ADVERTISEMENT

വീണ്ടുമൊരു നമ്പർ പുസ്തകം, ഇത്തവണയും എഴുതിയത് ആശിഷ് ബെൻ അജയ് തന്നെ. 307.47 എന്ന ആദ്യ പുസ്തകം ഇപ്പോൾ ആറാമത്തെ എഡിഷനിലാണ്. രണ്ടാമത്തെ പുസ്തകം 446054 ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ എഡിഷനിലുമെത്തി. ഇത് രണ്ടും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാൽ പ്രധാന കഥാപാത്രമായ അഭിഷേക് അയ്യർ ഈ രണ്ടു നോവലിലും പ്രധാന വക്താവാണ് എന്നതാണ്. അഭിഷേകിന്റെ യാത്രയും അയാളുടെ സ്വപ്നങ്ങളുടെ വ്യാഖ്യാനവുമായിരുന്നു ട്രാവൽ ഹൊറർ ത്രില്ലർ ഗണത്തിലായിരുന്നു ആദ്യ നോവലെങ്കിൽ രണ്ടാമത്തെ പുസ്തകം മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ പുസ്തകമാണ്.

 

വളരെ ലളിതമായ ഭാഷയിലായിരുന്നു ആശിഷ് ബെൻ അജയുടെ ആദ്യ പുസ്തകം എഴുതപ്പെട്ടിരുന്നതെങ്കിലും അതിൽ നിന്നും 446054 ൽ എത്തുമ്പോൾ ഒരുപാട് ദൂരം മുന്നോട്ടു പോയ എഴുത്തുകാരനെ കാണാൻ കഴിയും. ഒരു കഥയും അതിനെ ബന്ധിപ്പിക്കുന്ന മൂന്ന് ഭാഗങ്ങളുമുണ്ട് നോവലിൽ.

 

ബാങ്കുദ്യോഗസ്ഥനായ അഭിഷേക് അയ്യർ വളരെ മികച്ച രീതിയിൽ ടാർജറ്റ് ഒക്കെ തികച്ചു തന്നെ ജോലി മുന്നോട്ടു കൊണ്ടു പോയിരുന്ന ഒരാളാണ്, എന്നാൽ അയാളുടെ കഴിവ് മറ്റൊരിടത്തും ആവശ്യമുണ്ട് എന്നതിനാൽ ബാങ്ക് അയാളെ നെല്ലിയാമ്പതിയിലേയ്ക്ക് സ്ഥലം മാറ്റുന്നു. പക്ഷേ അവിടെയെത്തിയിട്ട് ഒരിക്കലും അഭിഷേകിന് തന്റെ ടാർജറ്റ് തികയ്ക്കാൻ ആവുന്നതേയില്ല. എന്താണ് അയാളിലെ ഉത്സാഹിയായ ആ ഉദ്യോഗസ്ഥന് സംഭവിച്ചത്? അസാധാരണമായി ആ ബാങ്കിനുള്ളിൽ രാത്രി കാലങ്ങളിൽ എന്താണ് സംഭവിക്കുന്നത്? തികച്ചും ഉദ്വേഗം ഉണർത്തുന്നുന്ന കുറെ നിമിഷങ്ങളുണ്ട് ഈ കഥയിൽ. യാഥാർഥ്യമാണോ അയഥാർഥ്യമാണോ എന്നുള്ള സംശയങ്ങളിൽ ചുറ്റിപ്പറ്റി തന്നെയാണ് കഥയിലെ പല ഭാഗങ്ങളും കടന്നു പോകുന്നത്. 

 

മൂന്ന് ഭാഗങ്ങളായാണ് 446054 അവതരിപ്പിക്കപ്പെടുന്നത്. ആദ്യത്തെ ഭാഗത്തിൽ അഭിഷേക് അയ്യരുടെ ജീവിതവും അയാളുടെ സ്ഥലം മാറ്റവും നെല്ലിയാമ്പതിയിൽ അയാൾ അനുഭവിക്കുന്ന ദുരൂഹമായ സാഹചര്യങ്ങളെയും പരിചയപ്പെടുത്തുന്നു. രണ്ടാം ഭാഗത്ത് ആദ്യത്തെ ഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കഥയിലേക്കാണ് വായന പോകുന്നത്. എന്നാൽ അതിന്റെ അവസാന ഭാഗങ്ങളിലേക്കെത്തുമ്പോൾ എവിടെയാണ് ആദ്യത്തെ ഭാഗവും മൂന്നാം ഭാഗവും ഇതിൽ ബന്ധിപ്പിച്ചിരിക്കുന്നതെന്നതിനു കൃത്യമായ രൂപം തെളിഞ്ഞു കിട്ടും. മൂന്നാം ഭാഗത്തിൽ, ഒരു മരണവും അതേത്തുടർന്നുണ്ടാകുന്ന തെളിവെടുപ്പും കൊലപാതകിയെ കണ്ടെത്തലും എല്ലാം ചേർന്ന് ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം നോവലിന്റെ രൂപം പുസ്തകമെടുക്കുന്നുണ്ട്. 

 

ഈ മൂന്ന് ഭാഗങ്ങൾക്കും മൂന്ന് വ്യത്യസ്ത ആഖ്യാനങ്ങളും ഭാഷയുമുണ്ട്. അതുകൊണ്ട് തന്നെ ഒരൊറ്റ ടോണിൽ വായിക്കാതെ വ്യത്യസ്ത സാഹചര്യങ്ങളെ ഉൾക്കൊണ്ട് ഓരോ ഭാഗങ്ങളെയും അതിന്റെതായ രീതിയിൽ വായിക്കാനാകും. രണ്ടാം ഭാഗത്ത് ക്ളീഷേ ആയ കഥാ സന്ദർഭങ്ങളും അനുഭവ പരിസരങ്ങളും ഉള്ളത് വായനയെ തെല്ലു മുഷിപ്പിച്ചേക്കാം, നീട്ടിപ്പരത്തിയുള്ള കഥ പറച്ചിലിൽ മുറുക്കം നഷ്ടപ്പെട്ടു പോകുന്നത് അവിടെ മാത്രമാണ്, എന്നാൽ അതിന്റെ അന്ത്യത്തിലേയ്ക്കടുക്കുമ്പോൾ കഥ അതിന്റെ ശക്തിയാർജ്ജിക്കുന്നുണ്ട്. മൂന്നാം ഭാഗത്തിലേക്കുള്ള ഒഴുക്ക് അതോടെ എളുപ്പത്തിലാകുന്നു. 

 

ബാങ്ക് ജപ്തി ചെയ്തു പിടിച്ചെടുത്ത വീടാണ് തന്റെ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള ഒരേയൊരു വഴിയെന്ന് അഭിഷേക് തിരിച്ചറിയുന്നുണ്ട്. ആ വീട് തന്നെയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. ഒരു മരണവും അതിന്റെ പിന്നാമ്പുറ സത്യങ്ങളും ആവർത്തിക്കുന്ന മരണങ്ങളുമെല്ലാം അതിലേയ്ക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഒടുവിൽ ശുഭ പര്യവസായി ആയി അവസാനിപ്പിക്കാനുതകുന്ന കഥാഗതിയാണ് നോവലിന്റെ രണ്ടാം ഭാഗത്തെ അക്ഷരാർത്ഥത്തിൽ അയച്ചു വിടുന്നതും. എന്നാൽ ക്ലൈമാക്സിലെ ട്വിസ്റ്റ് തികച്ചും അപ്രതീക്ഷിതമായ അനുഭവമായിരിക്കും. ആത്മാവും ഓജോബോർഡും ഒക്കെ കടന്നു വരുന്നുണ്ടെങ്കിലും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറിന്റെ ഭാഷ ഒടുവിൽ കൈവരിക്കുന്നതിലൂടെ എല്ലാ ചോദ്യങ്ങൾക്കും നോവലിസ്റ്റ് ഉത്തരം കൊടുക്കുന്നു. 

 

ആശിഷ് ബെൻ അജയ് എന്ന എഴുത്തുകാരനും ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ അഭിഷേക് അയ്യർ എന്ന കഥാനായകനിൽ ആത്മാംശം ഏറെയുണ്ടാകും. അത് വായന കൂടുതൽ കാര്യക്ഷമമാക്കുന്നു. ഭാഷയുടെ ലാളിത്യം കൂടുതൽ ത്രില്ലർ പ്രണയികളെ ഈ നോവലിലേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ട്.

 

English Summary: 446054, book written by Ashish Ben Ajay