ADVERTISEMENT

‘മനുഷ്യരാശിയുടെ നീണ്ടകാല ചരിത്രത്തിൽ പേവിഷബാധയുടെ അനുഭവകഥ പങ്കുവെയ്ക്കാൻ ഒരു രോഗിയും ജീവിച്ചിരുന്നിട്ടില്ല’- എന്നെഴുതിയത് വിഖ്യാത കൊളംബിയൻ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഗബ്രിയേൽ ഗാർസിയ മാർകേസാണ്. കാരണം, പേവിഷ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാൽ യാതൊരു ചികിത്സയും ഫലപ്രദമാവില്ലെന്നു മാത്രമല്ല വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കകം മരണം തീർച്ചയുമാണ്. രോഗബാധയേറ്റ മനുഷ്യർക്ക് ജീവിതത്തിലേക്കു തിരിച്ചുവരാമെന്ന പ്രതീക്ഷയുടെ ലവലേശം പോലും നൽകാതെ അതിദാരുണമായ മരണം മാത്രം നൽകുന്ന മറ്റൊരു രോഗം വേറെയില്ല എന്നു തന്നെ പറയാം. 

ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ തോക്കിൽ നിറയ്ക്കുന്ന ഒരു ബുള്ളറ്റിന്റെ ആകൃതിയിൽ കാണപ്പെടുന്ന പേവിഷബാധയ്ക്ക് കാരണമായ റാബീസ് വൈറസുകൾ അറിയപ്പെടുന്നതു തന്നെ ബയോളജിക്കൽ ബുള്ളറ്റ് എന്നാണ്. വലുപ്പത്തിൽ ഒരു 9 എംഎം ബുള്ളറ്റിനേക്കാൾ ഒന്നരലക്ഷം മടങ്ങ് ചെറുതാണെങ്കിലും ശരീരത്തിനുള്ളിൽ തുളച്ചുകയറിയാൽ ശക്തമായ ഒരു ബുള്ളറ്റ് ഉണ്ടാക്കുന്ന അപകടത്തേക്കാൾ തീവ്രമാണ് റാബീസ് വൈറസ് ഉണ്ടാക്കുന്ന വേദനയും മരണവും. പേവിഷബാധ മരണങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽകൂടി ഓർമപ്പെടുത്തി ഇന്ന് ലോകം പേവിഷബാധ ദിനം ആചരിക്കുകയാണ്. ‘പേവിഷബാധയുടെ അതിരുകൾ ഭേദിക്കാം’ എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷം പേവിഷബാധദിനം ആചരിക്കുന്നത്.

പേവിഷബാധയും കേരളവും

കഴിഞ്ഞ പത്തു വർഷത്തിനിടെ 120ലധികം പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റു മരണപ്പെട്ടത് എന്നാണ് ഔദ്യോഗിക കണക്ക്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും ചെറുപ്പക്കാരുമായിരുന്നു. ഈ വർഷം ഇതുവരെ മാത്രം പേവിഷബാധയേറ്റുള്ള മരണങ്ങളുടെ എണ്ണം ഇരുപത്തിയൊന്നായി. പേമരണങ്ങളുടെ ഉയർന്ന ഈ കണക്കുകൾ കേരളത്തിന്റെ ആരോഗ്യമാതൃകയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. 

2030 ആകുമ്പോഴേക്കും നായ്ക്കൾ വഴിയുള്ള പേവിഷ ബാധയും, മനുഷ്യരിൽ പേവിഷബാധ മൂലമുള്ള മരണവും തുടച്ചുനീക്കുക എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള ആരോഗ്യദൗത്യമാണ് ലോകമെങ്ങും ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് അറുതിയില്ലാതെ പേമരണങ്ങൾ കേരളം പോലെ ആരോഗ്യസാക്ഷരത ഏറെയുള്ള ഒരു സംസ്ഥാനത്ത് സംഭവിക്കുന്നത് എന്നത് ഗൗരവമുള്ള വസ്തുതയാണ്. 

പേവിഷ വൈറസിനെതിരെ നൂറു ശതമാനം പ്രതിരോധം ഉറപ്പാക്കുന്ന വാക്സീനും സിറവും സംസ്ഥാനത്ത് ഉടനീളം ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്. എന്നാൽ, പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും കൃത്യമായ പ്രഥമ ശുശ്രൂഷയുടെ അഭാവവും റാബീസ് വൈറസിനെതിരെ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബിലിനും തുടർന്ന് ആന്റിറാബീസ് വാക്സിനും കൃത്യസമയത്ത് എടുക്കുന്നതിൽ വരുന്ന വീഴ്ചയും അശ്രദ്ധയുമാണ് സംസ്ഥാനത്ത് പേവിഷമരണങ്ങൾ ഉയരുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം. ഏറ്റവുമൊടുവിൽ

ഇക്കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വളർത്തുനായയുടെ നഖംകൊണ്ടതിനെത്തുടർന്ന് പേവിഷബാധയേറ്റു സ്ത്രീ മരിച്ച സംഭവം ഉദാഹരണമാണ്. പൂവത്തൂർ സ്വദേശിയും നാൽപത്തിനാലുകാരിയുമായ ജയ്നിയാണ് പേവിഷബാധയേറ്റ് മരിച്ചത്. ജയ്നിയുടെ മകളെ രണ്ടരമാസം മുൻപ് വളർത്തുനായ കടിക്കുകയും ജയ്നിയുടെ കയ്യിൽ നഖക്ഷതം ഏൽപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ നായ ചത്തു. മകൾക്ക് അന്നുതന്നെ വാക്സീൻ എടുത്തെങ്കിലും തന്റെ കൈയിൽ നായയുടെ നഖംകൊണ്ടത് ഇവർ ആരോടും പറയുകയോ വാക്സീൻ എടുക്കുകയോ ചെയ്തിരുന്നില്ല. ഇതായിരുന്നു അവർക്ക് പേവിഷബാധ ഏൽക്കുന്നതിലേക്കു നയിച്ചത്. അശ്രദ്ധയും അവഗണനയും കാരണം പേവിഷബാധയെ ക്ഷണിച്ചുവരുന്ന ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്ന സാഹചര്യമുണ്ട്.

Representational image. Photo Contributor: Poommipat T/ShutterStock
Representational image. Photo Contributor: Poommipat T/ShutterStock

സംസ്ഥാനത്ത് പേവിഷബാധയേറ്റു മരിച്ചവരിൽ നല്ലൊരു ശതമാനം ആളുകൾക്കും രോഗബാധയേറ്റത് അവരുടെ വളർത്തുനായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നുമായിരുന്നു എന്ന വസ്തുതയും ഗൗരവപൂർവം പരിശോധിക്കേണ്ടതുണ്ട്. വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ മൃഗങ്ങളിൽനിന്നും കടിയോ മാന്തോ ഏൽക്കുമ്പോൾ വാക്സീൻ എടുക്കാതെ നിസ്സാരമായി അവഗണിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നതും മനസ്സിലാക്കണം. രൂക്ഷമായ തെരുവുനായ ശല്യം അടക്കമുള്ള വെല്ലുവിളികളും പേവിഷബാധകൾ വർധിക്കുന്നതിന്റെ മറ്റു കാരണങ്ങളാണ്.

പ്രഥമശുശ്രൂഷ, ഇമ്മ്യൂണോഗ്ലോബുലിൻ, പിന്നെ വാക്സീൻ

മൃഗങ്ങളിൽനിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽത്തന്നെ മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കണം എന്നത് പൊതുവെ എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ പ്രസ്തുത പ്രഥമ ശുശ്രൂഷ പോലും ശാസ്ത്രീയമായ രീതിയിൽ വേണ്ടതുണ്ട്. വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10–15 മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവു വൃത്തിയാക്കാൻ വേണ്ടിയല്ല, മറിച്ച് മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിർവീര്യമാക്കാൻ വേണ്ടിയാണ് ഇങ്ങനെ കഴുകുന്നത്. റാബീസ് വൈറസിന്റെ പുറത്തുള്ള  കൊഴുപ്പ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90 - 95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും. പ്രഥമശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്സിനെടുക്കണം. 

Representational image. Photo Contributor: chemical industry/ShutterStock
Representational image. Photo Contributor: chemical industry/ShutterStock

ഒന്നോ രണ്ടോ വാക്സിനെടുത്ത് നിർത്താൻ പാടില്ല, മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. വാക്സീൻ എടുക്കുന്നതിലൂടെ ശരീരത്തിൽ പേവിഷ വൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ആന്റിബോഡികൾ എന്ന മാംസ്യമാത്രകൾ രൂപപ്പെടും. കൃത്യസമയത്ത്, നിർദ്ദേശിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരം  എടുക്കുന്ന ആന്റിറാബീസ്‌ വാക്‌സിന് പേവിഷബാധയെ നൂറു ശതമാനം പ്രതിരോധിക്കാൻ ഫലപ്രാപ്തിയുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മൃഗങ്ങളിൽ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളിൽ നിന്നേൽക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3ൽ ഉൾപ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (ആന്റി റാബീസ് സിറം) ആദ്യവും തുടർന്ന് ആന്റിറാബീസ് വാക്സിനും ഇത്തരം കേസുകളിൽ നിർബന്ധമായും എടുക്കണം. 

തെരുവുനായ്ക്കൾ മുതൽ വാക്സീൻ വിമുഖത വരെ; മുന്നിലെ വെല്ലുവിളികൾ

തെരുവ് നായ്ക്കളും പേവിഷബാധയും ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളാണ്. തിരുവനന്തപുരം ജില്ലയിൽ ഏഴു മാസത്തിനിടെ ചത്ത 90 നായ്ക്കളിൽ 24 എണ്ണത്തിനും പേവിഷബാധ സ്ഥിരീകരിച്ചതായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡീസിസിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് ഈയിടെയാണ്. ജനുവരി 24 മുതൽ ഓ​ഗസ്റ്റ് 24 വരെ സംശയാസ്പദമായി ചത്ത നായ്ക്കളിലാണ് പരിശോധന നടത്തിയത്. 10 എണ്ണം തെരുവുനായ്ക്കളും 14 എണ്ണം വളർത്തുനായ്ക്കളുമായിരുന്നു. പരിശോധിച്ച നാലിൽ ഒന്ന് നായ്ക്കളും പേ ബാധിതമായിരുന്നെന്ന റിപ്പോർട്ട് നായ്ക്കളിലെ പേവിഷബാധയുടെ രൂക്ഷത വെളിവാക്കുന്നു. വൈറസിന്റെ വാഹകരാകാൻ കൂടുതൽ സാധ്യതയുള്ള തെരുവു നായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണം പേവിഷബാധ നിർമാർജനത്തിന്റെ ആദ്യ പടിയാണ്. 

തെരുവുനായ്ക്കളുടെ പെരുപ്പത്തിനു കാരണമായ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി തിരുത്താനുള്ള നടപടികൾ വേണം. നിരത്തുകളിൽ സുലഭമായി ലഭ്യമായ ഭക്ഷണാവശിഷ്ടം നായകളുടെ പെരുപ്പത്തിന് മൂലകാരണമാണ്. കേരളത്തിൽ പേവിഷ വൈറസിന്റെ നിശ്ശബ്ദ കാരിയർമാരായ കീരികളുടെ പെരുപ്പത്തിന്റെ കാരണവും ഇത് തന്നെ. ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതുയിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ പുറന്തള്ളുന്നവർക്കെതിരെ കർശന നടപടികൾ വേണം. തെരുവിൽ കശാപ്പ് മാലിന്യം ഉൾപ്പെടെ ഭക്ഷ്യലഭ്യത കുറയുമ്പോൾ തെരുവുകൾക്ക് താങ്ങാൻ കഴിയുന്ന നായ്ക്കളുടെ എണ്ണവും സ്വാഭാവികമായി കുറയും. 

വാക്സിനേഷൻ , ലൈസൻസ്, മൈക്രോചിപ്പിങ് എന്നിവ ഉറപ്പാക്കിയതിനു ശേഷം ഉത്തരവാദിത്തത്തോടെ മാത്രം നായ്ക്കളെ വളർത്താൻ അനുമതി നൽകുന്ന വിധം നിയമ കാർക്കശ്യം വേണം. വളർത്തുനായ്ക്കളുടെ  ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്ര നിയമങ്ങൾ കർശനമായി കേരളത്തിൽ നടപ്പിലാക്കണം. ലൈസൻസും വാക്സിനേഷനുമില്ലാതെ നായ്ക്കളെ പരിപാലിക്കുന്നവർക്കും അനധികൃത നായപ്രജനനകേന്ദ്രങ്ങൾ നടത്തുന്നവർക്കും കനത്ത പിഴശിക്ഷ തന്നെ വേണ്ടതുണ്ട്. തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളും പ്രതിരോധകുത്തിവയ്പും കാര്യക്ഷമമാവണം.

അല്ലാതെ കൊന്നൊടുക്കി അവയെ നിയന്ത്രിക്കാൻ അവയ നിയമപരമായ അനുവാദമില്ല. പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുടെ കടിയേറ്റിട്ടു പോലും വാക്സീൻ എടുക്കാൻ കാണിക്കുന്ന വിമുഖത സംസ്ഥാനത്ത് പേവിഷ മരണങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നായി മാറുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇനിയും സജീവമാക്കേണ്ടതുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com