കാരുണ്യത്തിന്റെ കാവ്യോപാസകൻ; ചോക്ളേറ്റിന്റെയും
ഡിസി ബുക്സ്
വില 220
Mail This Article
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ്. വർഷങ്ങൾക്കു മുൻപ് ഒരു വൈകുന്നേരം. ഒരു മുറുക്കാൻ കടയിലേക്കു കയറിച്ചെല്ലുന്ന ജുബയിട്ട ദീർഘകായൻ. മുന്നിൽ നിറയെ പഴക്കുലകൾ തൂക്കിയ കടയിൽ നിന്ന് ബീഡി വാങ്ങുകയാണ് അദ്ദേഹം. പണം കൊടുത്ത് മടങ്ങാൻ നേരം ഒരു പശു പഴക്കുലയിലേക്കു കഴുത്ത് നീട്ടുന്നു. നാവു നീട്ടി പഴം ഉള്ളിലേക്ക് എടുക്കും മുമ്പ് കടക്കാരൻ വെട്ടുകത്തിയുടെ പുറം കൊണ്ട് പശുവിന്റെ മുഖത്ത് ഒരടി. അതു പേടിച്ചു പിറകോട്ടു മാറി. ജുബക്കാരൻ തിരിഞ്ഞുനോക്കി. മെല്ലെ പശുവിന് അടുത്തേക്കു ചെന്നു. അതിന്റെ തലയും ആടയും പുറവും തലോടി. വാത്സല്യത്തോടെ എന്തോ പറഞ്ഞു. പിന്നെ പഴക്കുലയിൽ നിന്ന് പഴം ഉരിഞ്ഞെടുത്ത് അതിന്റെ വായിൽ വച്ചുകൊടുത്തു. പശു പിന്നെയും നാവു നീട്ടി. അദ്ദേഹം പഴം ഓരോന്നായി എടുത്ത് പശുവിന് കൊടുക്കുകയാണ്. മുറുക്കാൻ കടക്കാരൻ വാ പിളർന്ന് നോക്കിനിൽക്കുന്നു. മുറുമുറുക്കുന്നു. ഇതിനിടെ മറ്റുള്ളവർ ആവശ്യപ്പെടുന്ന സാധനങ്ങൾ എടുത്തുകൊടുക്കുന്നുമുണ്ട്. ഒരു പഴക്കുല മുഴുവൻ ജൂബക്കാരൻ പശുവിനു കൊടുത്തുകഴിഞ്ഞു. സ്വന്തം കുഞ്ഞിനെ ഊട്ടിയതുപോലെ സംതൃപ്തനായ അദ്ദേഹം കടക്കാരനോട് ചോദിച്ചു എത്ര രൂപയായെന്ന്. നല്ല തക്കം എന്നു കണ്ട് കടക്കാരൻ 100 രൂപ പറഞ്ഞു. അന്നു 30 രൂപയിലധികം വരാത്ത പഴക്കുലയാണത്. ജുബക്കാരൻ കീശയിൽ കൈയിട്ട് ഒരു കവറെടുത്ത് തുറന്നു. അതിനുള്ളിൽ ആകെ ഒരു 100 രൂപ നോട്ട്. അതെടുത്ത് മുറുക്കാൻ കടക്കാരന് കൊടുത്തു. പശുവിനോട് എന്തോ പുന്നാരം പറഞ്ഞ് അദ്ദേഹം നടക്കുമ്പോൾ ഈ രംഗങ്ങൾക്കെല്ലാം സാക്ഷിയായ ചെറുപ്പക്കാരൻ ജൂബക്കാരന്റെ അടുത്തു ചെന്നു.
എന്താ.. സൗമ്യമായ ചിരിയോടെ ഒരു ചോദ്യം.
ഒന്നു കാണാൻ.
എന്താ പേര്
മധുസൂദനൻ
ഓ ശ്രീപദ്മനാഭന്റെ പേര് തന്നെ !
അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. പാതയ്ക്ക് എതിർവശത്തെ സിപി സത്രത്തിലേക്ക്. മുറി തുറന്ന് ഉള്ളിൽ പ്രവേശിച്ച അദ്ദേഹം ജൂബ ഊരി അയയിലേക്ക് ഇടുംമുമ്പ് കീശയിൽ തപ്പി. ഒരു ചോക്‌ളേറ്റ്.
ഇത്രയേയുള്ളൂ കഴിച്ചോളൂ എന്നു പറഞ്ഞു.
മിഠായിയുടെ പുറംകടലാസ് തുറന്നു നോക്കി. പാതി തിന്നിട്ട് വീണ്ടും സൂക്ഷിച്ചുവച്ച മിഠായിയാണത്. അയാൾക്ക് അതൊരു പ്രസാദം പോലെ തോന്നി. ആ പാദം തൊട്ട് നമസ്‌കരിച്ചു.
വടക്ക് കാസർകോട്ടുള്ള വെള്ളിക്കോട്ട് നിന്ന് തെക്ക് തിരുവനന്തപുരത്ത് വന്ന് ഉള്ളതെല്ലാമെടുത്ത് പശുവിനെ ഊട്ടിയ ജൂബക്കാരൻ കാരുണ്യമൂർത്തി മാത്രമല്ല; അക്ഷരമൂർത്തി കൂടിയാണ്. പാറക്കെട്ടിന്നടിത്തട്ടിൽ പൊട്ടും നീർച്ചോല പോലെയും പ്രാരാബ്ധത്തിൻ ചേറിൽ നിന്നു വിരിയും കല പോലെയും, വിദേശത്തിൽ പെറ്റ നാടിൻ പാവന സ്മൃതി പോലെയും ഏകാന്ത യാത്രയിൽ പൊന്തും തത്വചിന്ത കണക്കെയും കണ്ണീർ ചിതറുമാ ഭഗ്ന പ്രേമ സ്മരണ പോലെയും ആമ്പൽപ്പൂവിൽ പാദമൂന്നി നിന്ന നിലാവൊളിയാണ് ആ മനുഷ്യൻ. പൂനിലാവൊളിയാം കാട്ടുപൂഞ്ചോലച്ചാർത്തിനപ്പുറം തിങ്ങിനിൽക്കും മഹാരണ്യ ഗോപുരങ്ങൾക്കുമപ്പുറം പൊൻതാഴികക്കുടം ചൂടി നിൽക്കുന്ന, വാദ്യ ഘോഷം മുഴങ്ങുന്ന വെളിച്ചത്തിന്റെ അമ്പലം. സാക്ഷാൽ പി. കുഞ്ഞിരാമൻ നായർ. അന്ന് അക്ഷരമൂർത്തിയിൽ നിന്ന് ചോക്‌ളേറ്റ് ലഭിച്ച മധുസൂദനൻ, ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വരവിലാപം കേട്ട കവി വി. മധുസൂദനൻ നായർ.
അനുഭവസാക്ഷ്യങ്ങളുടെ പുസ്തകത്തിലാണ് മധുസൂദനൻ നായർ പിയെക്കുറിച്ച് എഴുതുന്നത്. മണ്ണ്, വെള്ളം, ഭൂമി, ആകാശം, രുചി, ഭാഷ, സ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടിയുള്ള പ്രാർഥനകളായ ലേഖനങ്ങൾക്കൊപ്പം സുഗതകുമാരി, എസ്.രമേശൻ നായർ എന്നീ കവികളെയും അനുസ്മരിക്കുന്നു. സർവലോക ഹിതം മാത്രം ഇഛിച്ച് സമലോക വർത്തമാനങ്ങളെയും സ്വാനുഭവങ്ങളെക്കുറിച്ചും എഴുതിയ സ്‌നേഹാർദ്രമായ കുറിപ്പുകളാണിവ. ഒരു കവിയുടെ ആത്മഗതവും ആത്മരോഷവും.
Content Summary: Ithanente Lokam book by V. Madhusoodanan Nair