മരണ വഴിയില്‍ വെളിച്ചം വിതറുന്ന കഥകള്‍
സൈകതം ബുക്സ്
വില 170
Mail This Article
ദൈവമേ, നാം കാണുന്നതൊന്നുമല്ലല്ലോ ലോകം എന്നു പരിഭവിക്കുന്ന ഒരു കഥാപാത്രമുണ്ട് രാജീവ് ശിവശങ്കറിന്റെ മരണവാരിധി എന്ന നോവലെറ്റില്‍. അപ്രതീക്ഷിതമായി ലഭിച്ച ഒഴിവുദിവസത്തില്‍ ആദ്യമായി കാണുന്ന മനുഷ്യരുടെ ജീവിതം അവരെ പിന്തുടര്‍ന്നു സങ്കല്‍പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുമ്പോഴാണ് ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അതിശയം മരണവാരിധിയിലെ കഥാപാത്രത്തില്‍ നിന്നു പറത്തുവരുന്നത്.
ചിലരുടെ ജീവിതം എത്ര അസംബന്ധം നിറഞ്ഞ തിരക്കഥ കൊണ്ടാണ് ദൈവം ചമച്ചിരിക്കുന്നതെന്ന് ജാലകക്കാഴ്ചകള്‍ എന്ന നോവലെറ്റില്‍ അതിശയിക്കുന്നത് വനിതാ പൊലീസ് ഓഫിസറാണ്. എന്നാല്‍ അതേ അതിശയം വായനക്കാരും പങ്കുവയ്ക്കും രാജീവിന്റെ ഏറ്റവും പുതിയ നോവലെറ്റുകളിലൂടെ കടന്നുപോകുമ്പോള്‍. ജീവിതത്തിന്റെ അനന്തവൈചിത്ര്യമാണ് മരണവാരിധി എന്ന സമാഹാരത്തിലെ അഞ്ചു നോവലെറ്റുകളുടെയും ജീവന്‍. ഓരോ കഥയിലും ജീവിതം നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. മടുപ്പില്ലാതെ. വിരസതയില്ലാതെ വായിക്കാവുന്ന ഈ കഥകള്‍ ജീവിതത്തെക്കുറിച്ചുള്ള വിശകലനങ്ങളും വ്യാഖ്യാനവും മാത്രമല്ല, മരണത്തെക്കുറിച്ചുള്ള ഭാവിദര്‍ശനങ്ങള്‍ കൂടിയാണ്.
മരണവാരിധി എന്ന ആദ്യ കഥയില്‍ മാത്രമല്ല, ബാക്കിയുള്ള കഥകളിലും ജീവിതത്തേക്കാള്‍ നിറയുന്നതു മരണമാണ്. ജാലക്കാഴ്ചകളും നാലാം നാളും തുടങ്ങുന്നതുതന്നെ മരണത്തില്‍. മരണവാരിധിയും സമയബന്ധിതവും നേരംപോക്കിന്റെ വഴികളും അസാനിക്കുന്നതു മരണത്തില്‍. മരണത്തിന്റെ മാറാലയിലൂടെയന്നവണ്ണം കാണുന്ന ജീവിതക്കാഴ്ചകള്‍ നട്ടുച്ചയ്ക്ക് ഇരുട്ട് എന്നതിനേക്കാള്‍ ഇരുട്ടിന്റെ നടുവിലെ വെളിച്ചമാണ്. ചെറിയൊരു വിളക്കു കൊളുത്തുന്ന വെളിച്ചമല്ല, കാഴ്ച മങ്ങാതെ, കണ്ണു തുറന്നുകാണേണ്ട ജീവിതക്കാഴ്ചകള്‍.
ജാലകക്കാഴ്ചകളില്‍ ഒരു വയോധികന്‍ വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയിലാകുന്നതാണ് പ്രമേയം. അയാള്‍ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനാണ്. അയാളുടെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചും പോലും ആര്‍ക്കും അറിഞ്ഞുകൂടാ. അയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാകാം. എന്നാല്‍ 70-ാം വയസ്സില്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ആരെങ്കിലും ജീവനൊടുക്കാന്‍ ശ്രമിക്കുമോ എന്ന ചോദ്യം ബാക്കി. വിഷം കലര്‍ത്തിയ ഭക്ഷണം അയാള്‍ക്ക് ആരെങ്കിലും നല്‍കാനുള്ള സാധ്യതയുമുണ്ട്; പ്രത്യേകിച്ചും ഏറെ ശത്രുക്കളെ സൃഷ്ച്ചിട്ടുണ്ടെന്നിരിക്കെ. വയോധികന്‍ ആശുപത്രിയിലാകുന്നതോടെ ശത്രുക്കള്‍ സംശയനിഴലിാകുന്നു. എന്നാല്‍ അവരെല്ലാം കുറ്റകൃത്യത്തിലെ പങ്ക് നിഷേധിക്കുന്നു. പൊലീസിനും സമസ്യയായി മാറുകയാണ് വയോധികന്‍. കുരുക്കഴിച്ചെടുക്കാന്‍ കഴിയാത്ത ദുരൂഹത.
ജീവിതം വീല്‍ച്ചെയറിലായ ഒരു പെണ്‍കുട്ടി സ്വപ്നവും ഭാവനയും യാഥാര്‍ഥ്യവും കൂട്ടിക്കലര്‍ത്തിപ്പറയുന്ന കഥകളിലൂടെ വയോധികന്റെ ജീവിതം തെളിഞ്ഞുവരുമ്പോഴാകട്ടെ അത് ആത്മഹത്യാ ശ്രമവും കൊലപാതക ശ്രമവുമല്ലെന്ന വെളിപ്പെടുത്തലാണുണ്ടാകുന്നത്. പകരം അയാളെ മരണത്തിലേക്കു നയിക്കുന്നതു ക്രൂരമായ ജീവിതാനുഭവങ്ങള്‍. ഈ നോവലെറ്റിലെ ഏതാണ്ടു മുഴുവന്‍ കഥാപാത്രങ്ങളും ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിലുള്ള ദുര്‍ബലമായ വഴിയൂലടെ സഞ്ചരിക്കുന്നവരാണ്. ഒരര്‍ഥത്തില്‍ എല്ലാ മനുഷ്യരും സഞ്ചരിക്കുന്നതും അതേ പാതയിലൂടെതന്നെ. ചിലര്‍ മാത്രം ജീവനൊടുക്കുന്നു. മറ്റു ചിലര്‍ കൊലപാതകികളാകുന്നു. വേറെ ചിലര്‍ ഇതു രണ്ടിനും ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ട് ജീവിച്ചു വിജയിക്കുന്നു. അവരുടെ കഥകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതു ജീവിതം എന്ന അത്ഭുതത്തെക്കുറിച്ചാണ്. അതുതന്നെയാണ് മരണവാരിധിയുടെയും പ്രസക്തി. ഏതോ വിദൂര നക്ഷത്രത്തില്‍നിന്നെന്ന പോലെ, കാലങ്ങള്‍ പിന്നിട്ടെത്തുന്ന വെളിച്ചത്തെപ്പോലെ രാജീവിന്റെ കഥകള്‍ മരണത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് ജീവിതത്തിലേക്കു നയിക്കുന്നു.
English Summary: Maranavaridhi book by Rajeev Sivasankar