ADVERTISEMENT

ഏതാനും വർഷങ്ങളായി ഓണാഘോഷങ്ങള്‍ കഴിഞ്ഞതിനുശേഷം വെറ്ററിനറി ആശുപത്രികളില്‍ കര്‍ഷകര്‍ എത്തിച്ച കേസുകളില്‍ നല്ലൊരുപങ്ക് അയവെട്ടാനുള്ള ശേഷി പോലും നഷ്ടപ്പെട്ട്, വയറില്‍ അമ്ലം നിറഞ്ഞ് വീര്‍ത്തു തളര്‍ന്നുവീണ ആടുകളും പശുക്കളുമായിരുന്നു. രുചിയേറിയതും നാരിന്റെ അളവ് കുറഞ്ഞതും എളുപ്പം ദഹിക്കുന്നതും അന്നജസമൃദ്ധവുമായ ആഹാരങ്ങള്‍ പശുക്കള്‍ക്കും ആടുകള്‍ക്കും നല്‍കിയാല്‍ അവയുടെ ആമാശയത്തില്‍ അധിക തോതില്‍ അമ്ലം ഉല്‍പാദിക്കപ്പെടുകയും അമ്ല-ക്ഷാര നില താഴുകയും ദഹനപ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും അക്യൂട്ട് ലാക്ടിക് അസിഡോസിസ് എന്ന ഉപാപചയരോഗാവസ്ഥക്ക് ഇടയാക്കുകയും ചെയ്യും. അസിഡോസിസ് ഗുരുതരമായാല്‍ വയറില്‍ അമ്ലം ഉയര്‍ന്ന് കന്നുകാലികള്‍ തളര്‍ന്ന് വീഴുകയും ഒരുപക്ഷേ മരണം വരെ സംഭവിക്കുകയും ചെയ്യാം. ഇക്കാര്യം അറിയാതെ ചില കര്‍ഷകര്‍ തൂവെള്ള ചോറും നാനാതരം വിഭവങ്ങളും നാലുകൂട്ടം പായസവും ചേര്‍ത്ത് വീടുകളില്‍ ഒരുക്കിയ ഓണസദ്യയില്‍ ഒരു പങ്ക് ആടുകള്‍ക്കും പശുക്കള്‍ക്കും കൂടി നല്‍കിയതാണ് അക്യൂട്ട് ലാക്ടിക് അസിഡോസിസ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പണിപ്പെട്ട് വീട്ടില്‍ ഒരുക്കിയ സദ്യയില്‍ ബാക്കിവന്നത് പാഴാക്കാനും പുറത്തുകളയാനും മടിച്ച് ആടുമാടുകള്‍ക്ക് തീറ്റയായി നല്‍കി പണികിട്ടിയവരും ഏറെ. അസിഡോസിസിന്റെ ദുരന്തഫലങ്ങളെക്കുറിച്ചറിയാത്ത ചിലര്‍ കന്നുകാലികള്‍ക്ക് ഓണസദ്യ നല്‍കി അത് നവമാധ്യമങ്ങളില്‍ സന്തോഷത്തോടെ പോസ്റ്റുകളിടുക വരെ ചെയ്തു. 

മുകളിൽപ്പറഞ്ഞത് ഓണത്തോടനുബന്ധിച്ചുള്ള അവസ്ഥയായിരുന്നെങ്കിൽ സമാന അവസ്ഥകൾ ഇപ്പോഴും ഉണ്ടായേക്കാം. കാരണം, ചക്കയുടെയും കപ്പയുടെയും വിളവെടുപ്പുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പശുക്കളുടെയും ആടുകളുടെയും ഭക്ഷണത്തിൽ ഇവ ഉൾപ്പെടാനുമുള്ള സാധ്യതകളേറെ. എന്നാൽ, ഈ ഭക്ഷണങ്ങൾ നൽകുന്നതിലൂടെയുള്ള പ്രശ്നങ്ങൾ എന്താണെന്ന് അറിഞ്ഞിരിക്കണമെന്നത് ഓരോ കർഷകന്റെയും ഉത്തരവാദിത്തമാണ്.

മിത്രാണുക്കള്‍ പണ്ടത്തിനുള്ളിലെ പാചകക്കാര്‍, അറിയണം സൂക്ഷ്മാണുദഹനത്തെ

ആടുമാടുകളില്‍ അക്യൂട്ട് ലാക്ടിക് അസിഡോസിസ് എന്ന ഉപാപചയപ്രശ്‌നം ഉണ്ടാവുന്നതിന്റെ കാരണം അറിയണമെങ്കില്‍ അവയുടെ ദഹനവ്യൂഹത്തിലെ പ്രത്യേകതകളെക്കുറിച്ചറിയണം. മനുഷ്യരില്‍നിന്നും മറ്റ് മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായി ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. അയവെട്ടുന്ന മൃഗങ്ങളുടെ പ്രധാന തീറ്റയായ പുല്ലില്‍ അടങ്ങിയ നാരുകളുടെ പുളിപ്പിക്കലിനും (ഫെര്‍മെന്റേഷന്‍) ദഹനത്തിനും മാംസ്യനിര്‍മാണത്തിനും വേണ്ടിയുമാണ് സൂക്ഷമാണുസംവിധാനം മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.

കന്നുകാലികള്‍ക്ക് ഉപകാരികളായ ഈ മിത്രാണുക്കള്‍ക്ക് പെരുകാന്‍ അനിയോജ്യമായ 38-42 ഡിഗ്രി സെല്‍ഷ്യസ് താപനിലയും 6-8 എന്ന അമ്ലക്ഷാരനിലയുമാണ് റൂമനില്‍ ഉള്ളത്. ലക്ഷോപലക്ഷം അണുക്കളെ ഉപയോഗപ്പെടുത്തി പുളിപ്പിക്കലിലൂടെയും പതപ്പിക്കലിലൂടെയും ദഹനം നടത്തുന്നതിനാല്‍ 'പുളിപ്പിക്കല്‍ വീപ്പ' എന്നാണ് റുമെന്‍ അറിയപ്പെടുന്നത് തന്നെ.

പോഷകനിര്‍മ്മാണത്തേയും ആഗിരണത്തെയും സഹായിക്കുന്ന ഈ മിത്രാണുക്കളില്‍ 80 ശതമാനത്തോളം ബാക്ടീരിയകളാണ്. ബാക്കി 20 ശതമാനം പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട സൂക്ഷ്മാണുക്കളും മിത്രാണുകുമിളുകളുമാണ്. പൂര്‍ണ്ണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തില്‍നിന്നും ശേഖരിക്കുന്ന ഒരു മില്ലി ദ്രാവകത്തില്‍ ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശകണക്ക്. ഇരുന്നൂറില്‍ പരം ഇനം ബാക്ടീരിയകളും ഇരുപതിലേറെ ഇനം പ്രോട്ടോസോവകളും ഈ ലക്ഷോപലക്ഷം സൂക്ഷ്മാണുക്കളിലുണ്ട്. പണ്ടത്തില്‍ വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. നാരുകളാല്‍ സമൃദ്ധമായ പുല്ലും വൈക്കോലും, മാംസ്യസമൃദ്ധമായ പെല്ലറ്റും, പിണ്ണാക്കുമെല്ലാം മണിക്കൂറുകള്‍ സമയമെടുത്ത് തരാതരംപോലെ പുളിപ്പിച്ചും ദഹിപ്പിച്ചും, പുല്ലിലടങ്ങിയ സെല്ലുലോസ് നാരുകളെ പലവിധ വോളറ്റൈല്‍ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണുമാംസ്യമാത്രകളായും (മൈക്രോബിയല്‍ പ്രോട്ടീന്‍ ) പരിവര്‍ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് മിത്രാണുക്കള്‍ തയാറാക്കി നല്‍കും.

അക്യൂട്ട് ലാക്ടിക് അസിഡോസിസ് ഉണ്ടാവുന്നത് എങ്ങനെ?

നാരുകളാല്‍ സമൃദ്ധമായ തീറ്റപ്പുല്ലില്‍നിന്നും മാംസ്യസമ്പുഷ്ടമായ പെല്ലറ്റ് കാലിതീറ്റകളില്‍നിന്നും വ്യത്യസ്തമായി രുചിയേറിയതും എളുപ്പം ദഹിക്കുന്നതും നാരിന്റെ അളവ് തീരെ കുറഞ്ഞതും അന്നജസമൃദ്ധവുമായ സാന്ദ്രീകൃതതീറ്റകള്‍ (ഉദാഹരണം ചോറ്, ധാന്യപ്പൊടികള്‍) റൂമനില്‍വച്ച് വളരെ വേഗത്തില്‍ സൂക്ഷ്മാണുക്കള്‍ ദഹിപ്പിക്കും. തീറ്റപ്പുല്ലില്‍ അടങ്ങിയ സെല്ലുലോസ് നാരുകള്‍ ദഹിക്കുന്നതിനേക്കാള്‍ നൂറിരട്ടി വേഗത്തിലാണ് അന്നജസമൃദ്ധമായ തീറ്റയുടെ ദഹനം നടക്കുക.

ഇത് ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉല്‍പാദിപ്പിക്കപെടുന്നതിനും ആമാശയം അമ്ലം കൊണ്ട് നിറയുന്നതിനും അമ്ല-ക്ഷാര നില സ്വാഭാവികപരിധിയില്‍ താഴുന്നതിനും ഇടയാക്കും. ഇതാണ് അക്യൂട്ട് ലാക്ടിക് അസിഡോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാവുന്നത്. അമ്ലക്ഷാര നില താഴുമ്പോള്‍ ഉപദ്രവകാരികളായ അണുക്കള്‍ കൂടുതലായി പെരുകുകയും ലാക്ടിക് അമ്ലത്തിന്റെ ഉല്‍പാദനം വീണ്ടും ഉയരുകയും ചെയ്യും. നാരുകളുടെ ദഹനം വഴി സാധാരണ ഉല്‍പാദിപ്പിക്കപ്പെടുന്ന വോളറ്റൈല്‍ ഫാറ്റി അമ്ലങ്ങളെക്കാള്‍ പതിന്മടങ്ങ് വീര്യം കൂടിയ അമ്ലമാണ് ലാക്ടിക് അമ്ലം. ഇത് അയവെട്ടല്‍ ഉള്‍പ്പെടെയുള്ള സ്വാഭാവിക ദഹനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും.

അയവെട്ടല്‍ നിലയ്ക്കല്‍, വയറുസ്തംഭനം, വയറുകമ്പനം / ബ്ലോട്ട്, വയറിളക്കം, തളര്‍ച്ച, തീറ്റമടുപ്പ് , ദഹനക്കേട്, നടക്കാനുള്ള ബുദ്ധിമുട്ട്, വേദനകൊണ്ട് വയറ്റില്‍ കൈകാലുകള്‍ കൊണ്ട് ചവിട്ടല്‍ തുടങ്ങിയവ അക്യൂട്ട് ലാക്ടിക് അസിഡോസിസിന്റെ ആരംഭലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ അസിഡോസിസിന്റെ തീവ്രത അനുസരിച്ച് വ്യത്യാസപ്പെടും. അമിതമായി അമ്ലം നിറഞ്ഞാല്‍ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാവും. അതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. പണ്ടത്തില്‍നിന്നും പുളിച്ച് തികട്ടിയ പച്ചനിറത്തിലുള്ള ദ്രാവകം വായിലൂടെ പുറത്തേക്ക് ഒഴുകുകയും നിര്‍ജലീകരണം മൂര്‍ച്ഛിക്കുകയും നാഡീസ്പന്ദനം, ഹൃദയമിടിപ്പ്, ശരീരോഷ്മാവ് എന്നിവയെല്ലാം സാധാരണ നിലയില്‍ നിന്നും താഴുകയും ക്രമേണ പശുക്കളും ആടുകളും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വീണുപോവുകയും ചെയ്യും. ശ്വാസനതടസവും ഉണ്ടാവും. വേഗത്തില്‍ ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ മരണം സംഭവിക്കാം.

ലാക്ടിക് അസിഡോസിസ് എങ്ങനെ നിര്‍ണയിക്കാം?

ശാസ്ത്രീയ തീറ്റക്രമം പാലിച്ച് പ്രവര്‍ത്തിക്കുന്ന ഡെയറി ഫാമുകളെ അപേക്ഷിച്ച് കുറഞ്ഞ എണ്ണം പശുക്കളെ മാത്രം വളര്‍ത്തുന്നതും കൃത്യമായ ഒരു തീറ്റക്രമം പിന്തുടരാത്തതുമായ ചെറുകിട ക്ഷീരസംരംഭങ്ങളിലാണ് ലാക്ടിക് അസിഡോസിസ് പ്രശ്‌നങ്ങള്‍ കൂടുതലായി കാണാറുള്ളത്. പശുക്കളെ അപേക്ഷിച്ച് ആടുകളില്‍ അസിഡോസിസ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.

ലാക്ടിക് അസിഡോസിസ് ബാധിച്ച് പശുക്കള്‍ വീഴുന്നത് പലപ്പോഴും കാത്സ്യം കുറഞ്ഞ് വീഴുന്നതാണെന്ന് കര്‍ഷകര്‍ തെറ്റിദ്ധരിക്കാറുണ്ട്. 

രോഗലക്ഷണങ്ങളിലൂടെ തന്നെ അക്യൂട്ട് ലാക്ടിക് അസിഡോസിസ് എളുപ്പത്തില്‍ നിര്‍ണയിക്കാവുന്നതാണ്. ലക്ഷണങ്ങള്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ നല്‍കിയ തീറ്റകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കര്‍ഷകരില്‍ നിന്നും അറിയുകയാണെങ്കില്‍ രോഗനിര്‍ണയം കൂടുതല്‍ എളുപ്പമാവും. റൂമനില്‍ നിന്നുള്ള ദ്രാവകം ശേഖരിച്ച് അമ്ലത നിര്‍ണയിക്കുന്നതിലൂടെയും രോഗം കണ്ടെത്താം. അഞ്ചോ അഞ്ചില്‍ താഴെയോ ഉള്ള അമ്ലത നിരക്ക് അക്യൂട്ട് ലാക്ടിക് അസിഡോസിസിന്റെ സൂചനയാണ്. റൂമനില്‍നിന്ന് ശേഖരിക്കുന്ന ദ്രാവകത്തിലെ പ്രോട്ടോസോവല്‍ സൂക്ഷമാണുക്കളുടെ സാന്ദ്രതയും ആമാശയാരോഗ്യത്തെ പറ്റിയുള്ള കൃത്യമായ സൂചന നല്‍കും. രോഗബാധയില്‍ പ്രോട്ടോസോവകളുടെ സാന്ദ്രത തീര്‍ത്തും ശുഷ്‌ക്കവും നിര്‍ജീവവുമായിരിക്കും  ഇത് വളരെ എളുപ്പം ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ നിര്‍ണയിക്കാവുന്നതാണ്.

അസിഡോസിസ് പ്രശ്‌നങ്ങള്‍ തടയാന്‍

  • സദ്യബാക്കി മാത്രമല്ല ഉയര്‍ന്ന അളവില്‍ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ കഞ്ഞി, ചക്ക, മാങ്ങ, പച്ചക്കറി അവശിഷ്ടങ്ങള്‍, ധാന്യപ്പൊടികള്‍, കപ്പ അടക്കമുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമുള്ള ഭക്ഷ്യഅവശിഷ്ടങ്ങള്‍ എന്നിവയെല്ലാം പശുവിനും ആടിനുമെല്ലാം അധിക അളവില്‍ നല്‍കുമ്പോഴും സംഭവിക്കുന്നത്  അക്യൂട്ട്  ലാക്ടിക് അസിഡോസിസ് തന്നെയാണ്. ലാക്ടിക് അസിഡോസിസ് സാഹചര്യവും അധിക അമ്ലത മൂലം ഉണ്ടാവുന്ന കുഴപ്പങ്ങളും തടയാന്‍ അന്നജം കൂടുതല്‍ അടങ്ങിയ തീറ്റകള്‍ കഴിച്ചുശീലമില്ലാത്ത ആടുകള്‍ക്കും പശുക്കള്‍ക്കും ഇത്തരം തീറ്റകള്‍ ഒറ്റയടിക്ക് നല്‍കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. സ്ഥിരമായി പാലിച്ചുപോരുന്ന തീറ്റക്രമം തന്നെ തുടരുക.പെട്ടെന്ന് ഒരു ദിവസം തീറ്റയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് തീര്‍ച്ചയായും ഒഴിവാക്കുക.
  • തീറ്റക്രമത്തില്‍ മാറ്റം വരുത്തുകയോ പുതിയ തീറ്റ ഉള്‍പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ തീറ്റ ക്രമമായി ശീലിപ്പിച്ച് ഘട്ടം ഘട്ടമായി മാത്രം തീറ്റയില്‍ മാറ്റങ്ങള്‍ വരുത്തുക. കറവപ്പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ചുരത്താനായി രുചിയേറിയ, എളുപ്പം ദഹിക്കുന്ന, അന്നജപ്രധാനമായതും നാരളവ് കുറഞ്ഞതുമായ ഏത് സാന്ദ്രീകൃതതീറ്റ നല്‍കുമ്പോഴും അധിക ലാക്ടിക് അമ്ലം കാരണം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എന്നനിലയില്‍ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) നല്‍കാം. ആകെ സാന്ദ്രീകൃതതീറ്റയുടെ ഒരു ശതമാനം വരെ അപ്പക്കാരം നല്‍കാവുന്നതാണ് (അപ്പക്കാരം-സോഡിയം ബൈ കാര്‍ബണേറ്റ്- പരമാവധി 100-150 ഗ്രാം വരെ  പശുക്കള്‍ക്കും 50 ഗ്രാം വരെ ആടുകള്‍ക്കും നല്‍കാം.). റൂമനിലെ അമ്ല ക്ഷാരനില ക്രമീകരിക്കാന്‍ സഹായിക്കുന്ന ബഫറുകള്‍ എന്ന് വിളിക്കപ്പെടുന്ന റെഡിമെയ്ഡ് പൗഡറുകളും ( ഉദാ: ബഫ്സോണ്‍, അസിബഫ്)  ഇന്ന് വിപണിയില്‍ ലഭ്യമാണ്.
  • പശുക്കള്‍ക്ക്  സാന്ദ്രീകൃത തീറ്റകള്‍ നല്‍കുമ്പോള്‍ യീസ്റ്റ്, ലാക്ടോബാസില്ലസ് തുടങ്ങിയ  മിത്രാണുക്കള്‍ അടങ്ങിയ ഫീഡ് അപ് യീസ്റ്റ് പോലുള്ള പ്രോബയോട്ടിക് മിശ്രിതങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ഗുണകരമാണ്. 
  • നാരുകളാല്‍ സമൃദ്ധമായ തീറ്റപ്പുല്ലും, വൈക്കോല്‍, വൃക്ഷയിലകള്‍, കന്നാരയില തുടങ്ങിയ മറ്റ് പരുഷാഹാരങ്ങളും കന്നുകാലികളുടെ ദൈനംദിന തീറ്റയില്‍ കൂടുതല്‍ ഉള്‍പെടുത്തുക. പെല്ലറ്റ്, ധാന്യപ്പൊടികള്‍, ബിയര്‍ വേസ്റ്റ് ഉള്‍പ്പെടെയുള്ള സാന്ദ്രീകൃതതീറ്റകള്‍ ക്രമം പാലിച്ച് ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നല്‍കുക. തീറ്റക്രമം ശാസ്ത്രീയമായി ചിട്ടപ്പെടുത്താന്‍ ഈ മേഖലയിലെ വിദഗ്ധരുടെയോ അനുഭവസമ്പന്നരായ കര്‍ഷകരുടെയോ സേവനം തേടുക.
  • ഒരു ദിവസം ആകെ നല്‍കേണ്ട  സാന്ദ്രീകൃത തീറ്റ ഒറ്റയടിക്ക് നല്‍കാതെ രാവിലെയും വൈകിട്ടുമായി രണ്ടോ മൂന്നോ തവണകളായി വീതിച്ച് നല്‍കുക. 
  • ഉയര്‍ന്ന അളവില്‍ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ തീറ്റകള്‍ അബദ്ധവശാല്‍ നല്‍കിയതിനുശേഷം മുന്‍പ് സൂചിപ്പിച്ച ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്റിനറി സര്‍ജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്. അധിക അമ്ലനിലയെ നിര്‍വീര്യമാക്കാനുള്ള പ്രതിമരുന്നുകള്‍ ആമാശയത്തിലേക്കും സിരകളിലേക്കും നല്‍കുന്നതാണ് പ്രധാന ചികിത്സ.

കടപ്പാട്: ഡോ. എം മുഹമ്മദ് ആസിഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com