ഡോ. റെനി പറയും കുഞ്ഞുങ്ങളും ഇറച്ചിയും മാത്രമല്ല മുയൽകാഷ്ഠവും വരുമാനമാണ്
Mail This Article
മുയൽ വിസർജിക്കുന്നത് കാഷ്ഠമല്ലേ, അല്ലാതെ സ്വർണമൊന്നും അല്ലല്ലോ... നമ്മുടെ നാട്ടിലെ മുയൽ കർഷകരിൽ ചിലരെങ്കിലും കേട്ടിട്ടുള്ള ചോദ്യമാണിത്. നല്ല രീതിയിൽ ഭക്ഷണം കൊടുക്കയും പരിചരിക്കുകയും ചെയ്യുന്ന കർഷകർ മുൽക്കുട്ടികളെ വിൽക്കുന്നത് രണ്ടു മാസം പ്രായമെത്തിയതിന് ഏകദേശം 600–700 രൂപ വിലയ്ക്കാണ്. ഈ വിലയാണ് പലർക്കും മുമ്പ് പറഞ്ഞ ചോദ്യത്തിന് ഉത്തരം നൽകേണ്ട അവസ്ഥയിലേക്കെത്തിക്കുന്നത്. എന്നാൽ, മുയൽ വിസർജിക്കുന്നത് കാഷ്ഠം മാത്രമല്ല പണവുംകൂടിയാണെന്ന് സമ്മതിക്കുന്ന കർഷകരും നമുക്കിടയിലുണ്ട്. അതിനുമുമ്പ് മുയൽ കാഷ്ഠത്തിന് എന്തൊക്കെ ഗുണങ്ങളാണുള്ളതെന്ന് അറിയാം.
വീട്ടിൽ ചെറിയ തോതിൽ പച്ചക്കറിക്കൃഷിയുള്ളവർക്ക് ജൈവവളത്തിനായി ആശ്രിയിക്കാവുന്ന ഏറ്റവും നല്ല മാർഗമാണ് മുയൽവളർത്തൽ. ചെടികൾക്ക് ആവശ്യമായ അളവിൽ നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവുമൊക്കെ മുയൽ കാഷ്ഠത്തിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ചെടികളുടെ ചുവട്ടിൽ നേരിട്ടു നൽകുകയും ചെയ്യാം.
- ചാണകത്തേക്കാൾ 4 മടങ്ങും കോഴിക്കാഷ്ഠത്തേക്കാൾ 2 മടങ്ങും പോഷമൂല്യമേറിയതാണ് മുയൽ കാഷ്ഠം.
- കമ്പോസ്റ്റ് ആക്കാതെ ഉപയോഗിക്കാം എന്നത് പ്രധാന ഗുണം.
- മണ്ണിന്റെ ഫലഭൂയിഷ്ഠി വർധിപ്പിക്കാനും നീർവാർച്ച ഉറപ്പുവരുത്താനും മണ്ണിന്റെ ഈർപ്പം നിലനിർത്താനും കഴിയും.
- മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളർച്ച കൂട്ടും.
- മറ്റു വളങ്ങളെ അപേക്ഷിച്ച് ദുർഗന്ധമില്ല.
- ഒരു പെൺമുയലും അവയുടെ കുഞ്ഞുങ്ങളുംകൂടി ഒരു വർഷം ഒരു ടൺ വളം തരുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ബണ്ണി ഹണി എന്ന് മുയൽ കാഷ്ഠത്തിന് പേരുണ്ട്.
- നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, ധാതുക്കൾ, മൈക്രോനൂട്രിയന്റുകൾ എന്നിവയാൽ സമ്പുഷ്ടം. കൂടാതെ, കാത്സ്യം, മഗ്നീഷ്യം, ബോറോൺ, സിങ്ക്, മാംഗനീസ്, സൾഫർ, കോപ്പർ, കൊബാൾട്ട് തുടങ്ങിയ മൂലകങ്ങളുമുണ്ട്.
മുയൽ കാഷ്ഠത്തിന്റെ മൂല്യം മനസിലാക്കി വിപണിയിലെത്തിച്ച് അധിക വരുമാനമുണ്ടാക്കുന്ന കർഷകനാണ് കോഴിക്കോട് കടലുണ്ടി സ്വദേശി ഡോ. റെനി പി. യോഹന്നാൻ. മുയലിനേപ്പോലെതന്നെ മുയൽ കാഷ്ഠത്തിനും സാധ്യത തിരിച്ചറിഞ്ഞ് രണ്ടു വർഷത്തിലേറെയായി അദ്ദേഹം ആമസോണിലൂടെ വിപണിയിലെത്തിക്കുന്നു. ഹരിയാനയിലുള്ള ബസുമതി നെൽക്കർഷകനാണ് റെനിയുടെ അഗ്രോ റാബ് മുയൽ കാഷ്ഠ വളത്തിന്റെ പ്രധാന ഗുണഭോക്താവ്. വർഷം രണ്ട് ടൺ മുയൽ കാഷ്ഠമാണ് ഇവർക്ക് ആവശ്യമുള്ളത്.
വലിയ ഷെഡ്ഡിൽ 200ൽപ്പരം മുയലുകളെയാണ് റെനി വളർത്തുന്നത്. ഒരു തട്ടായി മാത്രമാണ് കൂടുകൾ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുയലുകളുടെ കാഷ്ഠം നിലത്തേക്കു വീഴും. ഇവിടെനിന്ന് കാഷ്ഠം കോരിമാറ്റുന്ന രീതിയല്ല റെനി സ്വീകരിച്ചിരിക്കുന്നത്. കാഷ്ഠത്തിനൊപ്പം കൂട്ടിൽനിന്നു വീഴുന്ന പുല്ലിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഷെഡ്ഡിൽനിന്ന് നീക്കം ചെയ്യുക. ഇതിനുശേഷം ഇഎം ലായനി കാഷ്ഠത്തിനു മുകളിൽ തളിച്ചുകൊടുക്കും. കോൺക്രീറ്റ് ചെയ്യാത്തതിനാൽ തറ എപ്പോഴും ഉണങ്ങിയിരിക്കും. അതുകൊണ്ടുതന്നെ അമോണിയ വാതകം രൂപപ്പെട്ടുള്ള ദുർഗന്ധം ഫാമിലുണ്ടാവില്ല. മുയൽ മൂത്രത്തിലെ യൂറിയയും അണുനശീകരണത്തിനുള്ള കുമ്മായവും എല്ലാം ഉൾപ്പെടുന്നതുകൊണ്ട് സമ്പൂർണ വളമാണ് മുയൽകാഷ്ഠം. ഇഎം ലായനി ഉപയോഗിച്ച് സംസ്കരിക്കുന്നതിനാൽ വെയിൽ ഉപയോഗിച്ച് ഉണങ്ങാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ഇതിനുള്ളിലെ സൂക്ഷമജീവികൾ നശിച്ചുപോകും.
ആറു മാസം കൂടുമ്പോഴൊക്കെയാണ് പല തട്ടുകളായി ഉറച്ചുകിടക്കുന്ന കാഷ്ഠം ഇവിടെനിന്ന് മാറ്റുക. പൾവനൈസർ യന്ത്രം ഉപയോഗിച്ച് പൊടിച്ച് ചാക്കുകളിലാക്കാക്കി സൂക്ഷിക്കും. മുകളിൽ സൂചിപ്പിച്ച വലിയ ഗുണഭോക്താവ് കൂടാതെ 5 കിലോ, 20 കിലോ പായ്ക്കറ്റുകളാക്കിയും റെനി വിൽക്കുന്നുണ്ട്. ഓൺലൈൻവഴിയാണ് വിൽപന എന്നുള്ളതിനാൽ പ്രധാനമായും ഇതര സംസ്ഥാനങ്ങളിൽനിന്ന് മുയൽകാഷ്ഠത്തിന് ആവശ്യക്കാരെറെയാണ്.
രണ്ടു വർഷം മുമ്പ് 100 കിലോയോളം മുയൽ കാഷ്ഠം വാങ്ങി കൃഷിയിൽ പരീക്ഷിച്ചുനോക്കിയശേഷമാണ് ഹരിയാനയിലെ കർഷകൻ സ്ഥിര ഓർഡർ റെനിക്ക് നൽകിയത്. ബസുമതി കൃഷി ചെയ്യുന്നതിനുള്ള ഞാറ്റടി തയാറാക്കുന്നതിനാണ് മുയൽ കാഷ്ഠം ഇവർ വാങ്ങുന്നത്. മുയൽ കാഷ്ഠം വിതറി ഒരുക്കിയ പാടത്താണ് വിത്ത് വിതയ്ക്കുക. മുയൽ കാഷ്ഠം വിതറുന്നതുകൊണ്ട് ഞാറിന് നല്ല വളർച്ചയും കരുത്തുമാണെന്ന് കർഷകൻ അറിയിച്ചതായി റെനി പറയുന്നു.
എന്നാൽ, ഹരിയാനയിലെ ബസ്മതി കൃഷിക്ക് മാത്രമല്ല നമ്മുടെ നാട്ടിലെ പച്ചക്കറിക്കൃഷിക്കും മുയൽ കാഷ്ഠം ഉത്തമമാണ്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ റെനിയുടെ കൃഷിയിടത്തിൽ വളരുന്നു. അവയ്ക്കു നൽകുന്ന ഏക വളം ഈ മുയൽകാഷ്ഠമാണ്. നല്ല വിളവും ഇതിലൂടെ ലഭിക്കുന്നുണ്ടെന്ന് റെനി. പച്ചക്കറികൾക്കു മാത്രമല്ല, പഴവർഗങ്ങൾ, തെങ്ങ്, പൂച്ചെടികൾ എന്നിവയ്ക്കൊക്കെ ഉപയോഗിക്കാം. ടെറസ് ഫാമിങ്, അപ്പാർട്ട്മെന്റ് ഫാമിങ് എന്നിവയ്ക്കൊക്കെ ഏറെ അനുയോജ്യമാണ്. കാരണം, അനായാസം കൈകാര്യം ചെയ്യാനും കഴിയും ദുർഗന്ധവുമില്ല എന്ന ഗുണങ്ങൾ പ്രധാനമാണ്.
ആമസോൺ വഴി മുയൽ കൃഷിയുമായി ബന്ധപ്പെട്ട മറ്റുൽപന്നങ്ങളും വിൽക്കുന്നുണ്ട് റെനി. ഫ്ലാറ്റുകളിലും മറ്റും പെറ്റ് ആയി വളർത്തുന്ന മുയൽ, ഹാസ്റ്റർ, ഗിനിപ്പന്നി പോലുള്ളവയ്ക്കുള്ള പ്രത്യേക തീറ്റയും മുയൽ ഫാമിലേക്കുള്ള നിപ്പിൾ ഡ്രിങ്കർ സംവിധാനവുമെല്ലാം ഇതിൽ ഉൾപ്പെടും.
മുയൽക്കുഞ്ഞുങ്ങളും ഇറച്ചിയും മാത്രമല്ല മുയൽ വളർത്തൽ മേഖലയിലെ വരുമാനമാർഗമെന്ന് തെളിയിച്ചിരിക്കുകയാണ് ഡെന്റൽ സർജനുംകൂടിയായ ഡോ. റെനി.
ഫോൺ: 9544163488
English summary: Making And Using Rabbit Manure Compost