സന്നാഹങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ നിർമിക്കാം ഇഎം കമ്പോസ്റ്റ്
Mail This Article
പല തരത്തിലുള്ള കമ്പോസ്റ്റിങ് രീതികൾ ഇന്ന് പ്രചാരത്തിലുണ്ട്. ഓരോന്നിനും അതിന്റേതായ സൗകര്യങ്ങൾ ഒരുക്കി നൽകുകയും വേണം. എന്നാൽ മറ്റു കമ്പോസ്റ്റിങ് രീതികളിൽനിന്ന് വ്യത്യസ്തമാണ് ഇഎം കമ്പോസ്റ്റിങ് രീതി. വലിയ ടാങ്കോ ബക്കറ്റുകളോ പൈപ്പോ ഒന്നും ആവശ്യമില്ലാതെ മണ്ണൽത്തന്നെ കമ്പോസ്റ്റ് തയാറാക്കാവുന്നതേയുള്ളൂ.
കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളം കെട്ടിനിൽക്കാത്ത വിധം ഒരുക്കിയെടുക്കണം. പിന്നീട് ഒരു ബക്കറ്റിൽ 30 ലീറ്റർ വെള്ളം, 500 മില്ലി ആക്ടിവേറ്റഡ് ഇഎം, 300 മില്ലി ശർക്കര ലായനി എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഇതിൽനിന്ന് 5 ലീറ്റർ എടുത്ത് കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനായി നിർമിച്ച നിലത്ത് ഒഴിച്ചുകൊടുക്കണം. ഇതിനു മുകളിൽ 5 സെ.മീ. കനത്തിൽ ചാണകം കൂട്ടിയിടാം. ഈർപ്പം നിലനിർത്താൻ ലായനി അൽപം തളിച്ചുകൊടുക്കണം.
ഇതിനു മുകളിലേക്ക് കമ്പോസ്റ്റ് ആക്കേണ്ട ജൈവാവശിഷ്ടങ്ങളും ചപ്പുചവറുകളും കളകളും നിക്ഷേപിക്കാം. മുകളിൽ വീണ്ടും ലായനി തളിച്ചുകൊടുക്കാം. ജൈവാവശിഷ്ടങ്ങളുടെ കൂന 1.35 മീറ്റർ ആകുന്നതുവരെ ദിവസവും ഇതാവർത്തിക്കാം. ഇതിനുശേഷം ഈ കൂന ഒരു ഷീറ്റ് ഉപയോഗിച്ച് മൂടണം. 20–25 ദിവസത്തിനുശേഷം ഈർപ്പം പരിശോധിച്ചുനോക്കണം. ഈർപ്പം കുറവാണെങ്കിൽ വെള്ളം ചേർത്തുകൊടുക്കാം. താപനില അനുകൂലമാണെങ്കിൽ 40–45 ദിവസത്തിനുള്ളിൽ ജൈവാവശിഷ്ടങ്ങൾ നല്ല കമ്പോസ്റ്റ് ആയി മാറും.
ശ്രദ്ധിക്കാൻ
- കമ്പോസ്റ്റ് മണ്ണിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.
- സസ്യാവശിഷ്ടവും ചാണകവും 2:1 എന്ന അനുപാതത്തിലെടുക്കാൻ ശ്രദ്ധിക്കണം.
- കമ്പോസ്റ്റ് മഴവെള്ളത്തിൽ ഒലിച്ചുപോകാതെയും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയും ശ്രദ്ധിക്കണം. തണലിൽ വേണം കമ്പോസ്റ്റ് തയാറാക്കാൻ.
- പിണ്ണാക്കും എല്ലുപൊടിയും കമ്പോസ്റ്റിൽ ചേർക്കുന്നത് നല്ലതാണ്.
English summary: Composting with EM, Home Waste Decomposer, Homemade Waste Decomposer, How To Use Waste Decomposer, Ingredients Of Waste Decomposer, Waste Decomposer Making, Waste Decomposer Solution, Disposal Of Kitchen Waste, Importance Of Kitchen Waste Management, Kitchen Food Waste Management, Kitchen Solid Waste Management, Kitchen Waste Compost, Kitchen Waste Disposal, Kitchen Waste Management At Home, Kitchen Waste Management In Kerala, Waste Management For Kitchen