ADVERTISEMENT

എം.ജി.കെ. മേനോൻ കണ്ടെത്തിയ, വിക്രം സാരാഭായി വളർത്തിയ പ്രതിഭാശാലിയായ ഒരു എൻജിനീയർ. ആ കഥയാണു ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ ആത്മകഥയായ ‘അഗ്നിച്ചിറകുകൾ’.

 

മിസൈൽ മനുഷ്യൻ!

 

എൻജിനീയറിങ് പഠനത്തിനു മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേരാൻ പണമില്ലാതെ ബുദ്ധിമുട്ടിയ കലാമിനെ വളയും മാലയും പണയം വച്ചു സഹായിച്ച സഹോദരി സുഹ്റയോ കഷ്ടത അറിയിക്കാതെ പഠിപ്പിച്ച പിതാവോ ആരും തന്നെ കരുതിയില്ല, അതെല്ലാം ഇന്ത്യയുടെ ഭാവി പ്രഥമ പൗരനു വേണ്ടിയായിരുന്നെന്ന്.

 

പൈലറ്റാകാൻ മോഹിച്ച കലാം അൽപം മാറി പ്രതിരോധ വകുപ്പിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡവലപ്മെന്റ് ആൻഡ് പ്രൊഡക്ഷനിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റായി മാറിയതാണ് ഇന്ത്യയുടെ ‘മിസൈൽ മനുഷ്യ’ന്റെ പിറവിക്കു വഴിയൊരുക്കിയത്. പരാജയങ്ങളിൽ തളരാത്ത കലാമിന്റെ ഇച്ഛാശക്തികളുടെ തെളിവുകളാണ് ഇന്ത്യയുടെ അഭിമാനമായ തൃശൂൽ, പൃഥി, നാഗ്, അഗ്നി മിസൈൽ വിക്ഷേപണങ്ങൾ.

 

അറുപതാം വയസ്സിൽ എഴുതിയ ആത്മകഥയിൽ ആ വിജയമന്ത്രങ്ങൾ ഡോ. കലാം പങ്കുവയ്ക്കുന്നു: ‘നിങ്ങളുടെ ആശകളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ തകർന്നു വീഴുമ്പോൾ അവയ്ക്കിടയിൽ തിരഞ്ഞുനോക്കുക. ആ അവശിഷ്ടങ്ങൾക്കിടയിൽ ഒരുപക്ഷേ, ഒരു സുവർണാവസരം ഒളിഞ്ഞുകിടക്കുന്നതായി കണ്ടേക്കാം.’

 

ഇക്കഥ എന്നോടൊപ്പം അവസാനിക്കുമെന്ന് അവിവാഹിതനായിരുന്ന കലാം തന്നെ പറഞ്ഞിട്ടുണ്ട്. ‘ലൗകികമായി എനിക്കൊരു പിന്തുടർച്ചാവകാശിയില്ല. കുടുംബമോ പുത്രന്മാരോ പുത്രിമാരോ യാതൊന്നും’–കലാം എഴുതുന്നു. ‘മഹത്തായ നാട്ടിലെ ഒരു കിണറാണു ഞാൻ’ എന്നു പറഞ്ഞാണ് ആത്മകഥ അവസാനിക്കുന്നത്. പിൻതലമുറയ്ക്ക് ആ കിണറ്റിൽനിന്നു മഹത്തായ അനുഭവപാഠങ്ങൾ ഏറെയുണ്ട്, കോരിയെടുക്കാൻ.

 

ഡോ. എ.പി.ജെ. അബ്ദുൽകലാം

 

∙മുഴുവൻ പേര്: അവുൽ പകിർ ജൈനുലാബ്ദീൻ അബ്ദുൽ കലാം

 

∙ജനനം: 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത്

 

∙മരണം: 2015 ജൂലൈ 27

 

∙പിതാവ്: ജൈനുലാബ്ദീൻ

 

∙മാതാവ്: അഷിയമ്മ

 

∙ഇന്ത്യയുടെ 11–ാം രാഷ്ട്രപതി

 

∙ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെക്രട്ടറി, രാജ്യരക്ഷാമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ്, ഡിആർഡിഒ ഡയറക്ടർ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളും വഹിച്ചു.

 

∙മിസൈൽ ടെക്നോളജി വിദഗ്ധൻ, തമിഴ് ഭാഷാ പണ്ഡിതൻ, തമിഴ് കവി, അധ്യാപകൻ എന്നീ നിലകളിലും പെരുമയാർജിച്ചു.

 

∙തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ ബിരുദ പഠനത്തിനുശേഷം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ വിദഗ്ധ പഠനം.

 

∙ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ട്രെയിനിങ്ങിനു ശേഷം ഗ്രാജുവേറ്റ് ഏയ്റോനോട്ടിക്കൽ എൻജിനീയറായി ഏയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലേക്കു മാറി.

 

∙ഇന്ത്യൻ കമ്മിറ്റി ഫോർ സ്പേസ് റിസർച്ചിൽ (ഇൻകോസ്പർ) റോക്കറ്റ് എൻജിനീയറായിരിക്കെ നാസയിൽ ആറു മാസത്തെ പരിശീലനം.

 

∙പ്രധാന ബഹുമതികൾ: ഭാരതരത്നം (1997), പത്മവിഭൂഷൺ (1990), പത്മഭൂഷൺ (1981), ആര്യഭട്ട പുരസ്കാരം (1994), ഡോക്ടർ ഓഫ് സയൻസ്.

 

∙പ്രധാന കൃതികൾ: ഇന്ത്യ 2020–എ വിഷൻ ഫോർ ദ് ന്യൂ മില്ലേനിയം, ഇന്ത്യ മൈ ഡ്രീം, വിങ്സ് ഓഫ് ഫയർ, സയന്റിസ്റ്റ് ടു പ്രസിഡന്റ്, ഇഗ്നൈറ്റഡ് മൈൻഡ്സ്, ടേണിങ് പോയിന്റ്.

 

English Summary : Atmakathayanam Column : A.P.J. Abdul Kalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com