ADVERTISEMENT

കടുത്ത വേനലിനെ കുളിരണിയിച്ചുകൊണ്ട്, ഇടിവെട്ടി മഴ പെയ്യുമ്പോള്‍ കണ്‍ തുറക്കുന്ന പുല്‍ക്കൊടിത്തുമ്പിലെ ഇറ്റുവീഴാനായുന്ന തുള്ളിയില്‍ തെളിഞ്ഞുനോക്കിയാല്‍ കാണാം ആ മുഖം. മഴ കഴുകിത്തുടച്ച മണ്ണിനെ  നിലാവ് കുളിര്‍കൈകകള്‍ കൊണ്ട് പൊതിയുമ്പോള്‍ മിഴി ചിമ്മുന്ന താരകാവലിയിലുമുണ്ട് ആ മുഖം. നിലാവേറ്റു തിളങ്ങുന്ന മരങ്ങളിലുണ്ട്. പാട്ടു കേള്‍ക്കാന്‍ ചായുന്ന ചില്ലകളിലുണ്ട്. താരിലും തളിരിലുമുണ്ട്. ഇവരെയൊക്കെ വിട്ട് എവിടെപ്പോകാന്‍ സുഗതകുമാരി ? അല്ലെങ്കില്‍ എവിടെപ്പോകിലുമിവരുണ്ടാമൊപ്പം.... 

 

മലിനയാം ഭൂമി നിലവിളിച്ചുംകൊണ്ട് ഉരുളുന്നു നാശച്ചുഴിയിലേക്ക്. എല്ലാം വെറുതെയായല്ലോ എന്ന നിരാശയോടെ എങ്ങോട്ടോ ഓടിയകലാന്‍ നോക്കുന്ന കവിയെ തിരിച്ചുവിളിക്കുന്നവരില്‍ കരിയുന്ന കാടുണ്ട്. എങ്ങോട്ടും വിടാതെ പുണര്‍ന്നിരമ്പുന്ന കാട്. കാലിനെ ചുറ്റിവരിയുന്ന വരളും ചോല. വ്രണത്തില്‍ ചങ്ങല മുറുകിയിട്ടും തുമ്പിക്കൈ ഉയര്‍ത്തി തടയുന്ന സഹ്യന്റെ മകന്‍. വഴി തടയുന്ന ഇളംകരങ്ങള്‍. അഴികള്‍ തന്‍ പിന്നിലെരിയുന്ന ശാപം. 

എവിടെപ്പോകാനാണിവരെ വിട്ടു നീ - 

യെവിടെപ്പോകിലുമിവരുണ്ടാമൊപ്പം. 

 

മണ്ണിന്റെ മണമുള്ള, മരങ്ങളുടെ തണുപ്പുള്ള, നിലാവിന്റെ ആര്‍ദ്രതയും കനിവുമുള്ള സുഗതക്കുമാരിക്കവിതകള്‍ വീണ്ടും. കവിയുടെ ആകര്‍ഷകമായ ചിത്രങ്ങളും ആത്മാരാമന്റെ ആമുഖവുമായി. കവി യാത്ര പറഞ്ഞതിനുശേഷം പുറത്തുവരുന്ന സമാഹാരം. 

 

മാനം മുട്ടി വളര്‍ന്ന മരങ്ങള്‍ക്കു നടുവില്‍ അപൂര്‍വമായ ആഹ്ലാദത്തില്‍ ചിരിച്ച മുഖവുമായി നില്‍ക്കുന്ന സുഗതകുമാരിയാണ് ആദ്യ കവിതയായ മരമാമരത്തെ അലങ്കരിക്കുന്നത്. 

 

മരങ്ങളാണെന്‍ ചുറ്റും, 

ഉള്ളിലും മനോജ്ഞമാം 

മരങ്ങള്‍ തളിരിട്ടു 

പൂവിട്ടു പൂന്തേനിറ്റു 

മണവും കാറ്റും വീശി- 

ചാഞ്ചാടി നില്‍ക്കുന്നോരു 

മരങ്ങളാണെന്‍ ചുറ്റു- 

മുള്ളിലും.... 

 

സമാഹാരത്തിന്റെ അവസാന താളില്‍ കവിയുടെ അന്ത്യചിത്രവും. 2020 നവംബര്‍ 5 ന് എടുത്ത തൊഴുകൈയ്യുമായി നില്‍ക്കുന്ന കവിയുടെ ചിത്രം, അര്‍ഥനയുടെ മുഖം. 

ഞാനുറങ്ങട്ടേ, വന്നുവന്നെന്നെ യലട്ടായ്‍വിന്‍ 

പ്രേമമേ, വാത്സല്യമേ, ദുഃഖമേ, മരണമേ... 

 

ഏതു ശുഷ്ക നിമിഷത്തെയും ഒരൊറ്റ സ്പര്‍ശനത്താല്‍ കവിതയുടെ സൗന്ദര്യ കാന്തിയണിയിക്കാന്‍ കഴിവുള്ള കവിയാണ് സുഗതകുമാരി. കവിതയെന്ന സൂര്യനു നേരേ കൂമ്പുന്ന സൂര്യകാന്തികളാണ് അവരുടെ വാക്കുകള്‍. ഭാവന. നാദം. ആ ശബ്ദത്തെ അലൗകിക നാദം എന്നു വിശേഷിപ്പിച്ചത് മഹാകവി വൈലോപ്പിള്ളിയാണ്. ആ സാന്നിധ്യത്തെ ദേവ സാന്നിധ്യം എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. മര്‍ത്യായുസ്സിലെ മുന്തിയ മാത്രകളാണ് സുഗതക്കുമാരി കവിതകളിലൂടെ മലയാളിക്കു ലഭിച്ചത്. ജന്‍മസൗഭാഗ്യമായി എന്നും എടുത്തു കാണിക്കാന്‍ ലഭിച്ച മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മുന്തിയ മാത്രകള്‍ തന്നെ. 

 

കാത്തിരുന്ന മഴയിലൂടെ വീണ്ടും നടക്കുന്നതുപോലെ, ഓര്‍മയിലെ നഷ്ടസൗഭാഗ്യമായ ഒറ്റയടിപ്പാതയിലൂടെ നഷ്ടസ്മൃതികളെ വീണ്ടും തിരയുംപോലെ, ഉള്‍പ്പുളകമായി അകം നിറയ്ക്കുന്ന കവിതയുടെ കാവ്യകല്ലോലിനി. ഇരുളിലെ മിഴി മേലോട്ടുയരവേ ഒരു തണുത്ത നക്ഷത്രസ്മിതാര്‍ദ്രത 

English Summary: Maramamaram book by Sugathakumari