കഥ
Mail This Article
"വൈവിധ്യങ്ങളുടെ ഭൂപ്രദേശങ്ങൾ തേടി അലയുന്ന 'ദൂരം' എന്ന കഥയിലെ നന്ദകിഷനെപ്പോലെയാണ് അനൂപിന്റെ കഥകളും. തച്ചുശാസ്ത്രത്തിന്റെ ഉത്തമ മാതൃകയായ വീടും വീടിന്റെ സുഖശീതളിമയും വിട്ടെറിഞ്ഞ് നേരിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴിയെ സഞ്ചരിക്കാനിഷ്ടപ്പെടുന്ന നന്ദകിഷനെപ്പോലെ ഒട്ടു വളരെ കഥാപാത്രങ്ങളെ ഇവിടെ കാണാനാവും. ജീവിതത്തിന്റെ തിര വിഴുങ്ങുന്ന 'പിയാനോ'യിലെ ദീപുവിനെപ്പോലെ പ്രകൃതിയും മനുഷ്യരും ക്രൂരരായ വേട്ടക്കാരാകുമ്പോൾ ദിശയറിയാതെ ഉഴറുന്നവരെയും കാണാം. ദുഃഖത്തിന്റെ സംഗീതം സിരയിൽ നിറച്ച്, ആരെയും പഴിക്കാതെ കാറ്റിന്റെ ഗതിയെ സഞ്ചരിക്കുന്നവരാണ് അനൂപിന്റെ കഥകൾക്കു പ്രിയപ്പെട്ടവർ. അവർക്കു മേലങ്കികളിലോ കിരീടധാരണത്തിലോ തണൽമരങ്ങളിലോ വിശ്വാസമില്ല. ലോകനീതിയുടെ നേർക്ക് ഒരു ഇളംചിരി ചിരിച്ച്, ഒരു ദുർഘടപാതയിലൂടെ കടന്നുപോകുന്ന അനൂപിന്റെതന്നെ പ്രതിരൂപങ്ങളാണ്, അനൂപിന്റെ ഉത്തമപുരുഷൻ."