ADVERTISEMENT

മദ്യവും വിഷക്കുപ്പിയുമായി ലോഡ്ജ് തേടിയെത്തുന്ന മനുഷ്യർ ഒരിക്കലും അപൂർവതയല്ല. ഏതു പ്രായത്തിലും. എന്നാൽ, 53-ാം വയസ്സിൽ പ്രണയനൈരാശ്യത്താൽ ആത്മഹത്യയ്ക്കു തീരുമാനിച്ച വ്യക്തി അപൂർവത തന്നെയാണ്. പ്രത്യേകിച്ചും അയാളുടെ നിരാശയുടെ കാരണം. എന്നാൽ, അയാളുടെ കഥ അറിയുമ്പോൾ കാരണം വിശ്വസിക്കാതിരിക്കാനാവില്ല. അങ്ങനെയൊരു കഥയാണ് ജാലം എന്ന നോവലിൽ രാജീവ് ശിവശങ്കർ പറയുന്നത്. 53 വയസ്സുകാരനായ കേശവേന്ദ്രന്റെ പ്രണയ ജാലത്തിലും കാമ മോഹങ്ങളിലും കുരുങ്ങിയ ജീവിത യാത്ര. 

 

ജീവിതം. എത്ര ചെറിയ വാക്ക്. പക്ഷേ, എത്ര വലിയ സംഭവം. എല്ലാം കണ്ടു, അനുഭവിച്ചു എന്നൊക്കെ നിശ്വാസമുതിർക്കുന്ന നൂറ്റാണ്ടു നീണ്ട ജീവിതത്തിനൊടുവിലും, മനുഷ്യനെ പിച്ച നടക്കാൻ പഠിക്കുന്ന കുഞ്ഞാക്കി മാറ്റി കാലം കൈകൊട്ടിച്ചിരിക്കും. പൂജ്യത്തിൽ നിന്നു തുടങ്ങി പൂജ്യത്തിലവസാനിക്കുന്ന ജീവിതം. മാജിക്കിന്റെ തന്ത്രം മാത്രമല്ല, മജീഷ്യനെപ്പോലും ഇവിടെ കാണികൾ കാണുന്നില്ല. മുഴുനീള സിനിമ കണ്ടശേഷം കൈയ്യടിച്ചോ കണ്ണുതുടച്ചോ കൊട്ടകയിൽ നിന്ന് ഇറങ്ങുന്നതുപോലെ ഉടലിൽ നിന്ന് ഇറങ്ങിപ്പോരുന്ന ദേഹിക്ക് താൻ കണ്ട കാഴ്ചകളെക്കുറിച്ച് ഓർമയുണ്ടാകുമോ. ആർക്കറിയാം ? 

 

കേശവേന്ദ്രന്റെ സംഭവ ബഹുലമായ ജീവിതം നാടകത്തേക്കാളും സിനിമയേക്കാളുമൊക്കെ ഉദ്വേഗഭരിതവും വിചിത്രവും എന്നാൽ സ്വാഭാവികവുമാണ്. ആ കഥയെ ജാലവുമായി ബന്ധപ്പെടുത്തുന്നിടത്താണ് നോവലിസ്റ്റിന്റെ മിടുക്ക്. ആത്മഹത്യ ചെയ്യാൻ എത്തിയ, കടലിന്റെ ആരവം കേൾക്കാൻ കഴിയുന്ന മുറിയിൽ അയാളെ തേടിയെത്തുന്ന ഇന്ദ്രജാലക്കാരൻ. അയാൾക്കു മായാജാലം മാത്രമല്ല അറിയാവുന്നത്. ഇന്ദ്രജാലത്തിലെ കയ്യടക്കം മാത്രമല്ല അയാളുടെ മിടുക്ക്. കാലത്തെ തലകീഴായി കാണാനും കാണിക്കാനും കൂടി അറിയാം. കടന്നുപോയ ജീവിതത്തെ ചില നിമിഷങ്ങളിലെങ്കിലും എല്ലാവരും വിചാരണയ്ക്കു വിധേയമാക്കുമല്ലോ. കേശവേന്ദ്രനും വിചാരണയ്ക്കു തയാറാകുകയാണ്. വിശ്വപ്രകാശ് എന്ന ഇന്ദ്രജാലക്കാരനു മുന്നിൽ. കഥ പറയുന്നു. വഴിത്തിരിവുകളും വഴിവിളക്കുകളും നിറഞ്ഞ കഥ. തെറ്റിപ്പോയ തീരുമാനങ്ങൾ. പിഴച്ച ലക്ഷ്യങ്ങൾ. വഴി തെറ്റിപ്പോയ മനസ്സ്. ചതുരംഗക്കളത്തിലെ കരു പോലെ നീക്കപ്പെട്ടപ്പോൾ കൈക്കുമ്പിളിലെ ജലം പോലെ കേശവേന്ദ്രനു ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള അസ്വാരസ്യം ജീവിതത്തിലെ കണക്കു തെറ്റിച്ചു. ചിറ്റമ്മയുടെ പ്രലോഭനം അന്തമില്ലാത്ത ആസക്തികളിലേക്കു വാതിൽ തുറന്നിട്ടു. പ്രണയം രക്ഷാവാതിൽ തുറന്നതാണ്. അതയാൾ മനസ്സിലാക്കിയില്ല. ഉൾക്കൊണ്ടില്ല. മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കാതെ, ആ മാന്ത്രികക്കുതിര നയിച്ച ഇടങ്ങളിലേക്ക് കടിഞ്ഞാണില്ലാതെ പാഞ്ഞു. സാലി, സിതാര. പേരുകൾക്കല്ല പ്രാധാന്യം. വൈകാരിക ലോകങ്ങൾക്കാണ്. സങ്കടപ്പെട്ടും സങ്കടപ്പെടുത്തിയും പ്രേമിച്ചും പ്രതികരിച്ചും പിടഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ എല്ലാം വൈകി എന്നു തിരിച്ചറിഞ്ഞപ്പോൾ തനിച്ചായിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു. വൈകിപ്പോയിരുന്നു. എന്നത്തെയും പോലെ. പശ്ചാത്താപവും പ്രായശ്ചിത്തവും ഒരു ഫലവും ഉണ്ടാക്കാത്തപ്പോൾ, ഒരേ തെറ്റുകൾ ആവർത്തിച്ചു ചെയ്തും പിഴവുകൾ വീണ്ടും വരുത്തിയും ജീവിതം അനിവാര്യമായ വിധിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. 

കേശവേന്ദ്രന്റെ ജീവിതത്തെ വിചാരണ ചെയ്യുന്ന ജോലിയാണ് വിശ്വപ്രകാശിന്. പിഴച്ചെങ്കിൽ എവിടെയെന്നും ശരിയായ തീരുമാനങ്ങൾ ഏതെല്ലാമെന്നും വിശ്വപ്രകാശ് വിശദീകരിക്കുമ്പോൾ, മുരിക്കുമരത്തിൽ തൂങ്ങിയ വേതാളത്തെപ്പോലെ കേശവേന്ദ്രൻ കേട്ടിരുന്നു. ഓരോ അധ്യായങ്ങളായി ഉരുക്കഴിച്ചുകൊണ്ടിരുന്നു. വിധി പ്രസ്താവങ്ങളുമായി വിശ്വപ്രകാശും. ഇടയ്ക്ക് കേശവേന്ദ്രൻ ആഗ്രഹിച്ച രീതിയിൽ അയാൾക്കൊരു ജീവിതം സമ്മാനിക്കുന്നുമുണ്ട്. മായാജാലത്താലെന്നവണ്ണം. എന്നാൽ യാഥാർഥ്യ പ്രതീതിയോടെ. 

 

എവിടെയോ ഉണ്ടെന്നു കരുതുന്ന അന്യഗ്രഹജീവികൾ കേൾക്കാൻ ഭൂമിയിൽ നിന്നയയ്ക്കുന്ന ശബ്ദവീചികൾ പോലെയാണു പ്രണയം. ആത്മാവിന്റെ മറുപാതിയെത്തേടി മനസ്സ് അയയ്ക്കുന്ന സന്ദേശം. പലപ്പോഴും ആരാലും കേൾക്കപ്പെടാതെ, അതു ശൂന്യതയിൽ അലിയുന്നു. ചിലപ്പോഴാകട്ടെ, ഇതാ അവർ എന്നുകരുതി നാം ചേർത്തുപിടിക്കുന്നു. തെറ്റുപറ്റിയെന്നു തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകും. മരണക്കിടക്കയിൽപ്പോലും ആ അന്വേഷണം തീരില്ല. 

സിതാരയുടെ നോവലിൽ നിന്നുള്ള വരികൾ ജാലമോ യാഥാർഥ്യമോ. അന്വേഷണങ്ങൾക്കൊടുവിൽ മയാജാലക്കാരനെ തേടുമ്പോൾ കേശവേന്ദ്രനു ലഭിക്കുന്നതു ഞെട്ടിക്കുന്ന മറുപടിയാണ്. ഒരു ജീവിതത്തിന്റെ ആകെ ഞെട്ടൽ. 

 

പിടിച്ചിരുത്തി വായിപ്പിക്കും ജാലം എന്ന നോവൽ. ജീവിതം എന്ന ജാലവിദ്യയിൽ മാന്ത്രികന്റെ കഴിവും കാണികളെ പിടിച്ചിരുത്താൻ കഴിയുമോ ഇല്ലയോ എന്നതിലാണല്ലോ. എപ്പോഴും മാന്ത്രികൻ വിജയിച്ചു എന്നു വരില്ല. പരാജയപ്പെടണം എന്നുമില്ല. കാണികൾക്കൊപ്പം വായനക്കാരും കാത്തിരിക്കുകയാണ്.. ഫയർ എസ്‌കേപ്പിനൊടുവിൽ, ആകാംക്ഷയുടെ നിമിഷങ്ങൾക്കൊടുവിൽ, പരുക്കു പറ്റാതെ അയാൾ പ്രത്യക്ഷപ്പെട്ടേക്കാം. അതോ അയാളുടെ ജീവിതത്തിന്റെ അവസാനമോ. വായിക്കാം ജാലം. 

 

Content Summary : Jalam book written by Rajeev Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com