ADVERTISEMENT

പൂന്തോട്ടം പൂർണമാകണമെങ്കിൽ താമര ഇല്ലാതെങ്ങനാ? കുളം വേണമല്ലോ എന്നാണു പേടിയെങ്കിൽ താമരയ്ക്ക് ഇപ്പോൾ കുളം വേണമെന്നില്ല. ചെറിയ ബൗളിൽ വളർത്തി സ്വീകരണമുറിയിൽ വയ്ക്കാം. പിങ്ക് മെഡോ മൈക്രോ, ലിയാങ്‌ലി മൈക്രോ, ലേഡി ബഗ്, ക്യൂടീ പീ തുടങ്ങി മൈക്രോ ഗണത്തിൽപ്പെട്ട താമരയിനങ്ങൾ ചെറിയ ചട്ടിയിലും വലിയ ചായകപ്പിൽ പോലും വളർത്താം.

നാടൻ താമര ഇനങ്ങളുടെ സ്ഥാനത്തു വർഷം പല ആവർത്തി പൂവിടുന്ന, നൂറിനു മേൽ സങ്കരയിനങ്ങൾ ലഭ്യമാണ്. ഇളം മഞ്ഞ, കടും പിങ്ക്, തൂ വെള്ള, ഇളം മഞ്ഞയും പിങ്കും നിറങ്ങൾ ഇടകലർന്നത്, വെള്ളയും പച്ചയും ഇടകലർന്നത്, ഇങ്ങനെ താമരപ്പൂക്കളുടെ വർണ ഭേദം അമ്പരപ്പിക്കും.

ട്രോപ്പിക്കൽ, ഹാർഡി എന്നീ രണ്ടു ഗണങ്ങളിൽപെടുന്നവയാണു താമരയുടെ സങ്കരയിനങ്ങൾ. ട്രോപ്പിക്കൽ ഇനങ്ങൾ വർഷത്തിൽ പല ആവർത്തി പൂവിടുന്നവ യാണെങ്കിൽ ഹാർഡി ഇനങ്ങളാവട്ടെ കാലാവസ്ഥ അനുസരിച്ചാണു പുഷ്പിക്കുക. ട്രോപ്പിക്കലും ഹാർഡിയും ഒരുമിപ്പിച്ച ഹൈബ്രിഡ് ചെടികളും ലഭ്യമാണ്.

താമര നടുമ്പോൾ...

താമര നടുവാൻ തിരഞ്ഞെടുക്കുന്ന ജലസംഭരണിയുടെ അടിയിൽ 4 ഇഞ്ച് കനത്തിലെങ്കിലും മിശ്രിതം നിറയ്ക്കണം. ഏറ്റവും അടിയിൽ ഒരിഞ്ചു കനത്തിൽ മണ്ണിര കംപോസ്റ്റോ ചാണകപ്പൊടിയോ നിരത്താം. അതിനു മുകളിൽ നല്ല ചുവന്ന മണ്ണ് അല്ലെങ്കിൽ പുഴയിലെ എക്കൽ 3 ഇഞ്ച് കനത്തിൽ നിറയ്ക്കണം. ഇതിലാണ് ട്യൂബർ നടേണ്ടത്.

വളം അധികമായാൽ...

സങ്കരയിനങ്ങൾ വളം അധികമായാൽ വേഗത്തിൽ ചീഞ്ഞുപോകും. ജൈവവളങ്ങൾ പായൽ ഉണ്ടാകുവാനും ഒച്ചു പെരുകാനും കാരണമാകും.

രാസവളങ്ങളാണു കൂടുതൽ നല്ലത്. മീനുള്ള ജലാശയമാണെങ്കിൽ രാസവളം ശ്രദ്ധിച്ചു പ്രയോഗിക്കുക. സംഭരണിയിലെ വെള്ളത്തിന്റെ അളവ് അനുസരിച്ച് ഡിഎപി അല്ലെങ്കിൽ എൻപികെ 19:19:19 കടലാസിൽ പല പൊതികളാക്കി പല ഭാഗത്തായി മണ്ണിൽ ഇറക്കി വയ്ക്കണം. മണ്ണിരക്കംപോസ്റ്റ്, ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം തുടങ്ങിയ ജൈവവളങ്ങൾ നേരിട്ടു നൽകാതെ കിഴിയാക്കി വെള്ളത്തിൽ നിക്ഷേപിക്കാം. ഒരു വർഷത്തോളം വളർച്ചയായ ചെടിയിൽ പൂക്കളുടെ എണ്ണവും ഇലയുടെ വലുപ്പവും കുറയാൻ തുടങ്ങിയാൽ മിശ്രിതം മാറ്റി നടേണ്ട സമയമായി. 4-5 മണിക്കൂർ നേരിട്ടു വെയിൽ കിട്ടുന്നിടത്താണു ചെടി നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുക.

ഒച്ചാണ് മുഖ്യശത്രു

താമരയില തിന്നുന്ന ഒച്ചിനെ ഉപ്പുലായനിയിൽ ഇട്ടു നശിപ്പിക്കണം. കാബേജിന്റെ ഇല വെള്ളത്തിൽ ഇട്ടാൽ ഒച്ചിനെ ആകർഷിച്ചു കൂട്ടത്തോടെ നശിപ്പിക്കാം. മീനില്ലാത്ത ജലാശയമാണെങ്കിൽ നേരിയ അളവിൽ തുരിശു വെള്ളത്തിൽ കലക്കി ഒച്ചിനെ തുരത്താം.

ഇലയുടെ അടി ഭാഗത്തു മൊസൈക് പോലെ തവിട്ടു നിറം ഉണ്ടാവുന്നതു കീടബാധയാണ്. ഇമിഡാക്ലോപ്രിഡ് അടങ്ങിയ കീടനാശിനി ഫലപ്രദം. ഇതേ കീടനാശിനി ഇലതീനി പുഴുക്കൾക്കെതിരെയും പ്രയോജനം ചെയ്യും. പായൽ (ആൽഗ) നീക്കം ചെയ്യാൻ കുമ്മായം ഉപയോഗിക്കുമ്പോൾ അധികമാകാതെ നോക്കണം.

ഫോൺ: 9447002211

English summary: How to grow micro lotus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com