ADVERTISEMENT

പൂവ് മോഹിച്ചപ്പോൾ പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് കൊല്ലം ശാസ്താംകോട്ട സ്വദേശി അജ്മി സുൽത്താന. പൂക്കളുടെ സുൽത്താനയായ ഓർക്കിഡ്, അജ്മിക്ക് സമ്മാനിച്ചത് വരുമാന വസന്തം. ബിടെക് (ഇലക്ട്രോണിക്സ്) പഠനത്തിനുശേഷം ഹോബി എന്ന നിലയിലാണ് ഓർക്കിഡ് നട്ടുവളർത്തിയത്. ഒട്ടേറെ പേർ തൈ ചോദിച്ചെത്തിയതോടെ വിപണന സാധ്യത വിടർന്നു. അങ്ങനെ വീടിന് സമീപം ആയിക്കുന്നത്ത് സുലൂസ് ഓർക്കിഡ്സ് എന്ന ബിസിനസ് സംരംഭം തലയുയർത്തി. തായ്‌ലൻഡ്, തായ്‌വാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഓർക്കിഡ് തൈകളും വളർച്ചയെത്തിയ ചെടികളുമാണ് ഇവിടെ വിൽപ്പന. ഇതിലൂടെ ഈ യുവ സംരംഭക നേടുന്നത് മാസം ഒരു ലക്ഷം രൂപയിലേറെ. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മികച്ച വരുമാനവും സംതൃപ്തിയും നൽകുന്ന സ്വയംതൊഴിലാണ് ഓർക്കിഡ് കൃഷിയെന്ന് അജ്മി പറയുന്നു.

സ്വാഭിമാനം സ്വാശ്രയസംരംഭം

നാലു പേർക്ക് തൊഴിൽ നൽകുന്ന സംരംഭകയാണ് അജ്‌മി ഇപ്പോൾ. 2019ലാണ് സുലൂസ് ഓർക്കിഡ്സ് മിഴിതുറന്നത്. പലതവണകളായി പത്തു ലക്ഷം രൂപയോളം മുതൽമുടക്ക്. വിൽപനയേറിയതോടെ സഹായത്തിന് ഭർത്താവ് നിസാമും സഹോദരൻ മുഹമ്മദ് സഫീറും ഒപ്പം ചേർന്നു. 

ajmi-sulthana-1
അജ്മി, മകൾ ആയിഷ, സഹോദരൻ സഫീർ എന്നിവർ സുലൂസ് ഓർക്കിഡ്സിലെ ജീവനക്കാർക്കൊപ്പം

സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷൻ (എസ്എച്ച്എം) സബ്സിഡിയോടെയാണ് അജ്‌മിയുടെ ഓർക്കിഡ് കൃഷി. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിൽപ്പന ഏറെയും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് ഈ വനിതാ സംരഭക പറയുന്നു. ഓൺലൈൻ പേമേന്റ് വഴി പണം സ്വീകരിച്ച ശേഷം ചെടികൾ കുറിയർ അയയ്ക്കുകയാണ്. ഏജൻസി വഴിയാണ് തൈകൾ ഇറക്കുമതി.

കൊഴിയാതെ പൂക്കാലം

ഉഷ്ണ മേഖലയിൽ നന്നായി വളരുന്ന ഓർക്കിഡ് കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യം. ദീർഘായുസ്സുള്ള ഈ ചെടിയുടെ പൂവ് നീണ്ടകാലം വാടാതെ നിൽക്കുകയും ചെയ്യും. വൈവിധ്യമാർന്ന നിറങ്ങളും രൂപങ്ങളും ആരെയും ആകർഷിക്കുന്നതാണ്.  വിപണിയിൽ മികച്ച വില ലഭിക്കുമെന്ന മെച്ചവുമുണ്ട്.  

ajmi-sulthana-2
അജ്മി സുൽത്താന

ഒരു തരി മണ്ണ് വേണ്ട

ഭൂരിഭാഗം ഓർക്കിഡുകളുടെയും കൃഷിക്ക് മണ്ണു വേണമെന്നില്ല (മണ്ണിൽ വളരുന്ന ടെറസ്ട്രിയൽ ഓർക്കിഡ് വേറെയുണ്ട്). പ്രത്യേകം തയാറാക്കിയ വലിയ ദ്വാരങ്ങളുള്ള ഓർക്കിഡ് ചട്ടികളാണ് നടീലിന് അഭികാമ്യം. ഇതിൽ തൊണ്ടോ, കരിയോ, ഓടിൻ കഷണമോ (അല്ലെങ്കിൽ ഇവ കൂട്ടിക്കലർത്തിയോ) നിറച്ച് തൈ വയ്ക്കാം. തൊണ്ടാണെങ്കിൽ (രണ്ടു മൂന്നു തവണ വെള്ളം മാറ്റി പുളിപ്പുരസം നീക്കി) കുതിർത്തെടുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം. ഈ രീതിയാണ് കൂടുതൽ ഫലപ്രദം.  

വേനൽക്കാലത്ത് ജൈവവളവും മഴക്കാലത്ത് രാസവളവുമാണ് നൽകുന്നതെന്ന് അജ്മി. പഞ്ചഗവ്യം, ജൈവസ്ലറികൾ, ഫിഷ് - എഗ്  അമിനോ ആസിഡുകൾ എന്നിവയാണ് പ്രധാന ജൈവവളങ്ങൾ. 15 ദിവസത്തിലൊരിക്കൽ ചാണകത്തെളിയും ഒഴിച്ചുകൊടുക്കും. ചെടി വളർച്ചയെത്തുന്നത് വരെ (ഏഴു മാസം) 19:19:19,  30:10:10  എന്നീ എൻപികെ വളങ്ങൾ നൽകും. ശേഷം പൂവിടാനുള്ള വളങ്ങളാണ് നൽകേണ്ടത്. 13: 27: 27 അഞ്ച് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി (അഞ്ചു ദിവസത്തിലൊരിക്കൽ) സ്പ്രേ ചെയ്തുകൊടുക്കും. കൂടാതെ എപ്സം സോൾട്ടും കാത്സ്യം, ബോറോൺ എന്നിവയും നൽകും. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ഓർക്കിഡുകൾക്ക് നന കുറച്ചു മതി. 

ശർക്കര, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവ പുളിപ്പിച്ച്  അഞ്ചിരട്ടി വെള്ളവും ചേർത്ത് തയാറാക്കുന്ന ജൈവസ്ലറി ഏറെ ഫലപ്രദമാണെന്ന് അജ്മിയുടെ അനുഭവം.

ajmi-sulthana-3
പോളിഹൗസിനുള്ളിൽ ഓർക്കിഡ് ചെടികൾ

വർണ വൈവിധ്യം

നൂറോളം സ്പീഷീസുകളിലായി 10,000ത്തോളം വ്യത്യസ്തയിനം ഓർക്കിഡ് ചെടികൾ അജ്മിയുടെ ശേഖരത്തിലുണ്ട്. മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന (എപ്പിഫൈറ്റിക്) ഇനങ്ങളാണ് കൂടുതലും. ഡെൻഡ്രോബിയം, ഫെലനോപ്സിസ്, മൊക്കാറ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളതെന്ന് ഈ കർഷകയുടെ സാക്ഷ്യം. വാൻഡ, ഒൻസീഡിയം, കാറ്റ്ലിയ തുടങ്ങി വ്യത്യസ്തയിനങ്ങൾ വേറെയുമുണ്ട്. ഫെലനോപ്സിസ് അകത്തളസസ്യമാണ് (ഇൻഡോർ പ്ലാന്റ്). ഇതിന്റെ പൂവ് ആറു മാസം കൊഴിയാതെ നിൽക്കും.

ചെടിയുടെ ആരോഗ്യമനുസരിച്ചാണ് പൂക്കളുടെ എണ്ണം. കരുത്തുള്ള ചെടിയിൽ പതിനഞ്ചോളം കുലകളും ഒരു കുലയിൽ 15- 30 വരെ പൂക്കളും ഉണ്ടാകാം. പരിചരണം മികച്ചതാണെങ്കിൽ പൂക്കളും കൂടും. ഓർക്കിഡിന് സ്വാഭാവിക തൈകൾ കുറവാണ്. ടിഷ്യൂ കൾച്ചറിലൂടെയാണ് കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുന്നത്.  

100 -150 രൂപയ്ക്കാണ് അജ്മി ഓർക്കിഡ് തൈകൾ വിൽക്കുന്നത്. പൂവ് വന്ന ചെടിയാണെങ്കിൽ വലുപ്പമനുസരിച്ച് 160- 5000 രൂപ വരെ വില. അതുപോലെ സുലൂസ് ഡയറീസ് എന്ന യൂട്യൂബ് ചാനലിലൂടെ കൃഷിയറിവുകൾ പങ്കുവയ്ക്കുന്നുണ്ട് അജ്മി.

മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകൾ ആയിഷ സുൽത്താനയും അജ്മിക്കൊപ്പം സസ്യപരിപാലനത്തിൽ മുൻപിലുണ്ട്.

ഫോൺ: 7034016964

English summary: An engineering graduate earned a monthly income of more than one lakh rupees from Orchids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com