ADVERTISEMENT

ഞാന്‍ പ്രൈമറിസ്‌കൂളില്‍ പഠിക്കുന്ന കാലത്തു വല്യാപ്പയ്ക്ക് ഒരു ചായക്കട ഉണ്ടായിരുന്നു. ബസ് നിര്‍ത്തുന്ന മുക്കിൽത്തന്നെ. രാവിലെ സ്‌കൂളിലേക്കു ബസ് കയറാന്‍ പപ്പയുടെ കൂടെ കടയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ വല്യാപ്പ എന്നെ വിളിച്ച്‌ ആറ്റിയ പാല്‍കാപ്പി തരും. ഇടയ്‌ക്കൊരു ദിവസം ഒരു നാണയം പോക്കറ്റിലിട്ടുതരും. വീട്ടില്‍ വല്യാപ്പയുടെ അലമാരയില്‍ ലോട്ടറിടിക്കറ്റുകളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു. വര്‍ഷങ്ങളോളം ലോട്ടറിയെടുത്തിട്ട് ഒന്നും അടിച്ചില്ലെങ്കിലും അദ്ദേഹം ആ ലോട്ടറികളെല്ലാം ഭദ്രമായി സൂക്ഷിച്ചുവച്ചു. ആ അലമാരയില്‍ ലോട്ടറിടിക്കറ്റുകള്‍ക്കു പുറമേ പലനിറത്തിലുള്ള തീപ്പെട്ടിക്കൂടുകളും അടുക്കിവച്ചിരുന്നു.  

എന്‌റെ കുട്ടിക്കാലത്ത് നാട്ടില്‍ ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് ഓടിയിരുന്നത്. കെഎസ്ആര്‍ടിസിയാത്രയിലെ ഏറ്റവും വലിയ വിശേഷം ആ ബസ് ടിക്കറ്റായിരുന്നു. അക്കാലത്തു ഞാന്‍ കണ്ട ഒരു സ്വപ്‌നം കെഎസ്ആര്‍ടിസി ബസ് ടിക്കറ്റുകള്‍ വച്ച ഒരു റാക്ക് എനിക്ക് വഴിയിൽ കളഞ്ഞു കിട്ടിയെന്നായിരുന്നു. പിറ്റേ ദിവസം ഉറക്കം വിട്ട ഉണർന്നപ്പോൾ വലിയ നഷ്ടബോധമാണ് അതുണ്ടാക്കിയത്. പിന്നീട് തമിഴ്‌നാട്ടില്‍ യാത്ര ചെയ്തിരുന്ന സമയം അവിടെത്തെ ബസ് ടിക്കറ്റുകള്‍ ഞാന്‍ എടുത്തുവച്ചിരുന്നു,  പുസ്തകത്തില്‍ അടയാളം വയ്ക്കാനായി.

ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ എടുത്തുവയ്ക്കുന്ന സ്ഥലമാണ് ഇപ്പോൾ എന്നെ ആകര്‍ഷിക്കുന്നത്. ഒരു വസ്തു അത് ഉപയോഗിച്ചിരുന്ന ആള്‍ക്കൊപ്പം പോകാതെ  ബാക്കിയാകുന്നു. പപ്പ കട നടത്തിയിരുന്ന കാലത്തെ ഒരു അലമാര ഇപ്പോഴും വീട്ടിലുണ്ട്. അതിന്‌റെ വാതില്‍ തുറക്കാന്‍, അതിന്‌റെ വാതില്‍പ്പിടിയുടെ മിനുസം, എനിക്ക് ഇപ്പോഴും ഇഷ്ടമാണ്.

Photo Credit: Representative image created using Magic Studio AI Art Generator
Photo Credit: Representative image created using Magic Studio AI Art Generator

ഉപയോഗം കഴിഞ്ഞ ഒരു വസ്തുവും എടുത്തുവയ്ക്കാന്‍ എനിക്കു കഴിയാറില്ല, പുസ്തകങ്ങളല്ലാതെ. വായന കഴിഞ്ഞ പുസ്തകം ഒരു ലൈബ്രറിയില്‍ ആണെങ്കില്‍ മറ്റനേകം വായനക്കാരുടെ കൂടെ പോകും. വീട്ടിലുള്ളത് ഉടമയുടെ വായന തീരുന്നതോടെ ഉപയോഗശൂന്യമാകുന്നു. മിക്കവാറും വീടുകളില്‍ അതു വാങ്ങിവയ്ക്കുകയോ വായിക്കുകയോ ചെയ്ത ആളിനുശേഷം മറ്റൊരാളും അതിലേക്കു പോകാറില്ല. തനിക്കുശേഷം ഈ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നത് പുസ്തക ഉടമകളെ അലട്ടാറുണ്ടാകണം. ഈ പുസ്തകങ്ങളുടെ ഓഹരി ചോദിച്ച്‌ ആരും കാത്തുനിൽക്കുകയും ഇല്ല. തനിക്കുശേഷമുള്ള ദിവസങ്ങള്‍ ഉടനെ വരില്ലെന്ന വിശ്വാസത്താല്‍, തനിക്കുശേഷം എന്തായിരിക്കും പുസ്തകങ്ങള്‍ക്കു സംഭവിക്കുക എന്നു സങ്കല്‍പിക്കാനും കഴിയാറില്ല.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് മുളവുകാട്ടുള്ള ഒരു സ്‌നേഹിതനൊപ്പം ആ ദ്വീപുകളില്‍ സൈക്കിളില്‍ കറങ്ങാന്‍ പോയപ്പോള്‍ പോഞ്ഞിക്കര റാഫിയുടെ വീടു കണ്ടു. അടഞ്ഞ ആ വീടിനുള്ളില്‍ നിറയെ പുസ്തകങ്ങളായിരുന്നു. അവ ദ്രവിച്ചുതീർന്നോ ഏതെങ്കിലും ലൈബ്രറിയില്‍ എത്തിച്ചേര്‍ന്നോ അതോ സെക്കന്‍ഡ്ഹാന്‍ഡ് ബുക് ഷോപ്പിലെത്തിയോ എന്നൊന്നും അറിയില്ല. 

ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ ജെറാള്‍ഡ് മര്‍നേന്‍ എഴുതിയ ഒരു കഥയില്‍, സെക്കന്‍ഡ് ഹാന്‍ഡ് ബുക് ഷോപ്പുകള്‍ തന്നെ ദുഃഖിപ്പിക്കുന്നുവെന്നു  പറയുന്നു. എഴുതുന്നതും വായിക്കുന്നതുമായ എല്ലാം എടുത്തുവയ്ക്കുന്ന എഴുത്തുകാരനാണു മര്‍നേന്‍. സ്ഥലങ്ങളെയും വസ്തുക്കളെയും അവശിഷ്ടങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അവിടെയെന്തോ ഉണ്ടല്ലോ എന്നു ചിന്തിക്കുന്നു. മെല്‍ബണിലെ അദ്ദേഹത്തിന്റെ വീട്ടില്‍ രണ്ടു ആര്‍ക്കൈവുകളുണ്ട്. ആദ്യത്തേതു പബ്ലിഷ്ഡ് ആര്‍ക്കൈവ്‌സ്-പ്രസിദ്ധീകരിച്ച രചനകളുടെ കയ്യെഴുത്തുപ്രതികള്‍. രണ്ടാമത്തേത് അണ്‍പബ്ലിഷ്ഡ് ആര്‍ക്കേവ്-പ്രസിദ്ധീകരിക്കാത്ത രചനകളുടെ, പത്രാധിപരോ പ്രസാധകരോ നിരസിച്ച രചനകളുടെയും കത്തുകളുടെയും ശേഖരം.

Photo Credit: Representative image created using Magic Studio AI Art Generator
Photo Credit: Representative image created using Magic Studio AI Art Generator

ഇരുപതാം വയസ്സു വരെ ഒരു കവിയാകാനായിരുന്നു ആഗ്രഹമെന്നും ഗദ്യമെഴുതാന്‍ തീരുമാനിച്ചതു ജെയിംസ് ജോയ്‌സിന്‌റെ യൂലീസസ് വായിച്ചശേഷമായിരുന്നു എന്നും മര്‍നേന്‍ ‘സ്‌റ്റോണ്‍ ക്വാറി’ എന്ന കഥയില്‍ സൂചിപ്പിക്കുന്നു. 1958ല്‍ മെല്‍ബണിലെ ബർക്ക്സ്‌ സ്ട്രീറ്റില്‍ ആലിസ് ബേഡ്‌സ് സെക്കന്‍ഡ് ഹാന്‍ഡ് ബുക്ക് ഷോപ്പില്‍നിന്നാണ് യുലീസസ് കിട്ടിയത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് നേടാനായി ടീച്ചേഴ്‌സ് ട്രെയിനിങ് കോളജില്‍ പഠിക്കുകയായിരുന്നു അപ്പോള്‍. പകലെല്ലാം കുട്ടികളെ പഠിപ്പിക്കും. വൈകിട്ടിരുന്നു കഥയെഴുതാൻ പരിശീലിക്കും.

അക്കാലത്തു ലൈബ്രറികളില്‍ ജോയ്‌സിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞുപോയി. ജോയ്‌സ് ലളിതമായി വസ്ത്രം ധരിക്കുന്നയാളായിരുന്നു. അയാള്‍ വിരലുകളില്‍ മോതിരമിട്ടിരുന്നു. മെല്‍ബണിലെ റസല്‍ സ്ട്രീറ്റില്‍ പോയി രണ്ടു വിലകുറഞ്ഞ മോതിരം മര്‍നേന്‍ വാങ്ങിച്ചു. ജെയിംസ് ജോയ്‌സിന്‌റെ ഒരു ചിത്രം അപൂര്‍വതയുള്ളതായിരുന്നു. ആ ഫോട്ടോയില്‍ അയാളുടെ നെറ്റിത്തടത്തില്‍ കനമേറിയ മൂന്നു ചുളിവുകളുണ്ടായിരുന്നു. 

മര്‍നേനിന്‌റെ അച്ഛനു മോതിരമിടുന്നത് ഇഷ്ടമല്ലായിരുന്നു. അതിനാല്‍ ആ മോതിരങ്ങളും യുലീസസും മര്‍നേന്‍ ഒളിപ്പിച്ചുകൊണ്ടുനടന്നു. അച്ഛന്‍ മരിച്ചിട്ടു 25 വര്‍ഷമായി. അദ്ദേഹം കഥയോ കവിതയോ എന്തിന് ഒരു കത്തുപോലും എഴുതിയിരുന്നില്ല. വിക്ടോറിയ സംസ്ഥാനത്തു തെക്കുപടിഞ്ഞാറന്‍ തീരത്തു മേപ്പുന്‍ഗ ഈസ്റ്റ് ജില്ലയില്‍ ക്വാറി ഹില്‍ എന്നു പേരായ മലയിലെ കരിങ്കല്‍ക്വാറിയുടെ ഭിത്തിയില്‍ അദ്ദേഹം സ്വന്തം പേരു കൊത്തിവയ്ക്കുകയുണ്ടായി. 1924 എന്ന തീയതിക്കൊപ്പം ഇനീഷ്യലുകള്‍ സഹിതം ആ പേര് 25 വര്‍ഷത്തിനുശേഷം മർനേൻ ചെല്ലുമ്പോഴും അവിടെ മായാതെയുണ്ടായിരുന്നു.

1924 ല്‍ ജെയിംസ് ജോയ്‌സിന് 42 വയസ്സായിരുന്നു. യുലീസസ് ഇറങ്ങിയിട്ട് അപ്പോള്‍ രണ്ടുവര്‍ഷം. 1924 ല്‍ കല്ലില്‍ തന്‌റെ പേരെഴുതിവച്ച അച്ഛൻ പിന്നെയും 36 വര്‍ഷം കൂടി ജീവിച്ചു. ആ ക്വാറിയില്‍നിന്നെടുത്ത കല്ലുകൊണ്ടാണു മര്‍നേനിന്‌റെ അച്ഛന്റച്ഛൻ വീടുപണിതത്. ആ വീട് ഇപ്പോഴുമുണ്ട്. പക്ഷേ അവിടെ മറ്റാരോ ആണു താമസിക്കുന്നത്. ആ വീടിനു കല്ലുവെട്ടാന്‍ പോയതുകൊണ്ടാണ്, അവിടെ  60 വർഷം കഴിഞ്ഞും അച്ഛന്‌റെ പേര് മായാതെ നിന്നത്. ഒരു എഴുത്തുകാരനു തന്‌റെ രചനകള്‍ അത്രയും വര്‍ഷം നിലനില്‍ക്കും വിധം മുദ്ര വയ്ക്കാനാകുമോ എന്ന വിചാരത്തോടെയാണു മര്‍നേന്‍ ഇക്കാര്യം വിവരിക്കുന്നത്. 

ജെറാള്‍ഡ് മര്‍നേന്‍, Photo Credit: Morganna Magee, The Newyork Times
ജെറാള്‍ഡ് മര്‍നേന്‍, Photo Credit: Morganna Magee, The Newyork Times

സ്‌റ്റോണ്‍ ക്വാറി എന്ന കഥയിൽ പക്ഷേ,  കല്ലില്‍ പേരുകൊത്തിയ അച്ഛന്‍ മാത്രമല്ല, 1950കളില്‍ വാല്‍ഡോ എന്ന പേരില്‍ അറിയപ്പെട്ട ഒരു എഴുത്തുശില്‍പശാലയില്‍ പങ്കെടുത്തതിന്‌റെ അനുഭവം കൂടിയുണ്ട്‌. ഒരു സ്ത്രീ എഴുതുന്ന കഥ. അത്‌ ഒരു പുരുഷന്‍ പറയുന്ന രീതിയിലാണു എഴുതപ്പെട്ടിരിക്കുന്നത്. കഥാപാത്രമായ ‘ഞാന്‍’ എന്ന പുരുഷനെകുറിച്ചു മർനേൻ പറയുന്നു. സ്ത്രീയാകട്ടെ റൈറ്റേഴ്‌സ് വര്‍ക്ക്‌ഷോപ്പിലെ ഒരു അംഗവും. 

മെല്‍ബണില്‍നിന്ന് 34 കിലോമീറ്റര്‍ അകലെ ഒരു മലമുകളില്‍ പത്തുമുറികളുള്ള ഒരു കല്‍ക്കെട്ടിടത്തിലാണ് വര്‍ക് ഷോപ് നടക്കുന്നത്. 6 എഴുത്തുകാര്‍-മൂന്നു പെണ്ണും മൂന്നാണും-ആ ക്യാംപില്‍ പങ്കെടുക്കുന്നു. വിചിത്രമായ നിയമങ്ങളാണ് വാല്‍ഡോ വര്‍ക് ഷോപ്പിന്‌റെ പ്രത്യേകത. എഴുത്തുകാര്‍ പരസ്പരം പരിചയപ്പെടാനോ സംസാരിക്കാനോ ഒരുമിച്ച് ഇരിക്കാനോ പാടില്ല. സംസാരം പൂര്‍ണമായി നിരോധിച്ച അവിടെ അവർ ഓരോ വ്യാജപ്പേരിലാണ് കഴിയുന്നത്. ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ അതും ഒരു കഥയായി, സാഹിത്യമായി എഴുതുകയും ക്യാംപ് മേധാവിയെ ഏല്‍പിക്കുകയും വേണം. എഴുതുന്നതൊന്നും പുറത്തേക്കു കൊണ്ടുപോകാനോ കൈമാറാനോ പാടില്ല. നിയമം ലംഘിക്കുന്ന എഴുത്താളിനെ അപ്പോള്‍ത്തന്നെ അവിടെനിന്നു പറഞ്ഞുവിടുന്നതാണു ചട്ടം. ഇതെല്ലാം കഴിഞ്ഞ്‌ ക്യാംപിലെ അവസാന ദിവസം അവിടെ എഴുതിയ എല്ലാ കടലാസ്സുകളും കൂട്ടിയിട്ടു കത്തിച്ചുകളയുകയും ചെയ്യും.

മര്‍നേന്‍ ഒരു സ്ത്രീയെഴുത്തുകാരിയെപ്പറ്റി പറഞ്ഞല്ലോ. അവരെഴുതുമ്പോള്‍ ജോയ്‌സിന്‌റേതുപോലുള്ള ചുളിവുകള്‍ അവരുടെ നെറ്റിയില്‍ തെളിഞ്ഞിരുന്നു. ഈ സ്ത്രീ ഒരു ദിവസം മര്‍നേന്‌റെ അടുത്തുവരികയും അയാളെഴുതിയതു വായിക്കുകയും അത് എഴുത്തുകാരനെക്കാള്‍ നന്നായി മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം അവര്‍ ഒരു കടലാസെടുത്ത് അയാള്‍ക്ക് ഒരു കത്തെഴുതി. അത് സാഹിത്യഭാഷയിലായിരുന്നില്ല. ക്യാംപിന്‌റെ നിയമം ലംഘിക്കുന്ന സ്വകാര്യമായ ഒരു കത്ത്. എഴുത്തുകാരി തന്നെ ക്യാംപ് മേധാവിയോടു താന്‍ നിയമം ലംഘിച്ചതായി റിപ്പോര്‍ട്ട് ചെയ്തശേഷം അവരെഴുതിയ കടലാസുകളെല്ലാം, ആ കത്ത് അടക്കം, അവിടെ കൊടുത്തിട്ടു വേഗം സ്ഥലം വിട്ടു. എന്തായിരുന്നു ആ കത്തിലെന്ന് മർനേൻ ഒരിക്കലും അറിയാൻ പോകുന്നില്ല…

മര്‍നേനിന്‌റെ കഥയിലെ ഒരു ഭാഗത്തിന്‌റെ ഏകദേശ വിവര്‍ത്തനമെഴുതാം: “ഒരു പ്രത്യേക സ്ത്രീക്കു ഞാനെഴുതിയ രഹസ്യഭാഷയിലുള്ള സന്ദേശങ്ങളായിരുന്നു ഈ കല്‍വീട്ടിലിരുന്നു ഞാനെഴുതിയ എല്ലാ കഥകളും. ഈ സന്ദേശം അയയ്ക്കുന്നതിനായി ഞാനോ ആ സ്ത്രീയോ ഇല്ലാത്ത ഒരു ലോകത്തെ ഞാന്‍ സങ്കല്‍പിക്കേണ്ടതുണ്ട്. ‘ഞാന്‍’ എന്ന സർവ്വനാമം നിലകൊള്ളുന്നത്, താനില്ലാത്ത ഒരു ലോകത്തെ സങ്കല്‍പിക്കുന്ന ഒരു പ്രത്യേക മനുഷ്യനുവേണ്ടിയാണ്.” ഫിക്ഷന്റെ ഒരു നിർവചനമായോ ന്യായമായോ ഇതിനെ കണക്കാക്കാം.

English Summary:

Ezhuthumesha by Ajay P Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com