ADVERTISEMENT

ഇടുക്കി വെള്ളിയാമറ്റത്തെ മാത്യു ബെന്നിയെന്ന കുട്ടിക്കർഷകന്റെ ഫാമിലെ പശുക്കൾ കപ്പത്തൊലിയിലെ വിഷബാധയേറ്റു ചത്ത വാർത്തകൾ രണ്ടു ദിവസമായി കേരളത്തിലെ പ്രധാന ചർച്ചാവിഷയമാണ്. ദുരന്തബാധിതർക്കു നേരേ സഹായഹസ്തം നീട്ടുന്ന മലയാളിയുടെ അനുകമ്പ ഇവിടെയും കാണാൻ കഴിഞ്ഞു. പണമായും പശുക്കളായും മാത്യുവിന്റെ ഭവനത്തിലേക്ക് സഹായം എത്തിക്കൊണ്ടിരിക്കുന്നു. മാത്യുവിന് 22 ഉരുക്കളിൽ 9 കറവപ്പശുക്കളായിരുന്നു ഉണ്ടായിരുന്നത്. അതിൽ 7 എണ്ണത്തിനെയും നഷ്ടപ്പെട്ടു. അവശേഷിക്കുന്നവ മൂരികളും കിടാരികളുമായിരുന്നു.

പക്ഷേ നഷ്ടപ്പെട്ടതിലേറെ ഉരുക്കൾ തൊഴുത്തിലെത്തുമെന്നാണ് സഹായവാഗ്ദാനങ്ങളിൽ നിന്നു മനസ്സിലാക്കേണ്ടത്. എന്നാൽ, ഇവിടെ പ്രസക്തമായ മറ്റൊരു ചോദ്യമുയരുന്നുണ്ട്. സഹായവാഗ്ദാനങ്ങളായി ലഭിച്ച പശുക്കളെ മുഴുവൻ പോറ്റാൻ ഈ പത്താം ക്ലാസുകാരനു കഴിയുമോ? അതിനുള്ള സാഹചര്യം ഈ കൗമാരക്കാരനുണ്ടോ? വിദ്യാർഥി എന്ന നിലയിലുള്ള അവന്റെ ചുമതലകളെ അതു ബാധിക്കില്ലേ? ക്ഷീരമേഖലയിലൂടെ ഉപജീവനം നടത്തുന്ന ഒട്ടേറെ കർഷകർ മുൻപോട്ടു വയ്ക്കുന്ന ചോദ്യമാണത്. 

വെറ്ററിനറി ഡോക്ടറാവുകയാണ് തന്റെ ജീവിതാഭിലാഷമെന്നു മാത്യു പറഞ്ഞുകഴിഞ്ഞു. പത്താംക്ലാസും പ്ലസ്ടുവും കടന്ന് എൻട്രൻസ് കടമ്പ കൂടി കടന്നാലേ അതു സാധ്യമാകൂ. താങ്ങാനാവാത്ത ജോലിഭാരം മൂലം പഠനം ഉഴപ്പിയാൽ, ആ സ്വപ്നമാണ് തൊഴുത്തിൽ തളയ്ക്കപ്പെടുക. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ പൊതുവായ സ്ഥിതി നമുക്കറിയാം. ഉൽപാദനത്തിലുംവിപണനത്തിലുമൊക്കെ മികവ് കാണിക്കുന്ന ഒരു വിഭാഗം മാത്രമാണ് ഇവിടെ രക്ഷപ്പെടാറുള്ളത്. റിസ്ക് ഏറെയുള്ള ഈ മേഖലയിൽ ഒരു പാൽക്കാരൻ പയ്യനായി മാത്യു ഇപ്പോഴേ മാറേണ്ടതുണ്ടോ? മാത്യു പശുവളർത്തരുതെന്നല്ല പറഞ്ഞുവരുന്നത്. പഠനത്തെ ബാധിക്കാത്ത വിധത്തിൽ, ഒരു കൗമാരക്കാരന്റെ ജീവിതസാഹചര്യങ്ങൾ നഷ്ടപ്പെടുത്താതെ ഏതാനും ഉരുക്കളെ വളർത്തുന്ന സംരംഭമായിരിക്കും മാത്യുവിനു അനുയോജ്യം. അഥവാ 16 പശുക്കളെയും വളർത്തണമെന്നാണ് ആഗ്രഹമെങ്കിൽ പശുവളർത്തലിനൊപ്പം പഠനവും ഒരേപോലെ കൊണ്ടുപോകേണ്ട സാഹചര്യമൊരുക്കുകയാണ് സഹായം നൽകുന്നവർ ചെയ്യേണ്ടത്. കുറഞ്ഞ പക്ഷം പഠനകാലം പൂർത്തിയാകുന്നതുവരെയെങ്കിലും ഒരു സഹായിയെ നിയമിക്കാൻ മാത്യുവിനും സഹോദരങ്ങൾക്കും കഴിയുന്ന വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം. വേണ്ടത്ര തീറ്റപ്പുല്ല് ഉൽപാദിപ്പിക്കാൻ  സ്ഥലം പാട്ടത്തിനു ലഭ്യമാക്കണം.

ഡെയറിഫാം മാനേജ്മെന്റിനു വേണ്ട പരിശീലനവും തുടർ ഉപദേശങ്ങളും ഉറപ്പാക്കണം. അതൊന്നും ചെയ്യാതെ 16 പശുവുമായി പയ്യൻ കഷ്ടപ്പെടാൻ ഇടയാക്കുന്നത് ഉത്തരവാദിത്തപൂർണമായ സമീപമനമായിരിക്കില്ല. ഇത്തരം കാര്യങ്ങളിൽ സർക്കാർ വകുപ്പുകളുടെയോ ഐവിഎ പോലുള്ള പ്രഫഷനൽ സംഘടനകളുടെയോ മെന്ററിങ് സ്വീകരിക്കാൻ മാത്യുവും തയാറാകണം. വൈകാരികമായി മാത്രം പശുവളർത്തലിനെ കാണാതെ ബുദ്ധിപൂർവം തന്റെ കരിയർ പ്ലാൻ ചെയ്യാനാണ് മാത്യുവും കുടുംബവും ഇനി തയാറാവേണ്ടത്. സഹായധനമായി കിട്ടിയ പണം മുഴുവൻ പശുവളർത്തലിനായി നീക്കിവയ്ക്കരുത്. സ്വന്തം പഠനത്തിനും വീട്ടാവശ്യങ്ങൾക്കും കൂടി അത് പ്രയോജനപ്പെടുത്തട്ടെ. പാലിൽ നിന്നു കിട്ടുന്ന വരുമാനത്തിന് ആനുപാതികമായ മാത്രം തൊഴുത്തിൽ മുടക്കണം. ബാക്കി തുക പഠനത്തിനും മറ്റും പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിക്കാൻ മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കണം. വലിയ തുക കൈവശമെത്തുമ്പോൾ അതു ശരിയായി വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കുകയാണെന്ന കാര്യം മാത്യു മറക്കരുത്.

പഠിപ്പാണ് മുഖ്യം, അതിന് തടസം വരരുത്: ഡോ. മരിയ ലിസ മാത്യു

പത്താം ക്ലാസിലാണ് മാത്യു പഠിക്കുന്നത്. അതുകൊണ്ടുതന്നെ പഠനത്തിൽ ഏറെ ശ്രദ്ധിക്കേണ്ട നാളുകളാണ് ഇനി മുൻപിലുള്ളത്. വെറ്ററിനറി ഡോക്ടറാകാനാണ് മാത്യുവിന് ആഗ്രഹമെന്ന് അറിഞ്ഞു. അതുകൊണ്ടുതന്നെ മികച്ച മാർക്കോടെ എസ്എസ്എൽസിയും പ്ലസ് ടുവും പാസ് ആവണം. അതുപോലെ എൻട്രൻസ് എഴുതണം. ഇതൊക്കെ മുൻപിലുള്ള കടമ്പകളാണ്. അതിനാൽ, ഒരു വിദ്യാർഥി എന്ന നിലയ്ക്ക് തനിക്ക് കഴിയുന്ന ആത്രയും പശുക്കളെ അതും 20 ലീറ്ററെങ്കിലും ലഭിക്കുന്ന ഏതാനും പശുക്കളെ മാത്രം വളർത്തി അതിനൊപ്പം പഠനവും മുൻപോട്ടു കൊണ്ടുപോകണം എന്നതാണ് എന്റെ അഭിപ്രായം. സഹായം നൽകാൻ സന്നദ്ധരായി മുൻപോട്ടു വന്നവരും ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴുത്തിലെ ജോലി ഭാരം കുറയ്ക്കുന്നതിനായി പരമാവധി യന്ത്ര സഹായം കൊണ്ടുവരുന്നത് സമയലാഭത്തിനും സഹായിക്കും. ഇതിനായി കറവയന്ത്രം, പവർ വാഷർ, ചൂടുള്ള സാഹചര്യമാങ്കിൽ താപനിയന്ത്രണ സംവിധാനങ്ങൾ, പുൽക്കൃഷിയും പുൽക്കൃഷിക്ക് തുള്ളിനന സംവിധാനവും, തീറ്റപ്പുല്ല് അരിഞ്ഞു നൽകാൻ ചാഫ് കട്ടർ, ബയോഗ്യാസ് പ്ലാന്റ്, ചാണകത്തിൽനിന്ന് വെള്ളം നീക്കാനുള്ള സംവിധാനം തുടങ്ങിയവയിൽ ആവശ്യമായത് ഒരുക്കാൻ ശ്രദ്ധിക്കണം. 

സ്നേഹക്കരുതൽ... സഹായധനം കൈമാറുന്നതിനായി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ വീട്ടിലെത്തിയ നടൻ ജയറാം, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവർ മാത്യു ബെന്നിക്കൊപ്പം.ചിത്രം: റെജു അർനോൾഡ് ∙ മനോരമ
സ്നേഹക്കരുതൽ... സഹായധനം കൈമാറുന്നതിനായി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ വീട്ടിലെത്തിയ നടൻ ജയറാം, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവർ മാത്യു ബെന്നിക്കൊപ്പം.ചിത്രം: റെജു അർനോൾഡ് ∙ മനോരമ

മാത്യുവിന്റെ ഉള്ളിലുള്ള ക്ഷീരകർഷകന്റെ ക്വാളിറ്റി വളർത്തണം: സി.എൻ.ദിൽകുമാർ (ക്ഷീരകർഷകൻ)

മാത്യുവിന് സഹായങ്ങൾ നൽകുന്നതിനൊപ്പം അവന്റെ ഉള്ളിലുള്ള ക്ഷീരകർഷകന്റെ ക്വാളിറ്റി വളർത്താനുള്ള ശ്രമവും ഉണ്ടാകണം. ശാസ്ത്രീയമായ പശുപരിപാലനം എങ്ങനെയെന്ന അറിവും പരിശീലനവും നൽകി ലാഭകരമായി ഡെയറി സംരംഭം മുൻപോട്ടു കൊണ്ടുപോകാൻ മാത്യുവിനെ പ്രാപ്തനാക്കണം. അതിനൊപ്പം പഠനവും മുഖ്യമാണ്. കെഎൽഡി ബോർഡിൽനിന്നു കൊടുക്കാമെന്ന് അറിയിച്ചിട്ടുള്ള പശുക്കൾത്തന്നെ ഒരു കുട്ടിക്കർഷകൻ എന്ന നിലയ്ക്ക് മാത്യുവിന് കുടുംബം നോക്കാൻ പര്യാപ്തമാണ്. അതുകൊണ്ടുതന്നെ പഠനത്തിന് പ്രാധാന്യം നൽകാൻ മാത്യുവും ബന്ധുക്കളും അധ്യാപകരും ശ്രദ്ധിക്കണം.

മാത്യു മറ്റു കുട്ടികൾക്ക് മാതൃക: ഷാനി ബെന്നി, (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എച്ച്എസ് അറക്കുളം)

ക്ഷീരകർഷകനായ മാത്യു ഞങ്ങളുടെ വിദ്യാർഥിയാണെന്നതിൽ അഭിമാനമുണ്ട്. അധ്വാനിച്ചു ജീവിക്കാനുള്ള മാത്യുവിന്റെ മനസ്സ് മറ്റു കുട്ടികൾക്ക് മാതൃകയാണ്. മാത്യുവിന്റെ തൊഴുത്തിൽ ഒരു ദുരന്തമുണ്ടായപ്പോൾ വലിയ പിന്തുണയാണ് മാധ്യമങ്ങളും പൊതു സമൂഹവും നൽകിയത്. എന്നാൽ ഈ പ്രോത്സാഹനം പഠ‌നത്തെ ബാധിക്കുന്ന സ്ഥിതിയുണ്ടാവരുത്. മാധ്യമശ്രദ്ധയും സമൂഹത്തിന്റെ പിന്തുണയുമൊക്കെ താൽക്കാലികമാണെന്നു മാത്യുവും മനസ്സിലാക്കണം. പത്താംക്ലാസ് പാസായാൽ മാത്രമേ തന്റെ സ്വപ്നം യാഥാർഥ്യമാകൂ എന്ന കാര്യം മാത്യുവിന്റെ മനസ്സിലുണ്ടാവണം. ഏറ്റവും തീവ്രമായ പഠിക്കേണ്ട കാലഘട്ടത്തിലാണ് മാത്യു. തൊഴുത്തിലെ അധ്വാനത്തിനു ശേഷം ക്ലാസ് റൂമിലിരുന്ന് ഉറങ്ങുന്ന സ്ഥിതി മാത്യുവിന് ഉണ്ടാകുമോയെന്നതാണ് അധ്യാപകരുടെ ആശങ്ക. മതിയായ വിശ്രമവും പഠനസമയവും ഉറപ്പാക്കി പശുവളർത്തൽ ക്രമീകരിക്കാനുള്ള  ഉപദേശങ്ങളാണ് ഇനി മാത്യുവിനു വേണ്ടത്. അത് സ്വീകരിക്കാൻ മാത്യു തയാറാവേണ്ടതുമുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com