ADVERTISEMENT

‘വൈക്കം മുഹമ്മദ് ബഷീറുമായി നല്ല ബന്ധമുള്ള, പ്രഗല്‌ഭനായ വ്യക്തിയായിരിക്കണം എംജി സർവകലാശാലയിൽ തുടങ്ങാനിരിക്കുന്ന ബഷീർ ചെയറിന്റെ അധ്യക്ഷനെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എഡിൻബറ സർവകലാശാലയിൽ ഭാഷാശാസ്‌ത്രവിഭാഗം പ്രഫസറായിരുന്ന പ്രഫ.റൊണാൾഡ് ഇ.ആഷറിനെ അധ്യക്ഷനാക്കാൻ തീരുമാനിച്ചത്’- സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ആഷറിനൊപ്പം പ്രവർത്തിച്ച ,ഭാഷാ-സാഹിത്യ വിഭാഗം മുൻ ഡീൻ ഡോ.കെ.എം കൃഷ്ണൻ ഓർക്കുന്നു.അന്ന് പ്രഫ.ആഷറിന് 68 വയസ്സുണ്ടായിരുന്നെങ്കിലും വളരെ സജീവമായി ഇടപെട്ട് എല്ലാവരുടെയും ആദരം പിടിച്ചുപറ്റി. 

ചെയറിന്റെ ഉദ്ഘാടനത്തിന് മുൻപ് തന്നെ അദ്ദേഹം ക്യാംപസിലെത്തി ഏതൊക്കെ രീതിയിൽ പ്രവർത്തിക്കണമെന്നതിന്റെ രൂപരേഖ തയാറാക്കി. ടൈപ്പ് റൈറ്ററിൽ എല്ലാം സ്വന്തമായി ടൈപ്പ് ചെയ്തു. നോവൽ-കഥ- സാഹിത്യ മേഖലയ്ക്കു പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. അതിരമ്പുഴയിലെ ഹസൻ മൻസിലിലായിരുന്നു അന്ന് സ്കൂൾ ഓഫ് ലെറ്റേഴ്സ്. അവിടെ പബ്ലിക്കേഷൻ ഡയറക്ടറർ മുൻപ് ഉപയോഗിച്ച മുറിയാണ് അദ്ദേഹം ഉപയോഗിച്ചത്. താമസിക്കാൻ സർവകലാശാല നൽകിയത് മെഡിക്കൽ കോളജിന് സമീപമുള്ള വീടായിരുന്നു. വളരെ കേമമായാണ് ചെയറിന്റെ ഉദ്ഘാടനം അന്ന് വൈഎംസിഎ ഹാളിൽ നടന്നത്. വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറായിരുന്നു ഉദ്ഘാടകൻ. എം.ടി വാസുദേവൻനായർ, എൻ.പി മുഹമ്മദ്, എം.കെ സാനു, സക്കറിയ തുടങ്ങി പ്രഗല്ഭരുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. 

ഇതിനൊപ്പം ബഷീറിന്റെ ഭാര്യയും മക്കളും ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും അബ്ദുൽ ഖാദറുമെല്ലാം എത്തിയിരുന്നു. പിന്നീട് നോവൽ-കഥ- സാഹിത്യവുമായി ബന്ധപ്പെട്ട് ഡോ.അയ്യപ്പപ്പണിക്കർ അടക്കം എഴുത്തുകാരെ ഉൾപ്പെടുത്തി വിപുലമായ സെമിനാറും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. അദ്ദേഹം വിഭാവന ചെയ്ത അത്രയും വിപുലമായി പിന്നീട് പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിലും ചെയറിന്റെ പ്രാരംഭഘട്ടം അദ്ദേഹം അതി ഗംഭീരമാക്കി- ഡോ.കെ.എം കൃഷ്ണൻ പറഞ്ഞു.

Content Summary: Remembering R E Asher 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com