ADVERTISEMENT

കഥ പറയുക എന്നതു പ്രാഥമിക കര്‍ത്തവ്യമായി കരുതുന്ന എഴുത്തുകാരുണ്ട്. അവര്‍ക്കു സ്വന്തമായി വായനാ സമൂഹവുമുണ്ടെന്ന് അവരുടെ പുസ്തകങ്ങള്‍, അവയുടെ വിജയം തെളിയിക്കുന്നു. വ്യാഖ്യാനമല്ല. കഥാപാത്രങ്ങളുടെ മനോഗതികള്‍ക്കു പിന്നാലെ പോവുകയല്ല. സംഭവങ്ങള്‍. അവയോടു സന്ദര്‍ഭാനുസരണം പ്രതികരിക്കുന്ന കഥാപാത്രങ്ങള്‍. അവരാണ്, അവരുടെ ജീവിതമാണു പ്രമേയം. ഇക്കൂട്ടത്തില്‍ പ്രമുഖനാണ് ജി.ആര്‍. ഇന്ദുഗോപന്‍. 

 

സാഹിത്യം, അതിന്റെ അന്തരാളങ്ങള്‍, വ്യാഖ്യാനങ്ങള്‍ തുടങ്ങിയവയെ വച്ചു പൊലിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യേണ്ട കര്‍മത്തില്‍ തഴക്കമുള്ളവര്‍ വേറെയുണ്ടെന്ന് അദ്ദേഹം പറയുന്നു. അവര്‍ മോശക്കാരല്ല. ‘എന്റേത് പക്ഷേ, കഥനമാണ്. സാഹിത്യമല്ല. കഥനത്തിലെ സാഹിത്യം ബോധപൂര്‍വം വേണ്ടെന്നുവച്ചു കഴിഞ്ഞു. കഥയുടെ ഒരു കരയില്‍ നിന്ന് മറുകരയിലേക്കു സാമാന്യവേഗത്തില്‍ തുഴയുന്നയാള്‍’. ഈ സത്യപ്രസ്താവനയോടു പൂര്‍ണമായും ചേര്‍ന്നുനില്‍ക്കുന്നതാണ് ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥാസമാഹാരം: ചെന്നായ. ഇതിനോടകം സിനിമയായ ചെന്നയയ്ക്കൊപ്പം ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളാണ് പുതിയ സമാഹാരത്തിലുള്ളത്. 

 

കഥനമാണു സ്വന്തം കര്‍ത്തവ്യമെന്ന ഉറച്ച ബോധ്യമുള്ള ഇന്ദുഗോപന്റെ ചെന്നായ എന്ന കഥയ്ക്ക്, പ്രമേയപരമായും കഥാപാത്ര ചിത്രീകരണത്തിലും നാടകത്തോടാണ് അടുപ്പം. ഒന്നു, രണ്ടു രംഗങ്ങളില്‍ പൂര്‍ത്തിയാകുന്ന നാടകം. മൂന്നു പ്രധാന കഥാപാത്രങ്ങള്‍. എത്തിനോക്കിപ്പോകുന്ന ഏതാനും പൊലീസുകാര്‍. ഫോണില്‍ക്കൂടിമാത്രം സാന്നിധ്യമറിയിക്കുന്ന മറ്റൊരു കഥാപാത്രം. ഇത്രയും മതി ചെന്നായ രംഗത്ത് അവതരിപ്പിക്കാന്‍. 

 

മൂന്നു വരികളുള്ള ആദ്യത്തെ ഖണ്ഡികയ്ക്കു ശേഷം തീര്‍ത്തും നാടകത്തിന്റെ മട്ടിലാണു ചെന്നായ പുരോഗമിക്കുന്നത്. നിര്‍ത്താതെയുള്ള സംഭാഷണങ്ങള്‍. വല്ലപ്പോഴും മാത്രം ചില്ലറ വ്യാഖ്യാനവുമായി പ്രത്യക്ഷപ്പെടുന്ന കഥാകൃത്ത്. ബാക്കിയെല്ലാം കഥാപാത്രങ്ങളും അവരുടെ സംഭാഷണവും മാത്രം. പിരിമുറുക്കമില്ലെങ്കിലും നാടകീയതയുണ്ട്. ചെറിയൊരു ട്വിസ്റ്റ്. ടേണ്‍. ചെന്നായ പൂര്‍ണം. ആട്ടിന്‍തോലിട്ട ചെന്നായയും യഥാര്‍ഥ ചെന്നായയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ ചെന്നായയും അതിന്റെ ക്രൗര്യവും വന്യതയും രണ്ടു കഥാപാത്രങ്ങളിലുമുണ്ടെന്ന് ബോധ്യപ്പെടുത്തി കഥാകൃത്ത് പിന്‍മാറുന്നു. ബാക്കി വായനക്കാര്‍ക്കു വ്യാഖ്യാനിക്കാം.  

 

സമാഹാരത്തിലെ മറ്റു കഥകളും അതിശയകരമാം വിധം ചെന്നായ എന്ന കഥയ്ക്കു നല്‍കാവുന്ന വിശേഷണങ്ങളുമായി യോജിച്ചുപോകുന്നവയാണ്. പല കാലത്ത്, പല സാഹചര്യങ്ങളില്‍ എഴുതിയവയാണെങ്കിലും. അമ്മിണിപ്പിള്ള വെട്ടുകേസ് പോലെ ഇന്ദുഗോപന്റെ അടുത്തിടെ പ്രശസ്തമായ കഥകളിലും കഥനത്തിനു തന്നെയാണു പ്രാമുഖ്യമെങ്കിലും 

ആ കഥാപാത്രങ്ങളുടെ സങ്കീര്‍ണമാം വിധം ശ്രദ്ധേയമായ വ്യക്തിത്വം പുതിയ കഥകളിലെ കഥാപാത്രങ്ങള്‍ക്കില്ല എന്നു പറയാം. അമ്മിണിപ്പിള്ളയിലും കൊല്ലപ്പാട്ടി ദയയിലുമെല്ലാം തീവ്രവമായ കഥാപാത്രങ്ങളും സവിശേഷമായ കഥാപരിസരങ്ങളും തീവ്രമായ ബന്ധങ്ങളുമുണ്ടായിരുന്നു. കഥയെന്ന നിലയില്‍ അവ വിജയിച്ചതും അതുകൊണ്ടുതന്നെ. എന്നാല്‍ പുതിയ കഥകളില്‍ ലാഘവത്തോടെ കഥകളെ സമീപിച്ച എഴുത്തുകാരനെയാണു കാണുന്നത്. അതിഭാവുകത്വം എന്ന അപകടത്തില്‍ ചാടാതെ കഥകളെജീവിതത്തിന്റെ പച്ചയായ ആവിഷ്കരണം കൊണ്ടു രക്ഷപ്പെടുത്താനും കഥാകൃത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍, ചെന്നായയിലെ കഥകളില്‍ ഡീറ്റെയിലിങ്ങിന്റെ കുറവുള്‍പ്പെടെയുള്ള പരിമിതികള്‍ മുഴച്ചുനില്‍ക്കുന്നു. 

 

മറുത തീഷ്ണമായ കഥയാണ്. കഥാപാത്രങ്ങളും വേറിട്ട നിലയില്‍ ശ്രദ്ധേയരാണ്. എന്നാല്‍ വായനക്കാരില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ കഥ പരാജയപ്പെടുന്നു. ക്ലോക്ക് റൂം ഒരു ചെറുപ്പക്കാരന്റെ വ്യാജ അഹങ്കാരത്തെയും ഈഗോയെയും നന്നായി കുടയുന്നുണ്ട്. ഒപ്പം സാഹചര്യങ്ങള്‍ വേഗം മനസ്സിലാക്കാനുള്ള സ്ത്രീകളുടെ കഴിവും വെളിച്ചത്തുകൊണ്ടുവരുന്നു. എന്നാല്‍, വിശ്വസനീയത ബോധ്യപ്പെടുത്തുന്നതില്‍ കഥയും പൂര്‍ണമായി വിജയിച്ചു എന്നു പറഞ്ഞുകൂടാ. 

 

കഥനം തന്നെയാകണം ഇന്ദുഗോപന്‍ എന്ന എഴുത്തുകാന്റെ വഴിയും ഗതിയും. കഥനത്തിന്റെ തീവ്രത. ഇമ്പം. ഇന്ദുഗോപന്റെ ഭാഷയില്‍ തഞ്ചം. ഇമ്പമുള്ള കഥകളുമായി തഞ്ചത്തില്‍ എത്തുന്ന ഇന്ദുഗോപനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഒരു ഘട്ടമാകട്ടെ ചെന്നായ. കഥയുടെ ചെന്നായയ്ക്ക് വീണ്ടും മുഴുത്ത ഇരകളെ കിട്ടട്ടെ ! 

 

English Summary: Chennaya book written by GR Indugopan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com