്ടിയതാണ് വഴിത്തിരിവായതെന്നു ബിൻസി. വാങ്ങിയതത്രയും ഇൻഡോർ ചെടികള്‍. വീട്ടിലെത്തിയ പലരും അവയുടെ ഭംഗി കണ്ട് വിൽക്കുമോയെന്നു തിരക്കി. പിന്നാലെ, അഗ്ലോനിമ, കലാത്തിയ തുടങ്ങി ഒട്ടേറെ നവീന ഇനങ്ങളിലേക്കും അവയുടെ തൈ ഉൽപാദനത്തിലേക്കും കടന്നു. ആദ്യം ചെടികൾ വാങ്ങിയത് മണ്ണുത്തിയിൽനിന്നെങ്കിൽ, ഇപ്പോൾ ബിൻസിയുടെ ചെടികളത്രയും വരുന്നത് പുണെയിലെ മികച്ച നഴ്സറികളിൽനിന്നാണ്.
ഇൻഡോർ ചെടികളുടെ വിപണനത്തിന് ഇറങ്ങും മുൻപ് ചെടികളെക്കുറിച്ച് നന്നായി പഠിക്കണമെന്നു ബിൻസി. ഓരോന്നിന്റെയും നടീൽമിശ്രിതം മുതൽ പരിപാലനംവരെ വ്യത്യസ്തമാണ്. അതറിഞ്ഞില്ലെങ്കിൽ ചെടി വാടും, കാശു പോകും. വാങ്ങുന്ന ഓരോ ഇനത്തിന്റെയും ഒന്നോ രണ്ടോ ചെടികൾ ഷോ പീസ് ആയി മാറ്റിവയ്ക്കും. മദർ പ്ലാന്റുകൾ വേറെയും. അവയിൽനിന്ന് തൈകൾ ഉണ്ടാക്കി വിൽപനയ്ക്കു വയ്ക്കും. പല ഇൻഡോർ ചെടികളുടെയും ചെറു തൈകൾ ആകര്‍ഷകമല്ല. എന്നാൽ അവയുടെ വളർച്ചയെത്തിയ ചെടി ഏതു ചെടിപ്രേമിയുടെയും മനം കവരും.
അഗ്ലോനിമ, ഫിലോഡെൻഡ്രോൺ, പീസ് ലില്ലി, കലാത്തിയ, മറാന്ത, മണിപ്ലാന്റ്, സക്കുലന്റ് ഇനങ്ങൾ, ഫേൺ എന്നിങ്ങനെ വിപണിയിൽ മികച്ച ഡിമാൻഡുള്ള ഇനങ്ങളുടെയെല്ലാം വിപുലമായ ശേഖരമുണ്ട് ബിൻസിയുടെ കയ്യിൽ. ചകിരിച്ചോർ നിറച്ച ചെറിയ ജിഫി ബാഗുകൾ ഉപയോഗിച്ചു തൈകൾ വളരെ വേഗം വളർത്താമെന്നു ബിൻസി പറയുന്നു. നനയുമ്പോൾ വികസിക്കുന്ന ചെറു തടമാണ് ജിഫി ബാഗ്. പ്രോട്രേയിൽ വയ്ക്കാൻ മാത്രം വലുപ്പം. നടീൽവസ്തു അതിവേഗം വേരു പിടിച്ച് ആരോഗ്യമുള്ള തൈ ആകും.
ഫോൺ: 9605054905, 9605050656
English summary: Propagating plants using Jiffy Bags