ഡ്രാഗൺ ഫ്രൂട്ടിൽ ഗ്രാഫ്റ്റ് ചെയ്യുന്ന കാക്ടസുകൾ; സമ്മാനങ്ങളായി നൽകാൻ ആളുകൾ തേടിയെത്തുന്ന ഇനം
Mail This Article
ഒതുങ്ങി വളരുന്ന സക്കുലന്റ്, കാക്ടസ് (കള്ളിച്ചെടി) ഇനങ്ങൾക്കിന്ന് ഇൻഡോർ ഗാർഡനിങ്ങിൽ വലിയ പ്രാധാന്യമുണ്ട്. പൂന്തോട്ടത്തിൽ നല്ല വെയിലുള്ളിടത്ത് നല്ല വലുപ്പത്തിൽ വളർന്നുനിന്നിരുന്ന പരമ്പരാഗത സക്കുലന്റ്, കാക്ടസ് ഇനങ്ങളിൽനിന്ന് അഴകിലും ആകൃതിയിലും അമ്പേ വ്യത്യസ്തമാണ് അകത്തളത്തിലേക്കു വരുന്ന മിനിയേച്ചർ ഇനങ്ങൾ. ഇവയിൽ സ്നേക്ക് പ്ലാന്റ് പോലുള്ളവയ്ക്ക് അന്തരീക്ഷവായു ശുദ്ധീകരിക്കാനുള്ള കഴിവുമുള്ളതിനാൽ ഡിമാന്‍ഡ് ഏറെയാണെന്ന് ഉദ്യാനസംരംഭകയായ മലപ്പുറം തിരൂർ താഴേപ്പാലത്തുള്ള നിഷ സിറാജ്.
ലഘു പരിപാലനം മതിയെന്നതു മാത്രമല്ല, അകത്തളങ്ങള്‍ക്ക് അഴകേറ്റുന്നതു കൂടിയാണ് സക്കുലന്റ്, കാക്ടസ് ഇനങ്ങളെ പ്രിയങ്കരമാക്കുന്നത്. ബറോസ് ടെയിൽ, സെഡം, സ്റ്റാർ വിൻഡോ, ലെയ്സ് ഏലോ, സീസീ പ്ലാന്റ്, മിനിയേച്ചർ അഗേവ്, ക്രിപ്റ്റാന്തസ്, ജേഡ് പ്ലാന്റ്, സ്നേക്ക് പ്ലാന്റ് എന്നിങ്ങനെ ചെടിപ്രേമികളുടെ മനം മയക്കുന്ന സക്കുലന്റ് ഇനങ്ങൾ പലതുണ്ട്. കോവിഡ് കാലത്ത് ഇവയ്ക്കെല്ലാം ഡിമാൻഡ് വർധിച്ചെന്ന് നിഷ.
സമീപകാലത്ത് ഏറ്റവും കൂടുതൽ ആരാധകരെ നേടിയ ഇൻഡോർ ഇനമാണ് കാക്ടസ്. സ്റ്റാർ കാക്ടസ്, ബണ്ണി ഇയർ കാക്ടസ്, മാമിലേറിയ, ചിൻ കാക്ടസ്, ഫെയറി കാസിൽ കാക്ടസ്, ഫിംഗർ കാക്ടസ് എന്നിങ്ങനെ താരങ്ങൾ ഒട്ടേറെ. ആകൃതികൊണ്ടു വിസ്മയിപ്പിക്കുന്നവയാണ് പലതും. പലതിന്റെയും പൂക്കളും അതിമനോഹരം. ചുവപ്പ്, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മൂൺ കാക്ടസുകൾക്ക് ഒട്ടേറെ ആവശ്യക്കാരുണ്ടെന്ന് നിഷ പറയുന്നു. ഭക്ഷണനിര്‍മാണത്തിനു ഹരിതകമില്ലാത്തതിനാൽ പച്ചനിറമുള്ള മറ്റേതെങ്കിലും കള്ളിച്ചെടിയിൽ ഗ്രാഫ്റ്റ് ചെയ്താണ് മൂൺ കാക്ടസുകൾ വളർത്തുന്നത്. ഡ്രാഗൺ ഫ്രൂട്ടിലാണ് നിഷയുടെ ഗ്രാഫ്റ്റിങ്. ഇതിലൂടെ പൂവിരിഞ്ഞു നിൽക്കുന്ന ഭംഗി മൂൺ കാക്ടസുകൾക്കു കൈവരുന്നു. വിവാഹവാർഷികം, പിറന്നാളാഘോഷം എന്നിവയ്ക്കൊക്കെ സമ്മാനമായി നൽകാൻ ഇപ്പോൾ കാക്ടസുകൾ തേടിയെത്തുന്നവരുണ്ട്.
വീടിന്റെ അകത്തളങ്ങളിൽ വയ്ക്കുന്ന ചെടികൾക്ക് ജൈവവളം മാത്രമെ നൽകാറുള്ളൂ. രാസവളം നൽകിയാൽ ചെടികൾ വേഗത്തിൽ വളരുകയും കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുകയും ചെയ്യും. എന്നാലും വീട്ടകങ്ങളിൽ പരിപാലിക്കുമ്പോൾ രാസവളങ്ങൾ ഒഴിവാക്കുന്നതാണു നല്ലതെന്നു നിഷ സിറാജ്.
ഫോൺ: 9495918954
English summary: Cactus Farming, Cultivation Practices of Cactus