ADVERTISEMENT

ആരാലും ആലിംഗനം ചെയ്യപ്പെടാത്ത രണ്ടു പേര്‍. അച്ഛനില്ലാത്ത മകനും  മകനില്ലാത്ത അച്ഛനും. ഇല്ല എന്നതിനേക്കാള്‍ പരസ്പരം അറിയുന്നില്ല എന്നതാണ് അവരുടെ ദുരന്തം. അച്ഛന്‍ ജീവിച്ചിരിക്കുന്നു; മകനും. ചിലപ്പോള്‍ വളരെ അടുത്ത്. ചിലപ്പോള്‍ ദുരദേശങ്ങളില്‍. അവര്‍ കൂടിക്കാണുന്നുമുണ്ടായിരിക്കണം; അറിയാതെ, മനസ്സിലാക്കാതെ. അവരുടെ സൗഹൃദത്തെ എന്തു വിളിക്കണം. അവരുടെ പകയെ എങ്ങനെ വിശേഷിപ്പിക്കണം. അവര്‍ പരസ്പരം കൊലപാതകികളായാല്‍...

ഞെട്ടിപ്പിക്കുന്ന ഈ ചിന്തയില്‍ നിന്നാണ് ലോകപ്രശസ്ത തുര്‍ക്കി എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുക്കിന്റെ പുതിയ നോവലിന്റെ ജനനം. ചുവന്ന മുടിയുള്ള സുന്ദരി. ചുവപ്പാണെന്റെ പേര് എന്ന നോവലിനു ശേഷം വീണ്ടും ആ നിറത്തോടുള്ള പ്രതിപത്തിയും ആസക്തിയും പ്രകടമാക്കുന്ന നോവല്‍. 

എഴുത്തുകാരനാകാന്‍ ആഗ്രഹിച്ച ചെം എന്ന ചെറുപ്പക്കാരന്‍ മികച്ചൊരു വായനക്കാരനായാണു വളര്‍ന്നത്. അമ്മയെ ഉപേക്ഷിച്ച അച്ഛന്‍ അയാളുടെ മനസ്സില്‍ സൃഷ്ടിച്ചത് ഒടുങ്ങാത്ത വെറുപ്പ്. അച്ഛന്റെ അസാന്നിധ്യത്തില്‍ പഠിക്കാനുള്ള പണം കണ്ടെത്താന്‍ കിണറു പണിക്കാരന്റെ ഒപ്പം കൂടേണ്ടിവന്നു ചെമ്മിനു കൗമാരത്തില്‍. മഹ്മൂദ് യജമാനനൊപ്പം. അയാള്‍ ചെമ്മിന് അച്ഛനെപ്പോലെയായിരുന്നു; അഥവാ അച്ഛന്‍ തന്നെയായിരുന്നു. ആഴത്തില്‍ നിന്നു വെള്ളം കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിനിടെ മഹ്മൂദിനെ ഉപേക്ഷിച്ചുപോകേണ്ടിവന്നു ചെമ്മിന്. മരണത്തിനു തന്നെ കാരണമായേക്കുന്ന സാഹചര്യങ്ങളില്‍ തള്ളിയിട്ടിട്ട്. പിന്നീടുള്ള ദിവസങ്ങളിലും നിമിഷങ്ങളിലും അയാളെ ആ ചിന്ത വേട്ടയാടിക്കൊണ്ടിരുന്നു. താന്‍ കിണറിന്റെ ആഴത്തില്‍ ഉപേക്ഷിച്ച യജമാനന്റെ നിലവിളി. അച്ഛനെപ്പോലെ തന്നെ സ്നേഹിച്ച മനുഷ്യന്റെ കൊലപാതകത്തിനു കാരണക്കാരനായോ എന്ന ചിന്ത. ആരോടും പറയാതെ. എന്നാല്‍ എല്ലാ നിമിഷവും അതേക്കുറിച്ചു തന്നെ ആലോചിച്ച് ചെം വളരുകയാണ്. വിജയം വരിച്ച കെട്ടിട കോണ്‍ട്രാക്ടറായി. 

ഒരു വേനല്‍ക്കാലത്ത് പുസ്തകക്കടയില്‍ ജോലി ചെയ്യുമ്പോള്‍ വായിച്ച പുസ്തകത്തിലെ ഒരു അധ്യായവും ചെമ്മിന്റെ മനസ്സിലുണ്ട്. സ്വപ്നത്തെക്കുറിച്ചാണ് ആ പുസ്തകം. എഴുത്തുകാരനാകുക എന്ന സ്വപ്നം പങ്കുവയ്ക്കുന്ന പുസ്തകം. 

ഇതിനിടെ ഈഡിപ്പസിന്റെ കഥ ചെമ്മിന് ഒഴിയാബാധയാകുന്നു. മറ്റു ചില കഥകളും. സുഹറാബിന്റെ കഥ. ഏബ്രഹാമിന്റെ കഥ. രുസ്തത്തിന്റെ കഥ. പിതാവിന്റെ കൊലപാതകികളാകേണ്ടി വന്ന മക്കളുടെ കഥ. അമ്മയുടെ കൂടെ ശയിക്കേണ്ടിവന്ന മക്കളുടെ കഥ. തെറ്റു മനസ്സിലായപ്പോള്‍ കണ്ണു കുത്തിപ്പൊട്ടിച്ച് വന്യതയിലേക്ക് ഇറങ്ങിനടന്ന പശ്ചാത്താപത്തിന്റെ അവസാനമില്ലാത്ത കഥകള്‍. 

ചെമ്മും ഒരര്‍ഥത്തില്‍ നയിക്കുന്നത് ഈഡിപ്പസിന്റെ ജീവിതം. പിതാവിനെ കൊന്നില്ലെങ്കിലും ആ നിലയ്ക്ക് കാണേണ്ടിയിരുന്ന വ്യക്തിയെ മരണത്തിലേക്കു തള്ളിയിട്ടു. കൗമാരത്തിലെ ആദ്യത്തെ ലൈംഗികാനുഭവത്തില്‍ പങ്കാളിയായത് അച്ഛന്റെ കാമുകിയും. ഭാവിയില്‍ പ്രശസ്തനായപ്പോള്‍ ഇരുവരെയും വീണ്ടും ചെമ്മിനു കാണേണ്ടിവന്നു. അതയാളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു. 

ഈഡിപ്പസിന്റെ കഥയുടെ പുനരാവിഷ്ക്കാരമല്ല പാമുക്കിന്റെ നോവല്‍. വ്യാഖാനമോ വിശദീകരണമോ ഇല്ല. ഈഡിപ്പസ് കോംപ്ലക്സിന്റെ മനഃശാസ്ത വിശകലനവുമല്ല. പ്രണയത്തിന്റെയും മരണത്തിന്റെയും സ്വപ്നങ്ങളുടെയും കഥയാണ്. പ്രണയത്തില്‍ അനിവാര്യമായും വേര്‍പാടുണ്ട്. മരണത്തില്‍ പുനര്‍ജന്‍മത്തിന്റെ പ്രതീക്ഷ. സ്വപ്നത്തില്‍ തകര്‍ച്ചയുടെ വേദനയും. 

തുര്‍ക്കിയുടെ ചരിത്രത്തില്‍ ആഴത്തില്‍ വേരുകളുള്ളതാണ് പാമുക്കിന്റെ എല്ലാ സൃഷ്ടികളും. ചരിത്രത്തില്‍ മാത്രമല്ല വര്‍ത്തമാനത്തിലും. ചിലപ്പോഴെങ്കിലും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ശുഭപ്രതീക്ഷകളും കൂടി പാമുക്കിന്റെ സൃഷ്ടികളുടെ ഭാഗമാണ്. ചുവന്ന മുടിയുള്ള സുന്ദരിയും വ്യത്യസ്തമല്ല. 

പ്രണയ കഥയിലെ നായികയായ ചുവന്ന മുടിക്കാരിയുടെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണോ പാമുക്കിന്റെ നോവല്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. ആരോ എവിടെയോ അങ്ങനെയൊരു നോവല്‍ എഴുതുന്നുണ്ട് എന്നതുമാത്രമാണ് സത്യം. ആരാണ്, എവിടെയാണ് എഴുതുന്നത്. അതിനും മുന്‍പ് എന്താണ് ആ സുന്ദരി പറഞ്ഞതെന്ന് അറിയണം; കൊലപാതകത്തിനു കഠിന ശിക്ഷ അനുഭവിക്കുന്ന ജയിലില്‍ കിടക്കുന്ന മകനോട്. 

നീ നോവല്‍ എഴുതാന്‍ പോകുന്നു എന്നറിഞ്ഞതില്‍ വലിയ സന്തോഷം, എന്റെ പൊന്നുമോനേ. ചുവന്ന മുടിക്കാരിയാകണം പുറംചട്ടയില്‍. നോവലില്‍ എവിടെയങ്കിലും നിനക്ക് കുറച്ച് ഇടം കിട്ടും, ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന നിന്റെ അമ്മയെക്കുറിച്ചെഴുതാന്‍. നിന്റെ നോവല്‍ ഒരേ സമയം സത്യസന്ധവും ഐതിഹാസികവുമാകണം. സംഭവകഥ പോലെ വിശ്വസനീയവും പുരാണകഥ പോലെ പരിചിതവുമാകണം. മറക്കരുത്, എഴുത്തുകാരനാകണം എന്നാണ് നിന്റെ അച്ഛന്‍ ആഗ്രഹിച്ചത്.

English Summary : The Red-Haired Woman Novel by Orhan Pamuk

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com