കുടുംബത്തിൽ നിന്നകറ്റിയ ട്രിവാൻഡ്രം ലോഡ്ജിലെ അശ്ലീല വേഷം; ഓർമപ്പാടത്ത് കഥകളുമായി ബാലേട്ടൻ
ഡിസി ബുക്സ്
വില 170 രൂപ
Mail This Article
‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന സിനിമ റിലീസാകുന്നതിനു തൊട്ടുമുൻപായിരുന്നു നടനും തിരക്കഥാകൃത്തും നാടക കൃത്തുമൊക്കെയായ പി.ബാലചന്ദ്രന്റെ മകളുടെ വിവാഹനിശ്ചയം. പടം റിലീസായിട്ടാണ് വിവാഹ നിശ്ചയം നടത്തിയതെങ്കിൽ ചെറുക്കന്റെ വീട്ടുകാർ ബന്ധം വേണ്ടെന്നുവെച്ചേനേ എന്നു പലരും പറഞ്ഞത് തമാശയ്ക്കു മാത്രമല്ല, കാര്യമായിട്ടുതന്നെയാണ്.
ട്രിവാൻഡ്രം ലോഡ്ജ് സിനിമയിൽ പ്രമുഖ വേഷത്തിലെത്തിയ ബാലചന്ദ്രൻ ആ സിനിമയുടെ ആദ്യ ഷോ കാണാൻ പോകുന്നത് കുടുംബമായിട്ടാണ്. തിരക്കു കാരണം അദ്ദേഹത്തിനും ഭാര്യയ്ക്കും മകനും വെവ്വേറെ സ്ഥലങ്ങളിലായിരുന്നു ഇരിപ്പിടം. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ബാലചന്ദ്രനു ഭാര്യയെയും മകനെയും നഷ്ടപ്പെട്ടു. കുറേ ചെറുപ്പക്കാർ അദ്ദേഹത്തെ സീറ്റിൽ നിന്ന് ഇളക്കിയെടുത്തുകൊണ്ടുപോകുകയായിരുന്നു. ചുറ്റും നൂറോളം പേർ ആർപ്പു വിളിക്കുന്നു. തനിക്കും ആരാധകരുണ്ടെന്ന് ബാലചന്ദ്രൻ അന്നാണു മനസ്സിലാക്കുന്നത്. ആളുകളുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ ദൂരെ നിൽക്കുന്ന ഭാര്യയെയും മകനെയും അദ്ദേഹം കണ്ടു.അവരുടെ അടുത്തോട്ട് എത്താനുമാകുന്നില്ല. അറിയപ്പെടുന്ന നടനായിക്കഴിഞ്ഞാൽ കുടുംബത്തെ നഷ്ടപ്പെടുമെന്ന് അന്നാണ് അദ്ദേഹം മനസ്സിലാക്കുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ നടന്റെ ചുറ്റും ആളു കൂടൂം. കൂടെവന്ന കുടുംബാംഗങ്ങൾ ഒറ്റപ്പെടും. കുടുംബത്തിലുള്ളവർ മാറിനിൽക്കുമ്പോൾ നടന്റെ ഇമേജ് തനിക്ക് ആസ്വദിക്കാനായിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറയുന്നു. അതേ സമയം, ജനക്കൂട്ടത്തിന്റെ ആഹ്ലാദം ആസ്വദിക്കാതിരിക്കാനും കഴിയുന്നില്ല.
ട്രിവാൻഡ്രം ലോഡ്ജിലെ കഥാപാത്രം അശ്ലീലമാണെന്നു പലരും പറഞ്ഞു. എന്നാൽ ബാലചന്ദ്രന് അങ്ങനെ തോന്നിയിട്ടില്ല. പലരും പറഞ്ഞു ആ റോൾ ചെയ്യാൻ പാടില്ലായിരുന്നു എന്ന്. എന്നാൽ, ഒരു നടൻ എന്ന നിലയിൽ തനിക്ക് അങ്ങനെ തീരുമാനിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. എഴുത്തുകാരനു വേണമെങ്കിൽ അങ്ങനെ എഴുതേണ്ട എന്നു തീരുമാനിക്കാം. എന്നാൽ, നടൻ അയാൾ മാത്രമായി ആവിഷ്കരിക്കുന്ന മാധ്യമത്തിന്റെ ആളല്ല. മറ്റുള്ളവരുടെ കൂടെച്ചേർന്നാണ് ആവിഷ്കാരം നടത്തുന്നത്. നടൻ സ്വന്തം ഇഛയ്ക്കനുസരിച്ച് ആവിഷ്കാരം നടത്താൻ വിധിക്കപ്പെട്ടവനുമല്ല. അയാൾ എന്ന മാധ്യമത്തിന് ആപേക്ഷികതയുണ്ട്. അതാണതിന്റെ പരിമിതിയും സാധ്യതയും.
നടനാവുമ്പോൾ നഷ്ടപ്പെടുന്നത് എന്ന ഓർമക്കുറിപ്പിലെ പി.ബാലചന്ദ്രന്റെ വിചാരങ്ങൾക്കും വികാരങ്ങൾക്കും ആത്മാർഥതയുടെ തിളക്കമുണ്ട്. കുട്ടിക്കാലം മുതലേ കലയെ ഉപാസിച്ച, നാടക അരങ്ങിനെ ധ്യാനിച്ച, സിനിമയിൽ എത്തി പ്രശസ്തനായ മനുഷ്യന്റെ കൊച്ചു സന്തോഷങ്ങളും വലിയ ദുഃഖങ്ങളും ധർമസങ്കടങ്ങളുമുണ്ട്. ഓർമപ്പാടം എന്ന പുസ്തകം നിറയെ ബാലചന്ദ്രൻ എന്ന ബാലേട്ടൻ നിന്നുപെയ്യുകയാണ്. അടുക്കും ചിട്ടയുമില്ലാതെ പറയുന്ന ഓർമകൾക്ക് സ്വകാര്യ സംഭാഷണത്തിന്റെ അനൗപചാരികത. ശാസ്താംകോട്ടയിലെ ബാല്യകാലമുണ്ട്.
സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ചിൽ പഠിച്ച കാലത്തെ ലഹരി നിറയുന്ന ഓർമകളുണ്ട്. നാടക കാലമുണ്ട്. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപന വർഷങ്ങളുണ്ട്. തിരക്കഥകാരനായും നടനായും സംവിധായകനായും സിനിമയിൽ തിളങ്ങിയ ഗ്ലാമർ കാലമുണ്ട്.
ബാലേട്ടന്റെ ഓർമകൾ അദ്ദേഹത്തിന്റെ ഭാഷയിൽ എഴുതുന്നത് പ്രിയ ബാലകൃഷ്ണൻ.
മൂന്നു മാസം മുമ്പാണ് ബാലേട്ടൻ മലയാളത്തെ വിട്ടുപോകുന്നത്. ഈ പുസ്തകം അദ്ദേഹത്തിന്റെ ഓർമകളാണ്. ആ ഓർമകൾക്കു മുന്നിൽ കൈരളിയുടെ കണ്ണുനീരും.
Content Summary : P Balachandran's biography, Ormmappadam, explores the life of the beloved actor