ADVERTISEMENT

നിതിന്റെ പുസ്തകം ജീവിതത്തിന്റെ പുസ്തകമാണ്, മരണത്തിന്റെയും. ഒരു ജൻമത്തിൽ തന്നെ ഒട്ടേറെ തവണ മരിക്കുന്നവരിൽ ഒരാളുടെ മരണമൊഴിയല്ല. ജൻമത്തേക്കാൾ ദീർഘമായ യൗവ്വനത്തിൽ ഓരോ ദിവസവും ഓരോ നിമിഷവും മരിക്കുന്ന ഒരു യുവാവിന്റെ പുസ്തകം. ഓരോ മരണത്തിനു ശേഷവും അയാൾ അതിജീവിക്കുന്നുണ്ട് എന്നാണു കരുതുന്നതെങ്കിൽ തെറ്റി. എടുത്തുപറയേണ്ടതില്ലാത്ത, ഒരു തരത്തിലും രേഖപ്പെടുത്തേണ്ടിവയ്‌ക്കേണ്ടതില്ലാത്ത, നിരർഥക സംഭവങ്ങൾ അലസമായി പിന്നിടുമ്പോൾ അവയിൽ നിന്ന് അയാൾ ഒന്നും പഠിക്കുന്നില്ല. അറിയുന്നില്ല. ഉൾക്കൊള്ളുന്നുമില്ല. ഞാൻ എന്തുകൊണ്ടാണിങ്ങനെ എന്നയാൾ ചോദിക്കുന്നുണ്ട്. എന്നാൽ ആ ചോദ്യം പോലും ഇങ്ങനെയല്ലാതാകാൻ കഴിയാത്തവന്റെ ആത്മരേഖ മാത്രമാണെന്നറിയുക. ആർക്കും വേണ്ടിയല്ലാതെ, ഒന്നിനും വേണ്ടിയല്ലാതെ ജൻമവും ജീവിതവും വിട്ടുകൊടുത്ത്, യൗവ്വനം എന്ന അന്തമില്ലാത്ത കടലിൽ തുടങ്ങിയൊടുങ്ങുന്നു നിതിൻ. അവന്റെ ജീവിത പുസ്തകത്തിന്റെ ഒന്നാം ഭാഗവും. തീരത്ത് ഹതാശമായി കാത്തുനിൽക്കുന്നവർക്ക് മൂന്നാം പക്കം ലഭിക്കുന്നത് അമർത്തിയെഴുതിയിട്ടും മാഞ്ഞുപോയ അക്ഷരങ്ങൾ. മഷിപ്പാടുകൾ. പേപ്പറിൽ കയ്യമർത്തിവച്ചതിന്റെ വിരൽപ്പാടുകൾ മാത്രം. വീണ്ടും തിര. വീണ്ടും കടൽ. സമയമാകുന്നില്ല പോകുവാൻ. അനാഥമായി നിലവിളിക്കുന്ന കാറ്റിൽ ഒരു നിലവിളി പോലുമില്ല. അമർത്തിയ ദീർഘനിശ്വാസം പോലുമില്ല. തുടരുന്ന കാത്തിരിപ്പ്. തീരാത്ത ഏകാന്തത. 

 

2002 മേയ് 30 വ്യാഴാഴ്ചയാണ് നിതിന്റെ പുസ്തകം അക്ഷരാർഥത്തിൽ തുടങ്ങുന്നത്. അതേ വർഷം ഡിസംബർ 31 ന് 2002 ന് ‘അങ്ങനെ അവസാനിച്ചു’ എന്നെഴുതി നിർത്തുമ്പോൾ, മനസ്സിൽ തെളിയുന്നത് നിതിനല്ല. അവനെപ്പോലെ യൗവ്വനത്തിന്റെ എരിയുന്ന തീയിൽ ജീവിതം ഹോമിച്ച എണ്ണമറ്റവരാണ്. എത്രയോ തലമുറകളിൽ നിന്നുള്ള അനാഥ, അഭിശപ്ത ജീവിതങ്ങൾ. ഇന്നലെകളിലും ഇന്നും ഇനിയും തുടരുന്ന അർഥമില്ലാത്ത വാക്കുകൾ.

 

ഏറ്റവും പുതിയ ആയുധങ്ങളും ഏറ്റവും ശക്തരായ പടയാളികളുമാണ് ശത്രുപക്ഷത്ത്. ലോകം ശത്രുതയോടെ മുന്നിൽ അണിനിരക്കുകയാണ്. ഏകനാണ് നിതിൻ. അവനെപ്പോലുള്ളവരും. പോരാട്ടത്തിന്റെ ആവശ്യം തന്നെയില്ല. പരാജയം ഉറപ്പാണ്. എങ്കിലും ലോകത്തോട് പൊരുത്തപ്പെടാൻ നിതിൻ ശ്രമിക്കുന്നുണ്ട്. അച്ഛനും അമ്മയും ജ്യേഷ്ഠനും അനുജത്തിയും അടങ്ങുന്ന കുടുംബത്തോട്. സുഹൃത്തുക്കളോട്. നമ്പർ കൊടുത്തിട്ടും തിരികെ വിളിക്കാത്ത കാമുകനോട്. അവന്റെ അമ്മയെ പേടിച്ച് അവനെ വിളിക്കാനാവാത്ത നിസ്സഹായതയ്ക്ക്. ഒറ്റവെട്ടിന് തീർത്തുകളയും എന്ന വാശിയോടെ ശത്രുപക്ഷം ഓടിയടുക്കമ്പോഴും നിതിൻ ഓടിയൊളിക്കുന്നില്ല. അവസാനം അടുത്തു എന്ന ചിന്ത പോലും പേടിപ്പിക്കുന്നില്ല. ഒരുപക്ഷേ, സഹപ്രവർത്തക പറയാറുള്ളതുപോലെ ‘ഒരു വളിച്ച തമാശ’ അപ്പോൾ നിതിന്റെ മനസ്സിൽ തോന്നിക്കാണും. അതവൻ പറയാതിരിക്കട്ടെ. ചുണ്ടുകളോളം എത്തിയ ആ തമാശ സൗഹൃദം പോലെ, പ്രണയവും ജീവിതവും പോലെ മരിച്ചുവീഴട്ടെ ! 

 

അസ്തിത്വ ദുഃഖത്തിന്റെ ആത്മവേദനകളായിരുന്നു കലയിൽ ആധുനികതയുടെ കരുത്ത്. ലോകയുദ്ധത്തിന്റെ മുറിപ്പാടുകൾ ഉണങ്ങാത്ത, പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഒരു തലമുറയുടെ തിരുശേഷിപ്പ്. ഓരോ കലാരൂപത്തിലും ജീവിതമെന്ന അസംബന്ധത്തിന്റെ വേദന നിറഞ്ഞുകവിഞ്ഞപ്പോൾ ഓർമിക്കാൻ ഒട്ടേറെ കൃതികളുണ്ടായി. നമുക്കും ലഭിച്ചു രവിയെ. ഖസാക്ക് വിടുമെന്ന് ഉറപ്പ് തരില്ലേ എന്നു ചോദിക്കുമ്പോൾ പത്മയെപ്പോലും അതിശയിപ്പിച്ചുകൊണ്ട് വിടാം എന്നു നിസ്സംഗനായി പറയുന്ന രവിയെ. എന്നാൽ അയാൾ എവിടേക്കാണു പോയത്. അയാളുടെ യാത്ര എത്തിച്ചേർന്നിടത്തുതന്നെ അവസാനിക്കുകയാണല്ലോ. അനന്തമായി കാത്തുകിടക്കുകയാണല്ലോ. രവിക്ക് ഒരുപക്ഷേ മനസ്സിലാക്കാൻ കഴിഞ്ഞേക്കും 21-ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ നഗരമാകാൻ വെമ്പുന്ന ഒരു ഗ്രാമത്തിന്റെ ഇരുൾ വീണ വഴികളിലൂടെ നാളെയെന്ന സ്വപ്‌നം പോലുമില്ലാതെ അലയുന്ന നിതിനെ. അസ്തിത്വ ദുഃഖം ഒരു തലമുറയുടെ മാത്രം പൈതൃകമോ പാരമ്പര്യമോ സ്വകാര്യ സ്വത്തോ അല്ല. കാലം പോകെ, ലോകം വികസിക്കെ, നഗരങ്ങൾ ഗ്രാമങ്ങളെ ആക്രമിക്കെ, ഗ്രാമങ്ങൾ നഗരങ്ങൾക്കു മുന്നിൽ തല കുനിച്ചുകൊണ്ടിരിക്കെ, എണ്ണപ്പെടാതെ, അറിയപ്പെടാതെ മാഞ്ഞുപോകുന്നവരുടേതു കൂടിയാണ്. 

 

ടാഗോറിന്റെ ഗീതാഞ്ജലി നിതിന് ഇഷ്ടമാണ്. വൈകുന്നേരം നീ വന്നപ്പോൾ ഞാൻ വാതിൽ വലിച്ചടച്ചു. രാത്രിയിൽ വിളക്കു കൊളുത്താത്ത മുറിയിൽ തനിച്ചിരിക്കുമ്പോൾ, അപമാനിച്ചു തിരിച്ചയച്ച നിന്നെ വിളിച്ചു ഞാൻ കരയുന്നു. കാഫ്കയുടെ ഏകാന്തതയിൽ നിതിൻ മനസ്സ് കണ്ടെത്തുന്നുണ്ട്. വിദേശ പുസ്തകങ്ങൾ വായിക്കണമെന്നു പറയുന്നത് വെറുതെയല്ലെന്നു തിരിച്ചറിയുന്നുണ്ട്. എന്നാൽ അസുരവിത്തിൽ അയാൾക്ക് ഇഷ്ടപ്പെടുന്നത് കാളപൂട്ടിന്റെ ആവേശകരമായ വർണനകളാണ്. പ്രതിരോധിക്കുകയും ആക്രമിക്കുകയും തിരിച്ചുവരുമെന്ന് ഉറപ്പു പറയുകയും ചെയ്യുന്ന ഗോവിന്ദൻ കുട്ടിയുടെ തീരാത്ത വീര്യമല്ല. 

 

വികാര രഹിതനല്ല നിതിൻ. ഇടയ്ക്കിടെ അയാൾക്കു കരച്ചിൽ വരുന്നുണ്ട്. നിയന്ത്രിക്കാനാവാതെ കരയുന്നുമുണ്ട്. സുഹൃത്തുക്കളുടെ കൂടെ നടക്കുമ്പോൾ പോലും. ആരും കാണില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടെങ്കിലും ആരൊക്കെയോ അതു കാണുന്നുണ്ട്. ഇങ്ങനെ ഇമോഷണലാകല്ലേ എന്നു പറയുന്നുണ്ട്. 

 

മൂത്രമൊഴിക്കുമ്പോൾ പാന്റ്സിൽ വീഴുന്നത് ആവർത്തിക്കുന്നത് തന്നെ ബാധിച്ച പരാധീനതകളിൽ ഒന്നുമാത്രമെന്നും അയാൾ അറിയുന്നു. ആദ്യം ചെറുത്തുനിന്നെങ്കിലും പിന്നീട് സിഗരറ്റ് വലിക്കുന്നത് എന്തിനെന്ന് അവനു മനസ്സിലാകുന്നുണ്ട്. 

ചില മരങ്ങൾ വീഴുന്നതുപോലെ സൗഹൃദങ്ങളും ഏകാന്തതയുടെ ഭാരത്താൽ വീണേക്കാം. അങ്ങനെ ഒന്നുണ്ടായിരുന്നു എന്ന ഒരു സൂചനയും ബാക്കിവയ്ക്കാതെ. മഴക്കാലത്തിന്റെ ബഹളത്തിൽ ആ ശബ്ദം ഒരിക്കലും വേർതിരിച്ചറിയണമെന്നില്ല. നിശ്ശബ്ദതയിൽ നിന്ന് നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തുന്നപോലെ. 2002 അവസാനിച്ചിരിക്കാം, നിതിന്റെ യാത്രകൾ തുടരുകയാണ്. സൗഹൃദമില്ലാത്ത സൗഹൃദങ്ങളിലൂടെ. അന്തസ്സും ആത്മാഭിമാനവും തോന്നാത്ത ജോലി സ്ഥലത്തെ വിരസതയിലൂടെ. ആരുമാരും ഒന്നും തിരിച്ചറിയാത്ത വീടിന്റെ നിർവികാരതയിലൂടെ. വീണ്ടും ബസിൽ കയറുന്നുണ്ട്. മനസ്സ് പിടിച്ചടക്കിയവൻ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ മുൻ സീറ്റിൽ ഇരിക്കുന്നുണ്ട്. അവന് നമ്പർ അറിയാം. എന്നാൽ വിളിക്കില്ല. അവനെ വിളിക്കണം. എന്നാലൊട്ടു കിട്ടുമെന്ന് ഉറപ്പില്ല. സ്‌നേഹത്തോട് പ്രതികരിക്കാനുള്ള ഒരു സാധ്യതയും ഇല്ല തന്നെ. സുഹൃത്തുക്കളിൽ ആരൊക്കെയോ ഗൾഫിലും മറ്റും ജോലി തേടി പോകുന്നുണ്ട്. ചിലർ വിവാഹം കഴിക്കുന്നുണ്ട്. മറ്റു ചിലർ പ്രായത്തിൽ കുറവുള്ളവരെപ്പോലും വളയ്ക്കുന്നിൽ ആഹ്ലാദം കണ്ടെത്തുന്നുണ്ട്. 

 

ഡിസംബർ ഒന്നിലെ നിതിന്റെ ഡയറി വായിക്കാം. 

തുണി കഴുകി തോരയിടുമ്പോൾ ഞാൻ പെട്ടെന്ന് നിയന്ത്രണമില്ലാതെ കരഞ്ഞു. ഒരു കാക്ക അയയിൽ വന്നിരുന്നു. സാധാരണ ചെയ്യുന്നതുപോലെ ഞാനതിനെ ആട്ടിയില്ല. അതെന്നെ തല ചെരിച്ചു നോക്കി. ഞാൻ അൽപനേരം അതിനെ നോക്കിനിന്നു. കാക്കയല്ല അതെന്നു തോന്നി.

 

നിതിൻ നീ എങ്ങോട്ടാണെന്നു ചോദിക്കുന്നില്ല. ഒരിക്കൽ നീ എന്റെ സുഹൃത്തായിരുന്നു. ഇന്ന് ഒരു പക്ഷേ നിന്നെ കണ്ടാൽ ഞാൻ അറിയുമോ ?  നിന്റെ ഡയറിയിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ കാണുന്നു, അറിയുന്നു, ഇന്നലെകളെ. ഒരുപക്ഷേ എന്നെ കാത്തിരിക്കുന്ന നാളെകളെ. നിതിൻ, ഒന്നു മാത്രം പറയുന്നു. ഉറപ്പു തരുന്നു. കാണാമെന്ന്. കണ്ടാൽ തിരിച്ചറിയുമെന്ന് !

 

Content Summary: Nithinte Pusthakam book by Abhilash Melethil

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com