കാമുകന് വിലക്കില്ലാത്ത വീട്; കരഞ്ഞുകൊണ്ടു ചിരിക്കുന്ന കുടുംബം
Mail This Article
അത്താഴ മേശയ്ക്കു ചുറ്റുമായിരുന്നു ഞങ്ങൾ. മകന്റെ വാക്കുകൾ ഇടിമുഴക്കം പോലെയാണ് ഞാൻ കേട്ടത്.
എനിക്കു തോന്നുന്നു ഞാൻ റോബ് ആണെന്ന്.
കേട്ടതു വിശ്വസിക്കാനാവാതെ ഞാൻ അവനെ ചോദ്യം ചെയ്തു. നീ എന്താ പറഞ്ഞത് ?
പാസ്ത കഴിച്ചുകൊണ്ട് അവൻ വിശദീകരിച്ചു: റോബ് എന്നിലൂടെ പുനർജനിച്ചതാണെന്ന് എനിക്കു തോന്നുന്നു.
ഭർത്താവ് ഡീനിന്റെ മുഖത്തേക്കു ഞാൻ നോക്കി. അദ്ദേഹം സ്നേഹത്തോടെ പുഞ്ചിരിച്ചു.
റോബ് എന്റെ കാമുകനാണ്. ആയിരുന്നു എന്ന് എങ്ങനെ പറയാനാകും. 17 വർഷം മുൻപ് വാലന്റൈൻസ് ദിനത്തിൽ എനിക്കു നഷ്ടപ്പെട്ട എല്ലാമെല്ലാം. എന്നാൽ ഇന്നും, മകനും ഭർത്താവും പോലും റോബിനെക്കുറിച്ചു പറയുന്നു. ഞാൻ കേൾക്കെത്തന്നെ. റോബ് മരിച്ചെന്ന് ആരാണു പറഞ്ഞത്. പ്രണയം നിലനിൽക്കുന്നുണ്ടെങ്കിൽ കാമുകീ കാമുകർക്ക് മരണമില്ല. തെളിവ് എന്റെ റോബ് തന്നെ.
ഓസ്ട്രേലിയയിൽ അഭിഭാഷകയും കോളമിസ്റ്റുമായ നടാഷ ഷോൾ ആദ്യത്തെ പുസ്തകത്തിൽ എഴുതുന്നത് സ്വന്തം ജീവിതം തന്നെയാണ്. കാമുകനെ വിധി അപഹരിച്ചിട്ടും രണ്ടു പതിറ്റാണ്ടിനു ശേഷവും പ്രണയം തുടരുന്നതിനെക്കുറിച്ച്. മരണം പോലും ദുർബലമായ പ്രണയം എന്ന അദ്ഭുത സിദ്ധിയെക്കുറിച്ച്. ഫൗണ്ട്, വാണ്ടിങ് എന്നത് കേവലം ഓർമപ്പുസ്തകം മാത്രമല്ല, ജീവിതത്തിന്റെ ഉണർത്തുപാട്ടാണ്. മരണത്തിന്റെ ഇരുട്ടിനെയും അപ്രസക്തമാക്കുന്ന ജീവിതത്തിന്റെ പ്രകാശമാണ്.
27ാം വയസ്സിലാണ് റോബ് മരിക്കുന്നത്. അന്ന് നടാഷയ്ക്ക് 22 വയസ്സ്. ഒരു വാലന്റൈൻസ് ദിനത്തിൽ പ്രണയം പറഞ്ഞു മതിയാവാതെ ഉറങ്ങാൻ പോയതാണവർ. പിറ്റേന്ന് റോബ് ഉണർന്നില്ല. പിന്നീട് ഒരിക്കലും. എന്നാൽ 17 വർഷമായി റോബിനെ ഓർമിക്കാത്ത ഒരു നിമിഷം പോലും നടാഷയുടെ ജീവിതത്തിലില്ല. വേദന മറക്കാനോ പൊറുക്കാനോ അവർ തയാറല്ല, കരഞ്ഞ കണ്ണുകളിൽ സന്തോഷം നിറയ്ക്കാനുമില്ല. റോബിന്റെ ഓർമകളിൽ ജീവിച്ചുകൊണ്ടുതന്നെ വിവാഹിതയായി. നാലു മക്കളുടെ അമ്മയായി. ഇപ്പോൾ 9 വയസ്സുകാരൻ മകൻ പോലും അമ്മയോടു പറയുന്നു... താൻ റോബ് ആണെന്ന്. റോബിനെ മറക്കാനല്ല കുടുംബം നടാഷയെ പ്രേരിപിപ്പിക്കുന്നത്. ഓർമിക്കാൻ. വീണ്ടും വീണ്ടും ആ ഓർമകളിൽ ജീവിക്കാനും.
മകന്റെ തോളത്തുതട്ടി നടാഷ പറയുന്നു: നീ പറഞ്ഞത് ശരിയാണ്. എനിക്കു പ്രിയപ്പെട്ടവരിലെല്ലാം എന്റെ റോബിന്റെ സാന്നിധ്യമുണ്ട്.
20 കളുടെ തുടക്കത്തിലാണ് നടാഷ റോബിനെ കാണുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. ഇപ്പോൾ അവർക്ക് 39 വയസ്സായി. റോബിനൊപ്പം ഉണ്ടായിരുന്ന നാളുകളേക്കാൾ കൂടുതൽ വർഷങ്ങൾ കാമുകനു വേണ്ടി കരഞ്ഞുതീർത്തു. റോബിന്റെ അപ്രതീക്ഷിത മരണത്തിൽ നിന്നു മുക്തമാകാൻ ഏറെ സമയമെടുത്തു. സുഹൃത്തുക്കളും കുടുബാംഗങ്ങളും ആശ്വസിപ്പിച്ചു. എന്നാൽ, അവരുടെ വാക്കുകൾ കൂടുതൽ മുറിവേൽപിച്ചതേയുള്ളൂ. മരണത്തിൽ ആശ്വസിപ്പിക്കാൻ എത്തുന്നവർ അറിയുന്നില്ല അവർ ചെയ്യുന്ന ദ്രോഹം. പറയരുതാത്ത വാക്കുകൾ പറയുന്നു. വിലക്കപ്പെട്ട ചിന്തകളിലേക്കു നയിക്കുന്നു. മരണം അവർക്ക് എത്രയോ നിസ്സാരം. ജീവിതം വിപുലവും വിശാലവും മഹത്തരവും.
കാലവുമായി പൊരുത്തപ്പെടണം. അവർ നടാഷയോടു പറഞ്ഞു. ദുഖം മറക്കണം. ഭേദമാകാത്ത മുറിവുകളില്ല.
എന്റെ കയ്യിൽ മുറുകെപിടിച്ചതിനു ശേഷം കിടക്കാൻ പോയ റോബിനെ ഞാൻ എങ്ങനെ മറക്കാൻ.. നടാഷ ചോദിക്കുന്നു. ആ കയ്യിലെ ചൂട്. ഹൃദയമിടിപ്പുകൾ. ചുംബനങ്ങളുടെ കുളിര്. ഇന്നുമെന്നും മറക്കാനാവാത്ത അന്നത്തെ ആഘാതത്തിലാണ് നടാഷയുടെ ഓർമ്മപ്പുസ്തകം തുടങ്ങുന്നതും.
നഷ്ടത്തിൽ തുടങ്ങുന്ന പുസ്തകം പറയുന്നത് മരിച്ചാലും പുനർജനിക്കുന്ന മനുഷ്യരെക്കുറിച്ചാണ്. മരണത്തിന്റെ വേദന സഹിക്കേണ്ടിവരുന്നവരെക്കുറിച്ച്. ജീവിച്ചിരിക്കുന്നവർ ഒരിക്കലും പറയരുതാത്ത വാക്കുകളെക്കുറിച്ച്. ആശ്വസിപ്പിക്കാൻ ശ്രമിച്ചു ദുഃഖം കൂട്ടുന്നവരെക്കുറിച്ച്. ആരും ആർക്കും പകരമാകുന്നില്ല. ഒരു നഷ്ടവും പരിഹരിക്കപ്പെടുന്നില്ല. കണ്ണുകൾ തോരുന്നില്ല. വിലാപങ്ങൾ അവസാനിക്കുന്നില്ല. മരണം അവസാനമല്ല. ജീവിതം തുടക്കവുമല്ല. ജീവിതം പോലെ പ്രിയപ്പെട്ടതാകുകയാണ് നടാഷയുടെ അനുഭവ പുസ്തകം. പുതിയ വർഷത്തെ ബെസ്റ്റ് സെല്ലർ. ഓസ്‌ട്രേലിയയിലെ മെൽബണിലാണു നടാഷ താമസിക്കുന്നത്. അഭിഭാഷക കൂടിയായ അവർ മുൻനിര പ്രസിദ്ധീകരണങ്ങളിൽ എഴുതാറുമുണ്ട്.
14 വർഷം മുൻപായിരുന്നു നടാഷ–ഡീൻ വിവാഹം. ഇപ്പോൾ നാല് ആൺകുട്ടികളുടെ മാതാപിതാക്കൾ. ഒന്നരപ്പതിറ്റാണ്ട് ജീവിച്ചതു സ്നേഹിച്ചും സന്തോഷിച്ചുമാണ്. എന്നാൽ മനസ്സു നിറയ്ക്കുന്ന സ്‌നേഹത്തിനും സന്തോഷത്തിനും 17 വർഷം മുമ്പത്തെ ദുഖം അലിയിക്കാനായിട്ടില്ലെന്ന് നടാഷ തീർത്തുപറയുന്നു. അപ്രതീക്ഷിതമായി നിലച്ച റോബിന്റെ ഹൃദയം ഏൽപിച്ച ആഘാതം ഇന്നും നിലനിൽക്കുന്നു. അതേ തീവ്രതയോടെ. നടാഷയ്ക്ക് റോബിനെ മറക്കാനാവില്ലെന്ന് ഡീനിന് അറിയാം. മക്കൾക്കു പോലുമറിയാം. അവർ റോബിനെ മറക്കാൻ അമ്മയെ പ്രേരിപ്പിക്കുന്നുമില്ല. പകരം, ഓർമകൾ സജീവമാക്കി നിർത്തുകയാണ്. റോബ് മരിച്ചെന്ന തോന്നൽപോലും ഇല്ലാതെ ജീവിതം തുടരാൻ നിർബന്ധിക്കുകയാണ്. വിചിത്രമെന്നോ അസാധാരണമെന്നോ വിശേഷിപ്പിക്കേണ്ടതില്ല തന്റെ ജീവിതത്തെ എന്നാണു നടാഷ പുസ്തകത്തിൽ പറയുന്നത്.
മരണത്തെത്തുടർന്നുള്ള ദുഃഖം അത്ര വേഗം എടുത്തുമാറ്റാവുന്നതല്ല. ജീവിച്ചിരിക്കുന്നവർ ദുഖിതരായി കാണാൻ മരിച്ചവർ ആഗഹിക്കുകയില്ല എന്ന് ആശ്വാസവാക്ക് പറയുന്നവരുണ്ട്. ചെറുപ്പമല്ലേ, ഇനിയും പങ്കാളിയെ കണ്ടെത്താവുന്നതല്ലേ. സന്തോഷത്തോടെ ഇരിക്കുന്നതു കാണാനായിരിക്കും റോബും ആഗ്രഹിക്കുക എന്നൊക്കെ തുടരുന്ന സാന്ത്വനവചസ്സുകൾ. ഓരോ വാക്കും കൂടുതൽ പൊള്ളിക്കുകയാണ്. എനിക്കു ദുഃഖം മറക്കേണ്ടതില്ല, നടാഷ പറയുന്നു. നഷ്ടവുമായി ജീവിക്കണം. ഓരോ നിമിഷവും ദുരന്തം അറിഞ്ഞും അനുഭവിച്ചും കഴിയണം. ഒന്നും ഉപേക്ഷിക്കുന്നില്ല. കൂടുതൽ ശക്തിയോടെ വീണ്ടെടുക്കുന്നതേയുള്ളൂ. എനിക്കു നഷ്ടപ്പെട്ടവർക്കൊപ്പമുള്ള നല്ല കാലത്തെക്കുറിച്ചു കഥകൾ പറഞ്ഞ് എന്നെ സന്തോഷിപ്പിക്കാമെന്നു കരുതുന്ന കൂട്ടൂകാരേ, നിങ്ങൾക്കു തെറ്റി. എനിക്കു വേണ്ടതു സന്തോഷമല്ല, സങ്കടമാണ്. ഞാൻ കരഞ്ഞുകൊണ്ടു ചിരിക്കട്ടെ.. നടാഷുടെ വാക്കുകളിൽ സന്തോഷവും സങ്കടവും ഒരേസമയം ഓളംവെട്ടുന്നു.
റോബ് മരിക്കുമ്പോൾ ഞങ്ങളുടെ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നില്ല. തുടരുകയായിരുന്നു. അനാഥത്വത്തിലേക്കു വീണ എന്നെ ഡീൻ രക്ഷിച്ചു. അദ്ദേഹം എന്റെ സംരക്ഷകനായി. സ്‌നേഹം വാരിക്കോരി തന്നു. എന്നാൽ റോബിന്റെ ശൂന്യത നികത്താൻ ഒരാൾക്കും കഴിയില്ല ഒരിക്കലും. അതിനു തെളിവാണ് നടാഷയുടെ പുസ്തകം.
റോബിന്റെ ചരമ വാർഷിക ദിനത്തിൽ നടാഷയുടെ കണ്ണിലെ ഇല്ലാത്ത കണ്ണുനീര് ആദ്യം കാണുന്നത് ഡീനാണ്. ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു എന്നായിരിക്കും അദ്ദേഹത്തിന്റെ ആദ്യത്തെ വാക്കുകൾ. മക്കളും അതുതന്നെ പറയുന്നു. അതേ അവരെല്ലാം സ്‌നേഹിക്കുന്നു. നടാഷയാകട്ടെ, സ്നേഹം തിരികെനൽകിക്കൊണ്ടുതന്നെ റോബിന്റെ ഓർമകളിൽ നഷ്ടപ്പെടുന്നു. ആ സ്‌നേഹത്തെ ചേർത്തുപിടിച്ചു ജീവിക്കുന്നു.
കാമുകന്റെ മരണത്തിനു ശേഷവും രംഗബോധമില്ലാത്ത കോമാളി ഒരിക്കൽക്കൂടി നടാഷയുടെ സന്തോഷം തട്ടിപ്പറച്ചു. 9 വർഷം മുൻപ്. സഹോദരൻ മാത്യു അപ്രതീക്ഷിതമായി മരിച്ചു. 39 ാം വയസ്സിലെ അകാല മരണം. പതിവുപോലെ ജോലിക്കുപോയ അദ്ദേഹം തിരിച്ചുവന്നില്ല. ജീവൻ കൊടുത്തു സ്‌നേഹിക്കുന്ന ആരും ഏതു നിമിഷവും നമ്മെ വിട്ടുപോകാം. ലോകം വീണ്ടും പറയുന്നു... മരണങ്ങളുമായി പൊരുത്തപ്പെടണം. പറയാൻ എന്തെളുപ്പം.
പ്രിയപ്പെട്ടൊരാൾ വിട്ടുപിരിയുമ്പോൾ ആശ്വസിപ്പിക്കാനെത്തുന്നവർ പറയുന്നു, വിശ്വസിക്കാനാവുന്നില്ല. സത്യത്തിൽ വിശ്വസിക്കാനാവുന്നതുകൊണ്ടല്ലേ ഇങ്ങനെ പറയുന്നത്. ഒരു സാധ്യതയായി ഞാൻ അത് അംഗീകരിക്കുന്നില്ല എന്നല്ലേ പറയാൻ ഉദ്ദേശിക്കുന്നത്. മരണം ഏതു ജീവിതത്തെയും ഏതു നിമിഷവും മാറ്റിത്തീർക്കാമെന്ന്.
സ്‌നേഹിക്കുന്ന ആൾ മരിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ ഒരു ഭാഗം കൂടിയാണു മരിക്കുന്നത്. അവരുമായി ചേർന്നു രൂപപ്പെടുത്തിയ ഭാവി കൂടിയാണ് ഇല്ലാതാകുന്നത്.
ഇന്നും ചിലപ്പോഴൊക്കെ സഹോദരനെ വിളിക്കാൻ നടാഷ ഫോൺ കയ്യിലെടുക്കാറുണ്ട്. നമ്പർ ഡയൽ ചെയ്യാൻ തുടങ്ങാറുണ്ട്.
ഇടയ്ക്കു ജനാലയിലൂടെ തെരുവിലേക്കു നോക്കുമ്പോൾ റോബ് നടന്നുനീങ്ങുന്നതു കാണാം. ഓടിയടുത്തുചെല്ലുമ്പോഴായിരിക്കും മറ്റാരോ ആണ്. പ്രേതങ്ങളെക്കുറിച്ചുള്ള ഭാവന അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്നു പറയുന്നു നടാഷ. അതൊരു സാധ്യതയാണ്. മരിച്ചവർ ഇന്നും സ്‌നേഹിക്കുന്നവരിലൂടെ ജീവിച്ചിരിക്കുന്നു എന്ന സാധ്യത. പ്രേതങ്ങളിൽ വിശ്വസിക്കുന്നതു നിർത്തേണ്ടതില്ല, സ്‌നേഹം നിലനിൽക്കുന്നിടത്തോളം.
നടാഷയുടെ മക്കൾക്ക് റോബ് പരിചിതനാണ്. ഒരു ലജ്ജയും കൂടാതെയാണ് ‘റോബ്’ വാക്ക് വീട്ടിൽ ഉച്ചരിക്കുന്നതും. അമ്മയ്ക്ക് റോബിനോടുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കുകയില്ലെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അത്താഴമേശയിൽ മകൻ റോബിനെക്കുറിച്ചു പറഞ്ഞത്. മരണത്തോടെ ഒരു സ്‌നേഹവും ഇല്ലാതാകുന്നില്ല. തുടരുന്നതേയുള്ളൂ. പുനർജനിക്കുക എന്നല്ല പറയേണ്ടത്. മരിച്ചവർക്കല്ലേ പുനർജൻമമുള്ളൂ.
Content Summary: Found, Wanting book written by Natasha Sholl