ADVERTISEMENT

താരാപരാഗം പുരണ്ട ബാലിവക്ഷസ്സില്‍ രാമസായകം തറച്ചിറങ്ങിയപ്പോള്‍ ഒരു ഋഷിയും മാ നിഷാദ എന്ന് ശപിച്ചില്ല. പക്ഷേ ഇണയായ പെണ്ണിന്‍റെ കരച്ചിലില്‍ ഇങ്ങ് വടക്ക് പയ്യന്നൂരിലെ കുഞ്ഞിമംഗലത്തെ പെരുവണ്ണാന്‍മാരുടെ ഹൃത്തില്‍ ദുഃഖത്തിന്‍റെ കടലിരമ്പി. 'കുഞ്ഞിമംഗലത്തെ കുറുവാട്ട് പെരുവണ്ണാന്മാര്‍ ആര്യദൈവത്തിന്‍റെ മുഖത്ത് നോക്കി പറഞ്ഞു മാ നിഷാദ..

വി. കെ. അനില്‍കുമാറിന്‍റെ 'മുന്നൂറ്റിയൊന്നാമത്തെ രാമായണം - തോറ്റവരുടെ അതിജീവനം, ആഖ്യാനം എന്ന കൃതി മുന്നൂറ്റില്‍പ്പരം രാമായണത്തിനൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒന്നായല്ല മറിച്ച് ഇത് ശക്തമായ പ്രതിരാമായണ വായന ഉള്‍ക്കൊള്ളുന്ന കൃതിയായാണ് അനുഭവപ്പെടുന്നത്. രാമായണത്തില്‍ ബാലിയെക്കൊണ്ട് ആര്യാധിപത്യം മോക്ഷം നല്‍കാനുള്ള അവകാശം ആര്യദൈവത്തിന് മാത്രം നിജപ്പെടുത്തുകയും ബാലി അത് ഏറ്റുവാങ്ങി ഉടലോടെ സ്വര്‍ഗ്ഗസ്തനാവുകയും ചെയ്യുന്ന, സവര്‍ണ്ണതയുടെ, മുച്ചീട്ടുകളിയായി മാറുമ്പോള്‍ ഈ രാമായണത്തില്‍ ബാലി ഒരിക്കലും മോക്ഷപദം നേടാനാഗ്രഹിക്കാത്ത നെടു ബാലിയന്‍ തെയ്യമാണ്.

anilkumar-book
വി. കെ. അനില്‍കുമാർ

ചോദ്യം ചോദിച്ചു വന്നവരുടെയെല്ലാം തലയറുത്തു തന്നെയാണ് അധിനിവേശം ലോകത്തെവിടെയും അധീശത്വം സ്ഥാപിച്ചിട്ടുള്ളത്. വാത്മീകി രാമായണം തുടങ്ങുന്നത് ശാപഗ്രസ്ഥമായൊരു ചോദ്യത്തില്‍ നിന്നാണെങ്കിലും എതിര്‍ക്കുന്നവന്‍റെയും തടുക്കുന്നവന്‍റെയും ചോര ചീന്തി അതില്‍ രസം കൊണ്ടാണ് ഈ രാമായണ മഹാകാവ്യം അതിന്‍റെ ആത്യന്തിക ലക്ഷ്യം വ്യക്തമാക്കുന്നത്. അത് അവര്‍ണ്ണതയ്ക്കു മുകളില്‍ സവര്‍ണ്ണാധിപത്യം സ്ഥാപിക്കുക എന്നത് തന്നെയാണ്. കറുത്തവന്‍റെ മുകളില്‍ വെളുത്തവന്‍റെ കുതിരകയറ്റം പ്രജ്ജ്വലമെന്ന് ഘോഷിക്കുന്ന നിലപാട് തറകളാണ്. ചതിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് സപ്തസാലങ്ങളും രാമശരമേറ്റ് മുറിഞ്ഞ് വീണപ്പോള്‍ എട്ടാമത്തെ വന്‍മരമായി; ലോകാധിപനായ രാമന്‍റെ ആരും തടുക്കാത്ത ബാണത്തെ തടുത്ത് നെഞ്ച് തകര്‍ന്നു പോകുന്നവനാണ് ബാലി. കൊല്ലുക എന്നത് മാത്രമാണ് രാമന്‍റെ കര്‍മ്മം. ബ്രാഹ്മണ്യത്തേയും ബ്രാഹ്മണനേയും രക്ഷിക്കല്‍ മാത്രം ധര്‍മ്മമായി കാണുന്ന അയാള്‍ക്ക് ആസേതു ഹിമാചലം അടക്കിവാണ സവര്‍ണ്ണമാനങ്ങളുടെ പരമാധികാര സ്ഥലികളായി ഭാരതത്തെ അടക്കി നിര്‍ത്തുക എന്ന ലക്ഷ്യമായിരുന്നു. അതിന് വിഘാതമായവരെയെല്ലാം അയാള്‍ തന്ത്രം കൊണ്ടും ചതികൊണ്ടും ഇല്ലായ്മ ചെയ്തു. സഹോദര ബന്ധങ്ങളില്‍പ്പോലും നുഴഞ്ഞുകയറിയ അയാളുടെ കുടില തന്ത്രങ്ങള്‍ ബാലിയുടെ വാക്ശരങ്ങളേറ്റ് നിഷ്പ്രഭമായി.

നാങ്കുവര്‍ണ്ണവും, ഐങ്കുടികമ്മാളന്മാരും തങ്ങളുടെ പടിഞ്ഞാറ്റകളില്‍ കുടിയിരുത്തിയ തൊഴിലാളി ദൈവം വാനരനായകന്‍ ബാലി തോറ്റ കഥാപാത്രമല്ല. ചതിയാല്‍ കൂടെപ്പിറപ്പിനാല്‍ തോല്‍പ്പിക്കപ്പെട്ട കഥാപാത്രമാണ്. തൊഴില്‍ കുലങ്ങളുടെ പടിഞ്ഞാറ്റകളില്‍ അന്തിത്തിരിയും അകസ്ഥാനവും നേടിയ ദൈവത്തിന് മുമ്പില്‍ ഈ തൊഴില്‍ക്കൂട്ടങ്ങള്‍ തങ്ങളുടെ ദുരിതക്കെട്ടുകള്‍ ഇരുട്ടിന്‍റെ കാട്ടില്‍ തെളിഞ്ഞ നിലാവിന് മുന്നില്‍ എന്ന വണ്ണം പ്രകാശിപ്പിച്ചു. ബാലിത്തണ്ടയും നഖവും കാട്ടിയുറഞ്ഞ തെയ്യം അവന്‍റെ പരിഭവത്തെ പിളര്‍ന്ന വക്ഷസ്സിലെടുത്തു. കനം തൂങ്ങിനിന്ന ഈ തൊഴില്‍ കൂട്ടത്തെ തന്‍റെ മുറിഞ്ഞുപോയ നെടുനെഞ്ചൂക്ക് കൊണ്ട് തെയ്യം ആശ്ലേഷിച്ചു. വടുവരാജന്‍റെ വിപിന കാന്താരത്തില്‍ തെയ്യം മണ്ണുമ്മല്‍ വിശ്വകര്‍മ്മന്‍റെ മുഴക്കോലുകൊണ്ട് കാന്താര ഹൃദയം അളന്നു. ഏഴു മരങ്ങളും പിളര്‍ന്ന് എട്ടാമത്തെ വന്‍മരമായി മുറിഞ്ഞ നെടുബാലിയനെ കണ്ട് മൂത്താശാരി പേടിച്ചില്ല. കഥകള്‍ ചൊല്ലി അനന്തരം തന്‍റെ ഓലക്കുടയില്‍ക്കൂടി എരമത്തെ പടിഞ്ഞാറ്റയില്‍ കുടിയിരുത്തി. തൊഴിലേറ്റ് മുറിഞ്ഞ് പോകുന്നവന് അമ്പേറ്റ് മുറിഞ്ഞുപോയവനാണ് ആരാധ്യനെന്ന് മണ്ണുമ്മല്‍ വിച്ചൂര്‍മ്മന് തോന്നിക്കാണണം. മണ്ണുമ്മല്‍ ആശാരി പിടിച്ച സത്യത്തിന്‍റെ ഓലക്കുടയില്‍ വാനരാധിപനായ ചക്രവര്‍ത്തി മലനാട്ടിന്‍റെ നാട്ടുചരിതങ്ങളിലേക്ക് വന്നിറങ്ങി പടപ്പാട്ട് പാടി. 

വടക്കേമലബാറിലെ എരമം ദേശത്തുനിന്നും ഹംപിയിലേക്ക് ആശാരിപ്പണിക്ക് പോയ മണ്ണുമ്മല്‍ വിശ്വകര്‍മ്മാവ് തന്‍റെ ശില്‍പനിര്‍മ്മിതിക്കുള്ള മരംമുറിക്കുന്ന നേരത്താണ് നെടുബാലിയനെ കണ്ടുമുട്ടുന്നത്. പഴയകാലത്ത് തൊഴിലന്വേഷിച്ച് കര്‍ണ്ണാടകത്തിലേക്കും കുടകിലേക്കുമൊക്കെ ആളുകള്‍ പോവുക പതിവായിരുന്നു. അത്തരമൊരു കാലഘട്ടത്തിലാണ് മണ്ണുമ്മല്‍വിശ്വകര്‍മ്മനും വടുവരാജന്‍റെ വടുവക്കോട്ടയിലെത്തുന്നത്. വടുവരാജന്‍റെ നാട്ടില്‍ നിന്നും എരമത്ത് തൊഴില്‍ക്കൂട്ടങ്ങളുടെ പടിഞ്ഞാകളില്‍ കുലദൈവമായി മാറുന്നതോടെയാണ് നെടുബാലിയന്‍ തന്‍റെ രണ്ടാംജന്മമെന്നോ, മരണാനന്തര ജീവിതമെന്ന് വിളിക്കാവുന്ന തരത്തില്‍ ഈ അധഃകൃത തൊഴിലാളിക്കൂട്ടങ്ങളുടെ കൂടെ ചേരുന്നത്. ഈ രാജ്യത്തിലെ സകല നിര്‍മ്മാണവും നടത്തിയത് അധഃകൃതന്മാരാണ്. അധീശത്വശക്തികളായിവന്ന ആര്യ ബ്രാഹ്മണ്യം ഈ ശിൽപനിര്‍മ്മാണ വേലകളെപ്പറ്റിയൊക്കെ സംസ്കൃതഭാഷയിലേക്ക് ചമയ്ക്കുകയും തങ്ങള്‍ക്ക് ഇതൊക്കെ ബ്രഹ്മാവിനാല്‍ ലഭിച്ചതാണെന്നും അത് അവര്‍ണ്ണരായ തൊഴിലാളികളിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തുവെന്ന നുണ പ്രചരിപ്പിക്കുകയും ശിൽപവേലകളുടെയും പതിനെട്ട് കലകളുടെയും നെടുനായക സ്ഥാനം സംസ്കൃത ഭാഷ സംസാരിക്കുന്ന ആര്യബ്രാഹ്മണ്യത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു എന്നത് വലിയ സത്യമാണ്. ഇത്തരം അവര്‍ണ്ണ ജനതയെ കീഴടക്കുകയും കൊന്നു തള്ളുകയും ചെയ്തുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ആര്യാധികാരം സ്ഥാപിക്കുകയും ചെയ്തിട്ടുള്ളത്. തെയ്യങ്ങളെല്ലാം അടിസ്ഥാന വര്‍ഗ്ഗത്തിനൊപ്പവും നേരിനൊപ്പവുമാണ് നിലകൊണ്ടത്.  

'ചതിച്ചോനെ വിശ്വസിക്കില്ല. വിശ്വസിച്ചോനെ ചതിച്ചിട്ടില്ല' എന്നത് തെയ്യം മൊഴികളിലെ വാക്കുരിയാണ്. ഇവിടെ ബാലിയും നെടുബാലിയനായി നാങ്കുവര്‍ണ്ണത്തിന്‍റെയും ഐങ്കുടികമ്മാളരുടെയും ധര്‍മ്മ ദൈവമായി ആര്യരാമായണത്തില്‍ നിന്നും ഇറങ്ങിവന്ന് ആര്യ ദൈവത്തിന്‍റെ ചതിയെ ചോദ്യം ചെയ്യുന്ന വീരനായി. ലോകം വാര്‍ത്തെടുക്കുന്നത് തൊഴിലാളികളാണെന്ന പരമാര്‍ഥം ഈ തൊഴില്‍ക്കൂട്ടങ്ങള്‍ക്കൊപ്പം നിന്ന് കാട്ടിക്കൊടുക്കുകയും അവന്‍റെ നെറുകയില്‍ കനക മഞ്ഞള്‍പ്പൊടിയും മനസ്സില്‍ സാന്ത്വനത്തിന്‍റെ മുറിപ്പച്ചയും തേച്ച് തോറ്റന്‍റെ ദൈവമായി നിറഞ്ഞാടി. എരിവെയിലത്തും പെരുമഴയത്തും ചേര്‍ന്നമരുന്നു ദൈവം മണ്ണാര്‍ന്നിരുകൈകളിലും എന്ന് ആര്യ സവര്‍ണ്ണതയോട് കലഹിക്കുകയും ചെയ്യുന്നു. തെയ്യത്തിലെ രാമായണത്തിന് പറയാനുള്ളത് കൊല്ലപ്പെട്ടവന്‍റെ ഉശിരിനെയാണ്. കൊന്നവന്‍റെ ചതിയേ അല്ല. സപ്ത സാലങ്ങളും പിളര്‍ന്ന രാമന് നിശബ്ദനാക്കാനാവാത്ത എട്ടാംമരം തണ്ടയും നഖവും കാട്ടി ആര്യദൈവത്തെ നിശബ്ദനാക്കുന്നു. കഠിനവിപിനാന്ധകാരത്തില്‍ മൂത്താശാരിയോട് ബാലി പറയുന്നത് ഇങ്ങനെ.. 'നീ മുറിക്കുന്ന ഈ വന്‍ മരം ഞാന്‍ തന്നെ. നിന്‍റെ മുതിര്‍ച്ചകളില്‍ സംപ്രീതരായ എല്ലാ സൂക്ഷ്മസ്തൂല ജീവരാശികളും മരമൊഴിഞ്ഞു. പക്ഷേ ഞാന്‍ മാത്രം പോയില്ല. കാരണം നിനക്ക് മുകളിലെ ഈ പടര്‍പ്പുകളിലല്ല ഞാന്‍ അധിവസിക്കുന്നത്. ചതിയുടെ അമ്പു പിളര്‍ന്ന ഈ പടര്‍പ്പുകള്‍ ഞാന്‍ തന്നെ.'

തെയ്യരാമായണത്തിലെ ഈ തോറ്റംപാട്ട് കെട്ടിയത് അയിത്തജാതിക്കാരായ തെയ്യക്കാരാണ്. ആര്യ സംസ്കൃതിയുടെ ക്ലീന്‍ഷേവ് ദൈവങ്ങളെ ഈ നിസ്വജനത നിരാകരിച്ചു. അവര്‍ പടപ്പാട്ട് കെട്ടി. കല്ലിലും ഇരുമ്പിലും ലോഹക്കൂട്ടുകളിലും നെഞ്ച് പഴുത്തവരുടെ ജീവിതയുലയില്‍ നെഞ്ചു കീറിയ ബാലി അവര്‍ക്ക് പാതി കായബലമായി. പാതിവഴിയില്‍ ഇടറിവീണ തെയ്യം പണിയാളര്‍ക്ക് കരുത്ത് പകരുന്ന ദൈവമായി. രാമന്‍ കുത്തിക്കീറിയ വക്ഷസ്സില്‍ ജീവിതത്തോട് സമരം ചെയ്യുന്ന തൊഴിലാളികളെയാണ് ബാലി തന്‍റെ മുറിഞ്ഞ നെഞ്ചിലെ ചോരയ്ക്കൊപ്പം ചേര്‍ത്ത് പിടിക്കുന്നത്. 'എന്‍റെ മണ്ണുമ്മല്‍ വിശ്വകര്‍മ്മാവേ..' എന്ന് തെയ്യം ഉറഞ്ഞാടി വിളിക്കുമ്പോള്‍ പൂര്‍വികാരാധനയില്‍ മണ്‍മറഞ്ഞുപോയ മൂത്താശാരിമാര്‍ കൂടി ഇളമുറക്കാരെ ചൊല്ലിയുള്ള വാക്കുരികളില്‍ വിളികേള്‍ക്കുന്നുണ്ട്. 'എട്ടില്ലത്തിന്‍റെ ചെറ്റപ്പുരയില്‍ പറ്റിനിന്നിട്ടും അഭിമാന്യത്തിന് ഊനംതട്ടാതെ കണ്ട് രക്ഷിച്ചുപോരുന്നുണ്ടല്ലോ' എന്ന് വയനാട്ടുകുലവന്‍റെ വാക്കുരിയില്‍ ചൊല്ലുംപോലെ സര്‍വസുഖങ്ങളിലും ഒപ്പം ഇരുന്ന ചക്രവര്‍ത്തിയായ ബാലിയാണ് ദരിദ്രരായ ആശാരിമാര്‍ക്കൊപ്പം ചേര്‍ന്നു നിന്നത്. കേരളനവോത്ഥാനം വരുന്നതിന് എത്രയോ കാലങ്ങള്‍ക്ക് മുമ്പേതന്നെ തെയ്യങ്ങള്‍ ജാതിമതസമവാക്യങ്ങളേയും സവര്‍ണ്ണ ദൈവികതയേയും അട്ടിമറിച്ചിരുന്നു എന്ന സത്യത്തിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നു. അധികാരത്തിന്‍റെ അപ്രമാദിത്ത്യത്തിനെതിരെ ഉയര്‍ന്ന ശബ്ദമായിരുന്നു ബാലി. ഈ ശബ്ദത്തിന് പെരുവണ്ണാന്‍മാര്‍ ഓതിയ പടപ്പാട്ടായിരുന്നു തെയ്യത്തോറ്റം. മനുഷ്യജീവിതങ്ങളുടെ ദുരന്താഖ്യാനങ്ങളാണ് ഈ പടപ്പാട്ടുകളില്‍ ഏറെയും. 

നെടുബാലിയന്‍ തെയ്യത്തെ ഗ്രഹിക്കുക എന്നത് അത്ര എളുപ്പമല്ല. മറ്റ് തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവതരണവും മുദ്രാഭിനയവുമാണ് ബാലിത്തെയ്യത്തെ വ്യത്യസ്തനാക്കുന്നത്. ഇതിലെ മുദ്രകളൊന്നും തന്നെ ശാസ്ത്രീയമായി രൂപപ്പെടുത്തിയവയല്ല. കുഞ്ഞിമംഗലത്തെ കുറുവാട്ട് പെരുവണ്ണാന്മാര്‍ സ്വയം വികസിപ്പിച്ച ചിട്ടകളാണ്. സവര്‍ണ്ണകലകളിലെ ശൃംഗാരാഭിനയമോ നൈപുണികതയോ അല്ല നെഞ്ച് പിളര്‍ന്നവന്‍റെ മുദ്രകളാണ് ഇവിടെ സന്നിവേശിപ്പിക്കുന്നത്. പ്രതിരാമായണത്തിന്‍റെ സാധ്യതകള്‍ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറിയ കൂറും ഹനിക്കപ്പെടുമ്പോള്‍ ആധുനിക ഇന്ത്യയില്‍ നവഫാഷിസം വേരാഴ്ത്തുമ്പോള്‍ ആര്യദൈവ വിമര്‍ശനവും പ്രത്യാഘാതങ്ങളാല്‍ സങ്കീര്‍ണ്ണമാകും. രാക്ഷസ്സന്മാരും നികൃഷ്ട ജന്മങ്ങളുമായൊക്കെ അവര്‍ണ്ണരെ ചവിട്ടിക്കൂട്ടി ചോര തെറിപ്പിച്ച ആര്യാധികാരത്തിന്‍റെ കസവുവേഷ്ടി കുത്തിക്കീറുന്ന നഖപ്പാടുകളാണ് ബാലിത്തെയ്യവും ബാലിത്തണ്ടയും. കീഴാളരുടെ പടിഞ്ഞാറ്റകളില്‍നിന്നും കാവകങ്ങളില്‍നിന്നും ഉറഞ്ഞുവരുന്ന ഇത്തരം പ്രതിനായകരുടെ രൗദ്ര നടനങ്ങളില്‍ ചാതുര്‍വര്‍ണ്യവും ആര്യ ഭീഷണങ്ങളും മനുസ്മൃതിപോലുള്ള പോക്രിത്തരങ്ങളും ചവിട്ടിമെതിക്കപ്പെടും. അവിടെ ജനതകളെ മാനുഷികമായ ഐക്യപ്പെടല്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും ചെയ്യും എന്നിടത്താണ് മുന്നൂറ്റിയൊന്നാമത്തെ രാമായണം പ്രതിബിംബിക്കുന്നതും പ്രസക്തമാകുന്നതും. 

മുന്നൂറ്റിയൊന്നാമത്തെ രാമായണം - തോറ്റവരുടെ അതിജീവനം, ആഖ്യാനം

വി. കെ. അനില്‍കുമാർ

വില 300 രൂപ

English Summary:

"VK Anilkumar's 301st Ramayana: The Unheard Tales of Nedubalian"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com