ADVERTISEMENT

മൂന്നു ലക്ഷം കോടിയിൽപ്പരം മരങ്ങളാണ് ഭൂമുഖത്തുള്ളത്. വർഷംതോറും ഇവയുടെ എണ്ണം താഴ്ന്നുകൊണ്ടിരിക്കുന്നു. ഓരോ വർഷവും മുറിച്ചുമാറ്റപ്പെടുന്നത് 1530 കോടിയിൽപ്പരം മരങ്ങൾ. ഇതാണ് ലോകത്തെ മരങ്ങളുടെ അവസ്ഥ. മരങ്ങൾക്കു പകരം എന്തെന്നുള്ളതിന് മാർഗം കണ്ടെത്താനുള്ള ശ്രമം മനുഷ്യരുടെ ഭാഗത്തുനിന്ന് തുലോം കുറവാണ്. പല ആവശ്യങ്ങൾക്കും മരം ആവശ്യമാണ്. എന്നാൽ, മുറിച്ചുമാറ്റപ്പെടുന്നവയ്ക്ക് ആനുപാതികമായ അളവിൽ പുതിയ മരത്തൈകൾ നട്ടുപിടിപ്പിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു ഡച്ച് സ്റ്റാർട്ടപ് പുതിയ സംരംഭമായി മുന്നിട്ടിറങ്ങിയത്. സ്റ്റാർട്ടപ്പിന്റെ പേര് കോകോ പാലറ്റ്.

എന്താണ് കോകോ പാലറ്റ്

കോകോ പാലറ്റ് എന്തെന്നു പറയുന്നതിനു മുമ്പേ പാലറ്റ് എന്താണെന്ന് നോക്കാം. ഗ്ലാസുകളും മറ്റും സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് നീക്കം ചെയ്യാനായി തടിയിൽ തീർത്ത കവചം അല്ലെങ്കിൽ ചട്ടക്കൂട് കണ്ടിരിക്കുമല്ലോ. അവയാണ് പാലറ്റ്. ഇത്തരം പാലറ്റുകൾക്കു പകരം ചകിരികൊണ്ട് നിർമിച്ചിരിക്കുന്ന പാലറ്റാണ് കോകോ പാലറ്റ്. തികച്ചും പ്രകൃതിസൗഹൃദ ഉൽപന്നം. മാത്രമല്ല, മാലിന്യ സംസ്കരണവും നടക്കും.

മരം ഉപയോഗിച്ചിച്ചുള്ള പാലറ്റുകളെ അപേക്ഷിച്ച് വിലയിലും കാര്യമായ കുറവുണ്ട്. ചില രാജ്യങ്ങളിൽ തടികൊണ്ടുള്ള പാലറ്റ് നിർമാണത്തിന് മീഥൈൽ ബ്രോമൈഡ് ഉപയോഗിക്കുന്നുണ്ട്. അതും കോകോ പാലറ്റിന് ആവശ്യമായി വരുന്നില്ല. മാത്രമല്ല, നിർമാണത്തിന് പശയുടെ ആവശ്യവുമില്ല. കാരണം, ഉയർന്ന ഊഷ്മാവിൽ ചൂടാക്കിയാണ് കോകോ പാലറ്റുകൾ നിർമിക്കുന്നത്. ഇങ്ങനെ ചൂടാക്കുമ്പോൾ ചകിരിക്കുള്ളിൽത്തന്നെയുള്ള പ്രകൃതിദത്ത പശ ഉത്തേജിക്കപ്പെടുകയും ഉയർന്ന മർദത്തിൽ അമർത്തുമ്പോൾ ചകിരി ഒട്ടിച്ചേരുകയും ചെയ്യും. 

ചകിരിത്തൊണ്ടിൽനിന്ന് ഹാർഡ്ബോർഡ്

വാഹനിഗൻ യൂണിവേഴ്സിറ്റിയാണ് ചകിരിത്തൊണ്ടിനെ ഇത്തരത്തിലൊരു മൂല്യവർധിത ഉൽപന്നമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചത്. എന്നാൽ, മൈക്കിൾ വോസ് എന്ന സംരംഭകൻ അത് വ്യാവസായികമായി ഏറ്റെടുക്കുകയായിരുന്നു. കോകോ പാലറ്റിന്റെ സ്ഥാപകനാണ് മൈക്കിൾ.

വാഹനിഗൻ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായ  ജാൻ വാൻ ഡാം ആണ് ചകിരിത്തൊണ്ടിൽനിന്ന് പാലറ്റുകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അതിലേക്ക് അദ്ദേഹത്തെ നയിച്ചത് ഒരു ഇന്തോനേഷ്യൻ വംശജനും. സസ്യ നാരുകളിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കുന്നതിലാണ് ജാൻ വാൻ ഡാം ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. ഒരിക്കൽ ഒരു കഷ്ണം പലകയുമായി ഇന്ത്യോനേഷ്യൻ വംശജൻ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറിവന്നു. അതൊരു ഹാർഡ് ബോർഡാണെന്നു കരുതിയ ഡാമിനെ ഞെട്ടിച്ചുകൊണ്ട് അയാൾ പറഞ്ഞു ഇത് മരപ്പലകയല്ല. ചകിരിത്തൊണ്ടിൽനിന്ന് നിർമിച്ചതാണ്. കല്ലു പോലെ ഉറച്ച ആ ഉൽപന്നം കണ്ട് ഡാം അദ്ഭുതപ്പെട്ടു. ഇതാണ് ചകിരിത്തൊണ്ടിൽ കൂടുതൽ ഗവേഷണം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

നാളികേരം ഏറെയുള്ള ഏഷ്യയിൽ കോകോ പാലറ്റ് നിർമാണത്തിന് ഏറെ സാധ്യതയുണ്ടെന്നും ജാൻ വാൻ ഡാം പറയുന്നു. 

pallat-1

‌‌കോകോ പാലറ്റ് എങ്ങനെ പിറന്നു?

വാൻ ഡാമിനെ മൈക്കിൾ വോസ് കണ്ടുമുട്ടിയതോടെയാണ് പുതിയൊരു സംരംഭസാധ്യത തെളിഞ്ഞത്. പാലറ്റിന് മുള ഉപയോഗിച്ച് ഒരു ബദൽ സൃഷ്ട നടത്താനുള്ള ശ്രമത്തിലായിരുന്നു മൈക്കിൾ. മുള ഉപയോഗിക്കുമ്പോൾ നാരുകൾ ഒട്ടിച്ചേരുന്നതിന് പശ ആവശ്യമായിരുന്നു. അതിന് എന്തുചെയ്യാൻ കഴിയുമെന്ന മൈക്കിന്റെ ചോദ്യത്തിന് മുളയ്ക്ക് പകരം ചകിരിത്തൊണ്ട് ഉപയോഗിക്കൂ എന്ന് വാൻ ഡാം നിർദേശിച്ചു. ഇവിടെനിന്നാണ് കോകോ പാലറ്റ് എന്ന കമ്പനിയും ഉൽപന്നവും പിറന്നത്.

ഭാരം കുറവെങ്കിലും ദൃഢതയുള്ളതാണ് കോകോ പാലറ്റിന്റെ പ്രത്യേകത. മാത്രമല്ല ഈർപ്പത്തെ ചെറുക്കാനുള്ള ശേഷിയും ഇതിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com