‘പോസ്റ്റ്മോർട്ടം ചെയ്യാൻ പോയ ഞാൻ പശുവിനെ എഴുന്നേൽപിച്ചു നിർത്തിയിട്ട് വീട്ടിലേക്കു പോന്നു’: വെറ്ററിനറി ഡോക്ടറുടെ അനുഭവക്കുറിപ്പ്
Mail This Article
ഒരോ രോഗിയും ഒരു ഡോക്ടർക്ക് പുതിയ അനുഭവമാണ്. പ്രത്യേകിച്ച് ഒരു വെറ്ററിനറി ഡോക്ടറുടെ മുൻപിലെത്തുന്ന രോഗികൾ. അത്തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കണമെന്നു തോന്നി. ഒറ്റവാക്കിൽ പറഞ്ഞാൽ പോസ്റ്റ്മോർട്ടം ചെയ്യാൻ തൊഴുത്തിലെത്തിയ ഞാൻ പശുവിന്റെ ജീവൻ രക്ഷിച്ചാണ് തിരികെ പോന്നത്.
കഴിഞ്ഞ ദിവസം അതിരാവിലെ നാലിന് തുടർച്ചയായ ഫോൺ ബെൽ കേട്ടാണ് ഞാൻ ഉണരുന്നത്. തലേന്ന് ഒരു കർഷകന്റെ പശുവിന്റെ പ്രസവമെടുത്തശേഷം വൈകിയായിരുന്നു കിടന്നത്. അതുകൊണ്ടുതന്നെ കണ്ണു തുറക്കാൻതന്നെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും എന്തോ എമർജെൻസി ആണെന്നു തോന്നിയതുകൊണ്ട് കോൾ എടുത്തു.
അങ്ങേത്തലയ്ക്കൽ ‘‘സാർ, ഞാൻ രമേശാണ്. ദുബായിൽ നിന്നും. എനിക്ക് ശൂരനാട് വടക്ക് പഞ്ചായത്തിൽ ഒരു ഫാം ഉണ്ട്. ഒരു അതിഥി തൊഴിലാളിയാണ് അത് നോക്കി നടത്തുന്നത്. ഇന്നലെ രാത്രി ഒരു പശു വീണു പോയി, ഇപ്പോൾ അനക്കമില്ല. ജീവനില്ല എന്നാണ് അറിയുന്നത്. സാറ് പോയി ഒന്നു സ്ഥിരീകരിക്കണം. പോസ്റ്റ്‌മോർട്ടം ചെയ്യണം ഇൻഷുറൻസ് ഉള്ളതാണ്.’’
പോസ്റ്റ്‌മോർട്ടം രാവിലെയായാലും ചെയ്യാമല്ലോ എന്ന സമാധാനത്തിൽ ഞാൻ വീണ്ടും മയക്കത്തിലേക്കാണ്ടു. വീണ്ടും ആറു മണി ആയപ്പോൾ ഒരു ഫോൺ. ഒരു അതിഥി തൊഴിലാളിയാണ് (സംസാരത്തിൽനിന്നും മനസ്സിലായി). സാർ ഞാൻ ഇന്നലെ മുതൽ ഉറങ്ങാതെ പശുവിന്റെയടുത്ത് ഇരിക്കുവാണ്. സാർ വന്ന് നോക്കിയാൽ നടപടികൾ സ്വീകരിച്ചാൽ നന്നായിരുന്നു.
ആറരയ്ക്ക് ഞാന്‍ റെഡിയായി പാറക്കടവിലെ ഫാമിലേക്കു ചെന്നു. പൾസ് നോക്കി, ചെറിയ നാഡിമിടിപ്പുണ്ട്. ഹിസ്റ്ററി ചോദിച്ചു. പ്രസവിച്ചിട്ട് രണ്ടു ദിവസം ആയതേയുള്ളൂ. താഴ്ന്ന ശരീര താപനില, വയർ വീർത്തിട്ടുമുണ്ട്. ഇതിനിടെ വീഴ്ചയിൽ കൊമ്പ് നിലത്തിച്ച് ഒടിയുകയും ചെയ്തു.
അതോടെ വീണ കാരണം വ്യക്തമായി, ‘മിൽക് ഫീവർ’
ധാരാളം പാലു തരുന്ന പശുവിനു ശരീരത്തിലെ രക്തത്തിൽ കാത്സ്യം കുറഞ്ഞാലുള്ള അവസ്ഥകളില്‍ മൂന്നാമത്തേത്.
തേർഡ് സ്റ്റേജ്– മിൽക്ക് ഫീവർ
ഉടൻ തന്നെ രക്തത്തിൽ കാത്സ്യവും ഗ്ലൂക്കോസും വിറ്റമിൻ ഇൻജക്ഷനുകളും നൽകി. ശേഷം തലയിൽ അൽപം വെള്ളം കുടഞ്ഞപ്പോൾ പശു ചാടി എഴുന്നേറ്റു നന്ദിയോടെ നോക്കി! അതിഥിത്തൊഴിലാളി എന്നെയും!
പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയ ഞാൻ ആ കറവപ്പശുവിനെ എഴുന്നേൽപിച്ചു നിർത്തിയിട്ട് തിരികെ വീട്ടിലേക്ക് പോന്നു! ആ ആതിഥി തൊഴിലാളിയുടെ സ്നേഹപ്രകടനം എന്നെ ശരിക്കും കരയിപ്പിച്ചു കളഞ്ഞു. എന്നാൽ, പശു അപകടനില തരണം ചെയ്തുവെന്ന് പറയാൻ കഴിയില്ല. കാരണം, നിലത്തു വീണ് കൊമ്പൊടിഞ്ഞു, അതുപോലെ വയറു പെരുകി രാത്രിമുഴുവൻ നിലത്തുകിടന്ന് തലയിട്ടടിച്ചതിനാൽ ശ്വാസകോശത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങൾ ചെല്ലുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂർണമായി രക്ഷപ്പെട്ടു എന്ന് പറയാൻ കഴിയില്ല. തുടർചികിത്സയിലാണ് പശു ഇപ്പോൾ.
തങ്ങളുടെ ഉപജീവനമാർഗമായ കറവപ്പശുക്കൾക്ക് എന്തെങ്കിലും അസുഖം വന്നാൽ മറ്റുള്ളവരുടെ അഭിപ്രായത്തിനു വിട്ടു കൊടുക്കാതെ വിദഗ്ധനായ ഒരു വെറ്ററിനറി ഡോക്ടറെ കാണിച്ച് വിദഗ്ധ ചികിത്സ നൽകാൻ ഓരോ കർഷകനും ശ്രദ്ധിക്കണം. വൈകുന്തോറും രക്ഷപ്പെടുത്താനുള്ള സാധ്യത കുറയും. ഇവിടെത്തന്നെ പശുവിന് ജീവനില്ല എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ടുതന്നെ പോസ്റ്റ്മോർട്ടം ചെയ്യാനാണ് ഞാൻ ചെന്നതും. എന്നാൽ, അൽപംകൂടി വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ ആ പശുവിനെ രക്ഷിക്കാൻ കഴിയുമായിരുന്നില്ല.