ദൈവത്തിന്റെ പ്രവചനത്തോടുള്ള കായേന്റെ അപ്രതീക്ഷിത പ്രതികരണം; ദൈവം അതിനും മറുപടി പറഞ്ഞു , പക്ഷേ...
Mail This Article
കായേന്‍
ഷൂസെ സരമാഗു
വിവര്‍ത്തനം: അയ്മനം ജോണ്‍
ഡിസി ബുക്സ്
വില 175 രൂപ
കായേന്‍ ദൈവത്തോടു പറഞ്ഞു: നിനക്കെന്നെ കൊല്ലാം..
ദൈവം മറുപടി പറഞ്ഞു: ഇല്ല. എനിക്കത് കഴിയുകയില്ല. ദൈവവചനം പിന്നോട്ടെടുക്കാവുന്നതല്ല. ഊഷരമായ ഭൂമിയില്‍ നീ നിന്റെ തനതായ മരണത്തെ നേരിടും. നിന്റെ മാംസം കഴുകന്‍മാര്‍ കൊത്തിവലിക്കും’
ദൈവത്തിന്റെ പ്രവചനത്തോടുള്ള കായേന്റെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു; ദൈവത്തിനു പോലും.
‘ആവട്ടെ. ഒരിക്കല്‍ നീയെന്റെ ആത്മാവിനെ കൊത്തിവലിച്ചല്ലോ!’
ദൈവം അതിനും മറുപടി പറഞ്ഞു. എന്നാല്‍ അതാരും കേട്ടില്ല. കായേനും വീണ്ടും സംസാരിച്ചു. അതും ആരുടെയും ചെവിയിലെത്തിയില്ല. അവരുടെ വാഗ്വാദം തുടര്‍ന്നു. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ദൈവത്തിന്റെ നീതിബോധവും മനുഷ്യന്റെ നീതിബോധവും തമ്മിലുള്ള ഏറ്റുമുട്ടല്‍. ആ വാഗ്വാദത്തിന്റെ ചരിത്രം മനുഷ്യന്റെ ചരിത്രമാണ്. ജീവന്റെ കഥയാണ്. അതുതന്നെയാണ് സരമാഗുവിന്റെ കായേന്‍ എന്ന നോവല്‍. കഥാകൃത്ത് അയ്മനം ജോണിന്റെ വ്യത്യസ്തമായ പരിഭാഷയും.
ദ് ഗോസ്പല്‍ അക്കോര്‍ഡിങ് ടു ജീസസ് ക്രൈസ്റ്റ് ഉള്‍പ്പെടെയുള്ള നോവലുകളിലൂടെ പ്രശസ്തനാണ് പോര്‍ച്ചുഗീസ് എഴുത്തുകാരനായ സരമാഗു. 1998 ല്‍ നൊബേല്‍ സമ്മാനം നേടിയ സര്‍ഗ്ഗപ്രതിഭ. ശൈലിയുടെ പ്രത്യേകതയാല്‍, ഭാഷയുടെ ഒഴുക്കില്‍, പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ലോകത്തെ ചിന്തിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ നോവലാണ് കായേന്‍.
ദൈവവും കായേനും തമ്മില്‍ നടത്തുന്ന അവസാനിക്കാത്ത വാഗ്വാദമാണ് കായേന്‍ എന്ന നോവല്‍. ദൈവശാപം ഏറ്റുവാങ്ങിയ വ്യക്തി ദൈവത്തെ ചോദ്യം ചെയ്യുന്നതാണ് ഈ കൃതിയുടെ സൗന്ദര്യം. നീതിബോധത്തില്‍ ദൈവത്തെ അടിയറവു പറയിക്കാന്‍ കഴിഞ്ഞതാണ് കായേന്റെ വിജയം.
കായേന്റെ ജനനത്തിനും മുന്‍പേ തുടങ്ങിയിരുന്നു ഭൂമിയിലെ സ്ത്രീപുരുഷ കലഹം എന്നു സരമാഗു പറയുന്നു. ദൈവത്തിനു മുന്‍കൂട്ടി ചിന്തിക്കാനാവുന്നതിനും മുന്നേ. ആ കലഹത്തില്‍ നിന്നാണ് കായേന്റെ ചരിത്രവും തുടങ്ങുന്നതെന്ന് സരമാഗു സമർഥിക്കുന്നു; അദ്ദേഹത്തിന്റേതായ യുക്തിയില്‍. അതിനു ബൈബിളുമായി ബന്ധമില്ല. അതൊരു വിമത ബൈബിള്‍ തന്നെയാകുന്നു. വിശ്വാസത്തില്‍നിന്നു വ്യത്യസ്തമായ, എന്നാല്‍ ചിന്തിക്കേണ്ട ഒരാശയം.
ഏദന്‍ തോട്ടത്തിനു കാവല്‍ നില്‍ക്കുന്ന മാലാഖയെ പ്രലോഭിപ്പിച്ച ഹവ്വയുടെ തന്ത്രം. മാലാഖയെക്കൊണ്ട് തോട്ടത്തില്‍നിന്നു പഴങ്ങള്‍ കൈവശമാക്കിയ സൂത്രം. ആ പഴങ്ങളുമായെത്തിയപ്പോള്‍ ആദത്തോടു കള്ളം പറഞ്ഞത്. അതായിരുന്നത്രേ ആദ്യത്തെ സ്ത്രീ-പുരുഷ കലഹം.
നീയവന് എന്തെങ്കിലും പകരമായി കൊടുത്തിരുന്നോ- ആദം ചോദിച്ചു.
എന്തോന്ന് ? ആര്‍ക്ക് ? ഹവ്വ ചോദ്യത്തില്‍നിന്നുതന്നെ ഒഴിഞ്ഞുമാറി; അവന്റെ ചോദ്യത്തിന്റെ വ്യംഗ്യം മനസ്സിലായെങ്കിലും ഇല്ലെന്നു നടിച്ചു. കൂടുതല്‍ എന്തെങ്കിലും വിശദീകരിക്കേണ്ടതില്ലെന്നും ഹവ്വ തീരുമാനിച്ചു. അതിനുശേഷം അവരുടെ .യാത്ര തുടങ്ങി. ഭൂമിയുടെ നാനാ ദിക്കുകളിലേക്ക്. മനുഷ്യകുലത്തിന്റെ ആദിമമായ മഹായാനം.
സരമാഗുവിന്റെ കായേനും സഹോദരന്റെ കൊലപാതകി തന്നെയാണ്. എന്നാല്‍ ആ ക്രൂരതയ്ക്ക് അതിന്റേതായ യുക്തിയും അയാള്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ദൈവത്തിനും കഴിയുന്നുമില്ല. ഒടുവില്‍ ദൈവം തന്റെ നിസ്സഹായത വെളിപ്പെടുത്തുന്നു:
‘നിങ്ങളൊക്കെ വിചാരിക്കുന്നതുപോലെ അത്രയെളുപ്പമൊന്നുമല്ല ഒരു ദൈവത്തിന്റെ ജീവിതം. മനുഷ്യന്‍ നിരൂപിക്കുംപടി ഒരു ദൈവത്തിന് എനിക്കിത് വേണെന്നോ എനിക്കിതു കഴിയുമെന്നോ ഞാന്‍ കല്‍പിക്കുന്നുവെന്നോ വെറുതെയങ്ങ് പറയാനാവില്ല. അവനു വേണ്ടതെന്തെന്നാല്‍ അത് അവനെപ്പോഴും അങ്ങനെയങ്ങു ലഭിക്കുന്നുതുമില്ല.’
കായേനും നിസ്സഹായനാണ്. അവന്റെ വിധിയുടെ ക്രൂരതയില്‍ കുടുങ്ങിപ്പോയവന്‍. ദൈവമോ? ദൈവത്തെ ചങ്ങലയ്ക്കിട്ടതാര്?. ഉത്തരങ്ങള്‍ തേടുകയാണ് കായേനില്‍ സരമാഗു. നീതിബോധത്തിന്റെ നിലയ്ക്കാത്ത ചര്‍ച്ചയില്‍ അദ്ദേഹം വായനക്കാരെയും കൂടെക്കൂട്ടുന്നു.
English Summary : Kayen Book By Jose Saramago Translated By Aymanam John