ADVERTISEMENT

തെറ്റു ചെയ്യുന്നവര്‍ക്കല്ലേ കുമ്പസാരം? ശരിയെന്നു തോന്നുന്നതേ ഞാന്‍ ചെയ്യാറുള്ളൂ. മുന്നും പിന്നും നോക്കീട്ടും കണക്കു നോക്കീട്ടുമൊന്നുമല്ല ഓരോന്നു ചെയ്യുന്നത്. അപ്പപ്പോള്‍ ശരിയെന്നു തോന്നുന്നത്. അതിന്റെ വരുംവരായ്കകളും അനുഭവിക്കാന്‍ ഞാന്‍ തയാര്‍. അല്ലെങ്കിലും എത്ര ശ്രമിച്ചാലും എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി നീര് വരത്തില്ല.  കരയാന്‍ എനിക്കറിയില്ല. ലോകത്ത് ഒരു പെണ്ണും കരയരുതെന്നാണു ഞാന്‍ പറയുന്നത്. വേണ്ടതിനും വേണ്ടാത്തതിനും കണ്ണു നിറയ്ക്കുന്നതുകൊണ്ടാണ് പെണ്ണ് അബലയാണ് കുടച്ചക്രമാണ് എന്നൊക്കെ എന്നൊക്കെ ആണുങ്ങളു പറഞ്ഞോണ്ടിരിക്കുന്നേ... 

 

റബേക്ക ടീച്ചര്‍ ക്ഷോഭിക്കുകയായിരുന്നു. ആ ക്ഷോഭത്തില്‍ ന്യായമുണ്ടെന്ന് ആര്‍ക്കും തോന്നും. പ്രത്യേകിച്ചും അവരുടെ ജീവിതത്തിന്റെ സവിശേഷ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍. 

മോഹനന്‍ പുഞ്ചക്കുറിഞ്ചി എന്ന യുവാവിന് റബേക്ക പറയുന്ന ജീവിത തത്ത്വശാസ്ത്രം ബോധിച്ചു. റബേക്കയിലെ സത്യം അനാവരണം ചെയ്യണമെന്ന് അയാള്‍ ആഗ്രഹിച്ചു. താന്‍ എഴുതുന്ന നോവലിലൂടെ. എന്നാല്‍ മോഹനന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ ആറു കൊലപാതകങ്ങളുടെ ദുരൂഹതയിലേക്കു വിരല്‍ ചൂണ്ടുമെന്ന് അയാള്‍ ഒരിക്കലും സംശയിച്ചില്ല; അയാളുടെ നായികയായ റബേക്കയും. ലോകചരിത്രത്തില്‍ ആദ്യമായി ഒരു നോവല്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ വിലപ്പെട്ട തെളിവായി മാറുന്നതിന്റെ ഉദ്വേഗ ജനകമായ കഥയാണ് രാജീവ് ശിവശങ്കറിന്റെ പുതിയ നോവല്‍ റബേക്ക. 

 

ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്നതാണെങ്കിലും റബേക്ക കുറ്റാന്വേഷണ നോവല്‍ മാത്രമല്ല. കുറ്റം തെളിയിക്കുക എന്നതിനേക്കാള്‍ കുറ്റത്തിന്റെ പിന്നിലുള്ള മനസ്സിലേക്ക് അക്ഷരങ്ങള്‍ കൊണ്ടു നടത്തുന്ന യാത്രയാണ് നോവലിസ്റ്റിന്റേത്. ജീവിതമാണ് ഇവിടെ ഇതള്‍ വിരിയുന്നത്. യഥാര്‍ഥ ജീവിതം. അനുഭവങ്ങളും സാഹചര്യങ്ങളുമാണ് വില്ലന്‍മാര്‍. അവര്‍, മനസാക്ഷിയില്ലാതെ പെരുമാറുന്നതോടെ നായകനില്ലാത്ത നോവല്‍ ജനിക്കുന്നു. ഒപ്പം ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും. 

 

കഥ എഴുതിയിട്ടുള്ള, കഥയെഴുതാനും നോവല്‍ എഴുതാനും കൊതിക്കുന്ന മോഹനന്‍ എന്ന ചെറുപ്പക്കാരന് അപ്രതീക്ഷിതമായി ഒരു അവസരം വീണു കിട്ടുന്നു. മറ്റൊരാളുടെ ജീവിതം എഴുതാന്‍. അവരാകട്ടെ മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നകത്ത് പത്തേക്കറിലെ വലിയ വീട്ടില്‍ സ്വയമൊരുക്കിയ ഏകാന്തത്തടവിലുമാണ്. അവര്‍ പുറത്തേക്ക് ഇറങ്ങാറുപോലുമില്ല. എന്നാല്‍ പുറത്തുനടക്കുന്ന എല്ലാക്കാര്യങ്ങളും അറിയുന്നു. അവര്‍ക്കു ചുറ്റും കഥകളുണ്ട്. അവ നിറംപിടിപ്പിച്ചും പൊലിപ്പിച്ചും നാട്ടുകാര്‍ പാടിനടക്കുന്നു. എന്നാല്‍, സത്യം കഥകളില്‍നിന്നകലെ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. 

 

റബേക്ക ജീവിതം പറയുകയാണ്. അതു പലര്‍ക്കുമൊരു മുന്നറിയിപ്പാണ്. വെല്ലുവിളിയാണ്. പലരും ആ ആത്മകഥയെ പേടിയോടെ കാത്തിരിക്കുന്നു. തങ്ങളെക്കുറിച്ച് എന്തായിരിക്കും എഴുതിപ്പിടിപ്പിക്കാന്‍ പോകുന്നതെന്ന ആശങ്കയോടെ. എന്നാല്‍, റബേക്കയ്ക്ക് ആശങ്കകളില്ല. നേരത്തേതന്നെ ജീവിതം ഒറ്റയ്ക്കു നേരിടാന്‍ പഠിചിട്ടുണ്ട്. അവര്‍. പ്രതിസന്ധികളെ അതിജീവിക്കാന്‍ മനഃകരുത്തും നേടിയിട്ടുണ്ട്. അതു ജീവിതം സമ്മാനിച്ചതാണ്. നേരിട്ട അനുഭവങ്ങള്‍ നല്‍കിയ പാഠം.  റബേക്ക പറയുന്ന കഥയില്‍ നിന്ന ജീവചരിത്രം എഴുതുയുണ്ടാക്കുകയാണു മോഹനന്റെ ജോലി. ഒരു നോവല്‍ എന്ന സ്വപ്നത്തോടെ നടന്ന അയാള്‍ തന്റെ ആദ്യ നോവലില്‍ റബേക്കയെ നായികയാക്കുന്നു. ഗോപ്യം എന്ന പേരില്‍. റബേക്കയുടെ കഥയും ഗോപ്യം നോവലും ഇടകലരുന്നു. അകലുന്നു. അപ്പോഴും സത്യം അകന്നുതന്നെ നിന്നു. എന്നാല്‍ നോവല്‍ പൂര്‍ത്തിയാുകും മുമ്പു തന്നെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. അതാരെയും ഞെട്ടിപ്പിക്കാന്‍ പര്യാപ്തവുമാണ്. 

വായനാ ക്ഷമതയാണ് രാജീവ് ശിവശങ്കറിന്റെ നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത. വായിച്ചു തുടങ്ങുന്ന ആരും നോവല്‍ വേഗം പൂര്‍ത്തിയാക്കാന്‍ കൊതിക്കും. ആകാംക്ഷയെ തൃപ്തിപ്പെടുത്തി, ഉത്കണ്ഠ വളര്‍ത്തി, സ്വാഭാവികമായി കഥ വികസിക്കുന്നു. സുന്ദരമായ ഭാഷയില്‍. 

 

വില്ലനെ സമര്‍ഥമായി മറച്ചുപിടിക്കാന്‍ നോവലിസ്റ്റിനു കഴിയുന്നുണ്ട്. കഥ ക്ലീഷേ ആകുന്നുമില്ല. രസം പിടിച്ചിരുന്നു വായിക്കാം റബേക്ക. ആദ്യാവസാനം വായനയെ ആഹ്ലാദകരമാക്കുന്ന അനുഭവം.  

 

English Summary: Rebecca book written by Rajeev Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com