ADVERTISEMENT

പ്രണയവും പ്രതികാരവും ഒരേ വ്യക്തിയോടുതന്നെ തോന്നുന്ന അപൂര്‍വത അധികനേരം സഹിക്കാന്‍ ഒരു വ്യക്തിക്കും കഴിയില്ല. നിറഞ്ഞൊഴുകുന്ന പ്രണയം ഒരു വശത്ത്. തിളച്ചുമറിയുന്ന പ്രതികാരം മറുവശത്ത്. എന്നാല്‍, ഇതൊന്നും തന്നെ ബാധിക്കുന്നതേയില്ല എന്ന നാട്യത്തോടെ കാമുകി വിജയച്ചിരി ചിരിക്കുന്നതോടെ ഏതു കാമുക ഹൃദയമാണ് തകര്‍ന്നുപോകാത്തത്. മാഹിഷ്മതിയിലെ രാജകുമാരന്‍ മഹാദേവന്‍  അത്തരമൊരു മാനസികാവസ്ഥയുടെ ഭാരം താങ്ങാനാവാതെയാണ് നടന്നത്. വഴികളില്‍ ജനങ്ങള്‍ തനിക്കുവേണ്ടി വഴിയൊഴിഞ്ഞുകൊടുത്തത് അദ്ദേഹം അറിഞ്ഞില്ല. താണുവണങ്ങുന്നവരുടെ കൂപ്പുകൈയും കുനിഞ്ഞ ശിരസ്സുകളും കണ്ടില്ല. അഭിവാദ്യ വാചകങ്ങള്‍ കേട്ടില്ല. കണ്‍ നിറയെ ഒരു മുഖം മാത്രം. കാതു നിറയെ ഒരു ശബ്ദം മാത്രം. മനസ്സാകെ ഒരു മുഖം മാത്രം. ഗുരു ധര്‍മപാലന്റെ ആശ്രമത്തിനു മുന്നിലാണ് ആ  യാത്ര അവസാനിച്ചത്. കീര്‍ത്തനങ്ങള്‍ ഒഴുകിവരുന്നുണ്ടായിരുന്നു ആശ്രമത്തിനു പുറത്തേക്ക്. മഹാദേവന്‍ ആശ്രമത്തിലേക്കു പ്രവേശിച്ചു. ആശിസ്സുകളും അനുഗഹങ്ങളുമായി ഭക്തജനങ്ങളുടെ നടുവിലുണ്ട് ഗുരു. ആളൊഴിയാന്‍ മഹാദേവന്‍ കാത്തുനിന്നു. അവരിരുവരും മാത്രം തനിച്ചായപ്പോള്‍ അദ്ദേഹം ഗുരുവിന്റെ കാല്‍പാദത്തിലേക്കു വീണു പൊട്ടിക്കരഞ്ഞു. ഗുരു മഹാദേവന്റെ മുടിയിഴകളില്‍ തലോടി ശാന്തിമന്ത്രങ്ങള്‍ ഉരുവിട്ടു. അസ്വസ്തത ശമിച്ചതോടെ അയാള്‍ എഴുന്നേറ്റിരുന്നു. ഗുരു മഹാദേവന്റെ മുഖത്തെ കണ്ണുനീര്‍ തുടച്ചുമാറ്റി. ആ മുഖത്തേക്ക് ആര്‍ദ്രമായി അദ്ദേഹം നോക്കിയതോടെ എല്ലാം തുറന്നുപറയാനുള്ള സമയമായെന്ന് മഹാദേവനു മനസ്സിലായി. 

ഞാനൊരാളെ സ്നേഹിക്കുന്നു... വിറച്ചുവിറച്ച് മഹാദേവന്‍ പറഞ്ഞു. 

ഗുരുവിന്റെ മറുപടി ശാന്തമായിരുന്നു. 

ഭൂമിയിലെ ഏറ്റവും മഹത്തായ വികാരമാണു മകനേ സ്നേഹം. ആ വികാരത്തിന്റെ പേരില്‍ കുറ്റബോധം തോന്നേണ്ട കാര്യമില്ല. നാണിക്കേണ്ടതില്ല. നിന്റെ ശിവഗാമിയെക്കുറിച്ചു പറയൂ... 

 

മഹാദേവന്‍ ഒരു നിമിഷം ഞെട്ടി വിറച്ചു. ഒരു വാക്കു പോലും പറയാതെ ഗുരു എങ്ങനെയാണു തന്റെ മനസ്സിലെ പ്രണയവിഗ്രഹത്തെ തിരിച്ചറിഞ്ഞത്. ആലോചിക്കാന്‍ സമയമില്ലായിരുന്നു. എല്ലാം തുറന്നുപറയാനുള്ള നിമിഷമായിരുന്നു അത്. മഹാദേവന്‍ തന്റെ മനസ്സു തുറന്നു. 

 

സ്ത്രീകളെ ബഹുമാനിക്കുന്ന, ആദരിക്കുന്ന, പൂജിക്കുന്ന രാജ്യമാണ് മാഹിഷ്മതി. സ്ത്രീകളുടെ പേരിനൊപ്പം ദേവി എന്നു കൂടി ചേര്‍ത്തേ അഭിസംബോധന ചെയ്യാറുള്ളൂ. എന്നിട്ടും ശിവഗാമിയെ ദേവി എന്ന ബഹുമാന പദം ഇല്ലാതെ വിളിക്കേണ്ടിവന്നു മഹാദേവന്. രാജകുമാരന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന രൂപമാണ് ശിവഗാമിയുടേത്. പ്രണയത്തിന്റെ പുണ്യവിഗ്രഹം. എന്നാല്‍ രാജ്യത്തോടുള്ള കടമ നിറവേറ്റേണ്ടതുണ്ട്. അതുകൊണ്ടാണ് ഒരു ബ്രാഹ്മണനെ ജീവനോടെ ചിതയില്‍ ചുട്ടുകൊന്ന ശിവഗാമിയെ അദ്ദേഹത്തിന് തടവുകാരിയായി പിടിക്കേണ്ടിവന്നത്. ചങ്ങലയില്‍ തളച്ച് രാജകൊട്ടാരത്തിലേക്കു കൊണ്ടുവരേണ്ടിവന്നത്. എന്നാല്‍ കുറ്റം രാജാവിനെ ബോധ്യപ്പെടുത്താനാവാതെ വന്നതോടെ വീരശൃംഖല ഏറ്റുവാങ്ങി വിജയരഥത്തില്‍ പാഞ്ഞുപോകുന്ന ശിവഗാമിയെ നോക്കിനില്‍ക്കേണ്ടിവന്നത്. തന്റെ പ്രണയിനിയുടെ കൈകളില്‍ സഹോദരന്‍ സ്പര്‍ശിക്കുന്നതു കാണേണ്ടിവന്നത്. 

 

മനസ്സു തകര്‍ന്ന്, പ്രണയം തകര്‍ന്ന്, പ്രതികാരത്തില്‍ നീറി മഹാദേവന്‍ ഗുരു ധര്‍മപാലന്റെ മുന്നില്‍ മനസ്സു തുറക്കുമ്പോള്‍ ചിരിക്കുകയായിരിക്കണം ശിവഗാമി. പിതാവിന്റെ കൊലപാതകത്തിന്റെ പേരില്‍ പ്രതികാരത്തിനുവേണ്ടി കാത്തിരിക്കുന്ന, രക്തകാളിയുടെ തൃശൂലം കൈകളിലേറിയ ശിവഗാമി ദേവി. ആ മനസ്സിലെ ചതുരംഗക്കളികള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും മനസ്സിലാക്കാനാകില്ല. അധികാരവും പദവികളും ഇല്ലാതിരുന്നിട്ടും ഒരു രാജ്യത്തെയും രാജാവിനെയും രാജകുമാരന്‍മാരെയും തന്റെ കുടില തന്ത്രങ്ങള്‍ക്കനുസരിച്ച് കരുക്കളാക്കി നീക്കാനും അവര്‍ക്കു കഴിയുന്നു. എന്നാലും ആത്യന്തികമായി വിജയിക്കാന്‍ ശിവഗാമിക്കു കഴിയുമോ? പ്രണയം സാക്ഷാത്കരിക്കാന്‍ മഹാദേവനു കഴിയുമോ ? 

മാഹിഷ്മതിയുടെ കടിഞ്ഞാണ്‍ പ്രതികാരത്തിന്റെ ദേവതയായ ശിവഗാമിയുടെ കൈകളില്‍ എത്തിച്ചേരുമോ ? 

ഈ ചോദ്യങ്ങളുടെ ഉത്തരം പറയുന്ന കൃതിയാണ് ബഹുബലി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ നോവല്‍ ക്യൂന്‍ ഓഹ് മാഹിഷ്മതി. ആനന്ദ് നിലണ്ഠന്റെ ഏറ്റവും പുതിയ നോവല്‍.

English Summary: Queen of Mahishmathi book written by Anand Neelakantan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com