ADVERTISEMENT

മുദ്രിത. അവരുടെ പേര് അങ്ങനെയല്ലെന്നാണ് അവരെ അറിയാവുന്നവര്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് മുദ്രിതയെന്നല്ലാതെ മറ്റൊരു പേരും ചേരാത്തതുപോലെയുണ്ട്. ദൂരെ ദൂരെയിരുന്ന പലരുടെ മനസ്സിലും മുദ്ര പതിപ്പിച്ചവള്‍. സ്നേഹത്തിന്റെ, ആനന്ദത്തിന്റെ, പ്രണയത്തിന്റെ മുദ്രകളവശേഷിപ്പിച്ചു പോയവള്‍. അതൊക്കെയും തന്നില്‍ത്തന്നെ അടയാളപ്പെടുത്തിയവള്‍. 

 

എന്നാല്‍ മുദ്രിത മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ച ഒരാള്‍ പോലും അവരെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. ഇനിയൊരിക്കലും അവരെ കാണാനും സാധിക്കില്ല. അവര്‍ മരിച്ചുപോയതുകൊണ്ടല്ല. നേരിട്ടു കാണാതെ തന്നെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം മരണം അപ്രസക്തമല്ലേ. അര്‍ഥശൂന്യമല്ലേ. അതുകൊണ്ടുതന്നെ മുദ്രിതയ്ക്ക് എന്തു സംഭവിച്ചു എന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. എന്തു സംഭവച്ചിരിക്കാം എന്ന ചര്‍ച്ചകള്‍ക്കുമില്ല പ്രസക്തി. പകരം മുദ്രിത അവശേഷിപ്പിച്ച മുദ്രകള്‍ ഏറ്റുവാങ്ങാം. 

 

വായനയിലുടനീളവും വായിച്ചുകഴിയുമ്പോഴും അസ്വസ്ഥരാക്കാന്‍ അപൂര്‍വം കൃതികള്‍ക്കേ കഴിയൂ. അത്തരത്തിലൊരു കൃതിയാണ് മുദ്രിത. ജിസ ജോസിന്റെ ആദ്യ നോവല്‍. മുദ്രിത. അവസാന താളില്‍ നിന്നും ആദ്യത്തെ താളിലേക്കു വീണ്ടും നയിക്കുന്ന വായനാനുഭവം. 

 

മുദിതയുടെ അവസാന താളും മടക്കി ആദ്യത്തെ അധ്യായങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ ഒഴുക്കോടെ വായിക്കാനാകുന്നില്ല. ഓരോ വാചകവും ഇടവേളകള്‍ ആവശ്യപ്പെടുന്നു. അഗാധമായ ആലോചനകളിലേക്കു നയിക്കുന്നു. വെളിപാടു പോലെ, ഇരുട്ടിന്റെ ഗുഹയില്‍ ക്ഷണിക്കാതെയെത്തിയ ഒരേയൊരു തുള്ളി വെളിച്ചത്തെ ആഞ്ഞുപുണരുന്നതുപോലെ ഓരോ വാക്കും തറഞ്ഞുകയറുന്നുണ്ട് ഉള്ളിലേക്ക്. ഉള്ളുരുക്കുന്നുണ്ട്. എവിടെനിന്നു വന്നുവെന്നും എങ്ങോട്ടുപോയെന്നും അറിയാത്ത ഒരു വെളിച്ചത്തെക്കുറിച്ചോര്‍ക്കുന്നുണ്ട്. കണ്ണു നിറയുന്നുപോലുമുണ്ട്. ഇറ്റുവീഴുന്ന ഈ കണ്ണീരൊക്കെയും മുദ്രിതയ്ക്ക് അവകാശപ്പെട്ടതല്ലല്ലോ. അടുത്തുണ്ടായിട്ടും അറിയാതെപോയ ആര്‍ക്കൊക്കെയോ...  ഇത്രനാളും പകരാതിരുന്ന, ചൊരിയാതിരുന്ന വാശിയോടെ അടുക്കിക്കൂട്ടിവച്ച നിധി ഇനി സുലഭമായി ചൊരിയാം. അതിലൂടെ മാത്രമേ മുദ്രിതയുടെ വായന പൂര്‍ണമാകൂ. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്ത് പോലെ, പ്രണയത്തില്‍ മാത്രം തളിര്‍ക്കുന്ന ചെടി പോലെ, സാന്നിധ്യം കൊണ്ടു മാത്രം കത്തുന്ന നിലവിളക്കാകുന്ന ജീവിതങ്ങള്‍ പോലെ ഉള്ളിന്റെ ഉള്ളിലെ ഇരുണ്ട ഗഹ്വരങ്ങള്‍ കാട്ടിത്തരുന്നു 

മുദ്രിത. അടുത്ത ജന്‍മത്തിലും സ്ത്രീയായി ജനിക്കണമെന്നും ജീവിക്കണമെന്നും ദൃഡമായി ആഗ്രഹിക്കുന്ന സംതൃപ്തിയിലേക്കും സ്ത്രീകളെ നയിക്കാന്‍ പോലും കഴിയും മുദ്രിതയ്ക്ക്. 

 

നാലോ അഞ്ചോ വാചകങ്ങളില്‍ ചുരുക്കിപ്പറയാന്‍ കഴിയും മുദ്രിതയുടെ കഥ. എന്നാല്‍ ജിസയുടെ നോവല്‍ സൃഷ്ടിക്കുന്ന വിചാര ലോകം അനാവരണം ചെയ്യുമ്പോള്‍ നാനൂറ് പുറം പോലും തികയാതെവരും. അത്രമാത്രം ആഴത്തിലേക്കാണ് ഈ നോവല്‍ കുഴിച്ചുചെല്ലുന്നത്. മാന്തി മാന്തി പുറത്തെടുക്കുന്ന വാക്കുകളും വാചകങ്ങളും അത്രവേഗമൊന്നും നിഷ്ക്രമിക്കുകയുമില്ല. മുദ്രിത അക്ഷരാര്‍ഥത്തില്‍ മുദ്ര പതിപ്പിക്കുകയാണ് മലയാളത്തിന്റെ മനസ്സില്‍. 

 

സാറാ ജോസഫിന്റെ പാപത്തറ എന്ന കഥ ഉള്‍പ്പെട്ട സമാഹാരത്തിനെഴുതിയ ദീര്‍ഘമായ അവതാരികയില്‍ കവിയും നിരൂപകനുമായ കെ. സച്ചിദാനന്ദനാണ് പെണ്ണെഴുത്ത് എന്ന വാക്ക് മലയാളത്തില്‍ ആദ്യം ഉപയോഗിച്ചത്. സാറ ജോസഫ് പിന്നീടും എഴുതിയ പല കൃതികള്‍ക്കും ആ വിശേഷണം തിലകക്കുറിയാകുന്നുണ്ട്. പെണ്ണ് എഴുതുന്നു എന്നതുകൊണ്ടല്ല, പെണ്ണനുഭവത്തെ തീവ്രതയിലും തീഷ്ണതയിലും അനുഭവിപ്പിക്കുന്നതിനാല്‍. ആ അനുഭവം പ്രദാനം ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷേ പുരുഷന്‍മാര്‍ എഴുതുന്നതും പെണ്ണെഴുത്താകും. വിലക്കുകളാലും വിലങ്ങുകളാലും പതിറ്റാണ്ടുകളോളം 

മാറ്റിനിര്‍ത്തപ്പെട്ട അനുഭവ തീക്ഷ്ണത. 

 

സാറാ ജോസഫ് പാപത്തറയ്ക്കുശേഷവും പെണ്ണെഴുത്തില്‍ എണ്ണപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മകള്‍ സംഗീത ശ്രീനിവാസനും ആസിഡ് ഉള്‍പ്പെടെയുള്ള നോവലുകളിലൂടെയും എലേന ഫെറന്റേയുടെ (അജ്ഞാതയായ ഇറ്റാലിയന്‍ എഴുത്തുകാരി) വിവര്‍ത്തനങ്ങളിലൂടെയും പെണ്ണെഴുത്തിനെ സജീവമാക്കി. ഇപ്പോഴിതാ മുദ്രിത. നിരാശകള്‍ക്കും അസംതൃപ്തികള്‍ക്കുമിടയില്‍ ആനന്ദത്തിന്റെ രഹസ്യ നീരുറവ കണ്ടെത്താന്‍ 9 പെണ്ണുങ്ങളെയും ഒരു പുരുഷനെയും പ്രാപ്തയാക്കിയ ഒരു പെണ്ണിലൂടെ പെണ്ണനുഭവത്തിന്റെ ആത്മാവില്‍ സ്പര്‍ശിക്കുന്നു. 

 

നേരില്‍ കണ്ടിട്ടേയില്ലാത്ത, കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത, പേര് പോലും താന്‍ വിചാരിക്കുന്നതാണെന്ന് ഉറപ്പില്ലാത്ത ഒരു സ്ത്രീയുടെ തിരോധാനത്തെക്കുറിച്ച് വിവരം നല്‍കാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനിലാണ് മുദ്രിതയുടെ തുടക്കം. പരാതി കൊടുക്കുകയായിരുന്നില്ല അയാളുടെ ലക്ഷ്യം. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് അറിയിക്കുക മാത്രം. എന്നാല്‍ അതൊരു തിരോധാന കേസായി സ്വീകരിക്കപ്പെടുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാകുന്നു. അതയാള്‍ക്കൊട്ട് അറിയുകയുമില്ല. എന്നാല്‍ എഴുതിത്തള്ളുന്നതിനുമുന്‍പ് കേസിന്റെ അത്യാവശ്യം വിവരങ്ങളെങ്കിലും ശേഖരിക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ ശ്രമിക്കുന്നതിലൂടെ അവര്‍ 10 സ്ത്രീകളുടെ ജീവിതങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. ഓരോരുത്തരും ഓരോ ജീവിതങ്ങള്‍. വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍. എന്നാല്‍ വ്യവസ്ഥിതിയോട് കലഹിക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു എന്നു തോന്നുമാറ് അവരില്‍ ചില ചനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അവര്‍ ഒരു യാത്രയില്‍ ഒരുമിക്കുകയാണ്; അവരെ ഒരുമിപ്പിച്ച ആളില്ലാതെതന്നെ. 

 

ലക്ഷ്യങ്ങളില്ലാത്ത യാത്ര. ഒന്നും കീഴടക്കാനല്ലാത്ത യാത്ര. ആരെയും സന്ദര്‍ശിക്കാനല്ലാത്ത യാത്ര. അത്രമേല്‍ ശുദ്ധമായ ഒന്ന്. അവരൊക്കെയും നീതി കിട്ടാത്തവരാണ്. എണ്ണ വറ്റിയ മണ്ണെണ്ണ വിളക്കിന്റെ തിരി കത്തുമ്പഴത്തെ പുകമണം പൊതിഞ്ഞപോുള്ള ജീവിതങ്ങള്‍. ശ്വാസം മുട്ടിക്കുന്നത്. എന്നാല്‍ ഊതിക്കെടുത്താന്‍ ധൈര്യമില്ലാത്തവ. അവര്‍ ഒരുമിക്കുന്നത് അഗ്നിപൂര്‍ണിമ എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ്. 

 

ഒഡീഷയില്‍ മഞ്ഞുകാലത്തിന്റെ അവസാനം കുറിക്കുന്ന ചടങ്ങാണ് അഗ്നിപൂ‍ര്‍ണിമ. ഗ്രാമത്തിന്റെ അതിര്‍ത്തിയിലെ വെളിമ്പ്രദേശത്ത് വലിയ വൈക്കോല്‍ക്കൂമ്പാരമുണ്ടാക്കുന്നു. എല്ലാ ഗ്രാമീണരും അതിനുവേണ്ടി വൈക്കോല്‍ സംഭാവന ചെയ്യണം. രാത്രി എല്ലാവരുമതിനുചുറ്റും ഒത്തുകൂടുന്നു. ആ കൂമ്പാരത്തിനു തീ കൊടുത്ത് ആട്ടവും പാട്ടുമായി ഉല്ലസിക്കുന്നു. മഞ്ഞു പെയ്യുന്ന രാത്രി തീയ്ക്കു ചുറ്റും ഒത്തുകൂടുന്നവരുടെ ഉള്ളിലെ കെട്ടുകള്‍ അയയുന്നു. ശരീരം ഒരിക്കലുമില്ലാത്തവിധം ഫ്ലെക്സിബിളാകുന്നു. അമര്‍ത്തിയമര്‍ത്തിവച്ച പാട്ടും കഥകളുമൊക്കെ കെട്ടു പൊട്ടിച്ചൊഴുകുന്നു. ചുണ്ടുകള്‍ മധുരമായി പാടുന്നു. ശരീരം അതിനു മാത്രമറിയുന്ന ചുവടുകളും മുദ്രകളും കൊണ്ട് നൃത്തം ചെയ്യുന്നു. 

അക്ഷരാര്‍ഥത്തില്‍ അഗ്നിപൂര്‍ണിമയാണ് മുദ്രിത.  വായിച്ചു മാത്രം അറിയുകയും അനുഭവിക്കുകയും ചെയ്യേണ്ട വിസ്മയം. 

 

എനിക്കാവതില്ലല്ലോ 

ഈ വെറും കൈകള്‍ നീട്ടി 

ദൂരെ ദൂരെയാം 

വാനം തൊടാന്‍ 

കൊതിക്കുവാന്‍ ! 

 

മുദ്രിത ഒരേസമയം പ്രാപ്യയും അപ്രാപ്യയുമാണ്. അതുതന്നെയാണു മുദ്രിതയുടെ കളങ്ക രഹിതമായ സൗന്ദര്യം.

 

മുദ്രിതയുടെ ഭാഷയെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. സാഹിത്യത്തില്‍ പരിചയിച്ച ഇതുവരെയുള്ള ശൈലികളില്‍ നിന്നു കുതറി മാറി, ആഭരണങ്ങളും അലങ്കാരങ്ങളും അഴിച്ചുവച്ച്. ദൈനം ദിന ജീവിതത്തിന്റെ സാധാരണ ഭാഷയിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. എന്നിട്ടും എത്രം മാത്രം മാരക ശക്തിയുള്ള വെടിച്ചീളുകളും സ്ഫോടകശേഷിയുള്ള കുഴിബോംബുകളും ഭാഷ നമുക്കായി കരുതിവച്ചിട്ടുണ്ടെന്ന് ബോധ്യപ്പടുത്താന്‍ ജിസ ജോസിനു കഴിഞ്ഞിരിക്കുന്നു. 

 

English Summary: Book Review - Mudritha book written by Jisa Jose