കമ്മ്യൂണിസ്റ്റാകണോ, പാലായിൽ പോകണം !
ഡിസി ബുക്സ്
വില 160
Mail This Article
പാലായിലെ കമ്മ്യൂണിസ്റ്റുകാർക്ക് ചില സവിശേഷതകളുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വിജയം സ്വപ്നം കാണുകയും ഉറച്ച പ്രതീക്ഷ പുലർത്തുകയും പന്തയം വയ്ക്കുകയും ഒടുവിൽ തോറ്റു തൊപ്പിയിടുന്നതുമാണ് അവരുടെ വർഷങ്ങളായുള്ള പതിവ്. എന്നാലോ ആവേശം ഒട്ടും കുറവില്ല താനും. ഇന്നല്ലെങ്കിൽ നാളെ പാലായെ ചെങ്കൊടി പുതപ്പിക്കുക എന്ന അവരുടെ സ്വപ്നത്തിനു നിറം മങ്ങുന്നില്ല. ചെറ്റക്കുടിലുകളിൽ മാർക്സിന്റെയും എകെജിയുടെയും ചിത്രം അവർ പൂജിക്കാറുണ്ട്. പിന്നാലെ അനുയായികൾ എത്തുമെന്ന പ്രതീക്ഷയിൽ കൊന്നക്കമ്പിൽ ചുവന്ന കൊടി കെട്ടി മുദ്രാവാക്യം വിളിച്ചു മുന്നേറാറുണ്ട്. സമുന്നത നേതാക്കളെ പാലായിലെത്തിച്ചു യോഗം വിളിച്ചുകൂട്ടി ആവേശത്തിൽ പങ്കു ചേരാറുണ്ട്. മരിച്ചുപോയ സഖാവിന്റെ പേരിൽ ഗ്രന്ഥശാല കെട്ടിപ്പൊക്കാൻ അഹോരാത്രം പരിശ്രമിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാറുണ്ട്. എകെജിയുടെ ‘എന്റെ ജീവിതകഥ’ കേടു കൂടാതെ സൂക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയം ഇല്ലെങ്കിലും പതിറ്റാണ്ടുകൾ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കാത്തുസൂക്ഷിച്ച സഖാക്കളുടെ ജീവിതമാണ് എസ്.ആർ. ലാലിന്റെ പാലായിലെ കമ്മ്യൂണിസ്റ്റ് എന്ന കഥയുടെ ജീവൻ.
കാലം മാറുമ്പോൾ പാലായും മാറുന്നു. പാലാക്കാരന്റെ ജീവിതവും മാറുന്നു. എന്നാലും മാറാത്ത ചിലതുണ്ടെന്ന് ഓർമിപ്പിക്കുകയാണ് പാലായിലെ കമ്മ്യൂണിസ്റ്റ് എന്ന കഥ. ഒരു കുട്ടിയുടെ കണ്ണിലൂടെയാണ് പാലായുടെ ആദ്യകാല ജീവിതം ലാൽ പറയുന്നത്. ശൈശവ നിഷ്കളങ്കതയിലൂടെ നിർവഹിക്കുന്ന ആഖ്യാനം കഥാഘടനയ്ക്കു പുതുമയും വ്യത്യസ്തതയും നൽകുന്നു. കുട്ടി വലുതാകുന്നതോടെ, കാഴ്ചയിലും കാഴ്ചപ്പാടുകളിലും സംഭവിക്കുന്ന മാറ്റങ്ങൾ ആഖ്യാനത്തിലും സ്വാഭാവികമായി വന്നുചേരുന്നു. എന്നാൽ, ആദ്യന്തം ഒരു കുട്ടിയുടെ മുൻവിധികളില്ലാത്ത കാഴ്ചയിലൂടെയാണ് കഥ പറയുന്നത്.
കുട്ടി മുതിർന്നു. ജാതി മാറി വിവാഹം കഴിച്ചു. സവർണ പാരമ്പര്യത്തിൽ ഉറച്ചു ജീവിക്കുന്ന ഭാര്യയുടെ കുടുംബത്തോട് ഒട്ടിനിൽക്കാൻ തയാറായി. ജീവിക്കാൻ പഠിച്ചെന്ന് ഭാര്യയിൽ നിന്ന് സർട്ടിഫിക്കറ്റും നേടി. ലണ്ടനിലെത്തി. പാലായിലെ ഗ്രന്ഥശാല ഇപ്പോഴും സാക്ഷാത്കരിച്ചിട്ടില്ല. സംഭാവന ചോദിക്കുന്നവരോട് പച്ച പിടിച്ചു വരുന്നതേയുള്ളൂ എന്നാണു മറുപടി. ഭാര്യയുടെ നിർബന്ധത്തിലായിരിക്കും കുടുംബക്കാരുടെ വാട്സാപ് ഗ്രൂപ്പിലും അംഗത്വം നേടി. ഭക്തി, വിശ്വാസം, ഹിന്ദു ജീവിതക്രമം ഇവയൊക്കെയാണ് ഗ്രൂപ്പിലെ പ്രധാന അന്തർധാര. ചവിട്ടിമെതിക്കപ്പെടുന്ന മതത്തെക്കുറിച്ചുള്ള നേർസാക്ഷ്യങ്ങൾ. ഇതൊക്കെ കമ്പോടു കമ്പ് വായിക്കാനും കേൾക്കാനും അതിൻമേൽ ചിന്തിക്കാനും സമയമുണ്ട്. കാര്യങ്ങൾ പഠിച്ചുതുടങ്ങുമ്പോഴാണല്ലോ ശരിയും ശരികേടും ബോധ്യപ്പെടുക.
പ്രതികരിച്ചു തുടങ്ങിയതോടെ ‘നിനക്കെന്തുപറ്റിയളിയാ’ എന്നു ചിലർ തിരക്കാതിരുന്നില്ല. സ്വന്തം അഭിപായമാണെന്ന് അവരോടു തീർത്തു പറഞ്ഞില്ല. ഇങ്ങനേം ചിലത് ആളുകള് പറയുന്നുണ്ട്. അതും നമ്മൾ അറിഞ്ഞിരിക്കണമല്ലോ എന്ന് ആശ്വസിപ്പിച്ചു. കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തു. കസവുമുണ്ടൊക്കെ ഉടുത്ത് പുളിയിലക്കര നേര്യത് പുതച്ച് നെറ്റീല് ചന്ദനമൊക്കെയിട്ട് പഞ്ചാരിമേളത്തിനു മുന്നിൽ നടക്കുമ്പോഴുള്ള സുഖം അനുഭവിച്ചു. പൗണ്ട് ഇഷ്ടം പോലെ കയ്യിലിരുന്നാ കിട്ടുന്നതിലും വലിയ സുഖം അറിഞ്ഞു. എന്നാൽ വംശനാശം വന്നിട്ടില്ല പാലായിലെ കമ്മ്യൂണിസ്റ്റുകാർക്ക്. അവരുടെ ശാശ്വത പ്രതിനിധിയായ പേരപ്പന്. കുറച്ചുപേര് ഇതുപോലെ എല്ലാ ഗ്രാമത്തിലും നഗരത്തിലും കാണും. നമ്മള് കാണുന്നില്ലന്നേയുള്ളൂ. അതോണ്ടല്ലേ ലോകമിപ്പഴും ഇങ്ങനെയങ്ങ് പോകുന്നത് എന്ന് ആശ്വസിച്ചു.
കാലം എങ്ങനെയൊക്കെ മാറുമ്പോഴും അവശേഷിക്കുന്ന മനുഷ്യത്വത്തിലാണ് എസ്.ആർ. ലാലിന്റെ കഥകളുടെ അന്തർധാര. പുതു കഥാകൃത്തുക്കളിൽ അപൂർവമായി മാത്രം കാണുന്ന ഗ്രാമ നിഷ്കളങ്കതയുടെ വിശുദ്ധിയും പുണ്യവും ഒരിക്കൽപ്പോലും ക്ലീഷേയാകാതെ കഥകളെ വായനാക്ഷമമാക്കുന്നു. പ്രകൃതി ഈ കഥകൾക്ക് അന്യമല്ല. പൂച്ച ഉൾപ്പെടെയുള്ള ജീവജാലങ്ങളും. പൂച്ചമ്മ എന്ന കഥയിൽ തള്ളപ്പൂച്ചയുടെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ നാവിറങ്ങിപ്പോയ മനുഷ്യനെ കാണാം. ഭാര്യയോടു പിണങ്ങി ഒറ്റയ്ക്കു ജീവിക്കുന്ന യുവാവിന്റെ മനസ്സു മാറ്റുന്ന പോത്തിനെ, പോത്ത് എന്ന കഥയിൽ കാണാം.
സൗമ്യമായാണ് എസ്.ആർ. ലാലിന്റെ കഥകൾ വായനക്കാരോട് സംവദിക്കുന്നത്. പുറത്തെ സംഘർഷങ്ങളേക്കാൾ ആന്തരിക ലോകത്തിലെ സംഘർഷങ്ങളാണ് അദ്ദേഹം പ്രമേയമാക്കുന്നത്. എന്നാലോ, മുളക് കടിച്ചില്ലെങ്കിലും ഉള്ളിൽ കിടന്ന് എരിയുന്നതുപോലെ, അദ്ദേഹം അവതരിപ്പിക്കുന്ന ജീവിത ചിത്രങ്ങൾ ഭാഷയ്ക്കു മാറ്റു കൂട്ടുന്നു. പാലായിലെ കമ്മ്യൂണിസ്റ്റ് ഉൾപ്പെടെ 9 കഥകളാണ് പുതിയ സമാഹാരത്തിലുള്ളത്.
Content Summary: Palayile Communist Book by S.R. Lal