ADVERTISEMENT

സിനിമയിലാണ് ബിപിൻ ചന്ദ്രന്റെ മനസ്സെന്ന് എപ്പോഴും തോന്നാറുണ്ട്. എന്തെഴുതിയാലും അതിനൊരു കാഴ്ചയുടെ രസമുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ ‘കപ്പിത്താന്റെ ഭാര്യ’യും നൽകുന്നത്. സിനിമയ്ക്കു വേണ്ടി എഴുതിയതിന്റെ ശീലവും അനുഭവവും കൊണ്ടാവാം, ഭാഷയ്ക്ക് മാത്രമല്ല കഥയ്ക്കും സിനിമയുടെ അനുഭവങ്ങളുണ്ട്.

 

പുസ്തകത്തിന്റെ കവർ ചിത്രം ഒരുപക്ഷേ കപ്പിത്താന്റെ ഭാര്യ സിനിമയായാൽ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാക്കാൻ ഉപയോഗിക്കാം എന്ന് നോവലിൽത്തന്നെ പറയുന്നുണ്ട്. എങ്കിലും ആദ്യം ആ കവർ കാണുമ്പോൾ ഒന്നും മനസ്സിലാകാതെ കുറച്ച് നേരം നോക്കിയിരിക്കാൻ തോന്നും. ടൈറ്റാനിക് എന്ന സിനിമയുടെ വലിയൊരു പോസ്റ്ററും അത് നോക്കി നിൽക്കുന്ന രണ്ട് പെണ്ണുങ്ങളും ഇടയിലൊരു പ്രീമിയർ പദ്മിനിയും. ഇത് മൂന്നും തമ്മിലെന്താണ് ബന്ധം? എൺപതോളം പേജുകളിൽ പറഞ്ഞു തീർത്തിരിക്കുന്ന ഈ കുഞ്ഞു നോവെല്ലയുടെ കഥയുണ്ട് ആ ചിത്രത്തിൽ. മധ്യ കേരളത്തിന്റെ തനി നാടൻ ഭാഷയിൽ ഒരു ഓഡിയോ നോവൽ വായിച്ചു കേൾക്കുന്ന പ്രതീതിയാണ് കപ്പിത്താന്റെ ഭാര്യയുടെ ‘വായന’ തന്നത്. അതും ബിപിൻ ചന്ദ്രന്റെ ശബ്ദം കേട്ടവർക്ക് അദ്ദേഹത്തിന്റെ കനമുള്ള ഭാഷയിൽ തന്നെ അത് സങ്കൽപിക്കാം.

 

വർഷങ്ങൾക്ക് മുൻപ് കപ്പൽ ജോലിക്കാരനായിരുന്ന പ്രിയപ്പെട്ട ഭർത്താവിന്റെ, ജോൺ ഫെർണാണ്ടസിന്റെ പെട്ടെന്നുണ്ടായ അപ്രത്യക്ഷമാകൽ ബലപ്പെടുത്തിയ ജീവിതമാണ് റോസിലിയാന്റിയുടേത്. പലപ്പോഴും പുരുഷന്മാരുടേതാണ് ലോകം. അവന്റെ ശബ്ദത്തിന്റെ മുകളിൽ ഉയരാത്ത സ്ത്രീയിൽ നിന്നും ഏറെ വ്യത്യസ്തയാണ് ആന്റി. ഡൽഹിയിലും ബോംബെയിലും പഠിച്ച, കരാട്ടെ അറിയാവുന്ന, ഇരട്ടക്കുഴൽ തോക്കുള്ള, കടുവയെപ്പോലെയുള്ള പട്ടിയെ വളർത്തുന്ന, ഹാഷ് പോഷെന്നു ഇംഗ്ലിഷ് പറയുന്ന, നാട്ടിൽ കനത്ത ഫാഷൻ വേഷമിട്ടു നടക്കുന്ന, തലേക്കേറി നിരങ്ങാൻ ആരെയും സമ്മതിക്കാത്ത ... അങ്ങനെ കുറെ പ്രത്യേകതകളുള്ള ആളാണ് റോസിലിയാണ്ടി. നാട്ടുകാർക്ക് അവർ മൂശേട്ട തള്ളയാണ്. സ്വന്തമായി അഭിപ്രായമുള്ള ഒരു സ്ത്രീയാണ് അവർ. പുരുഷന്മാർക്കൊക്കെ പേടിയാണ് അവരെ. എല്ലാവരെയും ഭയപ്പെടുത്താൻ കഴിവുള്ള ഞാറയ്ക്കൽ അച്ചനെ വരെ വിറപ്പിച്ച കക്ഷിയാണ് റോസിലിയാന്റി. അവരുടെ അടുത്തേക്കാണ് ആനിയമ്മ നോട്ടക്കാരിയായി എത്തിച്ചേരുന്നത്. ഒരിക്കലും ദൂരെ നിന്ന് കാണുന്നത് പോലെയല്ല മനുഷ്യരുടെ ഉള്ളെന്ന് ആനിയമ്മ അവിടെ ചെന്നാണ് പഠിച്ചിട്ടുണ്ടാവുക.

 

കപ്പിത്താന്റെ ഭാര്യ റോസിലിയാന്റിയുടെ മാത്രം കഥയല്ല ആനിയുടെയും തോമസുകുട്ടിയുടെയും കൂടി കഥയാണ്. സമാന്തരമായ രണ്ട് പ്രണയങ്ങളുടെയും കാത്തിരിപ്പുകളുടെയും കഥ. ജീവിതം എങ്ങനേലും ഒന്ന് സെറ്റപ്പാക്കണം എന്ന ആഗ്രഹമാണ് തോമസുകുട്ടിക്ക്. പക്ഷേ എങ്ങനെ നടക്കാനാണ്. ആനിയമ്മയുടെ ഉടപ്പെറന്നോനായ ബേബിയ്ക്ക് അവനെ കണ്ണെടുത്താൽ കണ്ടുകൂടാ. പക്ഷേ അവളെ സ്വന്തമാക്കാൻ എന്തെങ്കിലും വഴി വേണമല്ലോ അതിനാണ് എല്ലാം വിറ്റിട്ട് അയാൾ കടൽ കടക്കാൻ തയാറാവുന്നത്. പക്ഷേ അവിടെയും തോമസുകുട്ടി ചതിക്കപ്പെട്ടു. ചതിച്ചവന്റെ ന്യായീകരണത്തിൽ വീണ്ടും വീണ തോമസുകുട്ടി വീണ്ടും ചതിക്കപ്പെട്ടു. ചില നിഷ്കളങ്കരായ മനുഷ്യർ ഇങ്ങനെയാണ്, എത്ര ചതികൾ നേരിട്ടാലും ജീവനോളം വിശ്വസിച്ചു പോയവനെ പിന്നെയും കൂടെ കൂട്ടും. എന്നാൽ ക്ഷമയുടെ പരിധി വിട്ടു കഴിഞ്ഞാൽ പിന്നെ എന്തും സംഭവിക്കാം. തോമസുകുട്ടിയുടെ ജീവിതത്തിലും ആ പരിധി കടന്നപ്പോൾ സംഭവിക്കേണ്ടത് സംഭവിച്ചു അതോടെ അയാളുടെ ജീവിതം മാറിപ്പോയി. ആനിയമ്മയ്ക്ക് പിന്നെ കാത്തിരിപ്പിന്റെ നാളുകളും.

 

പള്ളിപ്പറമ്പിൽ ടൈറ്റാനിക്കിന്റെ സിനിമ കാണിക്കാൻ വേണ്ടി കമ്മിറ്റിക്കാര് തയാറെടുക്കുമ്പോൾ ഞാറയ്ക്കലച്ചൻ ആദ്യം പ്രശ്നം ഉണ്ടാക്കുന്നുണ്ട്. സിനിമയിലെ ഉമ്മകൾക്ക് പള്ളിയുടെ സദാചാര ഭിത്തികളെ അടയ്ക്കാനുള്ള കഴിവോർത്താണ് അച്ചൻ പ്രശ്‌നമുണ്ടാകുന്നത്. എന്നാൽ പടം കണ്ടു തുടങ്ങിയതും എല്ലാവരും നിശബ്ദരായി. പക്ഷേ ഇടവേളയിൽ സദാചാരത്തിന്റെ ഭാരവും പേറി ഉറഞ്ഞു തുള്ളിയ ഒരു കുഞ്ഞാടിനെ ചെവിക്ക് പിടിച്ച് നിശ്ശബ്ദനാക്കുന്നതും പിന്നീട് അച്ചനാണ്. സദാചാരം എന്ന ഭാരമുള്ള വാക്കിന്റെ അർത്ഥവും വ്യാപ്തിയും അത്രത്തോളം വലുതാണ്. പക്ഷേ ടൈറ്റാനിക്ക് ആ ഗ്രാമത്തിലെ മനുഷ്യരുടെ ഹൃദയത്തിൽ എന്നന്നേയ്ക്കുമായി കുടിയിരിക്കും, കാരണം സിനിമയുടെ ഒടുക്കം ജാക്ക് കടലിലേയ്ക്ക് ഊർന്നിറങ്ങിപ്പോകുമ്പോൾ ഉച്ചത്തിൽ കരയുന്ന റോസിലിയാന്റിയുടെ സങ്കടം അന്നാണ് നാട്ടുകാർ കണ്ടെടുക്കുന്നത്.

 

എന്തുകൊണ്ടോ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയാണ് കപ്പിത്താന്റെ ഭാര്യ ഓർമ്മിപ്പിച്ചത്. പദ്മിനിയും നദിയായും വണ്ടിയിൽ വന്നിറങ്ങുന്ന ആ കാഴ്ച്ചയിൽ മനസ്സുടക്കി നിൽക്കുന്നു. റോസിലിയാന്റിയും ആനിയമ്മയുമായി അവരെ തോന്നിപ്പോകുന്നു. കയ്യിലെ കാലം കുടയിൽ മുന്നിൽക്കാണുന്ന ആൺപ്രജകളെയൊക്കെ തടുത്തു നിർത്തുന്ന മനക്കരുത്തിനു മുന്നിൽ തൊഴുതു പോകുന്നു. ബിപിൻ ചന്ദ്രന്റെ സ്ത്രീ കഥാപാത്രങ്ങൾ അതീവ കരുത്തുള്ളവരാണ്. ഒരുപക്ഷേ നായകന്മാരെക്കാൾ പവറുള്ള നായികമാർ തന്നെ. അതുകൊണ്ട് തന്നെയാവുമല്ലോ അവരുടെ ദീർഘമായ കാത്തിരിപ്പിന്റെ അവസാനം വിശ്വാസം അവരെ രക്ഷിച്ചതും.

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്ന് ഞാറയ്ക്കൽ അച്ചന് കുഞ്ഞാടുകളോട് പറയാൻ ഒരിക്കലും പള്ളിയിൽ വരാത്ത റോസിലിയാന്റിയുടെ കഥ വേണ്ടി വന്നേക്കും.

 

‘‘ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സൊയമ്പനാണ്. ഒട്ടും മുഷിയില്ല’’ എന്ന് ആമുഖത്തിൽ എഴുത്തുകാരൻ ബെന്യാമിൻ ഈ പുസ്തകത്തെക്കുറിച്ച് പറയുന്നുണ്ട്. അത് സത്യവുമാണ്. ഒട്ടും മുഷിച്ചിലില്ലാതെ ഒറ്റയിരുപ്പിന് ഈ കഥ വായിച്ചു തീർക്കാം. തീർന്നാലും റോസിലിയാന്റിയും ആനിയും കൂടെ വരും. ചിലപ്പോൾ തോമസുകുട്ടിയുടെ വർഷങ്ങൾ നീണ്ട ദൈന്യതയും റോസിലിയാന്റിയുടെ ക്യാപ്റ്റന്റെ ഓർമ്മകളുടെ ഞരമ്പുകളിൽ ഇപ്പോഴും ഭയം അരിച്ചിറങ്ങുന്ന മുഖവുമുണ്ടാകും. ജീവിതം അങ്ങനെയൊക്കെയാണല്ലോ.

 

ടൈറ്റാനിക്കിനൊപ്പം നോവലും തിരശീലയിടുന്നു. എന്നാൽ റോസിലിയാന്റിയുടെയും ആനിയമ്മയുടെയും കഥ അവിടെ തുടങ്ങാൻ പോകുന്നേയുള്ളൂ. 

 

Content Summary: Kappithante Bharya book written by Bipin Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com