പെൻഗ്വിൻ വേഷത്തിൽ വന്ന ആ അപരിചിതനാര്?
മാതൃഭൂമി ബുക്സ്
വില: 190
Mail This Article
കുറ്റാന്വേഷണ നോവൽ സാഹിത്യം ഒരിടവേളയ്ക്ക് ശേഷം അതിന്റെ ഊർജം വീണ്ടെടുത്തിരിക്കുന്നു. പുതിയ എഴുത്തുകാർ പുസ്തകങ്ങളുമായി രംഗത്തുണ്ട്, മുൻ നിര പ്രസാധകർ ക്രൈം ഫിക്ഷൻ പുസ്തകങ്ങൾക്ക് വേണ്ടി മത്സരം നടത്തുന്നു. പഴയ എഴുത്തുകാരുടെ പഴയ പുസ്തകങ്ങൾ അന്വേഷിച്ച് വായനക്കാർ ഇറങ്ങിത്തുടങ്ങി. അതുകൊണ്ട് തന്നെ അതിന് റീ പ്രിന്റുകൾ ഉണ്ടാകുന്നു. അൻവർ അബ്ദുല്ലയുടെയും ജെയിംസ് ഹാർഡ്ലി ചേസിന്റെയും പുസ്തകങ്ങൾക്കൊപ്പം പുറത്തിറങ്ങിയ ഒരു റീ പ്രിന്റ് ആണ് വെളൂർ പി.കെ. രാമചന്ദ്രന്റെ മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പെൻഗ്വിൻ’ എന്ന നോവൽ.
നീലകണ്ഠൻ പരമാരയുടെ പുസ്തകങ്ങൾ അന്വേഷിച്ചു നടക്കുന്ന അലിയുടെ ഒപ്പമാണ് പല വായനക്കാരും കുറ്റാന്വേഷണ പുസ്തകങ്ങളുടെ പൊടി പിടിച്ച ഷെൽഫുകളിലേയ്ക്ക് ചെന്നത്. അജയ് പി മാങ്ങാട്ട് എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ നായകൻ അലി പരമാരയുടെ ക്രൈം ഫിക്ഷൻ പുസ്തകത്തിന്റെ മാനുസ്ക്രിപ്റ്റ് തിരയുന്നുണ്ട്, ആ നോവൽ പുറത്തിറങ്ങിയ ശേഷം പരമാരയുടെ പുസ്തകങ്ങൾ അന്വേഷിച്ചു കണ്ടെത്തിയ ഒരു സുഹൃത്തുണ്ട്. അസ്‌കർ അലി. തൃശൂർ സാഹിത്യ അക്കാദമിയുടെ വായനശാലയിൽ നിന്ന് പകുതിയിലേറെ നഷ്ടമായ പരമാരയെ അസ്‌കർ കണ്ടെത്തുകയുണ്ടായി. നിരന്തരം അലിയെപ്പോലെ ഉള്ള വായനക്കാർ ഇത്തരം വായനയ്ക്ക് പിന്നാലെയുണ്ട്.
ഒരു കാലത്ത് നിരവധി അപസർപ്പക നോവലുകൾ എഴുതിയ നോവലിസ്റ്റാണ് വേളൂർ പി കെ രാമചന്ദ്രൻ. പെൻഗ്വിൻ, അദ്ദേഹം എഴുതിയ ആദ്യത്തെ കുറ്റാന്വേഷണ നോവൽ ആണ്. 1970 ലാണ് ഈ നോവൽ ആദ്യമായി മനോരമയിലൂടെ വായനക്കാരിലേയ്ക്ക് എത്തുന്നത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം അപസർപ്പക വായനക്കാരുടെ ആർത്തി പിടിച്ച വായനയിലേക്ക് അദ്ദേഹവും മടങ്ങിയെത്തിയിരിക്കുന്നു.
ഭോലാ പ്രസാദ് എന്ന റെയിൽവേ പോർട്ടർ ഒരു രാത്രിയിൽ ഭീകരമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയാകുന്നു. അതോടെ ആയാളും അയാളുടെ സഹപ്രവർത്തകൻ രവീന്ദ്രനും അപ്രത്യക്ഷരായി. അവർ എങ്ങോട്ടാണ് മറഞ്ഞു പോയത്? അടുത്ത ദിവസം അവരെ തിരഞ്ഞെത്തിയവർ കണ്ടത് ഭോലയുടെ വീട്ടിൽ ബലാത്സംഗം ചെയ്യപ്പെട്ടു മരിച്ചു കിടക്കുന്ന ഉഷ എന്ന സ്ത്രീയെ ആണ്. ആരാണ് ആ സ്ത്രീ? ഭോല എവിടേയ്ക്കാണ് മറഞ്ഞത്? ഇത്തരം നിഗൂഢമായ സാഹചര്യത്തിൽ ദൃശ്യമാകുന്ന ഒരു രൂപമുണ്ട് ഭീകരനായ ഒരു പെൻഗ്വിൻ. ആരാണ് ആ വേഷത്തിനുള്ളിൽ ഉണ്ടായിരുന്നത് എന്ന അന്വേഷണം ആണ് നോവൽ.
ഭോലയുടെ അപ്രത്യക്ഷമാകൽ അന്വേഷിക്കാൻ വേണ്ടിയാണ് ഡിറ്റക്റ്റീവ് ബാലചന്ദ്രൻ എത്തുന്നത്. സ്വന്തം ജീവൻ സാഹസികമായ പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെടും എന്നുറപ്പായിട്ടും പെൻഗ്വിൻന്റെ ഭീകര കോട്ടയിൽ അയാൾ എത്തിപ്പെടുന്നു. വേഷം മാറി അവരിലൊരാളായി അയാൾ എത്തിയിട്ടും അയാളെ ബോസ്സ് കണ്ടെത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ എല്ലാവരിൽ നിന്നും രക്ഷപെട്ട ബാലചന്ദ്രൻ വീണ്ടും ആ സാങ്കേതത്തിൽ തിരികെയെത്തുന്നു. പിന്നെയങ്ങോട്ട് അയാളുടെ ബുദ്ധിപരവും കായികവുമായ നീക്കങ്ങളാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്.
ആരാണ് പെൻഗ്വിൻ, ആരാണ് അയാളുടെ സഹകാരിയായ ബോസ്സ് എന്നതൊക്കെ നോവലിന്റെ ഏറ്റവുമൊടുവിൽ മാത്രമാണ് മറ നീക്കി പുറത്ത് വരുന്നത്. അവിടെ പോലീസ് ചീഫിനൊപ്പം വായനക്കാരനും ഞെട്ടുന്നു. പഴയ കാലത്തിൽ എഴുതപ്പെട്ട ഏതൊരു അപസർപ്പക കഥയും പോലെ സാഹസികതയും കർമ്മ ധീരതയും ഉള്ള നായകൻ ആണ് നോവലിന്റെ മുഖ്യ കേന്ദ്രം. അയാൾ മിടുക്കനും ബുദ്ധിമാനുമാണ്. ജീവൻ നഷ്ടപ്പെടുത്താൻ പോലും മടിയില്ലാത്ത തരം അന്വേഷകൻ. അത്തരം അപസർപ്പക വായനകളെ പ്രണയിക്കുന്നവർക്ക് രസകരമായ അനുഭവമാണ് ഈ നോവൽ.
English Summary: Penguin Malayalam Novel By Veloor PK Ramachandran