കത്തുകളിൽ പ്രണയം ഒളിപ്പിച്ച അമ്മ; മകൻ കണ്ടെടുത്തത് ജന്മരഹസ്യം
![Ruskin Ruskin](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2023/9/7/Ruskin.jpg?w=1120&h=583)
Mail This Article
കത്തുകൾ നശിപ്പിക്കാനാവാത്തവരുണ്ട്. അപൂർവം ചിലർ ലഭിച്ച എല്ലാ കത്തുകളും സൂക്ഷിച്ചുവയ്ക്കും. അപൂർവങ്ങളിൽ അപൂർവം പേർ എഴുതിയ കത്തുകളുടെ കാർബൺ കോപ്പി കൂടി സൂക്ഷിച്ചു. ഓരോ കത്തും ഭദ്രമായി, വിലപ്പെട്ട നിധിയായി, വില കൂടിയ ബോക്സുകളിൽ കാലങ്ങളോളം കാത്തിരുന്നു. ആരെങ്കിലും എന്നെങ്കിലും കണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ. വായിക്കുമെന്നും അറിയുമെന്നും കരുതി. വായിക്കണം, അറിയണം എന്ന കരുതലിൽ. ആ കത്തുകൾക്ക് പലതും പറയാനുണ്ട്. ജീവിത കാലത്തു പറഞ്ഞതിലുമധികമായി. നേരിട്ടു പറയാനാവാത്തതായി.
ബിബിസിയിൽ ടെക്നോളജി കറസ്പോണ്ടന്റായിരുന്ന റോറി സെലാൻ ജോൺസിനെയും കാത്തിരുന്നു ഒരുപിടി കത്തുകൾ. അമ്മ സിൽവിയയ്ക്ക് ലഭിച്ചതും പല കാലത്തായി അവർ എഴുതിയതുമായ കത്തുകൾ. 1996 ൽ അമ്മ മരിച്ചതിനെത്തുടർന്ന് മുറി വൃത്തിയാക്കിയപ്പോഴാണ് റോറി കത്തുകൾ കണ്ടെത്തിയത്. എന്നാൽ, അവ വേഗം വായിക്കണമെന്ന് അപ്പോഴും അദ്ദേഹത്തിന് തോന്നിയില്ല. തിരക്കിട്ട ജോലിക്കും ജീവിതത്തിനുമിടെ കത്തുകൾ വീണ്ടും കാത്തിരുന്നു. വായിച്ചില്ലെങ്കിലും റോറി അവ സ്വന്തം വീട്ടിലേക്കു മാറ്റിയിരുന്നു. സ്വകാര്യ മുറിയിൽ സുരക്ഷിതമായി സൂക്ഷിച്ചു നീണ്ട 20 വർഷക്കാലം. 2019 ൽ പാർക്കിൻസൻസ് രോഗബാധിതനായി റോറി ബിബിസിയുടെ പടിയിറങ്ങി. ഓഫിസിലെ തിരക്കിൽ നിന്ന് വീട്ടിലെ വിശ്രമ മുറിയിലേക്ക്. കത്തുകളുടെ ശേഖരം അദ്ദേഹം തുറന്നു. അവയിൽ ചരിത്രമുണ്ടായിരുന്നു; രാജ്യത്തിന്റെയും ജീവിതത്തിന്റെയും. അമ്മയുടെ അറിയപ്പെടാത്ത കഥ മാത്രമല്ല അദ്ദേഹം വായിച്ചത്. സ്വന്തം കഥയും. ജൻമ രഹസ്യം ഉൾപ്പെടെ. അതദ്ദേഹം പുസ്തകമാക്കി; റസ്കിൻ പാർക് –സിൽവിയയും ഞാനും ബിബിസിയും എന്ന പേരിൽ.
അമ്മയുടെ മകനായിരുന്നു റോറി. അമ്മ ഒറ്റയ്ക്കു വളർത്തിയ മകൻ. 23–ാം വയസ്സിൽ മാത്രമാണ് അദ്ദേഹം പിതാവിനെ കാണുന്നത്. അതിനു ശേഷവും അമ്മ തന്നെയായിരുന്നു ലോകം, വീട്, തടവ്. അമ്മയെ അലട്ടിയ വിഷാദത്തിന്റെ കാരണം റോറി അറിഞ്ഞിരുന്നില്ല; കത്തുകൾ വായിക്കുന്നതു വരെ. 40 വർഷത്തോളം റസ്കിൻ പാർക് എന്ന ഒറ്റമുറി ഫ്ലാറ്റ് വിലയ്ക്കു വാങ്ങാതെ വാടകയ്ക്കെടുത്ത് അമ്മ കാത്തിരുന്നതിന്റെ കാരണവും. 14–ാം വയസ്സിൽ സിൽവിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അധികം വൈകാതെ മുതിർന്ന ഒരാളുമായി വിവാഹവും കഴിഞ്ഞു. ലെസ്‌ലി റിച്ച്. 1937ലായിരുന്നു വിവാഹം. രണ്ടാം ലോക യുദ്ധകാലത്ത് അവർക്ക് ഒരു കുട്ടി ജനിച്ചു: സ്റ്റീഫൻ. ലെസ്‌ലി യുദ്ധകാലത്ത് അകലെയായിരുന്നു. അക്കാലത്ത് സിൽവിയയ്ക്ക് ബിബിസിയുടെ ടോക്സ് വിഭാഗത്തിൽ ജോലി ലഭിച്ചു. ജെഫറി ഗ്രിഗ്സൻ എന്ന കവിക്കൊപ്പമായിരുന്നു ജോലി. സിൽവിയയ്ക്ക് അതൊരു അവസരമായിരുന്നു. പുതിയ ലോകത്തേക്ക് തുറന്ന വാതിൽ. യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ ലെസ്‌ലി ആവശ്യപ്പെട്ടിട്ടും സിൽവിയ ജോലി ഉപേക്ഷിച്ചില്ല; ദാമ്പത്യം തകർന്നെങ്കിലും.
1952 ൽ 42 –ാം വയസ്സിൽ സിൽവിയ ബിബിസിയിൽ ജോലിക്കെത്തിയ സെലാൻ ജോൺസ് എന്ന യുവാവിനെ കാണുന്നു. പരിചയപ്പെടുന്നു. സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നീളുന്നു. അമ്മയുടെ കത്തുകൾ വായിച്ചപ്പോൾ മാത്രമാണ് ആ പ്രണയത്തിന്റെ ആഴം റോറി മനസ്സിലാക്കുന്നത്. അമ്മയെ കാർന്നു തിന്ന വിഷാദത്തിന്റെ കാരണവും. കുട്ടിക്കാലത്ത് റോറിക്ക് പിതാവ് ബിബിസിയിൽ എഴുതിക്കാണിക്കുന്ന പേര് മാത്രമായിരുന്നു. ഫോർസൈറ്റ് സാഗ എന്ന പരിപാടി തീരാൻ അമ്മയും മകനും കാത്തിരിക്കുമായിരുന്നു. സെലാൻ ജോൺസ് എന്ന പേര് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നതു കാണാൻ. അമ്മയും അച്ഛനും തമ്മിലുള്ള കത്തുകളിൽ ആദ്യകാലത്തു നിറഞ്ഞുനിന്നത് പ്രണയമായിരുന്നു. പ്രായ വ്യത്യാസം മറന്നുള്ള അന്ധ സ്നേഹം. പണമോ പദവിയോ അലട്ടാത്ത ബന്ധം. അവർ അന്യോന്യം കണ്ടെത്തി. ഓരോ നിമിഷവും പ്രണയം പറഞ്ഞു. താൻ ഗർഭിണിയായതിനെക്കുറിച്ച് സിൽവിയ എഴുതിയ കത്തുണ്ട്. അതിരറ്റ സ്നേഹത്തോടെ അതുവരെ കത്തെഴുതിയിരുന്ന സെലാന്റെ കത്തുകളുടെ ഇടവേള കുറയുന്നു. മൗനം നിറയുന്നു. സിൽവിയ കുട്ടിയുടെ ജനനത്തിനുവേണ്ടി കാത്തിരിക്കുന്നു. റോറി സെലാൻ ജോൺസ് എന്നു പേര് വിളിച്ച് ഒറ്റയ്ക്കു മകനെ വളർത്തുന്നു. ബിബിസിയിൽ അന്നത് അപവാദങ്ങൾക്കും കാരണമായി. എന്നാൽ സിൽവിയ ജോലിയിൽ തുടർന്നു. മകനെ വളർത്താൻ ജോലി അത്യാവശ്യമാണെന്ന് അവർക്ക് അറിയാമായിരുന്നു. തന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്നതിനെ അവഗണിച്ചു. ജോലിയിലും മകനിലും ശ്രദ്ധിച്ചു.
അവസാന കാലത്തും തന്നെ കാണാൻ വരുന്നവരോട് സിൽവിയ ബിബിസിയിലെ ജോലിക്കാലത്തെക്കുറിച്ച് വാചാലയാകുമായിരുന്നു. അച്ഛനില്ലാതെ വളർത്തിയ മകൻ പിന്നീട് ബിബിസിയിൽ തന്നെ ഉയർന്ന ജോലി ചെയ്യുന്നതിനും സാക്ഷിയുയായി. കത്തുകൾ കഥ പറയുന്ന തലമുറ ഇവിടെ അവസാനിക്കുകയാണ്. കത്തുകളുടെ ധർമം മൊബൈൽ പൂർണമായി ഏറ്റെടുത്തുകഴിഞ്ഞു. ടെക്സ്റ്റ് മെസേജുകൾ വോയ്സ്, വിഡിയോ മെസേജുകളായി. കാലത്തിനു സൂക്ഷിച്ചുവയ്ക്കാൻ ഒന്നും ബാക്കിയില്ലാതെയായി. വീണ്ടെടുക്കപ്പെടാത്ത സന്ദേശങ്ങൾ ഒരു കഥയും ആരോടും പറയാതായി.
അമ്മയുടെ പ്രണയ കഥ പറയുന്ന പുസ്തകത്തിലൂടെ റോറി സെലാൻ ജോൺസ് പറയുന്ന കത്തുകളുടെ കാലത്തിലെ കഥ പഴഞ്ചനല്ല. ഗൃഹാതുര സ്മരണയല്ല. ആ കത്തുകൾക്ക് ഏതു കാലത്തോടും പറയാൻ ഒരു കഥയുണ്ട്. സ്ത്രീയുടെ ധീരമായ തീരുമാനങ്ങളുടെ, സാഹസികതയുടെ, പ്രണയ ധീരതയുടെ ഒളി മങ്ങാത്ത അധ്യായങ്ങൾ. പ്രണയവും ലോകവും തനിച്ചാക്കിയിട്ടും വിജനമായ വഴികളിൽ പേടി കൂടാതെ നടന്ന അമ്മ. പ്രണയം തിരഞ്ഞു വരുന്ന കാമുകനു വേണ്ടി ഒറ്റ മുറി ഫ്ലാറ്റിൽ കാത്തിരുന്ന കാമുകി. താനില്ലാത്ത കാലത്തെങ്കിലും തന്റെ കഥ ലോകം അറിയണം എന്ന വാശി മനസ്സിൽ കെടാതെ സൂക്ഷിച്ച പെണ്ണ്. റസ്കിൻ പാർക് കണ്ണീർക്കഥയല്ല; ജീവിതം സ്വന്തം ഇഷ്ടപ്രകാരം നയിച്ച സ്ത്രീയുടെ യാഥാർഥ്യമാണ്. പ്രണയം എത്രമേൽ ശക്തമാണെങ്കിലും വഞ്ചന ഏതു രൂപത്തിലും ആരെയും ഇരയാക്കാമെന്ന വിരസമാവാത്ത പാഠമാണ്. കാലം കാത്തുസൂക്ഷിക്കുന്ന മങ്ങാത്ത കയ്യൊപ്പാണ്. അതു ചാർത്തിയത് ഒരു സ്ത്രീയാണ്. പെണ്ണാണ്. അതിനു നിമിത്തമായത് ആ ഒറ്റപ്പെണ്ണിന്റെ മകനും.