അനീതിയെ അനീതിയെന്നു വിളിക്കാന്‍ പേടിയില്ലാത്ത പൗരന്മാര്ക്കുവേണ്ടി...
ഡിസി ബുക്സ്
വില 150
Mail This Article
കവിത എന്നോമുതലേ കവിതയല്ലാതായ കാലമാണിത്. വൃത്തം നഷ്ടപ്പെടുകയും പിന്നാലെ എങ്ങനെ പറയുന്ന ഏതു വാക്കും കവിതയാകുകയും ചെയ്യുമെന്ന ആധുനിക, ഉത്തരാധുനികതയുടെ വരണ്ട കാലത്തിലൂടെ സഞ്ചരിക്കുന്ന കാലം. കവിതയുടെ നീരുറവ കാണാക്കാഴ്ചയായി. കിട്ടാക്കനിയായി. കവിത വായിക്കുമ്പോള്‍ തെളിയുന്ന മഴവില്ലഴക് അപൂര്‍വങ്ങളില്‍ അപൂര്‍വമായി. കവികളുടെ എണ്ണം കൂടി; കവിതയോ കുറഞ്ഞു. ഏറ്റുപാടാന്‍, ഓര്‍ത്തിരിക്കാന്‍, ഏതോ നിമിഷത്തില്‍ ഉള്‍വെളിച്ചം പോലെ ഉള്ളില്‍ തെളിയാന്‍ കവിതയുടെ ഉറവ കുറഞ്ഞുകുറഞ്ഞു വന്നു. കവിതയില്‍ കവിത കണ്ടെത്തുന്നതായി ഏറ്റവും വലിയ കവിതാന്വേഷണം. പുരസ്കാരങ്ങളും അംഗികാരങ്ങളും കൂടിയിട്ടും കവികളെ മാത്രം കാണാനില്ലാത്ത കാലം. എന്നാല്‍ ഈ ശൂന്യസ്ഥലിയിലും, ഗദ്യകവിതയുടെ മരുപ്പറമ്പിലും, രാഷ്ട്രീയ കവിതയുടെ മണല്‍പ്പരപ്പിലും കത്തുന്ന പന്തമായി ജ്വലിക്കുന്നുണ്ട് കെജിഎസിന്റെ കവിതകള്‍.
കാലത്തിലോ, സമൂഹത്തിലോ, വിഭാഗങ്ങളിലോ, ഇസങ്ങളിലോ തളച്ചിടാനാവാതെ വാക്കിന്റെ വീര്യവും അര്‍ഥത്തിന്റെ കനലും ജ്വലിപ്പിക്കുന്ന , തിരിച്ചറിവിന്റെ ചെന്തീവെട്ടം.
കെജിഎസിന്റെ ഏറ്റവും പുതിയ കാവ്യസമാഹാരമായ പൂക്കൈത തുടങ്ങുന്നതു തന്നെ അക്കപ്പെരുമാള്‍ എന്ന മൂര്‍ച്ചയേറിയ കവിതയിലാണ്. വാക്കില്‍ വാക്കല്ലാത്ത പലതും പാര്‍ക്കും എന്നു കവിവചനം. അര്‍ഥം. ഭാവന. അലങ്കാരം. അവിശ്വാസം. വ്യംഗ്യം. ധ്വനി. എന്നാല്‍ അക്കത്തില്‍ ഈ പ്രശ്നങ്ങളൊന്നുമില്ല. വാക്കിനേക്കാള്‍ വിശ്വസിക്കാം. അക്കം നിറയെ അക്കം മാത്രം. ഏറെയുമില്ല; കുറവുമില്ല. കണിശമാവാന്‍ കണക്കിനേ കഴിയൂ.
വാക്കിനെക്കുറിച്ചുള്ള ഈ മൂര്‍ച്ചതീര്‍ച്ചയാണ് കെജിഎസിന്റെ കരുത്ത്. കാലത്തിലും സമൂഹത്തിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള അവബോധവും എന്തു നിലപാട് എടുക്കണമെന്ന ഉറപ്പുമാണ് ആ വാക്കുകളുടെ മൂര്‍ച്ച കൂട്ടുന്നത്. ചിന്തയുടെ ഉലയിലെന്നവണ്ണം നാലപാടുകള്‍ ഉരുകിത്തെളിയുമ്പോള്‍ കവിതയുടെ കാതല്‍ പുറത്തുവരുന്നു. ഉള്ളം തെളിക്കുന്ന വിശുദ്ധിയോടെ. തെളിമയുടെ ആത്മവിശുദ്ധിയോടെ.
അനീതിയെ അനീതിയെന്നു വിളിക്കാന്‍ പേടിയില്ലാത്ത പൗരന്‍മാര്‍ക്കാണ് ഈ കവിതകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. അല്ലെങ്കിലും അവരാണ് എന്നും അദ്ദേഹത്തിന്റെ കവിതകള്‍ ആസ്വദിച്ചിട്ടുള്ളതും. ബംഗാള്‍ മുതല്‍ കൊച്ചിയിലെ വൃക്ഷങ്ങള്‍ മുതല്‍ ഞാനെന്ന എതിര്‍കക്ഷി മുതല്‍ പൂക്കൈത വരെയുള്ള കാമ്പും കനവുമുള്ള കവിതകള്‍.
വെമ്പുന്നു ധീരതയ്ക്ക് കവിത.
തോന്നുന്നു നേരു കൂവാന്‍.
നീ വന്നത് സൗന്ദര്യം കാണാന്‍; മിണ്ടരുത് കണ്ടത് നാടിന്‍ ജഡമെന്നു കല്‍പന. നോക്കരുത്, കേള്‍ക്കരുതെന്നു മിത്രവും തടയുന്നു. മിണ്ടരുത് കണ്ടതെന്ന് യുക്തിയും തടയുന്നു. വിനോദയാത്രയല്ല ചരിത്രം. കോമഡി നുറുങ്ങുകളല്ല രാഷ്ട്രീയം. വെറുപ്പിന്‍ യാഗസന്നാഹമല്ല മതം.
ഇവിടെയാണ് പൂക്കൈതയുടെ രാഷ്ട്രീയം പ്രസക്തമാകുന്നത്.
പറയില്ല ഞാന്‍ പൂക്കൈതയെ
സൂര്യനാക്കിയ
പഴയ പോരാട്ടം പാഴായെന്ന്; വേദികളില്‍
ആളിക്കുന്നുണ്ട് വിവേകികള്‍
നേരം പോയ് നേരം പോയ് എന്ന
നീതിപ്പാട്ടിലെ തുല്യനീതിയുടെ എതിര്‍ജ്യോതി.
ഭാഷയില്‍ ആജ്ഞ പെരുകുന്ന കാലത്ത് കെജിഎസിന്റെ കവിത
ഭയമില്ലാത്ത വാക്യമാകുന്നു. വഴിയില്‍ പേടില്ലാതെ, മനസ്സ് ഭയരഹിതമായി, ശിരസ്സ് ഉന്നതമായി, സൗന്ദര്യം സ്വാതന്ത്ര്യമായി കവിതയുടെ പതാക ഉയര്‍ത്തിപ്പിടിക്കുന്നു.
English Summary: Pookkaitha Book written by KGS