പൊളിക്കാനാവില്ല തമ്രാ; ഈ പുലയത്തറ
മനോരമ ബുക്സ്
വില 220 രൂപ
Mail This Article
ഒരു സമരത്തിന്റെ തുടക്കം സൂചിപ്പിച്ചുകൊണ്ടാണ് പുലയത്തറ എന്ന നോവലിന്റെ ആദ്യ അധ്യായം അവസാനിക്കുന്നത്. കടുത്ത വേദനയില്‍നിന്നുയിര്‍ക്കുന്ന സമരം. അതൊരു പുലയന്റെ വേദനയാണ്. ജീവിതം പൂര്‍ണമായി സമര്‍പ്പിച്ചിട്ടും തമ്പുരാനില്‍നിന്നു തിരിച്ചുകിട്ടാത്ത സ്നേഹത്തെക്കുറിച്ച് കരള്‍ ആന്തിയപ്പോള്‍ തേവന്‍ പുലയനില്‍ ഉയര്‍ന്ന വിമ്മിട്ടം. തേവന്‍ ആ വിമ്മിട്ടം കടിച്ചമര്‍ത്തി; പക്ഷേ വരും തലമുറയിലെ പണിയാളന്‍ അതു നിശ്ശബ്ദമായി സഹിക്കണമെന്നില്ല. അവനതു ചോദ്യം ചെയ്തേക്കാം. അതൊരു സമരമായി മാറാം. മാറുമോ എന്ന ചോദ്യം വായനക്കാര്‍ക്കു നേരെ ഉന്നയിച്ചുകൊണ്ടാണ് പോള്‍ ചിറക്കരോട് ആദ്യ അധ്യായം അവസാനിപ്പിക്കുന്നത്. ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് പുലയത്തറ എന്ന നോവല്‍. അത് അവസാന അധ്യായത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. പാടത്തെ ചെളിയില്‍നിന്ന് ഉറച്ചതും വെളിച്ചം നിറഞ്ഞതുമായ ഉന്നതലോകത്തേക്കുള്ള പ്രയാണത്തിനുള്ള അരങ്ങൊരുക്കിക്കൊണ്ട് ഒരു ‘ യോകം’ നടക്കാന്‍ പോകുന്നു. യോഗസ്ഥലത്തുനിന്ന് മൈക്കിലൂടെ ശബ്ദം ഉയരുന്നു. ശബ്ദം കേട്ട് അന്നക്കിടാത്തിയുടെയും കണ്ടന്‍കോരന്‍ എന്ന തോമായുടെയും മകന്‍ കൈകാലുകള്‍ ഇളക്കി തല്ലിക്കളിക്കുന്നു. പുതു തലമുറ സംസാരിക്കാന്‍ തുടങ്ങുന്നു. ആ സംസാരം ഒരു വ്യക്തിയുടേതല്ല. തനതായി നാഴിമണ്ണ് അവകാശപ്പെടാനില്ലാത്ത പറയന്റേതും പുലയന്റേതും മാത്രമല്ല. അധസ്ഥിത വര്‍ഗത്തിന്റെ ആത്മരോഷത്തില്‍നിന്ന് കിളിര്‍ത്തത്. അതൊരു ചുഴലിക്കാറ്റായി കനത്ത കല്‍ഭിത്തികളില്‍പ്പോലും ചുറ്റിയടിക്കുന്നു. അതിന്റെ പ്രത്യാഘാതത്തില്‍ എന്തെല്ലാമാണു തകര്‍ന്നടിയാന്‍ പോകുന്നത് എന്ന മുന്നറിയിപ്പാണ് പുലയത്തറ എന്ന തമസ്കരിക്കപ്പട്ട നോവലിന്റെ ഇതിവൃത്തം. അരനൂറ്റാണ്ടിനു മുമ്പ് ( 57 വര്‍ഷം മുമ്പ് ) പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും നാളിതുവരെ അര്‍ഹമായ അംഗീകാരവും ആദരവും ലഭിക്കാതെ പോയ നോവല്‍.
സാഹിത്യമേന്‍മ അവകാശപ്പെടാവുന്ന കൃതികള്‍ക്കൊപ്പം പ്രചാരണ സാഹിത്യം മാത്രമായ കൃതികളും മലയാളത്തില്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. വലിയ എഴുത്തുകാരുടെ നിലവാരം കുറഞ്ഞ കൃതികള്‍ പോലും അര്‍ഹിക്കുന്നതിലും വലിയ അംഗീകാരത്തിനു പാത്രമായിട്ടുമുണ്ട്. എന്നിട്ടും പുലയത്തറ അവഗണിക്കപ്പെട്ടു. അതും ക്രൂരമായി. മാപ്പര്‍ഹിക്കാത്ത തെറ്റായി. ഇപ്പോള്‍ തെറ്റ് തിരുത്തപ്പെടുകയാണ്. കാലത്തിന്റെ ഇരുട്ടില്‍നിന്ന് അധസ്ഥിതന്റെ പോരാട്ടത്തിന്റെ തീക്കനല്‍ ചൂടുള്ള നോവല്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു. ഈ കാലത്തിനും വരും കാലത്തിനും വേണ്ടി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് നോവലിന്റെ ഇംഗ്ളിഷ് പരിഭാഷയും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അരനൂറ്റാണ്ടിനുശേഷം മുഖ്യധാര സാഹിത്യം പുലയത്തറയെ ഏറ്റെടുക്കുകയാണ്. മലയാളത്തിലെ മികച്ച നോവലുകളില്‍ ഒന്നെന്ന നിലയിലും സാമൂഹിക പ്രസക്തിയുടെയും ചരിത്രബോധത്തിന്റെയും പേരിലും.
ടി.കെ.സി.വടുതലയുടെ 1960-ല്‍ പ്രസിദ്ധീകരിച്ച കറ്റയും കൊയ്ത്തുമാണ് മലയാളത്തിലെ ആദ്യത്തെ ദലിത് നോവലായി പരിഗണിക്കപ്പെടുന്നത്. രണ്ടു വര്‍ഷത്തിനുശേഷം പ്രസിദ്ധീകരിച്ച പുലയത്തറ രണ്ടാമത്തെ ദലിത് നോവലും. അതിനും നാലു വര്‍ഷം മുമ്പ് 1958-ല്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ദലിത് എന്ന പദം തന്നെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്.
കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രവാക്യം ഉറക്കെ വിളിച്ച തകഴിയുടെ രണ്ടിടങ്ങഴി 1949-ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടിടങ്ങഴി അന്നുമിന്നും പ്രധാനപ്പെട്ട കൃതിയുമാണ്. പക്ഷേ, ദലിത് എന്ന മുദ്ര ചാര്‍ത്തപ്പെട്ട കറ്റയും കൊയ്ത്തും പുലയത്തറയുമെല്ലാം അവഗണിക്കപ്പെടുകയും മുഖ്യധാരയില്‍നിന്നു പുറംതള്ളപ്പെടുകയും ചെയ്തു. യഥാര്‍ഥത്തില്‍ അത്ര വലിയ അവഗണനയ്ക്ക് അര്‍ഹമായ നോവലല്ല പുലയത്തറ എന്നു കാണാം. പ്രത്യേകിച്ചും കയറിക്കിടക്കാന്‍ ഒരു കൂരയ്ക്കുവേണ്ടിയും ഒരു നേരത്തെ വയറു നിറയ്ക്കാനും മതം മാറിയും മാറാതെയും ജീവിത സമരം നടത്തുന്ന നിഷ്കളങ്കരായ ഒരു ജനവിഭാഗത്തിന്റെ കഥയെന്ന നിലയില്‍. ചൂഷണം ചെയ്യപ്പെട്ടിട്ടും അതു മനസ്സിലാക്കാതെ തങ്ങളുടെ വിധിയെ ഏറ്റുവാങ്ങിയ, അടിമത്വത്തിന്റെ നുകത്തിലേക്ക് വീണ്ടും വീണ്ടും ജീവിതം സമര്‍പ്പിച്ചു സംതൃപ്തി കണ്ടെത്താന്‍ ശ്രമിച്ച ഒരു വിഭാഗത്തിന്റെ കഥയെന്ന നിലയില്‍. അടിച്ചമര്‍ത്തലിന്റെ അവസാനത്തില്‍ അവര്‍ സമുദായ നീതിയെ ധീരമായി ചോദ്യം ചെയ്യുന്നതിന്റെ വീരചരിതമാണ് പുലയത്തറ. സവര്‍ണ മേധാവികള്‍ കെട്ടിപ്പടുത്ത് ഈശ്വരന്റെ മേല്‍വിലാസത്തില്‍ സമുദായത്തില്‍ നടപ്പിലാക്കിയ നീതിയെ ചോദ്യം ചെയ്യുന്ന നോവല്‍.
തിരുവല്ലയ്ക്കു സമീപം മാരാമണ്‍ എന്ന ഗ്രാമത്തില്‍ ജനിച്ച പോള്‍ ചിറക്കരോട് തനിക്കറിയാവുന്ന, താന്‍ കണ്ട ജീവിതം ആഴത്തില്‍ പഠിച്ചും മനസ്സിലാക്കിയും അന്യാദൃശമായ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയായിരുന്നു നോവലില്‍. തിരുവല്ലയ്ക്കു സമീപമുള്ള മല്ലപ്പള്ളിയില്‍ വച്ചാണ് ആദ്യമായാണ് ഒരു പുലയനെ ജ്ഞാനസ്നാനം ചെയ്യിച്ചത്. തിരുവല്ലയില്‍ തന്നെ കിഴക്ക് പുല്ലാട്ട് സര്‍ക്കാര്‍ സ്കൂളില്‍ ഏതാണ്ട് ഇതേ കാലത്ത് ഹരിജന്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച ചരിത്ര സംഭവവും നടന്നിരുന്നു. എന്നാണ് അന്നേ ദിവസം രാത്രി തന്നെ സ്കൂള്‍ അഗ്നിക്കിരയാക്കി. ഈ സംഭവങ്ങളുടെയെല്ലാം തീച്ചൂടും പുകയും ഏറ്റുവാങ്ങിയാണ് ചിറക്കരോട് നോവല്‍ എഴുതുന്നത്. അന്നദ്ദേഹം യുവാവാണ്. ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ തന്നെ ആദ്യ നോവലെഴുതിയ പോള്‍ തനിക്കഷ്ടപ്പെട്ട മാധ്യമത്തില്‍ തനിക്കടുത്തറിയാവുന്ന ജീവിതം ഭാവനാശക്തിയോടെ അവതരിപ്പിക്കുകയായിരുന്നു. ഒരു പക്ഷത്തും നിലയുറപ്പിക്കാത്ത നിഷ്പക്ഷ സമീപനത്തിനു പകരം തന്റെ അഭിപ്രായങ്ങളും ന്യായീകരണങ്ങളും ആവശ്യത്തിനു വിശദീകരണവുമൊക്കെ ഉള്‍പ്പെടുത്തിയാണ് നോവല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അന്നുമിന്നും നടുക്കടലില്‍ പെട്ടതുപോലുള്ള അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്ന ഒരു ജനവിഭാഗത്തിനു നേരിടേണ്ടിവന്ന അതേ ദുര്‍വിധി തന്നെ നോവലിനെയും വേട്ടയാടി. പുരസ്കാരങ്ങളോ പ്രശംസയോ ലഭിച്ചില്ലെന്നു മാത്രമല്ല, നോവലിനെ കണ്ടില്ലെന്നു നടിക്കാന്‍പോലുമുള്ള സംഘടിത ശ്രമങ്ങള്‍ അഞ്ചു പതിറ്റാണ്ടായി തുടരുകയും ചെയ്യുന്നു. പുതിയ തലമുറയ്ക്കുവേണ്ടി മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുലയത്തറയുടെ ആമുഖത്തില്‍ എം.ആര്‍.രേണുകുമാര്‍ ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്. എഴുത്തുകാരുടെ സാമൂഹിക സത്വം അടിസ്ഥാനമാക്കി കൃതികളെ വിലയിരുത്തുന്ന സവര്‍ണ മനോഭാവത്തെക്കുറിച്ച്. ഇന്നും ദലിത് എന്ന വിശേഷണം പുലയത്തറയ്ക്ക് ഒരു ബാധ്യത ആകുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചൊരു വിശേഷണവുമില്ലാതെ തന്നെ ആസ്വദിക്കാവുന്നതാണ് നോവല്‍. മലയാളിയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗവുമാണ് നോവല്‍. എന്നിട്ടും ഇഷ്ടമില്ലാത്ത സത്യങ്ങളെ വര്‍ഗീകരിച്ച് പുറംതള്ളുന്ന മുഖ്യധാര കാഴ്ചപ്പാട് പുലയത്തറയെ വിസമരിക്കാന്‍ ശ്രമിക്കുന്നു.
മലയാളത്തില്‍ മറ്റൊരു നോവലിലും കാണാത്തത്ര ചോദ്യങ്ങള്‍ ഉന്നയിക്കുന്ന നോവലാണ് പുലയത്തറ. മിക്ക അധ്യായങ്ങളും അവസാനിക്കുന്നത് ചോദ്യങ്ങളില്‍. പല അധ്യായങ്ങളിലുമുണ്ട് ഒട്ടേറെ ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ നോവലില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവ കണ്ടെടുക്കേണ്ട ഉത്തരവാദിത്തം വായനക്കാരന്റേതാണെന്നു മാത്രം. നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലത്തെ സമൂഹം പുലയത്തറയിലെ ചോദ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. ഉത്തരങ്ങള്‍ കണ്ടെത്തേണ്ട ബാധ്യതയില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറി. 57 വര്‍ഷത്തിനുശേഷം പുതു തലമുറയിലേക്ക് പുലയത്തറ വീണ്ടും എത്തുകയാണ്. അക്ഷരങ്ങളിലൂടെ അഗ്നി പകര്‍ന്ന, നോവലെന്ന മാധ്യമത്തിലൂടെ താന്‍ ജനിച്ച ജനവിഭാഗത്തിന്റെ പൊള്ളുന്ന സത്യം പൊള്ളുന്ന വാക്കുകളില്‍ പകര്‍ത്തിയ ഒരു എഴുത്തുകാരന്റെ വീണ്ടെടുപ്പ് കൂടിയാണിത്. അവഗണനയുടെ ക്രൂരചരിത്രത്തെ പിന്നിലാക്കി പുതു തലമുറയെങ്കിലും പുലയത്തറയെ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെ ഒരു തെറ്റു തിരുത്തുകയും ചരിത്രത്തോടുള്ള കടം വീട്ടുകയും.
English Summary: Pulayathara- Novel by Paul Chirakkarode