ADVERTISEMENT

‘അരനൂറ്റാണ്ടു പിന്നിടുമ്പോൾ കേരളത്തിനു നെഞ്ചിൽ കൈവച്ച് അഭിമാനിക്കാവുന്ന നേട്ടം ഭൂപരിഷ്കരണമാണ്. കേരളപ്പിറവിയോടൊപ്പം തന്നെ ചേർത്തുവയ്ക്കാവുന്ന ആ നടപടിപോലെ ചരിത്രത്തിൽ ഇത്രയേറെ തിളക്കമുള്ള മറ്റൊരേടുമില്ലെന്നു നിസ്സംശയം പറയാം. കൂടുതലുള്ളവരിൽ നിന്നെടുത്ത് ഇല്ലാത്തവനു നൽകിയ നടപടി ഉന്നതിയിലേക്കുള്ള വഴിത്തിരിവായി. അധ്വാനിക്കുന്നവനു ഭൂമിയിൽ അവകാശം നൽകിയ തീരുമാനം പിന്നീടിങ്ങോട്ടുള്ള സംസ്ഥാനത്തിന്റെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചു. കേരളീയസമൂഹത്തിൽ കൊടികുത്തി വാണിരുന്ന ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ അത് ഏറെ സഹായിച്ചു. ഇന്ന് ആദിവാസി മേഖലയിലൊഴിച്ച് കേരളത്തിൽ മറ്റൊരിടത്തും പട്ടിണി ഇല്ലാതായതിനും മറ്റൊരു കാരണമില്ല’ (മലയാള മനോരമ, 2005 നവംബർ 21). 

കേരളസംസ്ഥാനരൂപീകരണത്തിന്റെ അൻപതാം വാർഷികത്തിൽ എം.ടി. വാസുദേവൻ നായർ എഴുതിയ കുറിപ്പാണിത്. സമൂഹത്തെയും ചരിത്രത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന എഴുത്തുകാരന്റെ യാഥാർഥ്യബോധത്തിൽ അധിഷ്ഠിതമായ ഉറച്ച സ്വരമാണ് ഈ വാക്കുകളിലുള്ളത്. എംടി തന്റെ ബാല്യകൗമാരങ്ങളിൽ കണ്ടും അനുഭവിച്ചും അറിഞ്ഞതാണ്, അന്നേക്ക് ഏതാണ്ട് തകർന്നു കഴിഞ്ഞിരുന്ന ജീർണിച്ച ജന്മിത്തവ്യവസ്ഥയുടെ ദുരിതങ്ങൾ. ആ സാമൂഹികയാഥാർഥ്യങ്ങളിൽ ചുവടൂന്നിനിന്നാണ് തന്റെ വ്യക്തിമുദ്ര പതിഞ്ഞ പല കഥകളും നോവലുകളും അദ്ദേഹം എഴുതിയത്. 

സാഹിത്യത്തിൽ സമൂഹത്തെ ആവിഷ്കരിക്കുന്നത് വ്യക്തിബന്ധങ്ങളുടെ ചിത്രീകരണത്തിലൂടെയാണ്. തന്റെ പരിചിതലോകത്തെ വ്യക്തികളെയും ജീവിതപശ്ചാത്തലത്തെയും കേന്ദ്രീകരിച്ച് എംടി അവരുടെ ബന്ധങ്ങളുടെയും ബന്ധശൈഥില്യങ്ങളുടെയും കഥകളാണ് വൈകാരികസ്പർശത്തോടെ അവതരിപ്പിച്ചത്. അവ വ്യക്തികളുടെ ആകുലതകളുടെയും ആത്മക്ഷോഭങ്ങളുടെയും കഥകളായിരിക്കെത്തന്നെ ആ കാലത്തിന്റെ സാമൂഹികപരിണാമത്തിന്റെ സൂക്ഷ്മരേഖകൾ കൂടിയാണ്.

സ്വാഭാവികമായും വായനക്കാരും നിരൂപകരും എംടിയുടെ രചനകളുടെ ആഖ്യാനത്തിൽ ശക്തമായി പ്രസരിച്ചു നിൽക്കുന്ന വ്യക്തികളുടെ വികാരലോകത്തിൽ മുഴുകിപ്പോയി. സാമൂഹികജീവിതത്തെ സൂക്ഷ്മതലത്തിൽ വിമർശനാത്മകമായി കണ്ടിരുന്ന എംടിയുടെ സമീപനം, കൃതികളെ പുറംപോളയിൽ മാത്രം കണ്ട് അഭിപ്രായം പറഞ്ഞവർക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. അങ്ങനെയാണു വികാരപ്രധാനമായ എഴുത്തിന്റെ പ്രതിനിധിയായി എംടിയെ നോക്കിക്കാണുന്ന രീതി വളർന്നുവന്നത്. ആ വികാരലോകത്തിന്റെ ആഴങ്ങളിൽ ശക്തമായ സാമൂഹികദർശനം അടിയാധാരമായുണ്ട്.  

തനിക്ക് അനുഭവപരിചയമുള്ള വള്ളുവനാടൻ ഗ്രാമത്തിന്റെ സാമൂഹികഭൂമികയിൽ ചുവടുറപ്പിച്ചുകൊണ്ട് എംടി എഴുതിയ ആദ്യകാലത്തെ ചില കൃതികളിൽ വായനക്കാരിൽ ഗൃഹാതുരത്വമുണർത്തിയ കാവും കുളവും കളമെഴുത്തും നാവോറുപാട്ടും മുറപ്പെണ്ണും മറ്റുമുണ്ടായിരുന്നു. പിന്നീട് അവയെക്കാൾ പ്രധാനപ്പെട്ട ജീവിതസന്ധികളും സാമൂഹികസംഘർഷങ്ങളും വ്യത്യസ്തതയുള്ള പ്രമേയങ്ങളും കഥാപാത്രങ്ങളും പല രചനകളിലും സാക്ഷാത്കരിച്ചെങ്കിലും അവയെ തിരിച്ചറിയാനല്ല, എംടിയെ പഴയ നാലുകെട്ടിൽ തളച്ചിടാനാണ് സാഹിത്യരംഗത്തെ അഭിപ്രായരൂപീകരണസ്ഥാപനങ്ങൾ ശ്രമിച്ചത്. അങ്ങനെയൊരു ധാരണ എംടിയുടെ കഥാസാഹിത്യത്തെക്കുറിച്ച് പ്രചരിച്ചതിനു കാരണം അദ്ദേഹത്തിന്റെ കഥകളെക്കാൾ ‘മുറപ്പെണ്ണ്’ പോലെയുള്ള സിനിമകളാണെന്നു തോന്നുന്നു.  

പ്രതിഭാശാലികളായ എഴുത്തുകാരെ നിരന്തരമായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു കേന്ദ്രപ്രമേയം അവരുടെ കലാജീവിതത്തിലാകെ പടർന്നു കിടക്കുന്നുണ്ടാകും. എംടിയെ സംബന്ധിച്ചിടത്തോളം അതു കൂട്ടുകുടുംബവ്യവസ്ഥയുടെ തിരോധാനമാണ്. ആ തകർച്ചയ്ക്കിടയിൽ ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളുടെ ആകുലതകളാണ് അദ്ദേഹം കഥകളാക്കിയത്. ആ വ്യവസ്ഥയുടെ തകർച്ച സൃഷ്ടിച്ച പരിമിതികൾക്കും സന്ദിഗ്ധതകൾക്കും സങ്കീർണതകൾക്കും ഇടയിലാണ് എംടിയുടെ ബാല്യകൗമാരങ്ങൾ കടന്നുപോയത്. അതിനു പകരം പുതിയ ജീവിതവ്യവസ്ഥ രൂപപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ. അങ്ങനെ രൂപപ്പെട്ട വ്യവസ്ഥയാണ് ഭൂപരിഷ്കരണത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ചരിത്രത്തിലെ ആ സവിശേഷസന്ദർഭത്തിലേക്കു കേരളസമൂഹത്തെ നയിച്ച ജീവിതചലനങ്ങളുടെ ഭൂമികയിൽ നിന്നുകൊണ്ടാണ് എംടി തന്റെ സാഹിത്യവ്യക്തിത്വത്തിന് അംഗീകാരം ലഭിച്ച രചനകൾ നടത്തിയത്.

Content Summary: Article about M. T. Vasudevan Nair by K. S. Ravikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com