ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് പ്രൊബേഷനറി ഓഫിസർ പരീക്ഷ ജയിച്ചപ്പോൾ ആദ്യം കിട്ടിയ നിയമനം സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയിലായിരുന്നു. അതുവരെ ജോലി ചെയ്ത ഡൽഹി വിട്ടു പാക്കിസ്ഥാൻ അ തിർത്തിക്കടുത്ത ഫരീദ്കോട്ട്് എന്ന പട്ടണത്തിലേക്കു പോകുമ്പോൾ എനിക്കു വലിയ സങ്കടമായിരുന്നു. മുൻ രാഷ്്ട്രപതി സെയിൽസിങ്ങിന്റെയും മുൻ തീവ്രവാദി ഭിന്ദ്രൻവാലെയുടെയും ജന്മസ്ഥലം. ജനസംഖ്യ‌യിലെ  ഭൂരിഭാഗവും സിക്കുകാരാണ്. ഇന്ത്യ-പാക്ക് യുദ്ധം ക ഴിഞ്ഞിട്ടു കാലമധികം കഴിഞ്ഞിരുന്നില്ല. അതിർത്തി മേഖലയായിരുന്നതുകൊണ്ട്് തോക്കുകളുടെ ലൈസൻസ് എളുപ്പമായിരുന്നുവെന്നു തോന്നുന്നു. അതുകൊണ്ടാകാം നിരത്തിലൂടെ പോകുന്ന ദീർഘകായന്മാരായ പല സർദാർ മാരുടെയും തോളിൽ തോക്കുകൾ തൂങ്ങിക്കിടക്കുന്നതു കാണാറുണ്ട്്. ചില വീടുകളുടെ ഭിത്തിയിൽ അപ്പോഴും ചില വലിയ തുളകളുണ്ടായിരുന്നു. എ ന്നെ ഭയപ്പെടുത്തിയ കാഴ്ചകൾ. പക്ഷേ, അവ ഷെല്ലുകൾ വീണ അടയാളങ്ങളാണെന്ന്് അവർ പറഞ്ഞത് വളരെ നിസ്സാരമായാണ്. മാത്രമല്ല, പല വലുപ്പത്തിലുള്ള ഇരുമ്പുഗോളങ്ങൾ ചിലർ തേച്ചുമിനുക്കി സ്മാരകങ്ങളാക്കി സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. അത്തരത്തിലൊന്നു തേടിപ്പിടിച്ചു നാട്ടിൽ കൊണ്ടു വയ്ക്കാൻ തോന്നാഞ്ഞതിൽ പിന്നീടു വിഷമം തോന്നിയിട്ടുണ്ട്്. എന്തായാലും യുദ്ധങ്ങളും കലാപങ്ങളിലെ ചോരച്ചൊരിച്ചിലുകളും കണ്ടു മരവിച്ചവർ ഇന്നലെകളെ മറന്ന് ഇന്നുകളിൽ മാത്രം ജീവിക്കാൻ ശീലിച്ചവരായിരുന്നു. ‘തിന്നുക, കുടിക്കുക, ആഘോഷിക്കുക’ (ഖാവോ, പീയോ, മജാ കരോ) എന്നായിരുന്നു അവരുടെ നീതിശാസ്ത്രം. പ്രതാപിയായിരുന്ന മഹാരാജാവിന്റെ ആസ്ഥാനമായിരുന്ന ഫരീദ്കോട്ട് അന്നു ചെറിയൊരു പട്ടണ മായിരുന്നു. ഇന്നതു ജില്ലാ തലസ്ഥാനമാണ്. പട്ടണഭാഗങ്ങൾ കഴിഞ്ഞാൽ നീണ്ടുകിടക്കുന്ന വയലുകളാണ്. ഗോതമ്പും ചോളവും സമൃദ്ധമായി വിളയുന്ന പാടങ്ങൾ. ഹരിതവിപ്ലവത്തിന്റെ ആദ്യകാലമായിരുന്നതുകൊണ്ട് റെക്കോർഡ് വിളവുകളായിരുന്നു. കൊയ്ത്തു ക ഴിഞ്ഞുള്ള ധാന്യങ്ങൾ സൂക്ഷിച്ചുവയ്ക്കാനുള്ള പാണ്ട്യാലകൾ കുറവായിരുന്നതുകൊണ്ട് അതു മുഴുവൻ ലോറികളിലും കാളവണ്ടികളിലും കൊണ്ടു‌വന്ന് മെയിൻറോഡിന്റെ ഇരുവശങ്ങളിലും കൂമ്പാരമായി കൂട്ടുകയാണു പതിവ്്. നടുവിൽ കഷ്ടിച്ച് ഒരു ചെറിയ ബസിനു കടന്നു പോകാനുള്ള ഇടമേ കാണൂ. ഇതിനിടയിൽ കൂടി തിങ്ങി ഞെരുങ്ങി വേണം വാഹനങ്ങൾക്കും ഒട്ടകം, കുതിര തുടങ്ങിയവയ്ക്കും കടന്നു പോകാൻ. 

 

writer-sethu-memoir-on-bank-life

ഭിത്തികളിലെ തുളകൾ മാത്രമല്ല എന്നെ പേടിപ്പിച്ചത്. കംപ്യൂട്ടറുകൾ ഇല്ലാതിരുന്ന കാലത്തു സ്വാഭാവികമായും ഇടപാടുകൾ എഴുതി വയ്ക്കുകയായിരുന്നു പതിവ്്. അങ്ങനെ തയാറാക്കുന്ന വൗച്ചറുകളുടെയും ഇടപാടു വിവരങ്ങളുടെയും കാർബൺ കോപ്പികൾ പിറ്റേന്നു രാവിലെ‌തന്നെ ഹെഡ് ഓഫിസിലേക്കു തപാലിൽ അയച്ചുകൊടുക്കണമെന്നായിരുന്നു ഉത്തരവ്. അതായത് എന്തെങ്കിലും കാരണം‌കൊണ്ടു പെട്ടെന്ന് ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ബാങ്കിലെ രേഖകൾ നശിക്കാതെ, അവയുടെ പകർപ്പുകൾ ഹെഡ്ഓഫിസിൽ സുരക്ഷിതമാക്കുകയെന്നതായിരുന്നു തന്ത്രം. കംപ്യൂട്ടർ യുഗത്തിലെ ‘ഓഫ് സെറ്റ് ബാക്കപ്പിന്’ പകരം അന്നുണ്ടായിരുന്ന ബദൽ സംവിധാനം. എന്തായാലും യുദ്ധമെന്നത് ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു ശീലിച്ച തെന്നിന്ത്യക്കാരനെ വിരട്ടാൻ ഇതൊക്കെ ധാരാളം മതിയായിരുന്നു. 

 

ബാങ്കിനകത്തു മാത്രമല്ല, പട്ടണത്തിലും മാനേജർക്കു ശേഷം ഏറ്റവും പ്രതാപം പണത്തിന്റെ താക്കോലുകൾ സൂക്ഷിക്കുന്ന ഖജാൻജിക്കായിരുന്നു. പാളസ്സാറും തലപ്പാവും മടിക്കുത്തിൽ തൂക്കിയിട്ട താക്കോൽക്കൂട്ടങ്ങളുമായി നടക്കുന്ന ഒരു പണ്ഡിറ്റ്ജിയായിരുന്നു ഞ ങ്ങളുടെ ഖജാൻജി. ജോലിയിൽ ചേർന്നയന്നു പണ്ഡിറ്റ്ജി സ്ട്രോങ് റൂമിന്റെ കതകിനടുത്തു കൊണ്ടുവന്നു നിർത്തി തൊഴുതോളാനാണു  കൽപിച്ചത്. ‘വെടിമരുന്നിനെക്കാൾ വലിയ അപകടകാരിയാണ് ഇതിനകത്തിരിക്കുന്നത്, പണം!’ പണ്ഡിറ്റ്ജി പറഞ്ഞു. സ്ട്രോങ് റൂമിന്റെ ഉരുക്കു‌വാതിലിൽ ലക്ഷ്മിയുടെ പടവുമുണ്ടായിരുന്നു. ആ ഇരുമ്പ് മതിലിനെ നോക്കി അന്ന്് തൊഴുതിരുന്നോയെന്ന്് ഓർമയില്ല. കൊടുംചൂടിന്റെ കാലമായിരുന്നു. തെർമോമീറ്ററിലെ രസം നാൽപത്തഞ്ചി നും നാൽപത്തേഴിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. തണുപ്പിക്കാനായി ഓഫിസിലെ ചുമരുകളിൽ തൂക്കിയ രാമച്ചത്തട്ടികളിൽ വെള്ളം തളിച്ചുനിറുത്താറുണ്ടായിരുന്നു. അതായിരുന്നു അ ന്നത്തെ എയർകണ്ടീഷനിങ് സമ്പ്രദായം. താമസസ്ഥലത്താണെങ്കിൽ വെ റും പങ്ക മാത്രം. ഒഴിവുദിവസങ്ങളിൽ മുറിയിലെ തറയിൽ വെള്ളം കെട്ടി നിർത്താൻ നോക്കിയപ്പോൾ അതിൽനിന്നു പൊങ്ങിയത്് ശുദ്ധമായ നീരാവിയായിരുന്നു. നിരത്തുവക്കിൽ തന്നെയുള്ള വിധവയായ ഒരു വയസ്സിയുടെ വീടിന്റെ മുകൾനിലയിലുള്ള രണ്ടു മുറികളിലൊന്നിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അവരാണെങ്കിൽ രാപകൽ പരുക്കൻ പഞ്ചാബിയിൽ തൊണ്ട കീറുമാറ് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. അതിന്റെ പൊരുൾ പറഞ്ഞുതന്നത് തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന, ഇലക്ട്രിസിറ്റി വകുപ്പിൽ ജോലി ചെയ്തിരുന്ന സർദാർജിയായിരുന്നു.  അവർ ശപിക്കുകയായിരുന്നത്രെ, ആകാശത്തെ സകല ദൈവങ്ങൾക്കു പുറമെ ഈ ഭൂമിയിലെ സമസ്ത ചരാചരങ്ങളെയും... അവരുടെ ശകാരങ്ങളിൽ സാമാന്യം മുഴുപ്പുള്ള തെറികളുമുണ്ടായിരുന്നത്രെ.

 

writer-sethu-memoir-on-bank-life

എന്റെ ആഹാരക്കാര്യമാണെങ്കിൽ ശരിക്കുമൊരു ദാർശനികപ്രശ്നം തന്നെയായി മാറി. പരിചയപ്പെടുത്താനായി കൂടെ വന്ന സഹപ്രവർത്തകൻ ഞാനൊരു സസ്യാഹാരിയാണെന്ന് ഒരു ചെറുചിരിയോടെ പറഞ്ഞപ്പോൾ പട്ടണത്തിലെ കയറിയിരിക്കാൻ കൊള്ളാവുന്ന ഒരേയൊരു ധാബയിലെ സർദാർ അന്തം വിട്ടു പോയത് ഓർമയുണ്ട്്. ‘വഹ് ക്യാ ഹേ?’ (അതെന്താ സാധനം?). അയാൾ ചോദിച്ചു. ‘തർക്കാരി’യെന്ന്് (പച്ചക്കറി) പറഞ്ഞപ്പോൾ അയാൾ തെല്ലൊരു സഹതാപത്തോടെ എന്നെ അടിമുടിയൊന്നു നോക്കി. വയറ്റിൽ അസുഖം വരുമ്പോൾ മാത്രമാണ് സർദാർമാർക്ക് പച്ചക്കറികൾ വേണ്ടിവരികയെന്നു പിന്നീടു മനസ്സിലായി. ഈ പ്രായത്തിൽ ഒരു മാറാരോഗം പിടിപെട്ടുവല്ലോയെന്ന് അയാൾ കരുതിക്കാണണം. എന്തായാലും സഹപ്രവർത്തകന്റെ മധ്യസ്ഥതയിൽ ഞാനും സർദാറിന്റെ കുശിനിക്കാരനും കൂടി ഒരു ദീർഘകാല ഉടമ്പടിയിൽ ഏർപ്പെട്ടു. ഉരുളക്കിഴങ്ങ്്, തക്കാളി, കാരറ്റ്് തുടങ്ങി അങ്ങാടിയിൽനിന്നു കിട്ടാവുന്ന പച്ചക്കറികളെല്ലാം കൂടി വെട്ടിപ്പുഴുങ്ങി ചില മസാലപ്പൊടികളൊക്കെ  ചേർത്ത്് ഒരു തരത്തിൽ കാര്യം ഒപ്പിക്കാം. രാത്രിയിൽ പാലും പഴങ്ങളുമായിക്കോട്ടെ. കൂറ്റൻ പഞ്ചാബിപ്പയ്യിന്റെ ഊറ്റമുള്ള പാൽ. അങ്ങനെ ഞാൻ ആ ഒറ്റ മുറി ധാബയിലെ വിഐപി ഇടപാടുകാരനായി മാറി. വല്ലാത്തൊരു ചുറ്റുപാടായിരുന്നു അത്. തൊട്ടു മുൻപിലൂടെ ഒഴുകിപ്പോകുന്ന ഓട. അകത്തെ കുടുസ്സുമുറിയിലേക്കു കടക്കുന്നയിടത്തെ അടുക്കളത്തിണ്ണയിൽ  ആട്ട കുഴച്ചു വച്ചിരിക്കുന്നതിനു മുകളിൽ ഏതാണ്ട്് ഒരിഞ്ചു കനത്തോളം ഈച്ച പൊതിഞ്ഞിരിക്കും. ആദ്യമൊക്കെ ഓക്കാനം വരുമായിരുന്നെങ്കിലും പിന്നീട് അവിടത്തെ ചുറ്റുപാടുകളും ശീലമായി.

 

പിന്നീടു പല വിദേശയാത്രകളിലും സസ്യാഹാരിയെന്ന ദാർശനികവ്യഥ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്്. പതിറ്റാണ്ടുകളോളം അമേരിക്കയിൽ കഴിഞ്ഞു കൂടിയ സസ്യാഹാരി ശശി തരൂർ ഈ പ്രശ്നം എങ്ങനെയാണു കൈകാര്യം ചെയ്തതെന്നു പിൽക്കാലത്ത്് ഞാൻ അതിശയിച്ചിട്ടുണ്ട്്. ഭക്ഷണപ്രിയരായ സർദാർമാരുടെ തീറ്റ ശരിക്കുമൊരു കാഴ്ചയാണ്്; പ്രത്യേകിച്ചും പകലന്തിയോളം പാടത്ത് അധ്വാനിക്കുന്ന കർഷകരുടെ. രണ്ടിഞ്ചിലേറെ കനമുള്ള റൊട്ടിയെന്നു വിളിപ്പേരുള്ള ഒരു സാധനം നാലോ അഞ്ചോ വീതമാണ് അവർ കഴിക്കുക. എണ്ണം തെറ്റിയാലും കുഴപ്പമില്ല. കുറയരുതെന്നു മാത്രം. സവാളയും പച്ചമുളകും നിർബന്ധം. ഇറച്ചി ഏതുമാകാം. പിന്നെ പാലോ ലസ്സിയോ ഒക്കെ കൂറ്റൻ ഗ്ലാസുകളിൽ സമയക്രമമനുസരിച്ച്. ഇതും കഴിച്ചു പാടത്തു പോയാൽ മണിക്കൂറുകൾക്കകം അവയൊക്കെ കത്തിച്ചാമ്പലാകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതുപോലെതന്നെ വൈകിട്ടത്തെ വട്ടമിട്ടിരുന്നുള്ള മദ്യപാനം. അതിന്റെ രസകരമായൊരു മാതൃക കാണാനായത് ഇപ്പോഴും ഓർമ വരുന്നു. പട്ടണത്തിന്റെ അതിരിൽ തണൽ  പരത്തി നിൽക്കുന്ന ഒരു കൂറ്റൻ മരത്തിന്റെ താഴ്ന്ന കൊമ്പുകളിൽ പഴങ്ങൾപോലെ നാടൻ മദ്യത്തിന്റെ കുപ്പികൾ തൂക്കിയിട്ടിരിക്കും. താഴെ ഒരു നാടൻ ഈണവും മൂളിക്കൊണ്ട്് ചടഞ്ഞിരുന്നു മയങ്ങുന്ന പയ്യനെയും കാണാം. അവന്റെ മുൻപിലെ പാത്രത്തിൽ പണമിട്ട്് ആവശ്യമുള്ളത്ര കുപ്പികൾ മാങ്ങകൾപോലെ പ റിച്ചെടുത്തു കൊണ്ടുപോകാം. ഈ വ്യാ പാരത്തിൽ കള്ളവും ചതിയും എള്ളോളമില്ല. അല്ലെങ്കിലും നല്ലവരും സത്യസന്ധരുമാണ്് സർദാർമാർ - വഴക്കടിക്കാത്തയിടത്തോളം കാലം. നല്ല വിളവുള്ള കാലത്ത്് ഒരു ലക്ഷം രൂപ കിട്ടിയാൽ ബന്ധുക്കൾക്കിടയിൽ, അയൽക്കാർക്കിടയിൽ കാര്യമായ അടി കലശലുണ്ടാകുമെന്ന് ഉറപ്പാണ്. ചിലപ്പോൾ അതു കൊലപാതകത്തിലും അവസാനിച്ചേക്കാം.  - അര നൂറ്റാണ്ടു മുൻപത്തെ ഓർമകളാണ്. അരിശം വരുമ്പോൾ കൈ മാറുന്ന, നിറക്കല്ലുകൾ പതിച്ച, ഈണമുള്ള തെറികൾ കേൾക്കാനും രസമാണ്...എണ്ണാനറിയാത്ത, അക്ഷരമറിയാത്ത ഗ്രാമീണർ ബാങ്കിൽ പണം കൊണ്ടു‌വന്നിരുന്നത് ചെറിയ കുട്ടിച്ചാക്കുകളിലായിരുന്നു. അതു മുഴുവൻ കാഷ്യറുടെ മേശപ്പുറത്ത്് ചൊരിഞ്ഞിടും. പ തിച്ച പാസ് ബുക്ക്് പിറ്റേന്നു കൊടുത്താൽ മതി. ചതിക്കില്ലെന്നു നല്ല ഉറപ്പാണവർക്ക്്. ചതിച്ചാൽ എന്താണുണ്ടാകുകയെന്നു കാഷ്യർക്കുമറിയാം. 

writer-sethu-memoir-on-bank-life

 

ഡൽഹിയിൽ വച്ച് എഴുതിത്തുടങ്ങിയ എന്റെ ആദ്യകാല നോവലായ ‘നനഞ്ഞ മണ്ണിന്റെ’ അവസാനഭാഗം എഴുതുന്നത് ആ കൊടുംവേനലിൽ മുകളിലത്തെ മുറിയിലിരുന്നാണ്. എഴുത്തിനു പിൻതാളമായി താഴെ നിന്ന് ആ വയസ്സിയുടെ തെറിവിളികളുമുണ്ടാകും. തൊട്ടടുത്ത മുറിയിലെ സർദാറിനു  വൈകിട്ട്് വിശദമായൊരു കുളിയുണ്ട്്. മുകളിലെ തുറന്ന ടെറസ്സിലെ, ‘മോറി’ എന്ന ചെല്ലപ്പേരുള്ള കുളിസ്ഥലത്തെ പൈപ്പിനു താഴെ പരമശിവനെപ്പോലെ ജടയഴിച്ചിട്ട്് അയാളിരിക്കും. പകലത്തെ വിയർപ്പു  മുഴുവനും കഴുകിക്കളയുന്നതു കട്ടിത്തൈര് പതപ്പിച്ചാണ്. അന്നേരം എഴുതിയിടത്തോളം കഥ അയാളെ പറഞ്ഞു കേൾപ്പിക്കണമെന്ന്് നിർബന്ധമാണ്. അതിനായി അടുത്ത് ഒരു കസേരയുമിട്ടു തരാറുണ്ട്. ആ നല്ല ചങ്ങാതിയെ പിണക്കാനുള്ള മടി കാരണം ഒരിക്കലും എഴുതാത്ത കഥകളാവും പലപ്പോഴും ഞാൻ പറഞ്ഞു കൊടുക്കുക. മിക്കതിലും കേരളത്തിന്റെ പച്ചപ്പും മഴയും വെള്ളവുമുണ്ടാകും. അയാളാണെങ്കിൽന ല്ല രസത്തിൽ അതു കേട്ടുകൊണ്ടിരിക്കുകയും ചെയ്യും. എന്റെ കഥകളുടെ ആദ്യത്തെ ‘ഓഡിയോ ശ്രോതാവ്്’! 

നാലുവശത്തും പുഴകൊണ്ടു ചുറ്റി വരിയപ്പെട്ട പച്ചപ്പിന്റെയും കുളിർമയുടെയും ഗ്രാമമായ ചേന്ദമംഗലത്തിന്റെ ചിത്രം വിരിഞ്ഞു വന്നത് ആ പൊള്ളിക്കുന്ന ചൂടിൽ. ആ പട്ടണത്തിൽ വച്ചുതന്നെയാണ് നോവലിലെ ഒരു പ്രധാന ഭാഗമായ വെള്ളപ്പൊക്കവും എഴുതിയതെന്നതു വലിയൊരു വൈരുധ്യമാണ്. കടുത്ത വേനലിൽ ഉള്ളിലെങ്കിലും ഒരു വെള്ളപ്പൊക്കം സൃഷ്ടിക്കാൻ ഒരു എഴുത്തുകാരനു മാത്രമേ കഴിയൂ. തികച്ചും വിപരീതമായ ചുറ്റുപാടുകളിലിരുന്ന് അസാധ്യമായ ഒന്ന്് സങ്കൽപത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന് അതിൽ അഭിരമിക്കുന്നതിലൂടെ സാധ്യമാവുന്ന കുളിർമയും ആർദ്രതയും വിവരണങ്ങൾക്കപ്പുറമാണ്. അതു‌തന്നെയാണ് പഞ്ചാബിലെ ആ വേനലിൽ ഞാൻ അനുഭവിച്ചതും. 

 

വെള്ളപ്പൊക്കം അന്യമല്ലാത്തൊരു ഗ്രാമത്തിൽ  ജനിച്ചതുകൊണ്ടാവാം എന്റെ മൂന്നു നോവലുകളിൽ അതു  ശക്തമായ അനുഭവങ്ങളായി കടന്നുവരുന്നത്. ‘നനഞ്ഞ മണ്ണ്്,’ ‘നിയോഗം’ എന്നിവയിൽ അവസാന ഭാഗത്താണെങ്കിൽ മുസിരിസിനെ ഇല്ലാതാക്കിയ മഹാപ്രളയത്തെപ്പറ്റിയുള്ള ചിത്രീകരണത്തോ‌ടെയാണ് ‘മറുപിറവി’ തുടങ്ങുന്നതുതന്നെ. അതിനു ശക്തമായൊരു പ്രവചന സ്വഭാവമുണ്ടുതാനും. പെരിയാറെന്ന ചൂർണിയിലെ ബണ്ടു പൊട്ടിയാണ് ആ പ്രളയമുണ്ടാകുന്നത്. രണ്ടുകൊല്ലം മുൻപത്തെ കാര്യമാണെങ്കിൽ, കാലം തെറ്റി അണക്കെട്ടുകൾ തുറന്നുവിട്ടുകൊണ്ടായിരുന്നുവെന്നു മാത്രം.

പഞ്ചാബിലെ ജീവിതം ഏറെ ദുസ്സഹമായിരുന്നു. കാര്യമായ കൂട്ടുകെട്ടില്ല. ശരിയായ ഭക്ഷണത്തിനും വഴിയില്ല. ചൂടാണെങ്കിൽ ദുസ്സഹവും. കട്നിയിൽ എന്നെ അലട്ടിയത് തണുപ്പായിരുന്നെങ്കിൽ ഇവിടത്തെ പ്രശ്നം ചൂടു തന്നെയായിരുന്നു. ആ പട്ടണത്തിൽ അന്ന് ആകെയുണ്ടായിരുന്ന ഒരു തിയറ്ററിൽ എല്ലാ ആഴ്ചയും സിനിമ മാറുമായിരുന്നു. അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരത്തെ കളികളിൽ ഞാൻ സ്ഥിരക്കാരനായി. എയർകണ്ടീഷനിങ് തുടങ്ങിയിട്ടില്ലാത്ത കാലമാണെങ്കിലും അ കത്തെ അന്തരീക്ഷം കുറച്ചു ഭേദമായിരുന്നു. അതിനിടയിൽ ഒരിക്കൽ ബാങ്കിൽ വച്ചു പരിചയപ്പെട്ട ഒരു പ്രഫസർ എന്നെ രാത്രിഭക്ഷണത്തിനു വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹത്തിന്റെ പരിചയത്തിൽ, പട്ടണത്തിലെ ഒരേയൊരു തെന്നിന്ത്യക്കാരനായ എന്റെ ആഹാരപ്രശ്നം കൃത്യമായി മനസ്സിലാക്കിയ അദ്ദേഹവും ഭാര്യയും രാത്രി ഭക്ഷണം കഴിക്കാനായി എപ്പോൾ വേണമെങ്കിലും അവിടെ കയറിച്ചെല്ലാമെന്നു ക്ഷണിച്ചിരുന്നെങ്കിലും ആ സൗഹൃദം ദുരുപയോഗം ചെയ്യാൻ ഞാൻ തയാറായിരുന്നില്ല. അതുപോലെ പട്ടണത്തിനു വെളിയിൽ, അതിർത്തിക്കടുത്ത് ഉണ്ടായിരുന്ന പട്ടാള മെഡിക്കൽ യൂണിറ്റിലെ മലയാളിയായ ഒരു ചെറുപ്പക്കാരൻ, പാരാമെഡിക്കൽ ജവാൻ, ബാങ്കിൽ വച്ചു പരിചയപ്പെട്ടപ്പോൾ ഒരു വൈകുന്നേരം എന്നെ അവരുടെ യൂണിറ്റിലേക്കു ക്ഷണിച്ചു. ഒരു ഗുജറാത്തിയായ ക്യാപ്്റ്റൻ ഡോക്ടറായിരുന്നു അതിന്റെ തലവൻ. ഒരു ജവാനെ കൂട്ടി വിട്ട്് അവർ സത്‌ലജിനടുത്തുള്ള അതിർത്തിപ്രദേശം ദൂരെ നിന്നു കാണിച്ചുതന്നു. അവർ ക്ഷണിച്ചപ്പോൾ അവരുടെ ‘ബഡാ ഖാനയിലും’ പങ്കെടുക്കാൻ കഴിഞ്ഞു. ഇങ്ങനെ ചില താൽക്കാലിക സൗഭാഗ്യങ്ങൾ കിട്ടിയെങ്കിലും എന്റെ കാതലായ പ്രശ്നങ്ങൾക്കു പ്രതിവിധിയായിരുന്നില്ല. 

writer-sethu-memoir-on-bank-life

 

ദില്ലിയിലേക്കോ മറ്റോ സ്ഥലംമാറ്റം കിട്ടാൻ സാധ്യതയുണ്ടോയെന്നു മാനേജർ സോണിയോട് അഭിപ്രായം ചോദിച്ചപ്പോൾ, പൊതുവെ ഒരു സിനിക്കായ അയാൾ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയേ വേണ്ടാ, വേഗം പഞ്ചാബി പഠിച്ച് ഒരു പഞ്ചാബിപ്പെണ്ണിനെ കെട്ടാൻ നോക്കിക്കോ എന്നായിരുന്നു പറഞ്ഞത്. ഞാൻ മുഖം ചുളിച്ചപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരോഗ്യമുള്ള സുന്ദരികൾ പഞ്ചാബിലല്ലേ എന്നൊരു കമന്റും. കുറെക്കൂടി പാകത കാട്ടിയ ചില കൂട്ടുകാർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നു. തൽക്കാലത്തേക്കു ദില്ലിയിലും മറ്റു ഭാഗങ്ങളിലും കിട്ടിയാലും ഔദ്യോഗികജീവിതത്തിന്റെ മുക്കാൽ ഭാഗവും  പഞ്ചാബിലും ഹരിയാനയിലും ചെലവഴിക്കേണ്ടിവന്നേക്കും. കൂടുതൽ ബ്രാഞ്ചുകൾ അവിടെയാണല്ലോ. അങ്ങനെയെങ്കിൽ ഒടുവിൽ ഈ ഉദ്യോഗവും വിടേണ്ടിവരുമെന്നു വിഷമിച്ചുകൊണ്ടിരിക്കെ, എ ന്തായാലും ഇത്തരം കാര്യങ്ങളിലെ അ വസാന വാക്ക്  പട്യാലയിലെ ഹെഡ്ഓഫിസിലിരിക്കുന്ന ജനറൽ മാനേജരാണെന്ന് - പിൽക്കാലത്തെ മാനേജിങ് ഡയറക്ടർ -  ആരോ കൂട്ടിച്ചേർത്തു. അതൊരു വലിയ പിടിവള്ളിയായിരുന്നു. 

അങ്ങനെ വഴി മുട്ടിയ ഞാൻ എന്തുതന്നെയായാലും അദ്ദേഹത്തെ നേരിൽ കാണുക തന്നെയെന്ന്് തീരുമാനിച്ചു. സഹജമായ ചങ്കൂറ്റം തന്നെയായിരിക്കണം അതിനു പിറകിലുള്ള കാരണം. ഹെഡ് ഓഫിസ് കെട്ടിടത്തിൽ പോയാൽ മാനത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഏഴയലത്തു ചെല്ലാൻപോലും അനുവദിക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഒരു ഞായറാഴ്ച അദ്ദേഹത്തെ വീട്ടിൽ പോയി കാണാമെന്നു തീരുമാനിച്ചു. സത്യത്തിൽ അതൊരു ഒരുമ്പെട്ട തീരുമാനമായിരുന്നു. കെ. സുബ്രഹ്മ ണ്യം എന്ന അദ്ദേഹം ഒരു തമിഴ് ബ്രാഹ്മണനാണെന്ന വിശ്വാസം മാത്രമായിരുന്നു പിൻബലം. എത്രയായാലും പഞ്ചാബികളെപ്പോലെ മോശമായ ഭാഷയിൽ ചീത്ത പറയില്ലല്ലോ!  

sethu-parents
സേതുവിന്റെ അച്ഛനും അമ്മയും. അച്ഛൻ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നതു‌കൊണ്ട്് തനിച്ചായ അമ്മ എന്റെ ഒപ്പമുണ്ടായിരുന്നു. ആ കൊടും തണുപ്പിലേക്ക് എൺപത്തെട്ടു വയസ്സായ അമ്മയെ കൊണ്ടുപോകാൻ ധൈര്യമുണ്ടായിരുന്നില്ല

 

അങ്ങനെ അടുത്ത ഞായറാഴ്ച അതിരാവിലെ തന്നെ പട്യാലയ്ക്കുള്ള ബസ് പിടിച്ചു. ഏതാണ്ട് മൂന്നു മണിക്കൂറിലേറെയുള്ള യാത്ര. റോഡിൽ തിരക്കി ല്ലാതിരുന്നതു‌കൊണ്ട്, ഉച്ചയ്ക്കു മുൻപേ അവിടെയെത്തി. ഒരു ഓട്ടോക്കാരനെ പിടിച്ചു സ്ഥലം മനസ്സിലാക്കി. മഹാപ്രതാപിയായിരുന്ന പട്യാല മഹാരാജാവിന്റെ ആസ്ഥാനമായിരുന്നെങ്കിലും താരതമ്യേന ശാന്തമായിരുന്നു ആ നഗരം. രാജ്യത്തെ ഏറ്റവും വലിയ കായിക‌പരിശീലനകേന്ദ്രം എന്ന നിലയിലായിരുന്നു അന്നു പട്യാല കൂടുതൽ അറിയപ്പെട്ടിരുന്നത്. ഓട്ടോയിൽ ജിഎമ്മിന്റെ വീടിനു മുൻപിലെത്തിയപ്പോഴാണ് മറ്റൊരു പ്രശ്നം പൊങ്ങിവന്നത്. ഗെയിറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ അകത്തേക്കു കടത്തി വിടണ്ടേ? പെട്ടെന്നു തോന്നിയ ബുദ്ധി അവിടെ ഫലിച്ചു. അദ്ദേഹവുമായി നല്ല അടുപ്പമുള്ള നാട്ടുകാരനാണെന്നും അത്യാവശ്യമായി കാണേണ്ട കാര്യമുണ്ടെന്നും പറഞ്ഞപ്പോൾ സംഗതി ഏറ്റു. കാഴ്ചയിൽ തന്നെ ഒരു മദ്രാസിയാണെന്നു തോന്നിച്ചതുകൊണ്ടു കടത്തി വിട്ടു. ഭാഗ്യത്തിന് അകത്തേക്ക് ഇന്റർകോമിൽ വിളിച്ച് അനുവാദം വാങ്ങിക്കാൻ അയാൾക്കൊട്ടു തോന്നിയതുമില്ല. മടിയോടെ ബെല്ലടിച്ചു വരാന്തയിൽ പരുങ്ങി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട് ജിഎം അതിശയത്തോടെ തെല്ലു നേരം നോക്കി നിന്നത് ഓർമയുണ്ട്്. പുതുതായി ബാങ്കിൽ ചേർന്ന മലയാളിയായ പ്രൊബേഷനറി ഓഫിസറാണെന്നും ചില കാര്യങ്ങൾ സംസാരിക്കാനാണ് ഇത്രയും ദൂരം യാത്ര ചെയ്തു വന്നതെന്നും പറഞ്ഞപ്പോൾ പൊതുവെ ശാന്തശീലനായ അദ്ദേഹം എന്നെ സ്വീകരണമുറിയിൽ വിളിച്ചിരുത്തി - പിൽക്കാലത്തു സമാനമായ ചുറ്റുപാടുകളിൽ എന്നെ കാണാൻ വരുന്ന ചെറുപ്പക്കാരെ കൈകാര്യം ചെയ്യേണ്ടി വരുമ്പോഴൊക്കെ എന്റെ ഓർമയിൽ കടന്നുവന്നിരുന്ന ഒരു ചിത്രമായിരുന്നു അത്. അകത്തു സീകരിച്ചിരുത്തി, ക്ഷമയോടെ കേട്ടുകൊണ്ടിരുന്നുവെന്നു മാത്രമല്ല, ഭാര്യയെ വിളിച്ചു കാപ്പി കൊണ്ടുവരാൻ ഏർപ്പാടു ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ആ മനോഭാവം‌കൊണ്ടു‌തന്നെ പരിഭ്രമവും യാത്രാക്ഷീണവും പെട്ടെന്നു മറക്കാനായി. ഒന്നാന്തരം കാപ്പിയും ബിസ്കറ്റും കൊണ്ടുവന്നിട്ട്, ദൂരെയൊരു കസേരയിലിരുന്ന് ഞങ്ങളുടെ സംഭാഷണം കൗതുകത്തോടെ ശ്രദ്ധിക്കുകയായിരുന്നു ആ മാമി. അൽപം കഴിഞ്ഞു സുബ്രഹ്മണ്യം സാർ വലിയ അലിവോടെ മുൻപു ബ്രാഞ്ചിൽ കേട്ടിരുന്ന കാര്യങ്ങൾ തന്നെ ആവർത്തിച്ചപ്പോൾ എന്റെ മനസ്സ് തൂങ്ങി. തൽക്കാലത്തേക്കു ദില്ലിയിൽ ഒരു പോസ്റ്റിങ് തരാമെങ്കിലും അതൊരു പരിഹാരമാകുന്നില്ലെന്ന് അദ്ദേഹം ആ വർത്തിച്ചു. പ്രൊബേഷനിലായതുകൊണ്ട് ആറു മാസമേ അവിടെ നിൽക്കാനാകൂ. ഈ ബാങ്കിൽ വന്നു പെട്ടതുകൊണ്ട്് ഏറെക്കാലം പഞ്ചാബിലും ഹരിയാനയിലും കഴിഞ്ഞുകൂടാതെ വയ്യ. അതോടെ കാര്യങ്ങളുടെ കിടപ്പ്് എനിക്കു വ്യക്തമായി. ഔദ്യോഗികജീവിതകാലം മുഴുവനും ഈ രണ്ടു മൂന്നു സംസ്ഥാനങ്ങളിൽ തന്നെ കഴിച്ചുകൂട്ടേണ്ടിവരും. ഒടുവിൽ രണ്ടും കൽപിച്ച് എ നിക്കു പറയേണ്ടി വന്നു, അങ്ങനെയെങ്കിൽ എനിക്കു ജോലി രാജി വച്ച് ദില്ലിയിലേക്കു മടങ്ങാതെ വയ്യ, സാർ. അവിടെ ഏതെങ്കിലും ഒരു പത്രത്തിൽ കയറിക്കൂടാമെന്ന ധൈര്യമുണ്ട്. പെട്ടെന്നുള്ള ആ പറച്ചിൽ കേട്ട് ‘അപ്പടിയൊണ്ണും പണ്ണിടാത്ങ്കൊ’ എന്നു പറഞ്ഞ് അകലെയിരുന്ന മാമി ഞെട്ടിയെഴുന്നേൽക്കുന്നതാണു പിന്നെ കണ്ടത്. തിടുക്കത്തിൽ അവർ ഭർത്താവിന്റെ നേർക്കു നോക്കി പറയുന്നതു കേട്ടു:

writer-sethu-memoir-on-bank-life

‘പാവം അയ്യാ. ഏതാവത് പണ്ണിടുങ്കോ...’

 

സത്യത്തിൽ എന്റെ പിൽക്കാല ജീവിതത്തെയാകെ മാറ്റിമറിച്ചത് ആ കുടുംബിനിയുടെ ഈ ഒരൊറ്റ വാചകമായിരുന്നെന്ന കാര്യത്തിൽ എനിക്കു സംശയമില്ല.

തുടർന്നു വലിയ അലിവോടെ ആ മാമി എന്നോടായി പറഞ്ഞതു കിട്ടാവുന്ന എല്ലാ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടായിട്ടും ഈ സ്ഥലത്തു തനിച്ചിരുന്നു കഷ്ടപ്പെടേണ്ടിവരുന്ന എനിക്കു തെക്കനായ നിങ്ങളുടെ വിഷമം എളുപ്പത്തിൽ മനസ്സിലാക്കാനാകും എന്നായിരുന്നു. അതോടെ ജിഎം കുറെനേരം എന്തൊ ക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. അതു കഴിഞ്ഞു മെല്ലെ പറഞ്ഞു. വേണമെങ്കിൽ ഒരു ശ്രമം നടത്തി നോക്കാം. അങ്ങനെയൊരു കീഴ്‌വഴക്കമില്ലാത്തതുകൊണ്ടു നടക്കുമോയെന്ന കാര്യം വളരെ സംശയമാണ്. പക്ഷേ, ആശയറ്റ ഞാൻ ഏതു ശ്രമത്തിനും ത യാറായിരുന്നു. തെക്കുള്ള മൂന്നു സബ് സിഡിയറികൾ ഏതെങ്കിലുമൊന്നിലേക്കു സ്ഥലംമാറ്റം  ചോദിച്ചുകൊണ്ട് സ്റ്റേറ്റ്ബാങ്കിന്റെ ബോംബെയിലേക്കുള്ള സെൻട്രൽ ഓഫിസിലേക്കു ഒരപേക്ഷ അയയ്ക്കാനാണ് അദ്ദേഹം പറഞ്ഞത്. അതു ബ്രാഞ്ച്്/ഹെഡാഫീസ് വഴി അയയ്ക്കുകയും വേണം. മുൻപ് അങ്ങനെയൊന്നും നടന്നിട്ടില്ലാത്തതുകൊണ്ട് ഇതിൽ വലിയ പ്രതീക്ഷയൊന്നും വയ്ക്കേണ്ട. കൂട്ടത്തിൽ ഒരു കാര്യംകൂടി അദ്ദേഹം സൂചിപ്പിച്ചു. നിങ്ങളുടെ മാനേജർ ആ സോണി ഇതു മുകളിലേക്ക് അയയ്ക്കുമെന്ന് എനിക്ക് ഉറപ്പില്ല. പൊതുവെ ഇവരെല്ലാം ഡയറക്ട് റിക്രൂട്ടുകളോടു  വലിയ അസൂയ പുലർത്തുന്നവരാണ്. പോരാത്തതിനു നിങ്ങളൊരു മദ്രാസിയും. അതുകൊണ്ട് ഒരു കോപ്പി എനിക്കും നേരിട്ടയച്ചുതന്നേക്കൂ... സാധാരണ ഗതിയിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനിൽനിന്നു കിട്ടാൻ വിഷമമുള്ള ഒരു സൗമനസ്യം. മാത്രമല്ല, കീഴുദ്യോഗസ്ഥരുമായുള്ള ഇടപെടലു കളിൽ കൃത്യമായ ‘പട്ടാളച്ചിട്ട’ പുലർത്തുന്നവരായിരുന്നു പഴയ സ്റ്റേറ്റ് ബാങ്കുകാർ. എന്തായാലും അവർക്കു രണ്ടു പേർക്കും ഒരുപാടു നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നിറങ്ങു‌മ്പോൾ ഇതേ‌വരെയുള്ളതൊക്കെ സുമാറായി പോയ സ്ഥിതിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാവാതിരിക്കില്ലെന്ന തോന്നൽ എന്റെ ഉള്ളിലുണ്ടായിരുന്നു. എസ്ബിടി എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കിട്ടാൻ സാധ്യതയില്ലെങ്കിലും മൈസൂറോ, ഹൈദരാബാദോ കിട്ടിയാലും മതിയായിരുന്നു. 

 

writer-sethu-memoir-on-bank-life
സേതുമാധവനൊപ്പം. ഒരു സിനിമ ചെയ്യാൻ കെ.എസ്.സേതുമാധവൻ തയാറായപ്പോൾ അതിന്റെ തിരക്കഥ തയാറാക്കുക എന്ന ശ്രമകരമായ ദൗത്യവും ഏറ്റെടുക്കേണ്ടിവന്നു

ബ്രാഞ്ചിൽ തിരിച്ചെത്തി ഇക്കാര്യം പറഞ്ഞപ്പോൾ മാനേജർ സോണിയുടെ മുഖം കോപംകൊണ്ടു തുടുത്തു. എന്റെ അനുവാദമില്ലാതെ ജനറൽ  മാനേജരെ വീട്ടിൽ  പോയി കാണാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നുവെന്നാണ് അയാൾ ചോദിച്ചത്. തെല്ലൊരു പുച്ഛത്തോടെ ആ കടലാസ് ട്രേയിലേക്കെറിയുമ്പോൾ അത് അയാൾ മുകളിലേക്ക് അയയ്ക്കില്ലെന്ന് ഉറപ്പായി. ഇക്കാര്യത്തിൽ ജിഎമ്മിന്റെ കരുതൽ കൃത്യമായിരുന്നു. ഇതിനിടയിൽ ഒന്നര മാസത്തെ ആ ദ്യവട്ട ട്രെയിനിങ്ങിനായി എന്നെ ഇൻഡോറിലെ ട്രെയിനിങ് സ്കൂളിലേക്ക് അയച്ചതു വലിയ ആശ്വാസമായി. വിശാലമായ ഹോസ്റ്റലിലെ സുഖകരമായ താമസം, നല്ല ഭക്ഷണം. സ്റ്റേറ്റ് ബാങ്കിലും സബ്സിഡിയറികളിലും നിന്നുമായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നു വന്നിരുന്ന ഒരേ പ്രായക്കാരായ കുറെ കൂട്ടുകാർ. ഒരു ബാങ്ക് ഓഫിസറായതിൽ ആദ്യമായി അഭിമാനം തോന്നിയത് അവിടെ വച്ചായിരുന്നു. ക്ലാസുകൾ കഴിഞ്ഞു വൈകുന്നേരം കൂട്ടരുമൊത്തു നഗരം കാണാനിറങ്ങുന്നതു വലിയൊരു അനുഭവമായിരുന്നു. പഞ്ചാ ബിലെയത്ര ചൂടില്ലായിരുന്നു അവിടെ. അന്ന് ഞങ്ങളുടെയൊപ്പം അവിടെയുണ്ടായിരുന്നവരിൽ ഒരു പ്രമുഖൻ ടെസ്റ്റ്് ക്രിക്കറ്റർ ബിഷൻസിങ് ബേദിയായിരുന്നു. അടുത്ത മുറിയിൽ താമസിച്ചിരുന്ന ബേദിയുമായി നല്ല സൗഹൃദമായിരുന്നു അന്ന്. പക്ഷേ, ദൗർഭാഗ്യവശാൽ പിന്നീട് അതു പുതുക്കാനായില്ല. സ്പോർട്സ് ക്വോട്ടയിൽ കയറിയ ബേദിക്ക് അന്നു പ്രത്യേക ആഹാരം കൂടി ബാങ്ക് ഏർപ്പാടു ചെയ്തിരുന്നു. വൈകുന്നേരം പുറത്തു പോകുമ്പോൾ ബേദിയുടെ ചുറ്റും ആരാധകർ കൂടുന്നതു വലിയൊരു കാഴ്ചയായിരുന്നു. അതിനിടയിൽ നഗരത്തിലെ ചില ക്ലബുകളിലെ ചടങ്ങുകളിൽ മുഖ്യാതിഥിയായി ബേദിയെ ക്ഷണിക്കുമ്പോഴൊക്കെ കൂടെ പോകാനുള്ള അവസരം ഞങ്ങളിൽ ചിലർ പാഴാക്കാറുമില്ല! 

 

ഇന്ദോറിലെ ജീവിതം അങ്ങനെ രസകരമായി കടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ, ഞാൻ കാത്തിരുന്നതിനെക്കാൾ മോഹിപ്പിക്കുന്ന ഒരു കത്ത് എന്നെത്തേടി ഹോസ്റ്റലിലെത്തി. ട്രെയിനിങ് കഴിഞ്ഞാൽ നേരെ എസ്ബിടിയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) തിരുവനന്തപുരത്തെ ഹെഡ് ഓഫിസിൽ റിപ്പോർട്ട് ചെയ്യാനായിരുന്നു അത്. സ്റ്റേറ്റ് ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് അങ്ങനെയൊരു സൗകര്യം ചെയ്തു കൊടുത്തതെന്നു പിന്നീടു കേട്ടു. എന്തായാലും പഴയൊരു പ്രയോഗമനുസരിച്ച് ഒരു ഓറഞ്ച്് ചോദിച്ച എനിക്ക് ഒരു ഓറഞ്ച് തോട്ടം തന്നെ പതിച്ചുകിട്ടിയ അമ്പരപ്പായി. ഏതായാലും എല്ലാവരോടും യാത്ര പറയാനും  സ്ഥാവരജംഗമങ്ങൾ തിരിച്ചെടുക്കാനുമായി ഫരീദ്കോട്ടേക്കു ചെന്നപ്പോൾ മാനേജർ സോണിയുടെ മുഖത്ത്് ശരിക്കും കടന്നൽ കുത്തിയ വീക്കമുണ്ടായിരുന്നു. ഈ മദ്രാസിപ്പയ്യൻ എങ്ങനെ എന്നെ വെട്ടിച്ചു കാര്യം സാധിച്ചെടുത്തുവെന്ന്് അയാൾ അമ്പരന്നു കാണും. ഈ പശ്ചാത്തലത്തിൽ എന്നെ വളരെയധികം നോവിച്ച ഒരു കാര്യവും കൂടി പറഞ്ഞുകൊള്ളട്ടെ. യാതൊരു പരിചയവുമില്ലാത്ത ഒരു തുടക്കക്കാരനായ എന്നെ ഇത്രയധികം സഹായിച്ച സുബ്രഹ്മണ്യം സാർ അവസാന കാലത്ത്് അദ്ദേഹംപോലും അറിയാത്തൊരു പിഴവിനു വിജിലൻസിന്റെ പിടിയിൽ അകപ്പെട്ടുവെന്നും ഏറെ കഷ്ടപ്പെട്ടുവെന്നും കേട്ടു. ഒരു‌പക്ഷേ, കീഴുദ്യോഗസ്ഥന്മാർ ചതിച്ചതാവാം. ഒടുവിൽ തിരുവനന്തപുരത്തെ പഴയ ആനക്കച്ചേരിയിൽ ഹാജരായപ്പോൾ സ്റ്റാഫ് സൂപ്രണ്ട്് പി.കെ.നെടുങ്ങാടി എന്റെ സ്ഥലംമാറ്റത്തിനു പിറകിൽ അന്നത്തെ ജനറൽ മാനേജരായിരുന്ന എസ്.കെ. നാഥന്റെ കാരുണ്യമായിരുന്നുവെന്നു പറഞ്ഞു. എന്റെ അപേക്ഷ സെൻട്രൽ ഓഫിസിൽനിന്നു ഫോർവേഡ് ചെയ്തു കിട്ടിയപ്പോൾ തന്നെ ടിയാനെ എടുക്കാൻ സമ്മതമാണെന്ന് അദ്ദേഹം മറുപടി അയച്ചതുകൊണ്ട് കാര്യങ്ങളെല്ലാം പെട്ടെന്നു നീങ്ങി. എന്തായാലും അതിനു ശേഷം ഇത്തരം സൗകര്യം ഉപയോഗിച്ചു പലർക്കും അങ്ങോട്ടുമിങ്ങോട്ടും പോകാനായെന്നു കേട്ടു. 

 

ചെന്നൈയിൽ കാൽ നൂറ്റാണ്ടിനു ശേഷം, ഡെപ്യൂട്ടി ജനറൽ മാനേജരായി പ്രൊമോഷൻ കിട്ടുമ്പോൾ മറ്റൊരു അസോസിയേറ്റ് ബാങ്കിലേക്കുള്ള സ്ഥലംമാറ്റം നിർബന്ധമായിരുന്നു. സീനിയർ മാനേജ്മെന്റിലെത്തുമ്പോൾ തീർത്തും വ്യത്യസ്തമായൊരു ചുറ്റുപാടിൽ പ്രവർത്തിച്ചാലേ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ വികാസം പൂർണമാകൂ എന്നതായിരുന്നു അതിന്റെ പിറകിലുള്ള സങ്കൽപം.  വേറൊരു ബാങ്ക്, വേറൊരു നഗരത്തിലെ തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷം. പക്ഷേ, എന്നെ പോസ്റ്റ് ചെയ്തത് എന്റെ പഴയ ബാങ്കായിരുന്ന പട്യാല ബാങ്കാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആദ്യത്തെക്കാൾ ഏറെ മെച്ചപ്പെട്ട ചുറ്റുപാടുകളിൽ ഒരു ഡിജിഎം ആയാണു പോകുന്നതെങ്കിലും എന്നെ അലട്ടുന്ന മറ്റു ചില ഘടകങ്ങളുണ്ടായിരുന്നു. പണ്ടു പേടിപ്പിച്ചിരുന്നത് ചൂടുകാലമായിരുന്നെങ്കിൽ, ഇക്കുറി തണുപ്പാണു പ്രശ്നമായെത്തിയത്. രോമക്കുപ്പായങ്ങളുടെ സഹായത്തോടെ തണുപ്പ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ എനിക്കു വിഷമമില്ല. പക്ഷേ,  അച്ഛൻ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നതു‌കൊണ്ട്് തനിച്ചായ അമ്മ എന്റെ ഒപ്പമുണ്ടായിരുന്നു. ആ കൊടും തണുപ്പിലേക്ക് എൺപത്തെട്ടു വയസ്സായ അമ്മയെ കൊണ്ടുപോകാൻ ധൈര്യമുണ്ടായിരുന്നില്ല. മാത്രമല്ല, വാതത്തിന്റെ ശല്യവും അവരെ കാര്യമായി അലട്ടിയിരുന്നു. കൂടാതെ ഖലിസ്ഥാൻ പ്രശ്നം കാരണം വല്ലാതെ കലാപകലുഷിതമായിരുന്നു അന്നത്തെ പഞ്ചാബ്്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ. 

writer-sethu-memoir-on-bank-life

 

അതുകൊണ്ട് പോസ്റ്റിങ് തെക്കുള്ള ഏതെങ്കിലുമൊരു സബ്്സിഡിയറിയിലേക്കു മാറ്റിക്കിട്ടാനായി പിന്നത്തെ ശ്രമം. സാധാരണയായി ഇത്തരം കാര്യങ്ങളിൽ കർശനമായ നിലപാട് എടുക്കാറുള്ള സ്റ്റേറ്റ് ബാങ്കിൽനിന്ന് അനുകൂലമായ ഒരു തീരുമാനം കിട്ടുക എളുപ്പമല്ലെന്ന് എനിക്കു തന്നെയറിയാം. അങ്ങനെ സാധാരണ ശ്രമങ്ങളൊന്നും ഫലിക്കാതെയായപ്പോൾ അറ്റകയ്യായി ഞാൻ നല്ല സുഹൃത്തും മാതൃഭൂമിയുടെ ദില്ലിയിലെ തലവനുമായിരുന്ന വി.കെ.മാധവൻകുട്ടിയെ വിളിച്ചു കാര്യം പറഞ്ഞു. അതു കേട്ട ഉടനെ മാധവൻകുട്ടി പറഞ്ഞത് ഏതു വിധത്തിലും ഇപ്പോൾ പഞ്ചാബിൽ പോകാതെ നോക്കണമെന്നാണ്. കാരണം ദിവസംതോറും അത്രയ്ക്കു മോശമായി വരികയാണ് ഇപ്പോൾ അവിടത്തെ അന്തരീക്ഷം. സ്റ്റേറ്റ് ബാങ്ക് തന്റെ തട്ടകമല്ലെങ്കിലും ഒരു കൈ നോക്കട്ടെയെന്നു പറഞ്ഞു മാധവൻകുട്ടി ഫോൺ താഴെവച്ചു. പക്ഷേ, മൂപ്പരുടെ നിഘണ്ടുവിൽ അസാധ്യമായതൊന്നും ഇല്ലെന്ന് എനിക്കറിയാമായിരുന്നു. കാലത്തെ വീട്ടിൽനിന്നിറങ്ങുന്ന മാധവൻകുട്ടിയുടെ കലണ്ടറിൽ പത്രത്തിലെ ചുമതലകൾക്കു പുറമെ ആർക്കൊക്കെയോ വേണ്ടി നടത്തേണ്ട എത്രയോ കാര്യങ്ങളുണ്ടാകുക പതിവാണ്. ഇത്രയേറെ പരോപകാരിയായ ഒരു വലിയ മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അതു വല്ലാത്തൊരു  ജന്മം തന്നെയായിരുന്നു.  ദില്ലിയിൽ ചെന്നിറങ്ങുന്ന ശരാശരി മലയാളിയുടെ ആദ്യത്തെ അത്താണി മാധവൻകുട്ടി തന്നെയായിരുന്നു. പലരും അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നവർ.

 

പിറ്റേന്നു രാവിലെ‌തന്നെ മാധവൻകുട്ടിയുടെ വിളി വന്നപ്പോൾ ഞാൻ അതിശയിച്ചുപോയി. ആദ്യമായി സേതു ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ഞാനതു ചെയ്യാതിരിക്കുമോയെന്ന മുഖവുരയോടെ അദ്ദേഹം പറഞ്ഞു, ശക്തമായൊരു ലിങ്ക് കിട്ടിയിട്ടുണ്ട് സ്റ്റേറ്റ് ബാങ്കിൽ. മുംബൈയിൽ ഇതു കൈകാര്യം ചെയ്യുന്ന ഒരു ഉയർന്ന ഉത്തരേന്ത്യൻ ഉദ്യോഗസ്ഥനുമായി വേറൊരാൾ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ ഒന്നു പോയി കാണുക. കാര്യം ശരിയാകാതെയിരിക്കില്ല. അങ്ങേരുടെ പേരും ചെന്നു കാണേണ്ട  ദിവസവും സമയവും ഒക്കെ പിറകെ വന്നു. അതിശയമെന്നു പറയട്ടെ, ആ ഓഫിസിൽ കടന്നുചെന്നപ്പോൾ ഒരു തരത്തിലും എളുപ്പത്തിൽ നേരിൽ കാണാനാവാത്ത ആ ബിഹാറി ഉദ്യോഗസ്ഥനിൽനിന്നു കിട്ടിയ സ്വീകരണം ഹൃദ്യമാ‌യിരുന്നു. സംസാരിക്കാൻ തുടങ്ങിയപ്പോൾ എന്റെ സകല ചരിത്രവും അദ്ദേഹത്തിന് അറിയാമെന്നു മനസ്സിലായി, അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണെന്നതുവരെ. പഞ്ചാബിലേക്കു പോകാനുള്ള മടിയല്ല, എന്റെ ഒരേയൊരു പ്രശ്നം കൂടെയുള്ള പ്രായമായ അമ്മയാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു കാര്യങ്ങളുടെ ഗൗരവം മനസ്സിലായി. ശരിയാണ്,  ഏറെ പ്രായമായ ഒരമ്മ ഇവിടെ എന്റെ കൂടെയുള്ളപ്പോൾ നിങ്ങളുടെ പ്രയാസം ഞാൻ മനസ്സിലാക്കുന്നു. എല്ലാ ഒഴിവുകളും നികത്തിക്കഴിഞ്ഞതു‌കൊണ്ടു വേറെ വല്ല വ ഴിയുമുണ്ടോയെന്നു ഞാനൊന്നു നോക്കട്ടെ. എന്തായാലും തൽക്കാലം പട്യാലയിലേക്കു പോകണ്ട... അതൊരു  വിലപ്പെട്ട പിടിവള്ളിയായിരുന്നു.

 

പക്ഷേ, അധികം താമസിയാതെ ആ ഓർഡർ മാറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈ ദരാബാദിലേക്കു പോസ്റ്റിങ് കിട്ടിയപ്പോൾ ഞാൻ അതിശയിച്ചുപോയി. അ മാനുഷശക്തിയുള്ള മാധവൻകുട്ടിയെ നമിക്കുകയും ചെയ്തു. പക്ഷേ, എസ്ബിടിയിലെ വിദേശവിനിമയ വിഭാഗത്തിന്റെ തലവനായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് എവിടെയെങ്കിലും സോണൽ മാനേജരായി കിട്ടിയാൽ നന്നായിരിക്കുമെന്ന് ഞാൻ ആഗ്രഹിച്ചതു സ്വാഭാവികമായിരുന്നു. പക്ഷേ, ഏറെ പ്രസിദ്ധമായ അവരുടെ വിദേശവിനിമയ വിഭാഗത്തിലേക്കു പറ്റിയ, പരിചയസമ്പന്നനായ ഒരാളെ കിട്ടാതെ വിഷമിച്ചിരുന്ന അവർ കിട്ടിയ സുവർണാവസരം പാഴാക്കിയില്ല. ഏതു വകുപ്പിലേക്കും ആളെ കിട്ടുമെങ്കിലും സങ്കീർണതകൾ നിറഞ്ഞ വിദേശ പണമിടപാടുകൾ നടത്തുന്ന ആ വിഭാഗത്തിലേക്ക് ഒരു സ്പെഷലിസ്റ്റിനെ കിട്ടുക എളുപ്പമായിരുന്നില്ല. എന്തായാലും ആ വകുപ്പിന്റെ ഹെഡ് ഓഫിസ് ചെന്നൈയിലായിരുന്നതുകൊണ്ട്  അങ്ങോ ട്ടു പോകാൻ എനിക്ക്് ഇഷ്ടമായിരുന്നു. കൂടാതെ അതിന്റെ രണ്ടു വിങ്ങുകൾ മുംബൈയിലും ദില്ലിയിലുമുണ്ടായിരുന്നതുകൊണ്ട് ഇടയ്ക്കിടെ അവിടെ പോയിവരാനുള്ള അവസരങ്ങളുമുണ്ടാകും. അമ്മയ്ക്കും സന്തോഷമായിരുന്നു, ചെന്നൈയിലേക്കു പോകാൻ. അച്ഛനോടൊപ്പം കുറെക്കാലം തമിഴ്നാട്ടിൽ കഴിഞ്ഞിരുന്നതുകൊണ്ട് ആ പ്രദേശം അവർക്ക് ഇഷ്ടമായിരുന്നു. 

 

ആയിടയ്ക്കാണ് ഒരു ദുഃഖവാർത്ത ഞങ്ങളെ തേടിയെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയിലെ വിദേശവിനിമയ വിഭാഗത്തിന്റെ തലവനായിരുന്ന ഒരു ബംഗാളി സുഹൃത്ത് ഒരു കോൺഫറൻസിനു ശേഷം പട്യാലയിൽനിന്നു ദില്ലിയിലേക്കു കാറിൽ മടങ്ങുമ്പോൾ തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട വിവരമായിരുന്നു അത്. ഒരു ‘തെറ്റിദ്ധരിക്കപ്പെട്ട’ വെടിവയ്പായ അതിന്റെ വിവരം കേട്ടു ഞാൻ കുറെ നേരം കുഴഞ്ഞിരുന്നുപോയി. എനിക്കു പകരം അങ്ങോട്ട് ഡെപ്യൂട്ടേഷനിൽ പോയതായിരുന്നു അയാൾ. അതിന് രണ്ടു മൂന്നു മാസങ്ങൾക്കു മുൻപു ഞങ്ങളുടെ ഒരു കോൺഫറൻസിനായി കൊച്ചിയിൽ വന്നിരുന്നതുമാണ്...

 

എന്തായാലും പല തരത്തിലും പ്രയോജനകരമായിരുന്നു ചെന്നൈയിലെ മൂന്നു വർഷക്കാലം. ഒരു തരത്തിൽ ചെന്നൈ നഗരം കേരളത്തിന്റെ തുടർച്ചതന്നെയാണെന്നു പറയാം. ഏതോ കാലത്ത്  ഭൂപടത്തിൽ ആരോ വരച്ചിട്ട ചില അതിരുകൾ വേർതിരിക്കുമ്പോഴും ആ ത്യന്തികമായി നോക്കിയാൽ ഈ രണ്ടു ഭൂപ്രദേശങ്ങൾക്കും സംസ്കാരങ്ങൾക്കും സ്വാഭാവികമായ പൊരുത്തവും നൈരന്തര്യവുമുണ്ട്. അതുകൊണ്ടുതന്നെ അങ്ങോട്ടു ചേക്കേറുന്ന മലയാളികൾക്ക് അവിടം ഒരു അന്യനാടായി ഒരിക്കലും തോന്നാറില്ല. മാത്രമല്ല, ഒരു കാലത്ത് ജോലി തേടിപ്പോകുന്ന മലയാ

ളികളുടെ ആദ്യതാവളം ചെന്നൈയും രണ്ടാമത്തേതു മുംബൈയുമായിരുന്നല്ലോ.

 

മുൻപു പല തവണ ചെന്നു പോന്നിട്ടുണ്ടെങ്കിലും ഒരു സ്ഥലംമാറ്റവുമായി ചെന്നെത്തിയപ്പോഴാണ് ചെന്നൈ നഗരത്തെ അതിന്റെ എല്ലാ സമൃദ്ധിയോടുംകൂടി ഉൾക്കൊള്ളാനായത്. രണ്ടര പതിറ്റാണ്ടുകൾക്കു മുൻപു ചെലവഴിച്ച ഓർമകൾക്ക്് ചൂടും കുളിരുമുണ്ട്. അഭിരാമപുരത്തെ മൂന്നാം തെരുവിലെ ഫ്ലാറ്റ്. ബോട്ട്ക്ലബ് റോഡിലൂടെയുള്ള പുലർകാല സവാരികൾ, മറീനബീച്ച് റോഡിലൂടെ പാരീസിലെ ഓഫിസിലേക്കും തിരിച്ചും സമയമൊപ്പിച്ചുള്ള യാത്രകൾ, മുത്തശ്ശിമാരായ മൂന്നു മലയാളി സംഘടനകൾ ഒരുക്കിയിരുന്ന ഒട്ടേറെ കലാ സാംസ്കാരിക അരങ്ങുകൾ, കണ്ണിമാറ ലൈബ്രറിയിലെ ഇരുണ്ട ഇടനാഴികളിലെ പുസ്തക റാക്കുകൾ തുറന്നിടുന്ന വിസ്മയലോകം കാറ്റിൽ തീയാളുന്ന അഗ്നിനക്ഷത്രക്കാലം കുളിർകാലമായി സംഗീതസഭാ സീസൺ, ഒരിക്കലും മറക്കാനാവാത്ത ചില വിലപ്പെട്ട സൗഹൃദങ്ങൾ, ഈ ലോകം വിട്ടു പോയിട്ടും ഓർമകളിൽ‌നിന്നു മാഞ്ഞുപോകാൻ മടിക്കുന്ന കുറെ പ്രിയപ്പെട്ടവർ.... ബാലകൃഷ്ണൻ മാങ്ങാട്, കെ.പി.ഉമ്മർ, പി. എൻ.മേനോൻ, ഏ.കെ.ഗോപാലൻ, അങ്ങനെ ആരൊക്കെ. പിന്നെ ഇന്നും നല്ല ബന്ധമുള്ള കെ.എസ്.സേതുമാധവൻ...

പാരീസിലുള്ള ഓഫിസിലേക്ക് ഞാൻ ദിവസവും പോയിക്കൊണ്ടിരുന്നതു മറീനയുടെ മുൻപിലൂടെ, കടൽത്തീരത്തുള്ള റോഡിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും ആ വഴിയിൽ തന്നെയായിരുന്നു. ‘സെഡ്’ കാറ്റഗറി സുരക്ഷയുള്ള ജയലളിത നാടാകെ അടക്കി ഭരിച്ചിരുന്ന കാലം. സ്ഥലത്തുണ്ടെങ്കിൽ നിത്യവും രാവിലെ കൃതൃ സമയത്തുതന്നെ അവർ ഓഫിസിൽ പോകാറുമുണ്ട്. മുഖ്യമന്ത്രിയും പരിവാരങ്ങളും വീട്ടിൽനിന്നിറങ്ങുന്നതിനു മുൻപുതന്നെ ആ റോഡുമായി ബന്ധിക്കുന്ന ഇടറോഡുകൾ വരെ ബാരിക്കേഡുകൾ വച്ച് അടച്ചിടുക പതിവാണ്. അതുകൊണ്ടു മിക്കപ്പോഴും എനിക്കും അൽപം നേരത്തേ‌തന്നെ ഇറങ്ങാതെ വയ്യ.

 

പഴയ കൊച്ചിയിലെയും മലബാറിലെയും ചെറുപ്പക്കാർ ഉപരിപഠനത്തിനായി എപ്പോഴും ചെന്നെത്തിയിരുന്നതു ചെന്നൈയിലായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ പല തുറകളിലും തങ്ങളുടെ വ്യക്തിപ്രഭാവം തെളിയിച്ച പല മഹാരഥന്മാർക്കും ഈ നഗരവുമായി അഗാധമായ ബന്ധമുണ്ട്. പ്രമുഖ രാഷ്്ട്രീയ നേതാക്കന്മാർ, എഴുത്തുകാർ, സിനിമക്കാർ, കലാകാരന്മാർ, ഉദ്യോഗസ്ഥ, വ്യവസായ പ്രമുഖന്മാർ, അങ്ങനെ പലരും. അവരിൽ പലരും ആ ബന്ധം പിൽക്കാലത്തു നില‌നിർത്താനും ശ്രമിച്ചിട്ടുണ്ട്. 

 

ഒരു എഴുത്തുകാരനെന്ന നിലയിൽ ചെന്നൈയിലെ അന്തരീക്ഷം എനിക്കു തന്ന സർഗപരമായ ഊർജം ചെറുതല്ല. എന്റെ പ്രിയപ്പെട്ട നോവലായ ‘കൈമുദ്രകളുടെ’ വലിയൊരു ഭാഗം എഴുതിയത് ചെന്നൈയിൽ വച്ചാണ്. അതിന്റെ മുന്നൊരുക്കങ്ങൾക്കായി ഒരുപാടു പുസ്തകങ്ങൾ വായിക്കേണ്ടി വന്നപ്പോൾ എന്റെ ആശ്രയം കണ്ണിമാറ ലൈബ്രറി തന്നെയായിരുന്നു. അങ്ങനെ പല ഞായറാഴ്ചകളിലെ പകലുകളും ചെലവിട്ടത് അവിടത്തെ വായനാമുറിയിലായിരുന്നു. പിന്നെ ‘കൈവഴികൾ’, ‘കയ്യൊപ്പ്’ എന്നീ രണ്ടു നോവെല്ലകളും പതിനഞ്ചോളം കഥകളും അവിടെ വച്ചു രൂപംകൊണ്ടു. അക്കൂട്ടത്തിൽപ്പെട്ട മലയാളത്തിലെ ആദ്യ സൈബർകഥ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ‘തിങ്കളാഴ്ചകളിലെ ആകാശം’ ഇന്റർനെറ്റിന്റെ ഇന്ത്യയിലെ ആരംഭദശയിലാണ് എഴുതപ്പെട്ടത്. മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ വന്ന ‘കൈവഴികൾ’ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതോടെ  അതിനെ അടിസ്ഥാനമാക്കി എൻഎഫ്ഡിസിക്കു വേണ്ടി ഒരു സിനിമ ചെയ്യാൻ കെ.എസ്.സേതുമാധവൻ തയാറായപ്പോൾ അതിന്റെ തിരക്കഥ തയാറാക്കുക എന്ന ശ്രമകരമായ ദൗത്യവും ഏറ്റെടുക്കേണ്ടിവന്നു. പ്രഗല്ഭനായ സേതുമാധവനുമായുള്ള ആ ബന്ധം വാസ്തവത്തിൽ വളരെയേറെ ഗുണം ചെയ്തു. തിരക്കഥയെപ്പറ്റിയുള്ള ചില ആദ്യ ധാരണകൾ ഉറച്ചുകിട്ടിയത് ആ അടുപ്പത്തിലൂടെയാണ്.  പ്രസിദ്ധ ക്യാമറാമാൻ എ.വിൻസെന്റ് ചെയർമാനായ സ്ക്രിപ്റ്റ് കമ്മിറ്റി അത് അം

ഗീകരിച്ചുവെങ്കിലും എൻഎഫ്ഡിസിയിലെ ചില പ്രശ്നങ്ങളാൽ പദ്ധതി മുന്നോട്ടു പോയില്ല. എന്റെ പാഴായിപ്പോയ ചില നല്ല സിനിമാസംരംഭങ്ങളിൽ ഒന്നുകൂടി. 

‘പാണ്ഡവപുരത്തിന്റെ’ ഇംഗ്ലിഷ്് പരി ഭാഷ പ്രസിദ്ധീകരിക്കാമെന്ന്് മാക്മില്ലൻ (ഇന്ത്യ) ഏറ്റിരുന്നു. അവരുടെ ഓ ഫിസ് ചെന്നൈയിലായിരുന്നതുകൊണ്ട് അതിന്റെ എഡിറ്റർ മിനി കൃഷ്ണനുമായി നിരന്തരം ബന്ധം പുലർത്താനും മെച്ചപ്പെട്ട രീതിയിൽ പുസ്തകത്തിന്റെ പ്രസാധനം പൂർത്തിയാക്കാനും കഴിഞ്ഞതു വലിയൊരു നേട്ടമായി.  മാത്രമല്ല ആ സീരീസിലെ ചില പുസ്തകങ്ങളുടെ രംഗാവിഷ്കാരം ചെന്നൈയിലെ ഒരു തിയറ്റർ ഗ്രൂപ്പിന്റെയും ബ്രിട്ടിഷ്് കൗൺസിലിന്റെയും സഹകരണത്തോ ടെ നടത്തിയപ്പോൾ അക്കൂട്ടത്തിൽ പാണ്ഡവപുരവുമുണ്ടായിരുന്നു. 

അങ്ങനെ ആകെക്കൂടി നോക്കിയാൽ സൃഷ്ടികളുടെ കാര്യത്തിൽ സമ്പന്നമായ കാലഘട്ടം. 

ഇത്രയും നല്ല കാര്യങ്ങൾ....

 

ഇനി മറക്കാനാവാത്ത മറ്റൊന്നു കൂടിയുണ്ട്. പേരറിയാത്തൊരു അസുഖത്തിന്റെ പിടിയിൽ പെട്ട് ഏതാണ്ട് മരണത്തിന്റെ പടിവാതിൽവരെയെത്തി തി രിച്ചുപോന്ന അനുഭവം. 


(തുടരും....)

 

Content Summary: Writer Sethu's Memoir on Bank Life - Part 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com