കവിതയിലും പാട്ടിലും മലയാള മണ്ണിന്റെ മണം നിറഞ്ഞുനില്ക്കുന്ന കവി; നാടിനും നാട്ടാര്‍ക്കും വേണ്ടി പാടിയ കവിതകൾ...
![p-k-gopi p-k-gopi](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2020/6/8/p-k-gopi.jpg?w=1120&h=583)
Mail This Article
ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കുന്ന ഒരു ഗ്രാമമുണ്ട് ഓരോ മലയാളിയുടെ മനസ്സിലും. ഉടവാളിന് തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്ന സ്നേഹത്തിന്റെ നാട്. ചിത്തിരപ്പല്ലക്കിന്റെ നിഷ്കളങ്കതയുടെ വീട്. കതിരോല പന്തലൊരുക്കി കാത്തിരിക്കുന്ന ഗ്രാമം. അങ്ങനെയൊരു ഗ്രാമത്തിന്റെ കവിയും പാട്ടുകാരനുമാണ് പി.കെ.ഗോപി.
കവിതയിലും പാട്ടിലും മലയാള മണ്ണിന്റെ മണം നിറഞ്ഞുനില്ക്കുന്ന കവി. നക്ഷത്രാങ്കിതമായ ആകാശത്തേ ക്കാള്‍ സ്നേഹത്തിന്റെ മിന്നാമിനുങ്ങ് ഇത്തിരിവെട്ടം ചൊരിയുന്ന മണ്ണിനെ ഇഷ്ടപ്പെടുന്ന കവി. ആ മണ്ണിന്റെ ഈണം തന്റെ കവിതകളുടെ താളമായി സ്വാംശീകരിച്ച കവി.
ആള്ക്കൂട്ടത്തിനുവേണ്ടി പാടുന്നവരുണ്ട്. അവരെ നയിക്കുന്നത് സ്വന്തം ദൃഡവിശ്വാസങ്ങളേക്കാള് മാറി വരുന്ന പ്രവണതകള്‍. കവിയെന്ന നിലയില്‍ ഗോപിയെ നയിക്കുന്നത് ശക്തമായ ഒരു പ്രത്യയശാസ്ത്രമാണ്. ഭൂമിയില്‍ സ്വര്‍ഗം യാഥാര്‍ഥ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ഥരായ മനുഷ്യരുടെ കൂട്ടായ്മ.
അവരുടെ നാവില്‍ നിന്നുയരുന്ന ഉണര്‍ത്തുപാട്ടുകള്‍ ഗോപി എഴുതി. മതത്തെ ആയുധമാക്കുന്നവരുടെ കണ്ണു തുറപ്പിക്കാന്‍ മതത്തിന്റെ ഉള്ളിലുള്ള സ്നേഹത്തെക്കുറിച്ചെഴുതി. എല്ലാ വിഭജനങ്ങളെയും വേര്‍തിരിവുക ളെയും അതിജീവിക്കുന്ന നന്മയ്ക്കുവേണ്ടി ആഹ്വാനം ചെയ്തു.
ആരു കേള്‍ക്കുന്നു എന്നു വിചാരപ്പെടാതെ, ആരെങ്കിലും കേള്‍ക്കുമോ എന്ന ആശങ്കയില്ലാതെ, നാടിനും നാട്ടാര്‍ക്കും വേണ്ടി പാടിയ കവി. നിരന്തരമായും നിഷ്കളങ്കമായും.
ആര്‍ത്തലച്ചൊഴുകുന്ന അലയാഴിയുടെ ആരവമില്ല ഗോപിയുടെ കവിതകള്‍ക്ക്. അസ്വസ്ഥമാക്കുന്ന ശബ്ദകോലാഹലങ്ങളില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടുമില്ല. കാതുകളെ മുറിവേല്പിക്കാതെ, ഗ്രാമ വിശുദ്ധിയിലൂടെ ഒഴുകുന്ന നീര്‍ച്ചാലാണ് ആ കവിത. ഏകാന്ത വിശുദ്ധികളിലേക്ക് ഒഴുകിയെത്തുന്ന തെളിനീര്. ആരവങ്ങള്‍ ഒടുങ്ങുമ്പോള്‍, ആള്‍ക്കൂട്ടം പിരിഞ്ഞുപോകുമ്പോള്‍, ആശ്വാസമേകുന്ന, ബാക്കിയാകുന്ന, തെളിനീരിന്റെ വറ്റാത്ത നന്മ. ഗോപിയുടെ കവിതകള്‍ മലയാളിക്കു പകരുന്നും അതേ അനുഭൂതി തന്നെ. അനുഭവം തന്നെ.
English Summary : Poet P.K Gopi's Birthday