ADVERTISEMENT

ആലപ്പുഴ താമരക്കുളം ശാന്തിഭവനിലെ എം.രാമകൃഷ്ണന്റെ പത്തേക്കര്‍ ഭൂമി നിറയെ വാഴയും പച്ചക്കറികളും ഫലവൃക്ഷങ്ങളുമാണ്. കുടുംബസ്വത്തായി ലഭിച്ച റബർതോട്ടത്തെ ഭക്ഷ്യവിഭവങ്ങളുടെ കലവറയാക്കിയ രാമകൃഷ്ണനു ലാഭത്തിലുപരി നിലവാരമുള്ള ഭക്ഷ്യോൽപന്നങ്ങൾ നാട്ടുകാർക്ക് നല്‍കാനാണ് താല്‍പര്യം. അതാണ് ഗ്രാമീൺ അഗ്രോ ഫാംസിന്റെ പ്രധാന ലക്ഷ്യവും. 

ഫാമിലെ സ്ഥിരവരുമാനസ്രോതസ്സിലൊന്ന് മുട്ടക്കോഴികളാണ്. പോഷകസുരക്ഷയ്ക്കൊപ്പം സാമ്പത്തിക സുരക്ഷയും നൽകാൻ അവയ്ക്കു കഴിയുമെന്ന തിരിച്ചറിവാണ് രാമകൃഷ്ണനെ പൗൾട്രിയിലേക്ക് ആകര്‍ഷിച്ചത്. പഴം–പച്ചക്കറികൾക്കൊപ്പം നല്ല കോഴിമുട്ട കൂടി ലഭ്യമാക്കുന്നത് ഉചിതമായിരിക്കുമെന്ന് വേണാട് പൗൾട്രി ഫാർമേഴസ് കമ്പനി ചെയർമാൻ ഡോ. ചന്ദ്രപ്രസാദാണ് രാമകൃഷ്ണനോടു പറഞ്ഞത്. കൂടും കോഴികളും സാങ്കേതിക ഉപദേശങ്ങളും അദ്ദേഹം നല്‍കുകയും ചെയ്തു. 

ആറു വർഷം മുമ്പ് 1000 ബിവി 380 കോഴികളുമായാണ് തുടക്കം. 70 ദിവസം പ്രായമായ കോഴികളെ വേണാട് കമ്പനിയിൽനിന്നു വാങ്ങുകയായിരുന്നു. ആവശ്യമായ കൂടുകളും കമ്പനിയിൽനിന്നു വാങ്ങി. വിശാലമായ ഷെഡിനും കൂടുകൾക്കുമായി 7 ലക്ഷം രൂപയോളം മുടക്കേണ്ടിവന്നു. രണ്ടായിരത്തിലധികം കോഴികളെ വളർത്താൻ ഇടമുണ്ടെങ്കിലും പല ബാച്ചുകളിലായി 1500 ബിവി 380 മുട്ടക്കോഴികളാണ് ഇപ്പോഴുള്ളത്. ദിവസേന ശരാശരി 1100 മുട്ട ലഭിക്കുന്നുണ്ട്. ഏറിയ പങ്കും പ്രാദേശികമായിത്തന്നെ വിറ്റുതീരുന്നു. വീട്ടമ്മമാരും മറ്റും ഫാമിലെത്തി ഫ്രെഷ് മുട്ട വാങ്ങും. നല്ല വില നേടാനും ഇതുതന്നെയാണു നല്ലതെന്ന് രാമകൃഷ്ണന്‍. ഒരു മുട്ടയ്ക്ക് 8.5 രൂപ നിരക്കിലാണു വിൽപന. കൂടുതൽ മുട്ട വേണ്ടവർക്ക് വീടുകളിൽ എത്തിച്ചുകൊടുക്കും സമീപത്തെ സൂപ്പർമാർക്കറ്റുകളിലും മുട്ട വിൽക്കുന്നുണ്ട്. എന്നാൽ, അവിടെ ഒരു മുട്ടയ്ക്ക് 7.5രൂപയേ ലഭിക്കൂ. വിപണനം പ്രയാസകരമല്ലെന്നു രാമകൃഷ്ണന്‍. നാട്ടില്‍ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മുട്ടവിൽപന ഗണ്യമായി കുറയും. ഇക്കാലത്ത് ഉൽപാദനവും കുറയുന്നതിനാല്‍ വലിയ പ്രശ്നമില്ല. വില്‍പന കുറയുമ്പോൾ അകലെയുള്ള പട്ടണങ്ങളിലേക്കു മുട്ട കൊടുത്തുവിടും.

ഒരു ബിവി 380  പിടക്കോഴിക്ക് ഇപ്പോൾ 180 രൂപയാണു വില. തീറ്റയാണ് മുട്ട ഉൽപാദനത്തിലെ മുഖ്യ ഘടകം. മുട്ടയിടുന്ന ഒരു കോഴിക്ക് ദിവസം 110 ഗ്രാം തീറ്റ വേണ്ടിവരും. 1500 കോഴികൾക്ക് ദിവസേന വേണ്ടത് 165 കിലോ തീറ്റ. ഒപ്പം മരുന്ന്, വാക്സീൻ, വൈറ്റമിൻ, മറ്റു ചെലവുകൾ എന്നിവ കൂടിയാകു മ്പോൾ ഒരു ദിവസം ഒരു കോഴിക്കു ചെലവ് 4.3 രൂപ. 1,500 കോഴികൾക്ക് 6,960 രൂപ. ദിവസവും ശരാശരി 1,100 മുട്ടകൾ വിൽക്കാനുണ്ട്. ഇതുവഴി വരുമാനം ശരാശരി 8,250 രൂപ. പ്രതിദിന ലാഭം 1,290 രൂപ. ഒരു മാസത്തെ ശരാശരി അറ്റാദായം 38,800 രൂപ. ഫാമിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കോഴിക്കാഷ്ഠത്തിന്റെ വില കൂടി പരിഗണിച്ചാൽ ആദായം ഇതിലുമേറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാറ്റും വെളിച്ചവും സമൃദ്ധമാകുന്ന വിധത്തിൽ നാലുചുറ്റും തുറന്ന ഷെഡിലെ കൂടുകൾ ഇരുമ്പുവലകൊണ്ടുള്ള ബോക്സുകളായാണു നിർമിച്ചിരിക്കുന്നത്‌. തീറ്റയും വെള്ളവും കൂടിനു മുൻപിലെ പാത്രങ്ങളിലാണു നൽകുക. 24 മണിക്കൂറും കോഴികൾക്കു വെള്ളമെടുക്കാൻ സഹായകമായ പ്രത്യേക സംവിധാനം ഇവയിലുണ്ട്. പ്രായത്തിനും വളർച്ചയ്ക്കുമനുസരിച്ച് രണ്ടിനം തീറ്റകളാണ് പൊതുവേ മുട്ടക്കോഴികൾക്കു നൽകുക. എഴുപതാം ദിവസം വാങ്ങുമ്പോൾ ഗ്രോവർ തീറ്റയും പിന്നീട് മുട്ടയിട്ടു തുടങ്ങുമ്പോൾ ലയർ തീറ്റയും.  

വിളകള്‍ക്കു കോഴിക്കാഷ്ഠം നല്‍കിയാണ് പഴങ്ങളും പച്ചക്കറികളുമൊക്കെ ജൈവരീതിയിൽ ഉല്‍പാദിപ്പിക്കുന്നതെന്നു രാമകൃഷ്ണൻ പറഞ്ഞു. ഷെഡിൽ കാഷ്ഠം കൂടിക്കിടക്കുന്നത് കോഴികളുടെ ആരോഗ്യത്തിനു ഹാനികരമാണ്. അതിനാല്‍, ആഴ്ചയിൽ 2 തവണയെങ്കിലും ഇത് ഷെഡിൽനിന്നു വാരി കംപോസ്റ്റ് കുഴികളിലിടും. 2 മാസത്തിനുള്ളിൽ അത് കംപോസ്റ്റാകും. കൃഷിയിടത്തിലെ വിളകൾക്ക് മികച്ച ജൈവവളമാണത്. ഇപ്രകാരം ദിവസേന 200 രൂപയുടെ ജൈവവളം കോഴിക്കൂട്ടിൽനിന്നു ലഭിക്കുന്നതായാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഫോൺ: 9349367813

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com