നിഴലില്ലാത്ത ഒരു മനുഷ്യൻ നിഴലിനെ അന്വേഷിച്ചുപോകുന്നു
Mail This Article
മൊബൈല്‍ ഫോണ്‍ റിങ് വളരെ ഉച്ചത്തില്‍ വച്ചിരിക്കുന്ന ആളുകള്‍ വായനക്കാരല്ലെന്നാണ് എന്റെ അനുഭവം. ഒച്ചകള്‍ക്കു നടുവിലിരുന്ന് ഒരാള്‍ക്കു വായിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും ഘോരശബ്ദവും താളില്‍ അച്ചടിച്ച വാക്കുകളും ഒരുമിച്ചുപോകില്ല. അട്ടഹാസം വാക്കുകളെ പറത്തിക്കളയുന്നു. അതിന് ഒരു ഉമ്മയില്‍ പറ്റിപ്പിടിച്ചിരിക്കാനാകുമെങ്കിലും ഫോണ്‍ റിങ്ങില്‍ അടര്‍ന്നുപോകുന്നു. അപ്പോൾ ഈ വാക്കുകൾ പാവങ്ങളെന്നു തോന്നുമെങ്കിലും നോവലിൽ അവ ഓരോ മ്യൂട്ടേഷനിലും മീനോ പക്ഷിയോ പൊടിയോ വെള്ളമോ ആയി പരിവർത്തനം ചെയ്ത് ഒരുകഥയിലുമിരിക്കാതെ നൂറോ ആയിരമോ ആയി എന്നിട്ടൊരു ഒന്നു കൂടി ചേർത്തു അതിശയം കൊള്ളും.
പാതിരാവില്‍ ഇരുന്നു വായിക്കുന്ന മുറിയുടെ ഭിത്തിയില്‍ ഉലയുന്ന കലണ്ടറിന്റെ ഒച്ച എത്രയാണ് അലോസരമുണ്ടാക്കുന്നത്. ആ സ്വരം എവിടെനിന്നാണു വരുന്നതെന്ന് ആദ്യം മനസ്സിലാകുന്നില്ല. അവിടെയെല്ലാം തിരയുന്നു. മറ്റെന്തോ ആണെന്ന ഒരു നടുക്കം പോലുമുണ്ടാകുന്നു. ഒടുവിലാണതു ഭിത്തിയില്‍ പെന്‍ഡുലം പോലെ ആടുന്ന കലണ്ടറാണെന്നു കാണുന്നത്.
ദിവസവും രാത്രി ജോലി കഴിഞ്ഞു വരുന്ന വഴിക്കു കുറ്റിക്കാടുകള്‍ വളര്‍ന്ന തിട്ടയില്‍നിന്ന് പൊടുന്നനെ മണ്ണടരുന്നതിന്റെ സ്വരം ഞെട്ടിക്കുന്നു. ഒരു പെരുച്ചാഴി ദിവസവും ഞാന്‍ പോകുന്ന അതേസമയം കൃത്യമായി ആ ഇരുട്ടിലൂടെ ചരിക്കുന്നു. വൈകുന്ന ദിവസങ്ങളില്‍ ഞാനതു കേള്‍ക്കുന്നില്ല. എത്ര കൃത്യമാണ്. ഒരേ ഇരുട്ട്, ഒരേ സ്ഥലം, ഒറ്റ ദ്രുതചലനം, അടരുന്ന മണ്‍തരികള്‍. തുടര്‍ന്നു മുടിഞ്ഞ നിശ്ശബ്ദത. ഞാന്‍ ഞെട്ടുന്നു. എന്റെ മനോസഞ്ചാരം ഉലയുന്നു.
ദ് റൈറ്റിങ് ലൈഫ് എന്ന മനോഹരമായ പുസ്തകത്തില്‍ അമേരിക്കന്‍ എഴുത്തുകാരി ആനി ഡിലേഡ് എഴുത്തുകാരോടു പറയുന്നുണ്ട്, “നിങ്ങളെ നേര്‍ക്കുനേര്‍ നേരിടുന്ന ലോകത്തെ മതിപ്പോടെ കാണൂ. നിങ്ങളുടെ എതിരാളിയുടെ മുഖത്തുനിന്നു കണ്ണെടുക്കാതെയുള്ള നില്‍പിലെന്ന പോലെ ലോകത്തെ മതിപ്പോടെ നോക്കൂ, എന്നിട്ട് എഴുതൂ, എല്ലാം. അടുത്ത കഥയിൽ എടുക്കാമെന്നു വിചാരിച്ച് ഒരു വാക്യം പോലും മാറ്റിവയ്ക്കരുത്. എല്ലാം എഴുതു.. കാരണം വാക്കുകൾ കിണറിലെ വെള്ളം പോലെയാണ്. അത് അടിയിൽനിന്നാണു നിറയുന്നത്".
സുഡാനിലെ ദിന്‍ക ഗോത്രത്തിലെ ആളുകള്‍ വിശ്വസിക്കുന്നത്, നിങ്ങളുടെ സ്മരണകളും ദിവാസ്വപ്‌നങ്ങളും നിങ്ങള്‍ക്കുപുറത്തു വസിക്കണമെന്നാണ്, പര്‍വതങ്ങള്‍ പോലെ, മരങ്ങള്‍ പോലെ. ഖര്‍ത്തൂമിലെ ജയിലില്‍ തടവിലാക്കപ്പെട്ട ഒരു ദിന്‍ക വര്‍ഷങ്ങള്‍ക്കുശേഷം ജയില്‍മോചിതനായി നാട്ടില്‍ തിരിച്ചെത്തിയശേഷം തനിക്കു പിറന്ന മകള്‍ക്ക് ഖര്‍ത്തൂം എന്നു പേരിട്ടു. അയാള്‍ ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ തടവറയും നഗരവുമുള്ള വിദൂരമായ ഖര്‍ത്തൂം അതിന്‌റെ മുഴുവന്‍ സാന്നിദ്ധ്യത്താല്‍ അയാളെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു.
അതുകൊണ്ടാണു കഥയിലും നോവലിലും ചില സ്ഥലങ്ങളും ചില കഥാപാത്രങ്ങള്‍ക്കും ചില പ്രത്യേക പേരുകള്‍, ചില പ്രചോദനങ്ങൾ, ആവശ്യമായി വരുന്നത്. ഞാന്‍ കോളജില്‍ പഠിച്ചിരുന്നപ്പോള്‍, ഒരു കൂട്ടുകാരന്‌റെ കഥയിലെ ഒരു കഥാപാത്രത്തിന്‌റെ പേര് ഒഥല്ലോ എന്നായിരുന്നു. ആ കഥയിൽ ഷെക്സ്പിയറിന്റെ കഥാപാത്രവുമായി ബന്ധമുള്ള ഒന്നും കണ്ടില്ല.
ഞാന്‍ അയാളോടു ചോദിച്ചു, എന്തിനാണ് ഈ കഥാപാത്രത്തിന് ഒഥല്ലോ എന്നു പേരിട്ടത്? അയാള്‍ കറുത്തതാണെന്നു കാണിക്കാനാണ്, അയാള്‍ പറഞ്ഞു, കറുത്തവന്‍ വെളുത്തവളെ പ്രേമിക്കുമ്പോള്‍ ആ പ്രേമം ശരിയാകാന്‍ പോകുന്നില്ലെന്ന സമൂഹത്തിന്‌റെ ദണ്ഡനീതിയുടെ ധ്വനിയായാണ് ഒഥല്ലോയെന്ന പേരു നിൽക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം നോവലെഴുതാന്‍ ഇരുന്നപ്പോള്‍ ഒഥല്ലോ ആണ് ആദ്യം മനസ്സില്‍ വന്നത്. എനിക്ക് മനസ്സിലായി, എല്ലാ കഥാപാത്രവും ഒഥല്ലോയാണ്- പ്രണയം, പ്രണയതാപം,സംശയം, മരണം.
മനുഷ്യര്‍ മരിച്ചുപോകുന്നു. അവര്‍ ജീവിച്ച ഭൂപ്രദേശമാകട്ടെ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിപ്പോകുന്നു. ചില എഴുത്തുകാരുടെ പ്രശ്‌നം അവര്‍ മുപ്പതോ നാല്‍പതോ വര്‍ഷം പഴക്കമുള്ള ഓര്‍മയെ ആശ്രയിച്ചാണ് എഴുതുന്നത്എന്നാണ്. ഉദാഹരണത്തിന് ഒരു കലുങ്ക്, അല്ലെങ്കില്‍ ഒരു തോട്, അതുമല്ലെങ്കില്‍ പാടത്തിനുനടുവില്‍ നെല്ല് ഉണങ്ങാനിടുന്ന, തുണി ഉണക്കാനിടുന്ന ഒരു പാറക്കെട്ട് -ഇതൊക്കെയാണു വാക്കുകളായി, കഥകളായി പരിവര്‍ത്തനം ചെയ്യുന്നത്. ആ ഓര്‍മ സംഭവിച്ചിട്ടു മുപ്പതോ നാല്‍പതോ വര്‍ഷം കഴിഞ്ഞ് അയാള്‍ പാറക്കെട്ടിനെ വാക്കുകളായി, കടലാസ്സിലെ നിശ്ശബ്ദതയിൽ ഇരുത്തുന്നു. നിങ്ങള്‍ അതു വായിച്ചിട്ട് ആ സ്ഥലത്ത് ഇപ്പോള്‍ ചെന്നുനോക്കിയാല്‍ വാക്കിലുള്ളതൊന്നും അവിടെ കാണില്ല. കടലാസ്സില്‍ സംഭവിച്ച ഒരു ആഭിചാരം കണക്കെ ബാഹ്യലോകത്ത് ഒരു വസ്തുവും ശേഷിക്കുന്നില്ല.
ഒരു പുസ്തകത്തിലെ കഥയും ഭാഷയും എവിടെനിന്നു വന്നുവെന്നു ചോദിച്ചാല്‍ എഴുത്തുകാര്‍ക്കു പലതും പറയാനുണ്ടാകും. മനോഹരമായ ഒരൊറ്റ സ്വയംഭോഗത്തില്‍നിന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് മനോഹരമായ ഒരു കഥയെഴുതാനാകും. ഏറ്റവും ബാലിശമായ, ഏറ്റവും സ്വകാര്യമായ ചില പ്രകമ്പനങ്ങളാണു ഭാവനയായി ഭാഷയിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. ജെറള്‍ഡ് മര്‍നേന്‍ ഞാന്‍ ചെറുപ്പത്തില്‍ നടത്തിയ രണ്ടു വായനകളെ രസകരമായി ഓര്‍ക്കുന്നുണ്ട്. അതിലൊന്ന് അമ്മായിയുടെ വീട്ടിലിരുന്ന് എന്‍സൈക്ലോപീഡിയയോ മറ്റോ നോക്കി ഇളയ സഹോദരനു ബ്രാസിയറിന്റെ (1940കളില്‍ ‘ബ്രാ’ എന്ന വാക്ക് പ്രയോഗിച്ചുതുടങ്ങിയിരുന്നില്ല) അര്‍ത്ഥം വായിച്ചുകൊടുക്കുന്നതാണ്. ഈ സംഭവം സഹോദരനുമായുള്ള ബന്ധത്തിന്റെ വേദനാജനകമായ പരിണാമങ്ങളുടെ കഥയാക്കി മര്‍നേന്‍ എഴുതുന്നത് അദ്ഭുതകരമാണ്. മറ്റൊരു കുട്ടിക്കാല വായന ആയിരത്തൊന്നു രാവുകളുടെ സചിത്രപുസ്തകമാണ്. ആ ചിത്രകഥപുസ്തകത്തിൽ നിന്ന് ഒരു രംഗം മാത്രം മനസ്സില്‍ തറഞ്ഞുനിന്നു. ഒരു സ്ത്രീ തന്റെ അടിമയ്ക്കുള്ള ശിക്ഷയായി അയാളെ നഗ്നനാക്കി നിര്‍ത്തി കാളയുടെ ലിംഗം കൊണ്ട് അയാളുടെ ചന്തിക്ക് അടിക്കുന്ന രംഗമായിരുന്നു അത്!
മുന്‍പു വായിച്ച പുസ്തകത്തിലെ ഒരു കാഴ്ച, ഒരു സന്ദര്‍ഭം, ഒരു വസ്തു പിന്നീടു താനെഴുതിയ കഥയോ നോവലോ ആയി എങ്ങനെ പരിവര്‍ത്തനം ചെയ്യുന്നുവെന്നാണു മര്‍നേൻ വ്യക്തമാക്കുന്നത്. ഒടുവിൽ ആ വിവരണം തന്നെയും ഒരു കഥയാക്കിമാറ്റുകയും ചെയ്യുന്നു.
ജയകൃഷ്ണന്റെ ‘ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍’ എന്നനോവലിൽ കവിതകള്‍ ഗദ്യത്തിനുള്ളിലെ ആഴമുള്ള പ്രകമ്പനങ്ങളായി അനുഭവപ്പെടുന്നു. അവിടെ കഥകള്‍ ഓരോന്നും ബഹുരൂപിയായ കവിതയുടെ ന്യായമാകുന്നു. ചിത്രമോരോന്നും കഥയുടെ ഗൂഢമായ വിവരണമാകുന്നു.
“ജീവിതവും മരണവും തമ്മില്‍ എന്താണു വ്യത്യാസം”, ജയകൃഷ്ണന്‌റെ നായകന്‍ ചോദിക്കുന്നു, ജീവിതത്തില്‍ നിറയെ കഥകളാണ്. മരണത്തില്‍ കഥകളില്ല, നിറയെ നിഴലുകളാണ് എന്നാണ് മറുപടി. തുടര്‍ന്ന് നിഴലില്ലാത്ത ഒരു മനുഷ്യന്‌റെ കഥ പറയുന്നു. അയാള്‍ തനിക്കു പറ്റിയ ഒരു നിഴലിനെ അന്വേഷിച്ചുപോകുന്നു. മരണം അപ്പോള്‍ നല്ലൊരു നിഴലിനെ അയാളുടെ അടുത്തേക്ക് അയച്ചു. അയാള്‍ നിഴലിനെ കൂടെത്താമസിപ്പിച്ചു. ഇരുട്ടത്ത് അതു മറഞ്ഞുപോകാതിരിക്കാന്‍ രാത്രിമുഴുവനും വിളക്കു കത്തിച്ചുവച്ചു. അതിനു കഥകള്‍ പറഞ്ഞുകൊടുത്തു. ഒരു ദിവസം മരണം ആ നിഴലിനെ തിരിച്ചുവിളിച്ചു. നിഴല്‍ നഷ്ടപ്പെട്ട മനുഷ്യനു വലിയ സങ്കടമായി. അയാള്‍ താമസിയാതെ വലിയ വിലാപത്തോടെ അസ്തമിച്ചുപോയി. നിഴലാകട്ടെ കഥയിലൂടെ തനിച്ചു നടന്നു. ഏകാന്തതയില്‍ അത് കരയാന്‍ തുടങ്ങി. അങ്ങനെയതും മാഞ്ഞുപോയി, ജയകൃഷ്ണന്‍ എഴുതുന്നു;
“നമ്മുടെ നിഴല്‍ തന്നെയാണു നമ്മുടെ കഥ.ഏകാന്തതയിലിരുന്ന് അതു നമ്മളെയോര്‍ത്തു കരയുന്നുണ്ടാകും.”
തമോഗര്‍ത്തത്തെപ്പറ്റി സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞ ഒരു വാക്യം അത് പൂര്‍ണമായും മഹാന്ധകാരച്ചുഴിയല്ല, അതു തിളങ്ങിക്കൊണ്ടിരിക്കും എന്നാണ്. കാരണം തമോഗര്‍ത്തങ്ങള്‍ അവ വിഴുങ്ങിയ എണ്ണമറ്റ സൂര്യന്മാരുടെ ഇരുട്ടാണ്. ഇതൊരു ഉപമയാക്കിയാൽ, ഗദ്യം വിഴുങ്ങിയ നൂറുകണക്കിനു കവിതകളുടെ തിളക്കം നോവലിന് ഒരു മഹാസൗന്ദര്യം നല്‍കുന്നുവെന്നു പറയാം. ഒന്നുകൂടി വിശദമാക്കിയാല്‍, മരണത്തിന്‌റെ മഹാന്ധകാരത്തില്‍ ഇടയ്ക്കിടെ തിളങ്ങുന്ന വാക്കുകളാണു കവിത; ആ കവിതയില്‍നിന്ന് ഉടലെടുക്കുന്ന കഥകളും ആ കഥകളുടെ ജീവിതം വിവരിക്കുന്ന ചിത്രങ്ങളും ഒരു നോവലാകുന്നു. എന്തൊരു ഉഗ്രൻ മ്യൂട്ടേഷനാണത്!
നോവല്‍ സ്വതന്ത്രമായ ധിഷണയുടെയും കുതറുന്ന ഭാവനയുടെയും ഗൂഢമായ മുഴക്കമാണെന്നു തെളിയിക്കുന്നു ജയകൃഷ്ണൻ. ഈ വായനയാല്‍ ഞാന്‍ പെട്ടെന്ന് ശബ്ദമുഖരിതമായ ഇടവേളകളില്‍നിന്ന് ഒഴിഞ്ഞ് ആ താളുകളിലൂടെ ഏകാകിയായി കവിതകളുടെ നിഴലുകള്‍ക്കകം കഥകളും ചിത്രങ്ങളുമായി ഒരിക്കൽക്കൂടി യാത്ര ചെയ്യാൻ മോഹിക്കുകയുണ്ടായി.