മരിച്ച ആളോട് ഒരു ചോദ്യം: ‘ഇതിലും നല്ല ജീവിതം കിട്ടും താഴേക്ക് ഒന്നുകൂടി പോകുന്നോ?’
സാകേതം പബ്ലിക്കേഷന്‍സ്
വില 70
Mail This Article
പുതിയ കഥാകൃത്തായ ശ്രീനു അയ്യനാരുടെ ‘സമയക്രമം’ എന്ന കൊച്ചു കഥാ സമാഹാരത്തിലെ ‘ജാരന്‍’ എന്ന കഥ ഇങ്ങനെയാണ് തുടങ്ങുന്നത് - മരിച്ച് ആകാശത്തേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഒരാളോട് ഒരു ചോദ്യം വന്നു: ‘ഇതിലും നല്ല ജീവിതം കിട്ടും താഴേക്ക് ഒന്നുകൂടി പോകുന്നോ?’
നിവൃത്തികേടു കൊണ്ട് ചോദിച്ചു പോകുന്ന വലിയ ചോദ്യങ്ങള്‍ സമയത്തിന്റെ ക്രമം പോലെ അലങ്കോലപ്പെട്ടു കിടക്കുകയാണ് 48 പേജുകളില്‍. പുസ്തകത്തിന്റെ ആമുഖത്തില്‍ നിരക്ഷരരായ തന്റെ പിതാവിന്റേയും തന്റേയും വിവരം പറഞ്ഞ് അവസാനം കഥാകൃത്ത് ഇങ്ങനെ കുറിക്കുന്നു -
-അങ്ങനെയിരിക്കെ ഒരു വൈകുന്നേരം കാലില്‍ പാമ്പിന്റെ വിഷവുമായി അച്ഛന്‍ വന്നു. ശംഖുവരയനാണ് കടിച്ചത്. ശംഖുവരയന്റെ വിഷം ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്ന് ഞാന്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടായിരുന്നു. അച്ഛന്റെ ശ്വാസകോശം ഞാന്‍ മനസില്‍ കണ്ടു ബീഡിപ്പുകയേറ്റേറ്റ് അത് കരിഞ്ഞിരിക്കുന്നു.
അച്ഛന്‍ ഇപ്പോള്‍ ഉറങ്ങുകയാണ്.
സമയം പോകുന്തോറും നിശ്ശബ്ദത വീര്‍ത്തു വരുന്നു. പക്ഷേ എന്റെ കാതുകള്‍ ഒച്ച കൊണ്ട് പൊട്ടുകയായിരുന്നും ഏഴാം ക്ലാസുകാരന്‍ തല കറങ്ങും വരെ എന്തൊക്കെയോ ചിന്തിച്ചു. ഗതി കിട്ടാതെ ഞാന്‍ അച്ഛന്‍ കിടക്കുന്നിടത്തേക്ക് ഓടി.
‘അച്ഛാ’ ഞാന്‍ വിളിച്ചു.
‘ഉം’ അച്ഛന്‍ ചരിഞ്ഞു നോക്കി എന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു.
അച്ഛന്‍ ചിരിച്ചു. ഞാന്‍ കരഞ്ഞു. അച്ഛന് അറിയാമെന്ന് ഞാന്‍ മനസിലെഴുതി. ഇങ്ങനെ ഇങ്ങനെയാണ് എല്ലാരെയും പോലെ ഞാനും എഴുതാന്‍ പഠിക്കുന്നതിന് മുന്‍പ് എഴുതിത്തുടങ്ങിയത്.-
ഗതിയില്ലായ്മയാണ് അക്ഷരങ്ങളെ ഉണ്ടാക്കുകയും പിന്നെ ഭാഷയായി വലിയ സാഹിത്യമായി മാറുന്നതെന്ന് ശ്രീനുവിന്റെ കഥകള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകും. ഈ ചെറിയ ചോദ്യങ്ങളെല്ലാം വലുതായിരുന്നോയെന്ന് വായിക്കുന്നയാള്‍ വീണ്ടുവിചാരം ചെയ്യുന്നു.
ചെറിയ ഒന്‍പതുകഥകളുടെ കൂട്ടമാണ് സമയക്രമം. സമയം ഭീകരമായ ഒരു മായയെന്നാണ് കഥകളുടെ പക്ഷം. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സ്വപ്നംകാണുമ്പോഴും ലീലകള്‍ ഒപ്പിക്കുന്ന സമയത്തിന് അഭിവാദ്യം ചെയ്യുകയാണോ കഥകള്‍ എന്നു തോന്നിപ്പിക്കുന്നു.
തലയില്‍ തേങ്ങവീണ് മരിക്കുമെന്ന് ഭയന്നു നടന്ന രാമന് തേങ്ങ കല്ലില്‍ വീണു പിളരുന്നതു കാണുമ്പോള്‍ തന്റെ ദീനത കരച്ചിലിനോളം ഉയരുന്നു. ഇത്തിരി കട്ടികൂടിയ കല്ലായിട്ട് തന്നെ സൃഷ്ടിക്കാത്തന്തേയെന്ന് അയാള്‍ ദൈവത്തോട് ചോദിക്കുമ്പോള്‍, വായനക്കാരനും ഒരു ഉള്‍ക്കിടിലത്തിലേക്ക് ഉണരുന്നു.
മരിച്ച് ആകാശത്തേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഒരാളോട് ‘ഇതിലും നല്ല ജീവിതം കിട്ടും താഴേക്ക് ഒന്നുകൂടി പോകുന്നോ?’ എന്ന് ചോദിച്ചാല്‍ ബുദ്ധിയുള്ള മനുഷ്യന്‍ അതിനു ഉത്തരം പറയാന്‍ മടിക്കുമെന്നാണ് തോന്നുന്നത്. കാരണം ആ സമയം അയാള്‍ നിരവധി ചോദ്യങ്ങളുടെ നടുവില്‍പ്പെട്ട് കുഴഞ്ഞിരിക്കുകയാവും.
ഫ്രാന്‍സിസ്, ലൂസി, വിപ്ലവം, കോക്കനറ്റ് അജ്ഞാനം, പരാദം, ജാരന്‍, പരിണാമം, സമയക്രമം, ഗോലികളി എന്നിവയാണ് ഈ കൊച്ചുപുസ്തകത്തില്‍ വായനക്കാരനെ കാത്തിരിക്കുന്ന വിസ്മയങ്ങള്‍.
മരണത്തിന്റെ മണം
മരണം തൊട്ടു നോക്കാത്ത ഒരു വാക്കു പോലും ഈ പുസ്തകത്തില്‍ ഇല്ലെന്നു പറയാം. എന്താണ് മരണത്തിന് ഇത്ര പ്രാധാന്യം. മരണം എല്ലാ മഹാന്മാരുടേയും ദുഃഷ്ടന്‍ ന്മാരുടേയും വേലകളെ നിസാരമാക്കിക്കളയുന്നു. വരാന്‍ പോകുന്ന നല്ല കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മരണം കുന്തവുമായി മുന്നില്‍ നില്‍ക്കുന്നു. സമയ ക്രമത്തിലെ ഒന്‍പതു കഥകളും മരണത്തെ പ്രതിനിധീകരിക്കുന്നു. ചില കഥകളില്‍ മാത്രമാണ് മനുഷ്യന്‍ മാത്രം കഥാപാത്രങ്ങളായുള്ളത്. മരവും പക്ഷിയും എറുമ്പും ഇത്തിളും എല്ലാം ഈ നശ്വരതയുടെ വലിയ പടത്തില്‍ കഥാപാത്രങ്ങളാണ്.
സമയത്തിന്റെ ലീലകള്‍
വായനയില്‍ ചിലയിടത്ത് ഒരു അവ്യക്തത ഫീല്‍ ചെയ്തേക്കാം. സത്യത്തില്‍ അത് സമയത്തിന്റെ മാസ്മരികത കൊണ്ട് തോന്നുന്നതാണ്. മരണപ്പെട്ട് രണ്ടു ദിവസം കഴിയുമ്പോള്‍ എഴുപത് വയസുള്ള മറ്റൊരു ജന്തുവിലേക്കുള്ള പരിണാമത്തെ നിങ്ങള്‍ക്ക് എത്ര വ്യക്തമായി കാണാന്‍ സാധിക്കും?. അവ്യക്തതയാണ് ജീവിതത്തെ ഇത്രകണ്ട് നിഗൂഡമാക്കുന്നതെന്ന് തോന്നുന്നു. ഇന്നു കാണുന്ന ആളിനെ നാളെ കാണാതാകുന്നതില്‍ നമുക്ക് അവ്യക്തത തോന്നേണ്ടതല്ലെ, ഇത് സമയത്തിന്റെ മാസ്മരികതയല്ലെ?. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ താന്‍ ഒരു മനുഷ്യന്റെ സ്വപ്നം കണ്ടതായി പക്ഷി ഓര്‍ക്കുന്ന സന്ദര്‍ഭം ‘ലൂസി’ എന്ന കഥയില്‍ ഉണ്ട്.
English Summary: Samayakremam book by Sreenu Ayyanar