മാലിന്യ സംസ്കരണത്തിന് 2 ബക്കറ്റുകൾ; ഏതാനും ആഴ്ചകൾക്കുള്ളിൽ മികച്ച വളം
Mail This Article
അടുക്കളമാലിന്യം മിക്ക വീട്ടമ്മമാർക്കും വലിയ തലവേദനയാണ്. ഉചിതമായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ ദുർഗന്ധമുണ്ടാകുമെന്നു മാത്രമല്ല പുഴുക്കളുടെ കേന്ദ്രം ആകുകയും ചെയ്യും. ബ്ലാക്ക് സോൾജ്യർ ഫ്ലൈ ലാർവകളെ ഉപയോഗിച്ച് കമ്പോസ്റ്റിങ് ചെയ്യുന്നവർ ഒരുപാടുണ്ടെങ്കിലും ആ പുഴുക്കളെ ഇഷ്ടപ്പെടുന്നവർ വളരെ ചുരുക്കമാണ്. പലർക്കും അറപ്പുളവാക്കുന്നവയാണ് ആ ലാർവകൾ.
അടുക്കളമാലിന്യം സംസ്കരിക്കാൻ ദുർഗന്ധരഹിതവും ചെലവു കുറഞ്ഞതുമായ രീതി പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ് കണ്ണൂർ ആലക്കോട് സ്വദേശി ശ്രുതി സുനിൽ. മാർക്കറ്റിൽ ലഭ്യമായ പല കമ്പോസ്റ്റിങ് സംവിധാനങ്ങൾക്കും വലിയ തുകയായതിനാൽ തീരെ ചെലവ് കുറഞ്ഞ മാർഗമാണ് ശ്രുതി സ്വീകരിച്ചിരിക്കുന്നത്. അതിന് ആവശ്യമായി വന്നത് 20 ലീറ്ററിന്റെ 2 പെയിന്റ് ബക്കറ്റും കമ്പോസ്റ്റിങ് ഇനോക്കുലവും മാത്രം.
ഒരു ബക്കറ്റിന്റെ അടപ്പ് മുറിച്ച് അതിലേക്ക് രാണ്ടാമത്തെ ബക്കറ്റ് ഇറക്കിവച്ച് ഡബിൾ ഡക്കർ രീതിയാണ് ഈ കമ്പോസ്റ്റിങ് പിറ്റിനുള്ളത്. മുകളിലെ ബക്കറ്റിന് അടിയിൽ ചെറിയ സുഷിരങ്ങൾ ഇട്ടിരിക്കുന്നു. കമ്പോസ്റ്റിങിന് നിക്ഷേപിക്കുന്ന വസ്തുക്കളിൽനിന്ന് ഊറിവരുന്ന വാഷ് ശേഖരിക്കാനാണ് അടിയിലെ ബക്കറ്റ് ഉള്ളത്. ഈ ബക്കറ്റിന് ഒരു ചെറിയ ടാപ്പ് കൂടി ഘടിപ്പിച്ചാൽ കൈകാര്യം ചെയ്യാൻ എളുപ്പമാകും.
മുകളിലെ ബക്കറ്റിന് അടിയിൽ കരിയില പൊടിച്ചതാണ് അദ്യം നിരത്തുക. പൊടിക്കാതെ നിരത്താമെങ്കിലും അവയും വേഗം കമ്പോസ്റ്റാകുന്നതിന് പൊടിക്കുന്നത് നല്ലതാണെന്ന് ശ്രുതിയുടെ അനുഭവം. ശേഷം ഓരോ ദിവസവും അടുക്കളമാലിന്യം നിക്ഷേപിക്കുന്നു. മാലിന്യത്തിനു മുകളിൽ ഓരോ ദിവസവും മിത്രബാക്ടീരിയകളുള്ള കമ്പോസ്റ്റിങ് ഇനോക്കുലം ഒരു പാളിയായി വിതറുന്നു. ഇങ്ങനെ ഓരോ ദിവസവും ആവർത്തിക്കാം. ഇടയ്ക്ക് ഉണങ്ങിയ ചാണകവും ഇട്ടു നൽകുന്നുണ്ട്. ബക്കറ്റ് നിറഞ്ഞാൽ കുറഞ്ഞത് 5 ദിവസമെങ്കിലും അടച്ചുസൂക്ഷിച്ചശേഷം പ്ലാസ്റ്റിക് ചാക്കിലേക്ക് മാറ്റി നന്നായി മുറുക്കി കെട്ടി സൂക്ഷിക്കാം. 2 മാസംകൊണ്ട് എല്ലാം പൂർണമായും കമ്പോസ്റ്റ് ആയി മാറും. അത് ചെടികൾക്ക് വളമായി നൽകാം. ഒരാഴ്ചകൊണ്ട് തന്റെ 20 ലീറ്റർ ബക്കറ്റ് നിറയാറുണ്ടെന്ന് ശ്രുതി.
അടിയിലെ ബക്കറ്റിൽ വീഴുന്ന വാഷ് നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിക്കുന്നു. ഇത് ഒഴിച്ചുതുടങ്ങിയതിൽപ്പിന്നെ ചെടികൾക്കും പച്ചക്കറികൾക്കും മികച്ച വളർച്ചയുണ്ടെന്ന് ശ്രുതിയുടെ അനുഭവം.
അടിയിലെ ബക്കറ്റ് സ്ഥിരമായതിനാൽ മുകളിലെ ബക്കറ്റ് നിറയുന്നതിന് അനുസരിച്ച് മാറ്റി വയ്ക്കാവുന്ന രീതിയിലാണ് ഈ കമ്പോസ്റ്റിങ് സംവിധാനം. മാത്രമല്ല, നിത്യേന ഇനോക്കുലം ചേർക്കുന്നതുകൊണ്ടും വെള്ളം വാർന്നുപോകുന്നതുകൊണ്ടും ഒട്ടും ദുർഗന്ധവും ഉണ്ടാകുന്നില്ല. അൾട്രാ ഓർഗാനിക് ഫാം കൺസൾട്ടന്റ് ആയ വേണുഗോപാൽ മാധവിന്റെ നിർദേശപ്രകാരമാണ് താൻ ഈ കമ്പോസ്റ്റിങ് രീതി പരീക്ഷിച്ചതെന്ന് ശ്രുതി. ഓരോ ഘട്ടത്തിലും അദ്ദേഹം ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ മുറ്റത്തെ കൃഷി എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മവഴി കൃഷിയുമായി ബന്ധപ്പെട്ട് കൂടുതൽ അറിവുകൾ ലഭിക്കുന്നുണ്ടെന്നും ശ്രുതി പറയുന്നു.