അവൾ എഴുതിക്കൊണ്ടിരുന്നു, 17 വർഷം; കാണാതെ, മറുപടി ലഭിക്കാതെ
ഡിസി ബുക്സ്
വില 130
Mail This Article
അയാളെ ഓർത്ത് എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു. എന്റെ മനസ്സ് പിടിവിട്ടു.
വർഷങ്ങൾക്കു ശേഷം അവൾ പറയുകയായിരുന്നു.
പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തത്തിലുമുണ്ട് ഓർമകൾ; പ്രണയത്തിന്റെ നിലാവിനേക്കാൾ നേർത്ത നൂലിൽ കോർത്തെടുത്ത അപൂർവ സുന്ദരമായ ഓർമകൾ. സന്തോഷത്തിന്റെ ഓർമകൾ ദുഃഖകാലത്തു പീഡിപ്പിക്കും. ദുഃഖത്തെക്കുറിച്ചുള്ള ഓർമകൾ എല്ലാക്കാലത്തും പീഡനം തുടരും. ഓർമകളിൽ നിന്ന് എന്നാണൊരു മോചനം. എന്നാലും ഓർമകൾക്കുവേണ്ടിയുള്ള പോരാട്ടമല്ലെങ്കിൽ മറ്റെന്താണു ജീവിതം. കൺമുന്നിൽ ഓരോ നിമിഷവും ഓർമകളുടെ കല്ലറയിലേക്കു പതിക്കുകയാണ്. എത്ര വേഗത്തിൽ. കണ്ടു കണ്ടിരിക്കെ. കണ്ണടച്ചു തുറക്കുന്നതിനും മുന്നേ. കല്ലറയുടെ കാവൽക്കാരായി കാത്തിരിക്കുമ്പോഴും അറിയാം, ഇനി ആരും വരാനില്ലെന്ന്. ഒരു വാതിലും തുറക്കപ്പെടുന്നില്ലെന്ന്. ഒരു ജനാലയും തുറന്നിരിപ്പില്ലെന്ന്. ഏകാന്തതയിൽ വരാനുള്ളതു മരണം മാത്രം. അതാകട്ടെ പ്രവചിക്കപ്പെട്ടതും. പ്രണയം, മരണം പോലെ ശക്തമെന്ന് ഉത്തമഗീതത്തിൽ ഉപമിച്ചിട്ടുപോലും പ്രണയത്തെ ആരും പ്രവചിച്ചില്ലല്ലോ. അത് ഓരോരുത്തരും കണ്ടെടുക്കേണ്ടിയിരിക്കുന്നു. അതിന് വിരഹത്തിന്റെ തീയിലൂടെ നടക്കണം. പൊള്ളിയ മുറിവ് ഉണങ്ങും മുൻപേ കത്തുന്ന വെയിലിലേക്ക് ഇറങ്ങണം. കണ്ണീരിന്റെ നിലയില്ലാക്കയത്തിൽ വീണ്ടും വീണ്ടും മുങ്ങിനിവരണം. കദനത്തീയിൽ കത്തിയെരിയുമ്പോഴും സുഖമെന്നു മന്ത്രിക്കണം. കരഞ്ഞുകൊണ്ടു ചിരിക്കണം. കള്ളം കേട്ടു പുളയണം. വിഫലമായ ബന്ധവും വാഴ്ത്തപ്പെട്ടതെന്നു നിർവൃതിക്കൊള്ളണം. അവയത്രയും എങ്ങനെ പ്രവചിക്കാൻ. നിയോഗിക്കപ്പെട്ടവർ മാത്രം കാരമുള്ളിന്റെ കിരീടം ചൂടട്ടെ. ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴേക്കു വിട്ട് പൊട്ടിച്ചിരിക്കട്ടെ. എന്നിട്ടും കല്ലിനു പോലും ചിറകു നൽകിയും ഒറ്റമഴത്തുള്ളിയിൽ അദ്ഭുതം കാണിച്ചും അസ്തമയത്തിന്റെ ചിതയിലേക്കുള്ള യാത്രയ്ക്കു വേഗം കൂട്ടുന്ന വഴികൾ മാടിവിളിക്കുമ്പോൾ പോകാതെങ്ങനെ. പോകാതിരിക്കുന്നതെങ്ങനെ. ചിറകറ്റു വീഴുന്നു താരം; ചിത കൂട്ടി നിൽക്കുന്നു കാലം എന്നു കവി. എന്തിലും ചിലതുണ്ട് ചിതയിൻമേൽ വയ്ക്കാൻ എന്ന് അതേ കവി.
ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തത്തിൽ ഒന്നിലധികം പേർ മരണവും വിവാഹവും ഓരോ നിമിഷവും ഓർത്തെടുക്കുകയാണ്. ഓരോ വാക്കിലൂടെയൂം വാർന്നുവീഴുന്നത് മിഴിവുള്ള ചിത്രങ്ങൾ. കൊളുത്തിവലിക്കുന്നവ. ഓർമകൾ കൊണ്ടു കെട്ടിയുയർത്തുന്ന കഥയുടെ ഗോപുരം. മാജിക്കൽ റിയലിസത്തിന്റെ വെയിലേറ്റു തിളങ്ങിയിട്ടും അലിഞ്ഞുപോകാത്ത മഞ്ഞുകട്ട.
അയാളെ കാണാൻ അവൾക്കു കണ്ണുകൾ അടയ്ക്കുകയേ വേണ്ടിയിരുന്നുള്ളൂ. അയാൾ ശ്വസിക്കുന്നത് അവൾ കേട്ടു. പാതിരാത്രിയിൽ കിടക്കയിൽ അയാളുടെ ശരീരത്തിന്റെ പ്രഭ അവളെ ഉണർത്തി. ആ ആഴ്ചയുടെ അവസാനത്തോടെ, ഒരു നിമിഷത്തെപ്പോലും വിശ്രാന്തി അനുഭവിക്കാനാവാതെ അയാൾക്ക് അവൾ തന്റെ ആദ്യത്തെ കത്തെഴുതി. അതൊരു സാധാരണ ദൂത് ആയിരുന്നു. ഹോട്ടലിൽ നിന്ന് അയാൾ പുറത്തേക്കുവരുന്നതു കണ്ടു എന്നും അയാൾ തന്നെ കണ്ടിരുന്നു എങ്കിൽ താൻ അതെത്രമാത്രം ഇഷ്ടപ്പെടുമായിരുന്നു എന്നും അവൾ കത്തിൽ പറഞ്ഞു. മറുപടിക്കായി അവൾ നിഷ്ഫലം കാത്തിരുന്നു. രണ്ടു മാസങ്ങൾക്കുശേഷം കാത്തിരുന്ന് തളർന്ന്, കഴിഞ്ഞ കത്തോളം തന്നെ പരോക്ഷമായ രീതിയിൽ അവൾ രണ്ടാമതും എഴുതി. അയാളുടെ ഉപചാരമില്ലായ്മയെ കുറ്റപ്പെടുത്തുക എന്നതു മാത്രമാണ് അതിന്റെ ലക്ഷ്യം എന്നവണ്ണം. ആറു മാസങ്ങൾക്കു ശേഷം അവൾ മറുപടിയില്ലാത്ത ആറു കത്തുകൾ കൂടി എഴുതി. എന്നാൽ അയാൾക്കവ കിട്ടുന്നുണ്ട് എന്ന തെളിവിൽ അവൾ സ്വയം ആശ്വസിച്ചു.
മാജിക്കൽ റിയലിസം മാജിക് മാത്രമല്ലെന്നു വിശ്വസിച്ച വായനക്കാരാണ് മാർക്കേസിനെ ആരാധിച്ചത്. അക്ഷരത്തിന്റെ കരുത്തും അനുഭവങ്ങളുടെ തീവ്രതയും ജീവിതവുമായുള്ള എഴുത്തിന്റെ അഭേദ്യബന്ധവും തിരിഞ്ഞുകിട്ടിയവർ മാത്രം. ചിലർ അതു കഥ മാത്രമായിക്കണ്ടു. ചിലർ ജീവിതം മാത്രമായി. യഥാർഥത്തിൽ അതൊന്നുമായിരുന്നില്ല സത്യം. യഥാർഥ സത്യം. അത് അക്ഷരങ്ങൾക്കിടിയിൽ, വാചകങ്ങൾക്കിടെ, കുത്തിനും കോമയ്ക്കുമിടെ, എവിടെയോ എവിടെയോ മറഞ്ഞു കിടന്നു. മക്കൊണ്ടൊയിലെ വെയിലിൽ പാറിനടന്ന മഞ്ഞച്ചിത്രശലഭങ്ങൾ പോലെ. ഫയറിങ് സ്‌ക്വാഡിനെ നേരിട്ടപ്പോൾ കേണൽ അറീലിയാനോ ബുവേൻഡിയ അനുഭവിച്ച ഏകാന്തത പോലെ.
ഓരോ മനുഷ്യന്റെയും മൂന്നു ജീവിതങ്ങളെക്കുറിച്ച് ഒരിക്കൽ മാർക്കേസ് പറഞ്ഞത് അടുത്തിടെ വീണ്ടും ചർച്ചയായി. പരസ്യ ജീവിതം. രഹസ്യ ജീവിതം. സ്വകാര്യ ജീവിതം. ലോകം കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്തതാണു പരസ്യമായത്. സ്വകാര്യ ജീവിതം കുടുംബത്തിലും അടുത്ത സുഹൃത്തുക്കൾക്കുമിടയിലും മാത്രം ഒതുങ്ങിനിന്നത്. രഹസ്യജീവിതത്തിൽ നിന്നുള്ള ഒരു അധ്യായമാണ് അടുത്തിടെ പുറത്തുവന്നതും മാർക്കേസിന്റെ ജീവിതത്തിലെ മാജിക് പുറത്തുകൊണ്ടുവന്നതും. ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിച്ച പരമ പവിത്രമായ രഹസ്യമായിരുന്നു അത്. ഭാര്യയിലല്ലാതെ മറ്റൊരു സ്ത്രീയിൽ എഴുത്തുകാരന് മകളുണ്ടെന്ന സത്യം. മാർക്കേസിന്റെ ഭാര്യ മെഴ്‌സിഡസിനെ മാനിച്ചാണ് രഹസ്യം അറിയാവുന്നവർ പോലും വാർത്തയാക്കാതിരുന്നത്. ജീവചരിത്രകാരന് അതറിയാമായിരുന്നെങ്കിലും സമ്പൂർണ ജീവചരിത്രത്തിൽപ്പോലും ഉൾപ്പെടുത്താതിരുന്നത്. ബന്ധുക്കളും നിശ്ശബ്ദത പാലിച്ചു. മാർക്കേസിന്റെ കാമുകിയും മകളും നയിച്ച ജീവിതം. അതെഴുതാൻ മാർക്കേസ് മറന്നുപോയതോ. ഓർമകളുടെ തിരത്തള്ളലിൽ മാറ്റിവച്ചതോ. എഴുതാനാവില്ലെന്നു ഖേദിച്ചതോ.
ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം ഉച്ചയോടെ കൂട്ടികാരികളോടൊത്ത് തുന്നിക്കൊണ്ടിരിക്കെ, ആരോ വാതിൽക്കലേക്കു വരുന്ന ശബ്ദം അവൾ കേട്ടു. അതാരാണെന്ന് അറിയാൻ അവൾക്കു നോക്കേണ്ടിവന്നില്ല.
അയാൾ ക്ഷീണിതനായിരുന്നു. മുടി കൊഴിയാൻ തുടങ്ങിയിരുന്നു. കാഴ്ചയ്ക്ക് കണ്ണടയും വേണ്ടിയിരുന്നു. എന്നാൽ അത് അയാൾ ആയിരുന്നു. ദൈവമേ അത് അയാൾ ആയിരുന്നു.
അയാൾ ഒരടി മുന്നോട്ടുവച്ചു. എന്നിട്ട് ഒരു സഞ്ചി തയ്യൽ യന്ത്രത്തിന്റെ മുകളിൽ വച്ചു.
അയാൾ പറഞ്ഞു: ഇതാ ഞാൻ.
ആ സഞ്ചി അവൾ തുറന്നു. 17 വർഷത്തിനു ശേഷം എന്തായിരിക്കും അയാൾ കൊണ്ടുവന്നിരിക്കുക, അവൾക്കായി ?
Content Summary: Pravachikkappetta oru maranathinte puravrutham book by Gabriel Garcia Marquez