ADVERTISEMENT

ഒരു സെന്റ് സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാൻ 100 കിലോ ജൈവവളം ആവശ്യമുണ്ട്. ചാണകവളം, മണ്ണിര കംപോസ്റ്റ്, പൊടിഞ്ഞ കംപോസ്റ്റ്, പച്ചിലവളം, മത്സ്യവളം, പൊടിഞ്ഞ കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം തുടങ്ങി പലതരം ജൈവവളങ്ങൾ ചേർക്കുന്നതാണ് മെച്ചം. എന്നാല്‍ വിപണിയില്‍നിന്നു വലിയ വില കൊടുത്തു വാങ്ങുന്ന ഇത്തരം വളങ്ങൾക്കു പലപ്പോഴും പ്രതീക്ഷിക്കുന്ന ഗുണനിലവാരം കാണില്ല. എന്നാല്‍ നമ്മുടെ ചുറ്റും ലഭ്യമായ ജൈവവസ്തുക്കൾ ഉപയോഗിച്ച് ഒന്നാന്തരം ജൈവവളങ്ങൾ ചുരുങ്ങിയ ചെലവിൽ തയാറാക്കാനാവും.  

തെങ്ങോല കംപോസ്റ്റ്

തെങ്ങുകളുടെ നാടാണ് കേരളം. തെങ്ങിന്റെ ഓല, കൊതുമ്പ്, തൊണ്ട്, ചകിരി, ചകിരിച്ചോറ് തുടങ്ങിയ ജൈവാവശിഷ്ടങ്ങളെല്ലാം വളമാക്കി മാറ്റാം.  തെങ്ങോല കംപോസ്റ്റാക്കുക അത്ര ശ്രമകരമല്ല.  പറമ്പിലെ ഏറ്റവും തണലുള്ള സ്ഥലത്ത് ഒരു കുഴിയെടുക്കണം. നീളവും വീതിയും നമ്മുടെ സൗകര്യമനുസരിച്ചാകാം. ആഴം ഒരു മീറ്ററിൽ കൂടരുത്. കുഴിയുടെ അരികുകൾ അടിച്ചുറപ്പിക്കണം. ഉണങ്ങിയ ഓലകളുടെ മടൽ ആണ് ഏറ്റവും അ ടിയിൽ നിരത്തേണ്ടത്. തുടര്‍ന്ന് ഓലകൾ. അരയടി കനത്തിൽ നിരത്തിയ ഓലകൾക്കു മുകളിൽ വാഴത്തടയോ ശീമക്കൊന്നയോ പറമ്പിൽനിന്നു പറിച്ചെടുത്ത കളകളോ ചേർക്കാം. ഇതിനു മുകളിലായി മേൽമണ്ണ് തൂകിക്കൊടുക്കണം. മേമ്പൊടിക്ക് ചാണകവുമാകാം. കുഴി നിറയുന്നതുവരെ ഇത് ആവർത്തിക്കണം. ദിവസവും ചെറിയതോതിൽ നനയ്ക്കാം. പുളിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു നനയ്ക്കുന്നതാണ് നല്ലത്.

ചാണകമില്ലെങ്കില്‍ പകരം നമുക്കുതന്നെ തയാറാക്കാവുന്ന ഇഎം ലായനി  ഉപയോഗിക്കാം.  ലാക്ടിക് ആസിഡ് ബാക്ടീരിയ, യീസ്റ്റ്, ഫോട്ടോട്രോപിക് ബാക്ടീരിയ എന്നീ  സൂക്ഷ്മാണുക്കളുടെ കൂട്ടുകക്ഷിയാണ് ഇഎം. ഇത് തയാറാക്കാന്‍ 300 ഗ്രം വീതം മത്തൻ, പഴുത്ത പപ്പായ, മൈസൂർ പൂവൻപഴം എന്നിവ നന്നായി അരച്ച് ഒരു ലീറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 100 ഗ്രാം വൻപയർ മുളപ്പിച്ച് അരച്ചതുകൂടി ചേർക്കാം. ഒരു കോഴിമുട്ട കൂടി ഇതിൽ അടിച്ചു ചേർക്കണം. ഈ ലായനി ഒന്നര മാസം അടച്ചു സൂക്ഷിക്കാം. ഇങ്ങനെ തയാറാക്കുന്ന ഇഎം ലായനി 30 മില്ലി, ഒരു ലീറ്റർ വെള്ളത്തിൽ കലക്കി നാലഞ്ചു ദിവസത്തിലൊരിക്കൽ കംപോസ്റ്റ് കുഴി നനയ്ക്കാം. കംപോസ്റ്റിങ് വേഗത്തിലാക്കാൻ ഇഎം ലായനിക്ക് പ്രത്യേക കഴിവുണ്ട്.

കുഴി നിറഞ്ഞാൽ മേൽമണ്ണിട്ടു മൂടണം. കുഴിയിൽ മഴവെള്ളവും വെയിലും നേരിട്ട് പതിക്കാതിരിക്കാൻ പന്തൽ ഒരുക്കാം. കുഴിയുടെ  4 ഭാഗത്തും മൺതിട്ടയൊരുക്കിയാൽ മഴവെള്ളം കുത്തിയൊലിച്ച് കുഴിയിൽ വീഴില്ല. 4–5  മാസംകൊണ്ട് തെങ്ങോല കംപോസ്റ്റ് തയാറാകും. 2 കുഴികളെടുത്താല്‍ ഒന്നില്‍ കംപോസ്റ്റിങ് പൂര്‍ണമാകുമ്പോള്‍ അടുത്തതിൽ പ്രക്രിയ തുടരാം. ഏറ്റവും കൂടുതൽ പൊട്ടാഷ് അടങ്ങിയ ജൈവവളമെന്നതാണ് തെങ്ങോല കംപോസ്റ്റിന്റെ മേന്മ. പല സ്ഥലങ്ങളിൽനിന്നു പറിച്ചെടുക്കുന്ന കളകൾ ധാരാളം ചേർക്കുന്നപക്ഷം കംപോസ്റ്റിലെ സൂക്ഷ്മ മൂലകങ്ങളുടെ അളവും കൂടും.

കംപോസ്റ്റിങ്ങിനു  കാലതാമസമുണ്ടെന്നു തോന്നുന്നെങ്കിൽ മണ്ണിരയെ ഉപയോഗിച്ചു പ്രക്രിയ വേഗത്തിലാക്കാം.  ടാങ്കോ കുഴിയോ എടുത്ത് മുക്കാൽ ഭാഗം ഓലയും ജൈവവസ്തുക്കളും നിറയ്ക്കണം. നനച്ചുവച്ചാൽ ഒരു മാസത്തിനകം ഓല അഴുകിത്തുടങ്ങും. ആഫ്രിക്കൻ ഇനം മണ്ണിരയായ യുഡ്രിലസ് യുജേനിയ ആണ് തെങ്ങോല കംപോസ്റ്റാക്കാന്‍ നല്ലത്.  ഈർക്കിൽവരെ പൊടിക്കാൻ യുഡ്രിലസിന് കഴിയും. കാസര്‍കോട്  കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രത്തിൽ യുഡ്രിലസ് ലഭ്യമാണ്.  വെറും  2 മാസംകൊണ്ട് ചായപ്പൊടി രൂപത്തിലുള്ള മണ്ണിര കംപോസ്റ്റ് തയാറാകും. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി കൃഷിവകുപ്പ്  മണ്ണിര കംപോസ്റ്റ് ടാങ്കിന് സബ്സിഡി  നൽകിവരുന്നു. 

English summary: How to Prepare Coconut Leaf Manure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com