പ്രതിരോധത്തിലെ കരുത്തന്, മുന്നേറ്റത്തിലെ ചാട്ടുളി: ചാത്തുണ്ണിയുടെ ഫുട്ബോള്‍ ജീവിതം
കറന്റ് ബുക്സ്, തൃശൂര്‍
വില 250 രൂപ
Mail This Article
ഫു്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ടി.കെ. ചാത്തുണ്ണിക്ക് മറക്കാനാകാത്ത ഒരു മത്സരമുണ്ട്. 1972-ലെ സന്തോഷ് ട്രോഫി. വാസ്കോയുടെ താരമെന്ന നിലയില്‍ അന്നു ഗോവ ടീമിന്റെ കളിക്കാരനായിരുന്നു ചാത്തുണ്ണി. മലയാളികള്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയായിരുന്നു അന്നു ഗോവയ്ക്ക്. അത്തവണ കരീടം ഗോവയിലേക്കുതന്നെ എന്നുറപ്പിരുന്നു കളിക്കാരും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ഗോവക്കാരും. ആദ്യമത്സരങ്ങള്‍ അനായാസം ജയിച്ച ടീം സെമിയില്‍. എതിരാളികള്‍ കരുത്തരായ ബംഗാള്‍. ഒന്നാം പാദ സെമി മഡ്ഗാവില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. മത്സരം സമനില.
രണ്ടാം പാദ സെമി വാസ്കോയില്‍. തലേന്നു തന്നെ തര്‍ക്കം തുടങ്ങി. റഫറിയെസംബന്ധിച്ച്. ബംഗാളുകാര്‍ക്ക് ആസ്സാം റഫറിയെ വേണം. ഗോവയ്ക്ക് എതിര്‍പ്പ്. നാട്ടിലേക്ക് കൊല്‍ക്കത്ത വഴി തിരിച്ചുപോകേണ്ട ആസ്സാം റഫറി ഒരിക്കലും ബംഗാളിനെതിരെ നില്‍ക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഒടുവില്‍ മത്സരം തുടങ്ങി. ആദ്യപകുതി ഗോള്‍രഹിതം. ഗോവ ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. പെനല്‍റ്റി അനുവദിക്കേണ്ട അവസരങ്ങള്‍ ഒട്ടേറെ. ആസ്സാം റഫറി കണ്ടഭാവം നടിക്കുന്നില്ല. കളി തീരാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍ പ്രതിരോധനിരയില്‍ നിന്ന് ചാത്തുണ്ണി മുന്നിലേക്കു കയറി. ഒരു റീ ബൗണ്ട് ഗോള്‍ ഷോട്ടാക്കാന്‍ ശ്രമിച്ചെങ്കിലും ബംഗാളുകാര്‍ ചവിട്ടിവീഴ്ത്തി. പെനല്‍റ്റിക്കവേണ്ടി കളിക്കാരും സ്റ്റേഡിയവും ആര്‍ത്തുവിളിച്ചു. റഫറി കണ്ട ഭാവം നടിച്ചില്ല. രണ്ടാം പകുതിയും ഗോള്‍ രഹിതമായതിനെതുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈംമിലേക്ക്. വീണ്ടും സമനില. കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്റ്റേഡിയത്തില്‍ വെളിച്ചം കുറഞ്ഞതിനാല്‍ പെനല്‍റ്റി പിറ്റേന്ന് രാവിലത്തേക്ക് മാറ്റിവച്ചു. കിക്കെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. കിക്ക് നഷ്ടപ്പെട്ടാല്‍ സംഭവിക്കാവുന്ന അപമാനവും പ്രതിഷേധവും തന്നെയായിരുന്നു കാരണം. കിക്കെടുക്കേണ്ടവരില്‍ ഒരാള്‍ ചാത്തുണ്ണിയും. ഉറങ്ങാതെ ആ രാത്രി വെളുപ്പിച്ചു. രാവിലെ കിക്കെടുത്തപ്പോള്‍ ഗോവക്കാര്‍ക്ക് വല കുലുക്കാനായത് രണ്ടുതവണ മാത്രം. ചാത്തുണ്ണിയും നിക്കോളാസ് പെരേരയും ലക്ഷ്യം കണ്ടു. ബംഗാള്‍ ഫൈനലില്‍. തമിഴ്നാടിനെ തോല്‍പിച്ച് അത്തവണ അവര്‍ കിരീടവും സ്വന്തമാക്കി.
അന്നത്തെ നഷ്ടം ഒരു കളിക്കാരനെന്ന നിലയില്‍ ഇന്നും ചാത്തുണ്ണിയുടെ മനസ്സിലുണ്ട്. അന്നൊരു കിരീടം ഗോവക്കാര്‍ മുഴുവന്‍ ആഗ്രഹിച്ചതാണ്. ട്രോഫി നേടിയാല്‍ ഓരോ കളിക്കാരനും ഗോവയില്‍ 10 സെന്റ് ഭൂമി എന്ന വാഗ്ദാനം പോലുമുണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരില്‍നിന്ന് ഫുട്ബോള്‍ പഠിച്ച ഗോവക്കാര്‍ക്ക് ഫുട്ബോള്‍ അന്നുമിന്നും ലഹരിയാണ്. ഓരോ ഗോവക്കാരനും ഒരു ബോള്‍ സ്വന്തം ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍.
കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടു ടി.കെ. ചാത്തുണ്ണിയുടെ ഫുട്ബോള്‍ ജീവിതം. ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും പെരുമയും നേടിയ കളിജീവിതം. അന്ന് നേടാന്‍ കഴിയാതെ പോയ കിരീടങ്ങള്‍ പോലും നേടിയ പരിശീലക ജീവിതം. പ്രതിരോധ നിരയിലെ ധീരനായ പോരാളിയെങ്കിലും മുന്നോട്ടുകയറി കളിക്കാന്‍ മടി കാണിക്കാത്ത ആവേശക്കാരന്‍. ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ പരീശീലക സ്ഥാനത്ത് എത്താന്‍ എല്ലാ യോഗ്യതയുമുണ്ടായിരുന്നെങ്കിലും ആ ഭാഗ്യം കടാക്ഷിക്കാതെപോയ ചാത്തുണ്ണി തന്റെ ജീവിതമെഴുതുകയാണ്- ഫുട്ബോള്‍ മൈ സോള്‍ എന്ന ആത്മകഥയിലൂടെ. ഫുട്ബോള്‍ കമ്പക്കാര്‍ക്കു മാത്രമല്ല, സാധാരണ വായനക്കാര്‍ക്കും രസം പിടിച്ചിരുന്നു വായിക്കാന്‍ ഉജ്വല മുഹൂര്‍ത്തങ്ങളുള്ള മനോഹരമായ പുസ്തകം. കാലത്തിന്റെ ഫ്രെയിമില്‍ ഇന്നും മങ്ങാതെ സൂക്ഷിക്കുന്ന ഒട്ടേറെ ചിത്രങ്ങളും.
English Summary : T.K. Chathunni's Autobiography - Football My Soul