ADVERTISEMENT

കംപ്യൂട്ടർ സയൻസിൽ എംടെക് ബിരുദധാരിയായ സുധാമൂർത്തി ഇൻഫോസിസ് ഫൗണ്ടേഷൻ അദ്ധ്യക്ഷയാണ്. ഇംഗ്ലിഷിലും കന്നഡയിലും അറിയപ്പെടുന്ന എഴുത്തുകാരിയായ അവർ നോവലുകളും, സാങ്കേതികവിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങളും, യാത്രാവിവരണങ്ങളും, ചെറുകഥാസമാഹാരങ്ങളും, അനവധി ലേഖനങ്ങളും, ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള കെ ആർ നാരായണൻ അവാർഡും 2006 ലെ പത്മശ്രീ പുരസ്കാരവും ശ്രീമതി സുധാമൂർത്തിയെ തേടിയെത്തിയിട്ടുണ്ട്. 2011 സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരമായ അറ്റിമബേ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചിട്ടുണ്ട്!

ഉള്ളിൽ നിന്നുള്ള ഉറവകൾ സുധാമൂർത്തിയുടെ പ്രിയ ജീവിതകഥകളാണ്. ഞാനെഴുതുന്ന അനുഭവങ്ങൾ എന്റെയാണ്, അതുകൊണ്ടുതന്നെ ഈ അനുഭവങ്ങളിൽ നിന്ന് എന്നെ മാറ്റി നിർത്താനാവില്ല! ഞാനൊരു സാഹിത്യ ബിരുദ വിദ്യാർഥിയല്ല. പക്ഷേ സാഹിത്യം എന്നെ എപ്പോഴും ആകർഷിച്ചിരുന്നു. പുസ്തകങ്ങളെ നിധികളായി കരുതിപ്പോന്ന അധ്യാപക കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അതുകൊണ്ടുതന്നെ വളരെ ചെറുപ്പം മുതലേ പുസ്തകങ്ങളുമായി ഇഴുകിചേർന്നു. വായനക്കൊപ്പം കൈപിടിച്ചു നടത്തിയത് അമ്മയുടെ സ്നേഹനിർഭരമായ നിർബന്ധങ്ങളായിരുന്നു. ഓരോ ദിവസത്തെയും അനുഭവങ്ങളെയും, കാഴ്ചകളെയും അന്നുതന്നെ എഴുതാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന 'അമ്മ' തന്നെയാണ് എഴുത്തിലെ ഗുരുവും. സന്തോഷം സങ്കടം, ഉത്കണ്ഠ അങ്ങനെ എനിക്ക് തോന്നുന്നതെല്ലാം വാക്കുകളായി മാറിയപ്പോൾ താമസിയാതെ എഴുത്തെന്റെ മഹത്തായ ശീലമായി മാറി.

കന്നട ഭാഷയിലായിരുന്നു വിദ്യാഭ്യാസം ചെയ്തിരുന്നത്. പൊടുന്നനെ ഇംഗ്ലിഷ്മീഡിയം വിദ്യാഭ്യാസത്തിലേക്കുള്ള പറിച്ചുനടൽ എനിക്ക് ആകെ ആശയക്കുഴപ്പമുണ്ടാക്കി. അതിനും പോംവഴി പറഞ്ഞുതന്നത് അമ്മ തന്നെയായിരുന്നു. ഇംഗ്ലിഷ് പുസ്തകങ്ങൾ വായിക്കേണ്ടതിന്റെ ആവശ്യകതയും അതുമായി താദാത്മ്യം പ്രാപിക്കുന്നതുവരെ ഇംഗ്ലിഷിൽ എഴുതുകയും ചെയ്യണമെന്ന് നിഷ്കർഷിക്കുകയും ചെയ്തപ്പോൾ അതിലേക്ക് മനസ്സർപ്പിക്കുകയായിരുന്നു ഞാൻ. അങ്ങനെ ഭാഷയെ കീഴടക്കി. ഭാഷ വെറുമൊരു വാഹനം മാത്രമാണ്. പക്ഷെ അതിനകത്തിരിക്കുന്ന വ്യക്തി നെയ്യുന്ന കഥയാണ് കൂടുതൽ പ്രധാനമായിട്ടുള്ളത്. നിങ്ങളൊരു കഥാപറിച്ചിലുകാരിയാണ്, കഥപറഞ്ഞു മുന്നോട്ട് പോവുക. ഭാഷ താനേ പിറകേ വന്നു യഥാസ്ഥാനത്തിരുന്നുകൊള്ളും.

ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് എഡിറ്ററുടെ കനിവാർന്ന വാക്കുകളും പ്രോത്സാഹനവുമായിരുന്നു ഇംഗ്ലിഷിൽ എഴുതാൻ പ്രേരിപ്പിച്ചത്. അങ്ങനെ ഞാൻ  ഇംഗ്ലിഷിലും കന്നഡയിലും എഴുതുന്ന ദ്വിഭാഷാ എഴുത്തുകാരിയായി മാറി. മൂർത്തിയെ പരിചയപ്പെട്ടപ്പോഴും അവർ പരസ്പരം പുസ്തകങ്ങളായിരുന്നു കൈമാറിയിരുന്നത്. ചിലപ്പോഴൊക്കെ ഒന്നിച്ചു വായിക്കുകയും പരസ്പരം സംവാദിക്കുകയും ചെയ്യുമായിരുന്നു. ആ പ്രോത്സാഹനവും വായനയും എഴുത്തും വളർന്നുവളർന്ന് ഇന്ന് ഇരുപത്തിയൊൻപതാമത്തെ ഈ പുസ്തകത്തിൽ എത്തി നിൽക്കുന്നു.

പെൺകുട്ടികൾക്ക് അന്യമായിരുന്ന മേഖലയായിരുന്നു അന്ന് എൻജിനീയറിങ്. ആ കാലഘട്ടത്തിലാണ് ഞാൻ  നിർബന്ധപൂർവം ആ മേഖല തന്നെ തിരഞ്ഞെടുത്തത്. എന്റെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുക എൻജിനീയറിങ് പഠനമാണെന്ന ഉറച്ച വിശ്വാസമായിരുന്നു ബി വി ബി എന്ന എൻജിനീയറിങ് കോളജിലെ ഏകപെൺകുട്ടിയായിട്ടും അവിടെ പഠിക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. അവിടെ സാഹചര്യം എന്നെ തളർത്തുന്നതായിരുന്നു. ആൺകുട്ടികൾ പലവിധത്തിലും ദ്രോഹിച്ചുകൊണ്ടിരുന്നു. അതിനെ നിശബ്ദമായി നേരിട്ടപ്പോൾ, പിന്നീട് അവരെല്ലാം സുഹൃത്തുക്കളായി മാറി. ആ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു സ്നേഹവും സൗഹൃദവും. പക്ഷെ ആ കോളജ് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. ഇന്നത്തെ എന്നെ വാർത്തെടുത്തതിൽ നല്ലൊരു പങ്കുവഹിച്ചത് ആ കോളജ് തന്നെയായിരുന്നു. എനിക്കെന്നും പ്രിയപ്പെട്ടതായതും അതുകൊണ്ടാണ്. വിജയം എന്ന വാക്കുപോലെ കരാഗതമാകുന്നതല്ല വിജയിക്കുക എന്നതും പഠിച്ചു. ഇൻഫോസിസ് എന്നൊരു സ്ഥാപനത്തിന്റെ പിറവിയുണ്ടായതും  ആ പഠനത്തിൽ നിന്നാണ്.

ഈ പുസ്തകത്തിൽ ജീവിതസാഹചര്യകളിലൂടെ കടന്നുപോയ അനുഭവസാക്ഷ്യങ്ങൾ, അവർക്കുചുറ്റുമുള്ള മനുഷ്യരിൽ നിന്നും പഠിച്ചപാഠങ്ങൾ സവിസ്തരം വിവരിക്കുന്നുണ്ട് "നിങ്ങളെപ്പോലെ വിദ്യാസമ്പന്നയായിട്ടുള്ള, ധാരാളം യാത്ര ചെയ്തിട്ടുള്ള, നല്ല വായനയുള്ള, പണത്തോട് ആർത്തി ഇല്ലാത്ത ഒരാൾ പാവങ്ങളെ സഹായിക്കില്ലെന്നുവെച്ചാൽ പിന്നെ അവർ മറ്റാരിൽ നിന്നും തന്നെ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ജീവിതത്തിൽ നിങ്ങൾ എന്തു നേടാനാണ് കാത്തിരിക്കുന്നത്! മകളുടെ ഈ ചോദ്യമായിരുന്നു ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയത്. എന്തുനേടി എന്നു സ്വയം ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം മനസ്സിൽ അങ്കുരിച്ചത്. അവരെ നല്ലൊരു സാമൂഹികപ്രവർത്തകയാക്കി മാറ്റിയത്. അതുകൊണ്ടു തന്നെ അവരുടെ ആദ്യഗുരു മകൾ അക്ഷതയാണെന്നവർ നിസ്സംശയം പറയുന്നു. തുടർന്ന് ഓരോ പ്രവർത്തനമേഖലകളിലേക്കും അവരുടെ സഹായഹസ്തങ്ങൾ നീണ്ടുകൊണ്ടിരുന്നു. അതോടൊപ്പം  ഇൻഫോസിസിന്റെ കീർത്തിയും വാനോളം ഉയർന്നുകൊണ്ടിരുന്നു.

"അങ്ങനെയല്ല ചിത്ര... നിന്റെ വിജയത്തിന്റെ ഏണിപ്പടികളിലെ ഒരു ചുവടുവെയ്പ്പ് മാത്രമായിരുന്നു എന്റേത്, ഞാൻ പറഞ്ഞു. വേറെ പല ചുവടുവെയ്പ്പുകളും ഉണ്ടായിരുന്നു ഇന്ന് നീ എത്തിനിൽക്കുന്ന നിലയിലെത്തുവാൻ. നിന്നെ പരിപാലിച്ചു പോകാൻ നിനക്ക് നല്ല വിദ്യാഭ്യാസം തന്ന വിദ്യാലയങ്ങൾ, അമേരിക്കയിലേക്ക് പറഞ്ഞയച്ച കമ്പനി, അതിനെല്ലാമുപരി നീ തന്നെ ദൃഢനിശ്ചയവും പ്രോത്സാഹനമുള്ള പെൺകുട്ടി തന്നെയായിരുന്നു നിന്നെ നീയാക്കി മാറ്റിയത് ഒരു ചുവടുവെപ്പ് മാത്രം. അതുകൊണ്ട് അവസാനപരിണതഫലത്തിന്റെ ഖ്യാതി ഞാനെടുക്കരുത്. അവർ പറഞ്ഞു. "എന്തിനാണ് എന്റെ ഹോട്ടൽ ബില്ല് അടച്ചത്?" "ബോംബെയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഉള്ള എന്റെ  ടിക്കറ്റ് എടുത്തതിന്!" എങ്ങലടിച്ചുകൊണ്ടവൾ എന്നെ കെട്ടിപ്പിടിച്ചു, അവളുടെ സ്നേഹമത്രയും നീരുറവയായി ഒഴുകി. ആ യാത്ര ചിത്രയുടെ ജീവിതത്തിന്റെ ഭാഗധേയം നിർണ്ണയിച്ച യാത്രയായിരുന്നല്ലോ! 

എല്ലാ സൗഭാഗ്യങ്ങൾക്കും നടുവിൽ ജീവിക്കുമ്പോഴും സന്തോഷം കണ്ടെത്താനാവാതെ എല്ലാറ്റിലും കുറ്റങ്ങൾ മാത്രം കണ്ടെത്തിയിരുന്ന എന്റെ കൂട്ടുകാരി ഒരിക്കൽ പറഞ്ഞു. ഒന്നുമില്ലായ്മയിൽ എങ്ങനെ സന്തോഷം കണ്ടെത്താമെന്ന് തെരുവിൽ ഒരു പെരുമഴയിൽ നനഞ്ഞു കുളിച്ച്,തുള്ളിച്ചാടി രസിച്ച, ആഹ്ലാദങ്ങൾ പരസ്പരം പങ്കുവെച്ച  ഒരു യാചകനിൽ നിന്നും കൊച്ചുമകളിൽ നിന്നും പഠിച്ചുവെന്ന്. പിന്നീടുള്ള അവരുടെ ജീവിതത്തിൽ യാചകൻ ഗുരുവായി മാറി. കൊച്ചുമകൾക്ക് ഉന്നത വിദ്യാഭ്യാസവും സംരക്ഷണവും നൽകികൊണ്ട്  അവരുടെ ഗുരുവിന് ഗുരുദക്ഷിണ കൊടുത്തു.

ജാതിവർണ്ണങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുന്നതിന് മുൻപ് സാമൂഹിക വ്യവസ്ഥിതിയുടെ ബലിയാടായി പോകുമായിരുന്ന ഒരു പെൺകുട്ടിയേയും അവൾക്ക് ജനിച്ച മകളെയും, സ്വജീവൻ നഷ്ടപ്പെടുമായിരുന്നിട്ടും സ്വന്തം പിതാവ് രക്ഷിച്ച ഒരു അനുഭവം പറയുന്നുണ്ട്. ഡോക്ടർ ആയ പിതാവനുഭവിച്ച മാനസിക സംഘർഷം അത്ര വലുതായിരുന്നു. പിന്നീട് അച്ഛന്റെ പേരിൽ ഒരു ക്ലിനിക്ക് ആ സ്ത്രീയും മകളും തുടങ്ങിയത് വർഷങ്ങൾക്ക് ശേഷം അച്ഛൻ അറിയുന്നതെന്നും പണത്തിന്റെ മൂല്യത്തെക്കാൾ വിശ്വാസങ്ങളെ മുറുകെ പിടിച്ച വൃദ്ധ ജീവിതങ്ങൾ, ധനത്തെക്കാൾ സഹായിക്കാനുള്ള മനസുണ്ടെങ്കിൽ ആരെയും ഹൃദയമറിഞ്ഞു സഹായിക്കാനാവുമെന്നു പഠിപ്പിച്ച കർഷകൻ, സ്വന്തം പിതാവിനെ ഫൗണ്ടേഷനിലെ വൃദ്ധസദനത്തിലാക്കി, അദ്ദേഹത്തിന്റെ സമ്പത്ത് കൈക്കലാക്കാൻ വൃത്തികെട്ട നാടകം കളിച്ച മകന്റെ കഥ, വസ്ത്രധാരണരീതിയിലൂടെ ആരുടെയും വ്യക്തിത്വത്തെ, സാമ്പത്തിക, സംസ്കാരിക പൈതൃകത്തെ ഒരിക്കലും അളക്കാൻ ശ്രമിക്കരുതെന്നും ആരെയും അതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യരുതെന്നും അവർ അവരെ കളിയാക്കിയവർക്ക് ക്ഷണിക്കപ്പെട്ട സദസ്സിലെ മുഖ്യഥിതിയായി ചെന്നുകൊണ്ട് മറുപടി പറഞ്ഞതും ഓർമ്മിക്കുന്നു.

ഞാൻ മേഡത്തിന്റെ " മഹാശ്വേതാ" വായിച്ചിട്ടുണ്ട് ഇന്ന് ഞാൻ വിവാഹം ചെയ്ത പെൺകുട്ടി പാണ്ടുള്ളവളാണ് ആ പുസ്തകം എന്റെ കാഴ്ചപ്പാടുകളെ, അജ്ഞതയെ ആകെ മാറ്റിമറിച്ചു. അതിലെ പ്രതിപാദ്യവിഷയം ത്വക് രോഗങ്ങളെകുറിച്ചു ജനങ്ങളിൽ നിലനിന്നിരുന്ന അജ്ഞതയെ കുറിച്ചായിരുന്നു. സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാനുതകുന്നതായിരുന്നു ആ പുസ്തകം. ക്ഷമയും ധൈര്യവും സമീപനരീതികളുമാണ് എന്തിനെയും വിജയത്തിലേക്ക് നയിക്കുവാൻ സഹായിക്കുന്നത്. ദേവദാസികളെ പുതിയൊരു ജീവിതത്തിലേക്ക് നയിക്കാൻ സാധിച്ചത്  "അതുശരി നിനക്ക് അവരെ മാറ്റണമെങ്കിൽ ആദ്യം നീ അടിമുടി മാറണം. നമ്മുടെ  സമീപനമാണ് ആദ്യം മാറേണ്ടത് പക്ഷേ നിന്റെ തീരുമാനമാണ് അന്തിമം അദ്ദേഹം നടന്നു പോയി". അച്ഛന്റെ കൃത്യതയോടെയുള്ള  നിരീക്ഷണപാഠവമാണ് ദേവദാസികളെ ഉന്നത നിലാവരത്തിലേക്കുയർത്താനും, കുലത്തൊഴിലിന്റെ ഭവിഷ്യത്തുകൾ പറഞ്ഞു മനസ്സിലാക്കി, സാമ്പത്തികവും, വൈജ്ഞാനികവുമായ ഉയർച്ചകൾ കൈവരിക്കാൻ കഴിഞ്ഞതും. പ്രാരംഭകാലങ്ങളിൽ ചെരിപ്പും തക്കാളിയും കൊണ്ട് എറിഞ്ഞവർ, പിന്നീട്  മൂവായിരം പേരുടെ ഹൃദയത്തിൽ നിന്നൂർന്ന സ്നേഹതൂവലുകൾ കൊണ്ടു തുന്നിയ കിടക്കവിരി സമ്മാനിച്ചു. ഇത് അക്കക്ക് ഉഷ്ണത്തിൽ കുളിരും ശൈത്യത്തിൽ ചൂടും പകരും ഞങ്ങൾക്ക് അക്കയോടുള്ള സ്നേഹം പോലെ. ഞങ്ങളുടെ കഷ്ടകാലത്ത് ഞങ്ങൾക്കൊപ്പം നിന്നു, ഇനി ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും, ഈ വിരിയിലെ തുന്നലുകൾ പോലെ. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ പുരസ്കാരമതായിരുന്നു എന്നവർ ഇന്നും പറയുന്നു. ഇതുപോലെയുള്ള ഒരുപാട് കഥകൾ ഇനിയുമിതിലുണ്ട്.

ഔന്നിത്യങ്ങളിൽ വിഹരിക്കുമ്പോഴും അനുകമ്പയും ദയയും സഹനുഭൂതിയും ജീവിതവ്രതമാക്കിയ സ്ത്രീരത്നം തന്നെയാണ് സുധാമൂർത്തി. പകരം വെക്കാനാകാത്ത പവർ ഫുൾ വനിതാ."A great lady"! വായനകൾ എല്ലാം എന്നും ഓർമ്മയിൽ തെളിയണമെന്നില്ല, പക്ഷെ ചിലതൊക്കെ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. ആ വായനയിൽ എവിടെയൊക്കെയോ അവനവനെ കണ്ടുമുട്ടുന്നു. ചുറ്റുമുള്ളവരെ, പരസ്പരം പറഞ്ഞതും കേട്ടതുമായ വാക്കുകളിലൂടെ അറിഞ്ഞതും കണ്ടതുമായ അനുഭവങ്ങളിലൂടെ! "ഓരോ വ്യക്തിയും ഓരോ കഥയാണ്. അവർക്കു ചുറ്റുമുള്ള ലോകം അവരെ തൊടുമ്പോൾ അതൊരു വലിയ കഥയാകുന്നു. സാധാരണക്കാരുടെ ഇടയിലേക്ക് ആ ഭാഷയെ സന്നിവേശിപ്പിക്കുകയാണിവിടെ. വളരെ ലളിതമായ രീതിയിൽ തന്നെ. എനിക്കിതുമാത്രമേ അറിയൂ, എന്റേതായിട്ട് അതുമാത്രമേ സത്യത്തിൽ ഈ ലോകത്ത് അവശേഷിക്കുന്നുള്ളു." അവർ പറഞ്ഞു.

അതേ ഓരോ എഴുത്തുകാരും വായനക്കാരിലൂടെ എന്നും ജീവിച്ചുകൊണ്ടിരിക്കുന്നു, വായന മരിക്കാത്ത കാലം വരെ. എഴുതുന്നത് മറ്റുള്ളവരിൽ എത്ര ആഴത്തിലും പൂർണ്ണതയിലും നിലനിൽക്കുന്നു എന്നതാണ് എഴുത്തുകാരന്റെ മേന്മയും കഴിവും. ഈ വായനദിനത്തിൽ എന്നെ അത്രമേൽ സ്വാധീനിച്ച പുസ്തകത്തെ പരിചയപ്പെടുത്തുന്നു. വായനയുടെ വലിയ വലിയ സാഗരങ്ങളിൽ നീന്തി എഴുത്തിന്റെ വലിയൊരു ലോകം സൃഷ്ടിച്ച, ആർദ്രതയോടെ സാധാരണക്കാരിലേക്കിറങ്ങി അവരെ മനസ്സുകൊണ്ടറിഞ്ഞ മഹദ് വ്യക്തിയെയും ആ വ്യക്തിത്വത്തെയും.

Content Summary: Malayalam Book ' Ullilninnulla Uravakal ' by Sudha Murty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com