ഇത് വെറും ഗ്രോബാഗ് അല്ല, പ്രസ്‌മഡ് കംപോസ്റ്റ് നിറച്ച ഗ്രോബാഗ്: മികച്ച വരുമാനംനേടി വീട്ടമ്മമാർ
Mail This Article
കേരളത്തിൽ ഏറ്റവും വളർച്ചയുള്ള കൃഷി ഏതാണ് എന്നു ചോദിച്ചാൽ ഗ്രോബാഗ് കൃഷിയാണെന്ന് നിസ്സംശയം പറയാം നാട്ടിൻപുറം മുതൽ നഗരം വരെ എല്ലാവരും ഗ്രോബാഗിലെ പച്ചക്കറിക്കൃഷിയുടെ പിന്നാലെയാണ്. ഗ്രോബാഗുകളിലേക്ക് മണ്ണ് എവിടെക്കിട്ടും? എങ്ങനെ കിട്ടും? പതിനായിരക്കണക്കിന് ഗ്രോബാഗ് നിറയ്ക്കാൻ എത്ര കുന്നിടിച്ചാലാണ് വേണ്ടത്ര മണ്ണു ലഭിക്കുക? ഇങ്ങനെ ലഭിക്കുന്ന മണ്ണിന്റെ നിലവാരം പലപ്പോഴും തീരെ മോശമാണ്. എന്നാൽ മണ്ണ് ഗ്രോബാഗിൽ നിർബന്ധമുണ്ടോ? മണ്ണില്ലാക്കൃഷി വ്യാപകമാകുന്ന ഇക്കാലത്ത് ഗ്രോബാഗിൽനിന്നു മണ്ണ് ഒഴിവാക്കാവുന്നതല്ലേ?
ഈ ചിന്തയാണ് മണ്ണില്ലാ ഗ്രോബാഗ് എന്ന ആശയത്തിലേക്ക് എറണാകുളത്തെ സിഎംഎഫ്ആർഐ കൃഷിവിജ്ഞാനകേന്ദ്രത്തെ നയിച്ചത്. പകരം കരിമ്പിൽനിന്നുള്ള പ്രസ്മഡ് കംപോസ്റ്റ് ഉപയോഗിച്ച് ഗ്രോബാഗ് നിറയ്ക്കുന്ന സാങ്കേതികവിദ്യ അവർ ആവിഷ്കരിച്ചു. ഇതനുസരിച്ച് രണ്ടു ഭാഗം പ്രസ് മഡ് കംപോസ്റ്റിനൊപ്പം ഒരു ഭാഗം കയർപിത്തും ഒരു ഭാഗം ചാണകപ്പൊടിയും ചേർത്താൽ ഗ്രോബാഗ് മിശ്രിതമായി. ചെറിയ തോതിൽ ജീവാണുവളങ്ങൾ, പഞ്ചഗവ്യം, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവയും ചേർക്കും.
മണ്ണില്ലാത്ത പ്രസ്മഡ് കംപോസ്റ്റ് ഗ്രോബാഗുകൾ കേരളമെമ്പാടും എത്തിക്കാനുള്ള തയാറെടുപ്പിലാണ് മൂവാറ്റുപുഴയ്ക്കു സമീപം മഴുവന്നൂരിലെ ജീവ കുടുംബശ്രീ. അപ്പോളോ ടയേഴ്സിന്റെ സിഎസ്ആർ ഫണ്ട് സഹായത്തോടെ ഇവർ ആരംഭിച്ച ജൈവവള നിർമാണകേന്ദ്രത്തിൽ എറണാകുളം സിഎംഎഫ്ആർഐ കെവികെ നിലവാരം ഉറപ്പാക്കിയ വിവിധ തരം ജൈവ കാർഷികോപാധികൾ ലഭ്യമാണ്. ഏറ്റവും ശ്രദ്ധേയം മണ്ണില്ലാത്ത ഗ്രോബാഗ് മിശ്രിതം തന്നെ.
കരിമ്പു ഡിസ്റ്റിലറികളുടെ ഉപോൽപന്നമാണ് പ്രസ്‌മഡ്. കരിമ്പിൻനീര് അരിക്കുമ്പോൾ ഇത് ധാരാളമായി ലഭിക്കും. വളമായും മറ്റാവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന ഈ ഉൽപന്നം അയൽ സംസ്ഥാനങ്ങളിൽനിന്നു വാങ്ങാം. നാട്ടിലെത്തിക്കുമ്പോൾ കടത്തുകൂലിയടക്കം കിലോയ്ക്ക് 8-10 രൂപ ചെലവ് വരും. പ്രസ്മഡിനൊപ്പം മറ്റ് ചേരുവകൾ കൂട്ടിക്കലർത്തിയ നടീൽമിശ്രിതം ഒരു കിലോയ്ക്ക് 15-17 രൂപ വേണ്ടി വരും. ശരാശരി 8 കിലോ മിശ്രിതം നിറച്ച ബാഗുകളാണ് ഇവർ വിതരണം ചെയ്യുന്നത്. ഒരു ബാഗിലെ മിശ്രിതം ഒരു ചെടിക്കു മതിയാകുമെന്നതിനാൽ അതിലേക്ക് നേരിട്ടു തൈ നടാം. പോഷകസാന്ദ്രത കുറവാണെങ്കിലും പ്രസ്മഡ് കംപോസ്റ്റിൽ കാത്സ്യവും സിലിക്കയും പൊട്ടാസ്യവും ഫോസ്ഫറസും നൈട്രജനും ഒക്കെയുണ്ട്. ദീർഘകാലം പോഷകലഭ്യത നിലനിൽക്കുമെന്നതിനാൽ പ്രസ്മഡ് ഗ്രോബാഗുകളിൽ പലപ്പോഴും ആദ്യത്തെ കൃഷിയിലേതിലും മെച്ചപ്പെട്ട വിളവ് രണ്ടാമത്തെയും മൂന്നാമത്തെയും കൃഷിക്ക് ലഭിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് കെവികെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് പുഷ്പരാജ് ആഞ്ചെലോ പറഞ്ഞു.
ഉന്നത നിലവാരമുള്ള ഡോളമൈറ്റാണ് ഇവരുടെ മറ്റൊരു ഉൽപന്നം. സിമന്റ് ഫാക്ടറികളിലെ ഉപോൽപന്നമായ ഡോളമൈറ്റില്‍ മഗ്നീഷ്യത്തിന്റെയും കാത്സ്യത്തിന്റെയുമൊക്കെ അളവിൽ ഗണ്യമായ ഏറ്റക്കുറവ് കാണാം. കെവികെയുടെ മേൽനോട്ടത്തിൽ നിലവാരം ഉറപ്പാക്കിയ ഡോളമൈറ്റ് മാത്രമാണ് ഇവർ വിതരണം ചെയ്യുന്നത്. മണ്ണിരക്കംപോസ്റ്റ്, വേപ്പിൻകുരുവിന്റെ പരിപ്പ് പൊടിച്ചെടുത്ത പിണ്ണാക്ക്, ശാസ്ത്രീയമായി നീറ്റിയ കക്ക, ഇലക്ട്രിക് കണ്ടക്ടിവിറ്റി കുറഞ്ഞ ചകിരിക്കംപോസ്റ്റ് എന്നിവയൊക്കെ കേരളത്തിലെവിടെയും പാഴ്സലായി എത്തിക്കാൻ മഴുവന്നൂരിലെ ഈ സംരംഭകർ തയാർ. മൂവാറ്റുപുഴയിൽനിന്ന് 10 കി.മീ. അകലെയാണ് ഇവരുടെ സംരംഭം.
അനുഭവപാഠങ്ങൾ– ജൈവോൽപന്നങ്ങൾ
വിവിധ ചേരുവകൾ സംഭരിക്കാനും കൂട്ടിക്കലർത്താനും പായ്ക്കു ചെയ്യാനും സൗകര്യമുള്ള മുറി / ഷെഡാണ് ജൈവവള നിർമാണത്തിനു വേണ്ട അടിസ്ഥാന സൗകര്യം. വിവിധ തരം ജൈവവളങ്ങളുടെ നിർമാണത്തിനാവശ്യമായ സാങ്കേതികവിദ്യ, നിലവാര നിർണയം എന്നിവയ്ക്കായി കെവികെകളെയോ മറ്റ് കാർഷിക ഗവേഷണ സ്ഥാപനങ്ങളെയോ ആശ്രയിക്കണം. അടുക്കളത്തോട്ടങ്ങളിലേക്ക് ആവശ്യമായ കാർഷി കോപാധികൾ ഒരു കിലോ, 2 കിലോ വീതം പായ്ക്ക് ചെയ്യുന്നത് കൂടുതൽ ഓർഡർ ലഭിക്കാൻ സഹായിക്കും. വലിയ ചാക്കുകളില്‍ ലഭ്യമാക്കിയാൽ ഉയർന്ന അളവിൽ വിൽക്കാനാകും. ദൂരെസ്ഥലങ്ങളിലെത്തിക്കുന്നതിന് കുറിയർ / പാഴ്സൽ സർവീസ് പ്രയോജനപ്പെടുത്താം. കുറഞ്ഞ ചെലവിൽ പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ജൈവവള നിർമാണത്തിനായി കണ്ടെത്തുക. ഉൽപാദനച്ചെലവ് പരമാവധി കുറയ്ക്കുകയും നിലവാരം ഉയർത്തുകയും ചെയ്യുന്ന സംരംഭങ്ങൾക്കേ നിലനിൽക്കാനാകൂ.
ഫോൺ: 8943566041, 9656146290