ഓർമ്മകളുടെയും മറവികളുടെയും രാവണൻകോട്ട
ഡി സി ബുക്സ്
വില : വില 350 രൂപ
Mail This Article
വാർദ്ധക്യം, അനാരോഗ്യം എന്നിവ ഒരു സാധാരണ മനുഷ്യനിൽ ഉണ്ടാക്കുന്ന സംഘർഷങ്ങളെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ട്. ഏകാന്തതയുടെയും മരണഭീതിയുടെയും വിഭ്രാന്തികളുടെയും ലോകത്തിൽ അകപ്പെട്ടു പോകുന്ന ഇവർ, തങ്ങൾക്ക് പരിചിതമായ പലതും കൺമുന്നിൽ നിന്ന് അകന്നു പോകുന്നത്, മനസ്സിൽ നിന്നും മറന്നു പോകുന്നത് അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്.
എന്നാൽ മഹാവീരന്മാർ എന്ന് നാം കരുതുന്ന പല യോഗ്യരായ മനുഷ്യരുടെയും വാർദ്ധക്യം ഇത്തരത്തിലാണ് എന്ന് സങ്കൽപ്പിക്കാൻ നമുക്ക് വിഷമമുണ്ട്. ഓർമ്മകളും മറവിയും മാറിമാറി വീശി അടിക്കുമ്പോൾ, ജീവിതത്തിന്റെ അവസാന നാളുകൾ എണ്ണി തീർക്കുവാൻ മാത്രമാണ് അവർ വിധിക്കപ്പെട്ടിരിക്കുന്നത്. ഈ ദുഃഖസത്യം ഉൾക്കൊള്ളാന്‍ നാം തയ്യാറാണോ എന്ന് ചോദ്യത്തിനുള്ള മറുപടിയാണ് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ദ ജനറൽ ഇൻ ഹിസ് ലാബറിന്ത് – ജനറൽ തന്റെ രാവണൻകോട്ടയിൽ.
ഒരു ജീവചരിത്രമായോ ചരിത്ര നോവലായോ കരുതാവുന്ന ഈ പുസ്തകം, ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ രചനകളിൽ ഒന്നാണ്. ലാറ്റിനമേരിക്കൻ വിമോചകനും നേതാവുമായ ജനറൽ സൈമൺ ജോസ് അന്റോണിയോ ബൊളിവറിന്റെ ജീവിതത്തിലെ അവസാന മാസങ്ങളെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഒന്നിച്ചു നിർത്തി, ഗ്രാൻഡ് കൊളംബിയ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോയ നേതാവാണ് ബൊളിവർ. ജനങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്ന അയാൾ, പെട്ടെന്നൊരു ദിവസം കടുത്ത സൈനിക–രാഷ്ട്രീയ ചൂഷണങ്ങൾ നേരിടേണ്ടിവരുന്നു.
തന്റെ സ്വപ്നത്തിനായി തന്റെ ഉയിരും ഉണർവും നൽകിയ ബൊളിവർ, ഒടുവിൽ അധികാരത്തിൽ നിന്നും തുരത്തപ്പെട്ട്, കൊലയാളികളാൽ വേട്ടയാടപ്പെട്ട്, അകാലവാർദ്ധക്യംകൊണ്ടും മാരകമായ അസുഖംകൊണ്ടും ദുർബലനായി പോകുന്നു. തന്റെ പ്രിയപ്പെട്ടവർ തന്നെ, പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരായി മാറുമ്പോൾ എല്ലാ സ്വപ്നങ്ങളും അവസാനിപ്പിച്ച് അവസാനയാത്രയ്ക്ക് പുറപ്പെടുകയാണ് അദ്ദേഹം.
മഗ്ദലീന നദിയിലൂടെയുള്ള യാത്ര, പേടിസ്വപ്നങ്ങളും വ്യാമോഹങ്ങളും ഫാന്റസികളും നിറഞ്ഞതാണ്. ശരിക്കും ഒരു രാവണൻകോട്ട. ഫ്ലാഷ് ബാക്കുകളിലൂടെ അവ്യക്തവും വികലവുമായ ഓർമ്മകൾ കടന്നു വരുമ്പോൾ സൈമൺ ബൊളിവറിന്റെയും ലാറ്റിനമേരിക്കയോടുള്ള അദ്ദേഹത്തിന്റെ പ്രണയത്തിന്റെയും പൂർത്തീകരണമായി മാറുന്നു ഈ നോവൽ.
"അസ്തിത്വം എന്നത് കൃത്യതയില്ലായ്മയാണ്. അപൂര്‍ണ്ണതകളാണ്." എന്നുപറയുന്ന ബൊളിവർക്ക് ജീവിതത്തെപ്പറ്റി കൃത്യമായ ബോധ്യങ്ങളുണ്ട്. സ്നേഹത്തിന്റെയും സ്വീകാര്യതയുടെയും പരകോടിയിൽ നിന്ന് ശൂന്യതയിലേക്കുള്ള വീഴ്ചയിൽ അയാൾ ദുഖിതനല്ല, പകരം തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോയതിന്റെ നൈരാശ്യം മാത്രമാണ് ബൊളിവറെ വേട്ടയാടുന്നത്.
നിരാശ, മരണം, ഏകാന്തത എന്നതുപോലെ തന്നെ മാർക്കേസിന്‍റെ രചനകളിൽ സ്ഥിരമായി കാണപ്പെടാറുള്ള ഒന്നാണ് തീക്ഷണമായ പ്രണയം. ബൊളിവറും തീവ്രമായ അനുരാഗത്തിൽ അകപ്പെടുന്നുണ്ട്. ഒരിക്കലും ഭാവിയെപ്പറ്റി ആകുലപ്പെടാതെ, അയാൾ ആ പ്രണയം ആസ്വദിക്കുന്നുണ്ട്. തന്റെ അവസാന നിമിഷങ്ങളിലെ സംഘർഷങ്ങളിൽ പോലും ആ ഓർമ്മകൾ അയാൾക്ക് തുണയാകുന്നു.
സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതം നയിച്ച ഒരു വീര നേതാവിന്റെ ജീവിതാവസാനത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. 47 വയസ്സിൽ തന്നെ മനസ്സുകൊണ്ടും ശരീരംകൊണ്ടും വാർദ്ധക്യത്തിലെത്തിയ ഒരാൾ. വീരത്വത്തിന്റെ മറവിൽ നേരിടേണ്ടി വരുന്ന ജീവിത യാഥാർത്ഥ്യങ്ങളിലേക്കുള്ള തുറന്നുകാട്ടലാണ് മാർക്കേസ് ഇവിടെ നടത്തുന്നത്.
മക്കൊണ്ട എന്ന മഹാസാമ്രാജ്യം ഒരിക്കലും മറക്കാനാവാത്ത ഒന്നായി ജനമനസ്സുകളിൽ ഇട്ടു തന്നശേഷം മറവിയുടെ ലോകത്തേക്ക് ഓടിപ്പോയ മാർക്കേസിനല്ലാതെ ആർക്കാണ് ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുക.
Content Summary: 'General Thante Ravanankottayil' Book written by Gabriel Garcia Marquez